ജി 20 ഉച്ചകോടി: ദാരിദ്ര്യം തുടച്ചുനീക്കാന്‍ ആഗോള സഖ്യം
ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍
Wednesday, November 27, 2024 1:28 AM IST
ലോകത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിച്ച് പുതിയ പാതകള്‍ വെട്ടിത്തുറക്കുന്നതില്‍ ഏറ്റവും സ്വാധീനമുള്ള രാജ്യാന്തര കൂട്ടായ്മയായ ജി 20യുടെ 19-ാം ഉച്ചകോടി ബ്രസീലിലെ റിയോ ഡി ജനീറോയില്‍ സമാപിച്ചു. റിയോയിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ കഴിഞ്ഞ 18,19 തീയതികളില്‍ നടന്ന ഉച്ചകോടിയുടെ പ്രഖ്യാപനങ്ങള്‍ ലോകത്തിന് വലിയ പ്രതീക്ഷകളുടെ വാതിലുകള്‍ തുറക്കുന്നു.
‘ന്യായമായ ലോകവും സുസ്ഥിര ഗ്രഹവും നിര്‍മിക്കുക’ എന്നതായിരുന്നു 19-ാം ഉച്ചകോടിയുടെ മുഖ്യവിഷയം. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന 2023ല്‍ ഇന്ത്യ മുന്നോട്ടുവച്ച മുദ്രാവാക്യത്തിന്റെ തുടര്‍ച്ചയെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. മൂന്നു പ്രധാന അജൻഡകളിലൂന്നിയായിരുന്നു ബ്രസീല്‍ ഉച്ചകോടി. 1. സാമൂഹിക ഉള്‍പ്പെടുത്തലും പട്ടിണിക്കെതിരായ പോരാട്ടവും, 2. ഊര്‍ജസംക്രമണവും അതിന്റെ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ വശങ്ങളിലൂന്നിയ സുസ്ഥിര വികസനവും, 3. ആഗോള ഭരണസംവിധാനങ്ങളുടെ അഥവാ സ്ഥാപനങ്ങളുടെ കാലോചിതമായ പരിഷ്കരണം.
ആദ്യദിനംതന്നെ വിശപ്പിനും ദാരിദ്ര്യത്തിനുമെതിരായ ആഗോള സഖ്യത്തിനു തുടക്കമായത് ഉച്ചകോടി ലോകശ്രദ്ധയെ പ്രത്യേകം ആകര്‍ഷിച്ചു. ആഗോളതലത്തില്‍ സാമ്പത്തിക സ്ഥിരത വര്‍ധിപ്പിക്കുന്നതിനും വ്യാപാരസംവിധാനം ശക്തിപ്പെടുത്തുന്നതിനും കാലാവസ്ഥാ ദുരന്തങ്ങള്‍ നേരിടുന്നതിനുമുള്ള കൂട്ടായതും ക്രിയാത്മകവുമായ നടപടികളും പ്രവര്‍ത്തനപദ്ധതികളും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്തു.
വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്ന രാജ്യാന്തരനയങ്ങള് രൂപീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതപ്പെടുത്തുക, കോര്‍പറേറ്റുകള്‍ക്കൊപ്പം ചെറുകിട ഇടത്തരം മേഖലയുടെ വളര്‍ച്ചയ്ക്കുതകുന്ന പദ്ധതികള്‍ രൂപകല്പന ചെയ്തു നടപ്പിലാക്കുക, കാര്‍ഷിക-ഹരിത സമ്പദ്വ്യവസ്ഥ, കാര്‍ബണ്‍ കുറയ്ക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുള്ള സാമ്പത്തികവളര്‍ച്ചാ പദ്ധതികളും യുവസംരംഭങ്ങളും പ്രത്യേകമായി ഉച്ചകോടിയില്‍ പരിഗണിക്കപ്പെട്ടു.
ഇന്ത്യയില്‍നിന്നു ബ്രസീലിലേക്ക്
2023 സെപ്റ്റംബര്‍ 9,10 തീയതികളില്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ജി 20യുടെ 18-ാം ഉച്ചകോടിക്കുശേഷം 2024 നവംബര്‍ 18,19 വരെയുള്ള 14 മാസക്കാലം അംഗരാജ്യങ്ങളില്‍ വന്ന രാഷ്ട്രീയ-ഭരണ മാറ്റങ്ങളും വിദേശനയങ്ങളും കാഴ്ചപ്പാടുകളും ഒരുപരിധിവരെ ഉച്ചകോടി പ്രഖ്യാപനങ്ങളെയും ജി 20 രാജ്യാന്തര കൂട്ടായ്മയെയും സ്വാധീനിച്ചിട്ടുണ്ട്. അമേരിക്കയെ പ്രതിനിധാനം ചെയ്തു ജോ ബൈഡന് എത്തിയെങ്കിലും കരുത്തു ചോര്‍ന്ന വാക്കുകള്‍ മാത്രം.
കാരണം 2025 ജനുവരി 20ന് പുതിയ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് വരും. ഇനിയുള്ള നാലുവര്‍ഷക്കാലം ട്രംപിന്റെ കാലമായിരിക്കുമ്പോള്‍ ജി 20യില്‍ അമേരിക്ക ഇക്കുറി നിശബ്ദസേവനമാണു ചെയ്തത്.
യുകെയില്‍ ഋഷി സുനക്കില്നിന്നു കീര്‍ സ്റ്റാര്മനിലേക്കു ഭരണം മാറി. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ യൂണിയനിലും കുടിയേറ്റവിരുദ്ധ വലതുപക്ഷം കരുത്തരായി. ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാന് തുടങ്ങി ഇറാനിലും ഭരണമാറ്റമുണ്ടായി. ഫ്രാന്‍സില്‍ മക്രോണ്‍ ഭരിക്കുന്നത് പ്രതിസന്ധിയിലൂടെ. അര്‍ജന്റീനയില്‍ 2023 ഡിസംബറിലെ ഭരണമാറ്റം ബ്രിക്സ് അംഗത്വത്തില്നിന്നുപോലും പിന്മാറുന്ന സാഹചര്യം സൃഷ്ടിച്ചു. കാനഡയില്‍ തെരഞ്ഞെടുപ്പിനു മുമ്പുള്ള ഭരണ-പ്രതിപക്ഷ പോര് ശക്തമാകുന്നു. റഷ്യന്‍ പ്രസിഡന്റ് പുടിന് യുക്രെയ്ൻ യുദ്ധത്തിന്റെ പേരില്‍ രാജ്യം വിട്ടു പുറത്തിറങ്ങാന്‍ സാധിക്കാത്ത സ്ഥിതിവിശേഷം. ഇവരുടെയിടയില്‍ മൂന്നാമൂഴത്തിലും നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി ജി 20യില്‍ സാന്നിധ്യമാകുമ്പോള്‍ മോദിയുടെ വാക്കുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത സ്വാഭാവികമാണ്.
മധ്യപൂര്‍വദേശത്ത് ഭീകരവാദികള്‍ക്കെതിരേ ഇസ്രയേല്‍ തുടരുന്ന പോരാട്ടവും ഇറാനിലെ ആഭ്യന്തരപ്രശ്നങ്ങളും യുദ്ധസമാനമായ സാഹചര്യവും. ഇന്നും അവസാനിക്കാത്ത റഷ്യ-യുക്രെയ്ന് യുദ്ധവും ജി 20യുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുമ്പോള്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ നിലപാടുകള്‍ നിര്‍ണായകമാണ്. റഷ്യയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യയുമായുള്ള അകല്‍ച്ച കുറയ്ക്കാനുള്ള ചൈനീസ് പ്രസിഡന്റിന്റെ നീക്കങ്ങളും ഉച്ചകോടിയിലെ ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രതിഫലിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമാണ്; ഇന്ത്യയില്‍നിന്നു ബ്രസീലിലേക്ക് ഉച്ചകോടി എത്തിയപ്പോള്‍ ഇന്ത്യ രാജ്യാന്തരതലത്തില്‍ കൂടുതല്‍ കരുത്തരായി മാറി.
ഇന്ത്യയുടെ കൂടിക്കാഴ്ചകള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍, പ്രതിരോധം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളില്‍ കൂടുതല്‍ ആഴത്തിലുള്ള സഹകരണം ഉറപ്പിച്ചു. ഇന്ത്യ-പസഫിക് മേഖലയുടെ പ്രാധാന്യവും ഈ പ്രദേശത്തു സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനും ഇരുനേതാക്കളും നിര്‍ദേശങ്ങളും പങ്കുവച്ചു. 2024 ജൂണില്‍ ഇറ്റലിയിലെ അവുലിയയില്‍ നടന്ന ജി 7 ഉച്ചകോടിയിലും നേതാക്കൾ നടത്തിയ ചര്‍ച്ചകളുടെ തുടര്ചര്ച്ചയാണു ബ്രസീലിലും നടന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാറിന്മേല് തുടര്‍ചര്‍ച്ച 2025 ആദ്യവാരങ്ങളില്‍ പുനരാരംഭിക്കാന്‍ തീരുമാനമായി. 2022ല്‍ ബോറീസ് ജോണ്‍സന്റെ കാലത്ത് ആരംഭിച്ച ചര്‍ച്ചകള്‍ക്കാണ് വീണ്ടും ജീവന് വയ്ക്കുന്നത്. ഇതിന്‍പ്രകാരം ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകും. ഇന്ത്യയും യുകെയും ചര്‍ച്ച ചെയ്യുന്ന വ്യാപാരക്കരാറിന്റെ 26 അധ്യായങ്ങളില്‍ ഭൂരിഭാഗവും അവസാനിച്ചിരുന്നു. 2024 മാര്‍ച്ചിലാണ് ഇതിനുമുമ്പ് അവസാന ചര്‍ച്ചകള്‍ നടന്നത്. വിദ്യാഭ്യാസം, സുരക്ഷ, സാങ്കേതികവിദ്യ, കാലാവസ്ഥാവ്യതിയാനം എന്നീ മേഖലകളില്‍ സഹകരണം ശക്തമാകും.
ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബ്രിയാന്തോ, നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍, പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ലൂയി മോണ്ടിനെ ഗ്രോ തുടങ്ങി ഈജിപ്ത്, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുടെ തലവന്മാരുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. 2024ലെ ജി 7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുമായും ഇരുരാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുതകുന്ന തുടര്‍ചര്‍ച്ചകള്‍ നടത്തി.
ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ആഗോളസ്വാധീനത്തെയും തന്ത്രപരമായ പങ്കാളിത്തത്തെയും മെലോമി പ്രശംസിച്ചു. 2025 മുതല്‍ 2029 വരെയുള്ള ഇന്ത്യ-ഇറ്റലി സംയുക്ത സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനും പ്രഖ്യാപിച്ചു. ജി7, ബ്രിക്സ് പ്ലസ് എന്നീ രാജ്യാന്തര കൂട്ടായ്മയിലെ പ്രധാന രാജ്യങ്ങള്‍ ഒരുമിക്കുന്ന ഒരു വേദിയായി ജി20 മാറിയെന്നതും സ്വാഭാവികമാണ്. ആഴ്ചകളിലെ ഇടവേളകള്‍ക്കു ശേഷമുള്ള ഈ രാജ്യങ്ങളിലെ തലവന്മാരുടെ ഒത്തുചേരല്‍ അതിനാല്‍ത്തന്നെ കൂടുതല്‍ ഊഷ്മളമായിരുന്നു.
ഇന്ത്യയുടെ നിലപാട്
ആഗോള സംഘര്‍ഷങ്ങള്‍ മൂലം ഭക്ഷണം, ഇന്ധന പ്രതിസന്ധികള്‍ രൂക്ഷമാക്കിയെന്ന് ഉച്ചകോടിയില്‍ രാഷ്ട്രത്തലവന്മാര് ഒന്നടങ്കം ഉറപ്പിച്ചുപറഞ്ഞു. സാമൂഹ്യ ഉള്‍പ്പെടുത്തലും വിശപ്പിനും ദാരിദ്ര്യത്തിനുമെതിരേയുള്ള പോരാട്ടവും എന്ന വിഷയത്തില്‍ 250 ദശലക്ഷം ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്നു കരകയറ്റുവാനുള്ള പദ്ധതികളെക്കുറിച്ചും പരമ്പരാഗത രീതികളും മുന്നോട്ടുള്ള തന്ത്രങ്ങളും സംയോജിപ്പിക്കുന്ന ഇന്ത്യയുടെ കാഴ്ചപ്പാടുകളും സമീപനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ പങ്കുവച്ചു. ജൈവകൃഷിയില്‍ കൂടുതല്‍ ശ്രദ്ധയും അതേസമയം കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിളകളുടെ പ്രോത്സാഹനവും ഈ സമീപനത്തിന്റെയും ശ്രമങ്ങളുടെയും മുഖ്യഘടകങ്ങളാണെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
‘ബാക്ക് ടു ബേസിക്സ്, മാര്‍ച്ച് ടു ഫ്യൂച്ചര്‍’ എന്നതാണ് ഇന്ത്യ പങ്കുവച്ച സമീപനം. തുടര്‍ച്ചയായി പതിനൊന്നാം തവണയാണു നരേന്ദ്ര മോദി ജി20 ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
പ്രഖ്യാപനങ്ങള്‍, പ്രതീക്ഷകള്‍
നീതിപൂര്‍വകമായ ഒരു ലോകവും സുസ്ഥിരമായ ഒരു ഗ്രഹവും കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത ഉറപ്പിച്ചുകൊണ്ട് ജി20 ഉച്ചകോടിയുടെ 85 ഖണ്ഡികളിലുള്ള പ്രഖ്യാപനങ്ങള്‍ ഏറെ പ്രതീക്ഷ നല്കുന്നു. സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങളിലെ അന്താരാഷ്ട്ര സഹകരണത്തിനായുള്ള മുഖ്യവേദിയായി ജി20യെ രാഷ്ട്രത്തലവന്മാര് പ്രഖ്യാപിച്ചു. ആഗോള സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കാനുള്ള ഉത്തരവാദിത്വം ഉച്ചകോടിയില്‍ ഇവര്‍ ആവര്‍ത്തിച്ചു.
2030ല്‍ പൂര്‍ണമാകേണ്ട സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ വിലയിരുത്തി പ്രതിസന്ധികളും വെല്ലുവിളികളും രാജ്യാന്തര സഹകരണത്തിലൂടെയും രാഷ്ട്രീയ മുന്നേറ്റത്തിലൂടെയും നേരിടാനും അസമത്വം അവസാനിപ്പിക്കാനുമുള്ള പദ്ധതികളും പ്രഖ്യാപിച്ചു. സാമ്പത്തികവളര്‍ച്ചയെ പിന്തുണയ്ക്കുന്നതും സുസ്ഥിരമായ സാമ്പത്തികാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതുമായ പ്രതിബദ്ധതയെ ഉച്ചകോടി സ്വാഗതം ചെയ്തു.
ഭീകരവാദ ആക്രമണങ്ങളും യുദ്ധങ്ങളും സംഘട്ടനങ്ങളും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ഉച്ചകോടിയില്‍ വേദന സൃഷ്ടിച്ചു. മധ്യപൂര്‍വദേശത്തെ ആനുകാലിക സാഹചര്യങ്ങള്‍, യുക്രെയ്ൻ-റഷ്യ യുദ്ധം എന്നിവയെ അപലപിച്ച ഉച്ചകോടി യുഎന്‍ നിര്‍ദേശങ്ങള്‍ മാനിക്കണമെന്ന് അഭ്യര്‍ഥിച്ചു. ആണവായുധമില്ലാത്തതും സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായ ലോകം സൃഷ്ടിക്കാന്‍ അംഗരാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ആവശ്യപ്പെട്ടു. ഭീകരതയും സംഘർഷങ്ങളും ഇല്ലാതാക്കി സമാധാനപൂര്‍ണമായ ലോകക്രമം സൃഷ്ടിക്കാന്‍ ഉച്ചകോടി ആഹ്വാനം ചെയ്തു.
വിശപ്പിനും ദാരിദ്ര്യത്തിനുമെതിരേ
കുറഞ്ഞത് 80 രാജ്യങ്ങളുടെ പിന്തുണയോടെ ദാരിദ്ര്യവും പട്ടിണിയും നേരിടാന്‍ ഒരു ആഗോളസഖ്യം പ്രഖ്യാപിച്ചതാണ് ജി20യുടെ 19-ാം ഉച്ചകോടി ലോകത്തിനു നല്കുന്ന ഏറ്റവും വലിയ പ്രതീക്ഷ. പട്ടിണി ഇല്ലാതാക്കുന്നതിനുമുള്ള മുന്നേറ്റങ്ങള്‍ക്ക് കോവിഡിനെത്തുടര്‍ന്ന് വലിയ തിരിച്ചടിയുണ്ടായി. പട്ടിണി നേരിടുന്നവരുടെ എണ്ണം വര്‍ധിച്ചു. സ്ത്രീകളും കുട്ടികളും ഇതിന്റെ ഇരകളായി. ഈ പ്രതിസന്ധി വളര്‍ച്ചയെയും തൊഴിലവസരങ്ങളെയും സാരമായി ബാധിച്ചു.
പട്ടിണി ഇല്ലാതാകണമെങ്കില്‍ ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കണം. ദാരിദ്ര്യത്തിനെതിരേ പോരാടാനും പട്ടിണിയെ തോൽപ്പിക്കാനും നമുക്ക് അറിവോ വിഭവങ്ങളോ ഇല്ല. ഇതിനുവേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയാണെന്നു വ്യക്തമാക്കിയാണ് ഉച്ചകോടി ആഗോളസഖ്യം പ്രഖ്യാപിച്ചത്. രാജ്യങ്ങള്‍, സംഘടനകള്‍, ബഹുമുഖവികസനബാങ്കുകള്‍, വിജ്ഞാനകേന്ദ്രങ്ങള്‍, ജീവകാരുണ്യ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഈ ഉദ്യമത്തില്‍ കൈകോര്‍ക്കും.
അസമത്വങ്ങള്‍ കുറയ്ക്കാനും സുസ്ഥിരതയ്ക്കായി ആഗോള പങ്കാളിത്തം പുനരുജ്ജീവിപ്പിക്കാനും ഉച്ചകോടിയില്‍ തീരുമാനമായി. അഴിമതിക്കും അനധികൃത സാമ്പത്തിക ഒഴുക്കിനുമെതിരേ ഉച്ചകോടിയില്‍ ശബ്ദമുയര്‍ന്നു. അന്താരാഷ്ട്ര നികുതി സഹകരണങ്ങള്‍ക്ക് അനുകൂലമായ നിലപാട് രാഷ്ട്രത്തലവന്മാര് സ്വീകരിച്ചു. വിവേചനപരമായ നിയമങ്ങള്‍, നയങ്ങള്‍, സമ്പ്രദായങ്ങള്‍ എന്നിവ ഒഴിവാക്കി ഉചിതമായ നിയമനിര്‍മാണങ്ങളും നയങ്ങളും നടപടികളും പ്രോത്സാഹിപ്പിക്കണമെന്നും ഉച്ചകോടി നിര്‍ദേശിച്ചു. ഗവേഷണത്തിലും നവീകരണത്തിലും തുറന്നതും പരസ്പരപ്രയോജനകരവുമായ അന്താരാഷ്ട്രസഹകരണത്തിന് ഉച്ചകോടിയില്‍ പിന്തുണയേറി.
വികസനം, ഊര്‍ജം, കാലാവസ്ഥ
സാമ്പത്തിക-സാമൂഹ്യ-പാരിസ്ഥിത തലങ്ങളിലെ സുസ്ഥിരവികസനം ഉച്ചകോടി ഊന്നിപ്പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം, മരുഭൂവത്കരണം, സമുദ്രത്തിന്റെയും കരയുടെയും തകര്‍ച്ച, വരള്‍ച്ച, മലിനീകരണം എന്നിവ മൂലമുണ്ടാകുന്ന പ്രതിസന്ധികളും വെല്ലുവിളികളും നേരിടാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ലോകരാഷ്ട്രങ്ങളോട് ഉച്ചകോടി അഭ്യര്‍ഥിച്ചു. ഊർജസംക്രമണങ്ങള്ക്കായി വിശ്വസനീയവും വൈവിധ്യപൂര്‍ണവും ഉത്തരവാദിത്വമുള്ളതുമായ വിതരണശൃംഖലകളെ ആഗോളതലത്തില്‍ പിന്തുണയ്ക്കും.
ഗവേണന്‍സ് നവീകരണം
ഗ്ലോബല്‍ ഗവേണന്‍സ് സ്ഥാപനങ്ങളുടെ നവീകരണത്തെക്കുറിച്ചും ഉച്ചകോടി വ്യക്തത വരുത്തി. ആഗോളഭരണം ശക്തിപ്പെടുത്താന്‍ യുണൈറ്റഡ് നേഷന്‍സ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ ആര്‍ക്കിടെക്ചര്‍, ഐഎംഎഫ് ബഹുമുഖ വായ്പാ സംവിധാനങ്ങള്‍ എന്നിവയെല്ലാം കാലഘട്ടത്തിനനുസരിച്ച് നവീകരണത്തിനു വിധേയമാക്കണമെന്നും ഉച്ചകോടി നിര്‍ദേശിച്ചു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും വിനിയോഗങ്ങളും ചര്‍ച്ചകളിലും പ്രഖ്യാപനങ്ങളിലും ഇടം നേടിയത് പ്രതീക്ഷയുണര്‍ത്തുന്നു.
വെല്ലുവിളികള്‍ ഏറെ
പട്ടിണിക്കും ദാരിദ്ര്യത്തിനുമെതിരേ ആഗോളസഖ്യം പ്രഖ്യാപിച്ചെങ്കിലും ലോകരാഷ്ട്രങ്ങള്‍ അനുദിനം നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതില്‍ ജി20 കൂട്ടായ്മ വിജയിച്ചുവോയെന്ന ആശങ്ക ഉയരുന്നു. പല വിഷയങ്ങളിലും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നു പ്രഖ്യാപിക്കുമ്പോഴും യോജിപ്പിന്റെ തലങ്ങളേക്കാള്‍ ആഭ്യന്തരപ്രശ്നങ്ങള്‍ വിവിധ രാഷ്ട്രങ്ങളെ പ്രതിസന്ധിയിലാക്കുന്നു.
ബ്രിക്സ് രാജ്യങ്ങളായ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും ചൈനയും റഷ്യയും ഇതില്‍നിന്നു ഭിന്നരല്ല. അമേരിക്ക, യൂറോപ്പ്, ആഫ്രിക്കന്‍ സമ്പദ്വ്യവസ്ഥകളും തകര്‍ച്ച നേരിടുന്നു. യുഎസ്എയുടെ കടം റിക്കാര്‍ഡ് വേഗത്തില്‍ കുതിക്കുന്നു. തൊഴിലവസരങ്ങള്‍ കുറയുന്നു. പണപ്പെരുപ്പം വേറെയും. ബൈഡനില്‍നിന്നു ട്രംപിലേക്കുള്ള ഭരണമാറ്റം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെയും ആഗോള ഭരണസംവിധാനങ്ങളെയും എങ്ങനെ ബാധിക്കുമെന്ന ചിന്ത ജി20 യിലെ അനൗദ്യോഗിക ചർച്ചകളില്‍ ഉയര്‍ന്നിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളും പണപ്പെരുപ്പം, മത്സരക്ഷമതയുടെ പിന്നാക്കം എന്നീ പ്രശ്നങ്ങളെ നേരിടുന്നു. അമേരിക്കയും ചൈനയുമായുള്ള വ്യാപാരമത്സരം മുന്‍കാലങ്ങളിലേതുപോലെ വീണ്ടും ആവര്‍ത്തിക്കാനുള്ള സാധ്യതയും ഇവമൂലം ആഗോള വ്യാപാരമേഖലയിലുണ്ടാകുന്ന ഭിന്നിപ്പും വെല്ലുവിളികളും ജി20 രാജ്യങ്ങളില്‍ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.
അംഗരാജ്യങ്ങളിലെ ആയുധവത്കരണവും രാഷ്ട്രീയവത്കരണവും ഭാവിയില്‍ കൂടുതല്‍ ദോഷം സൃഷ്ടിക്കും. വ്യാപാരം, നിക്ഷേപം, ഉത്പാദനം, വിതരണശൃംഖലകള്‍, മൂലധനം, കറന്‍സികള്‍, കുടിയേറ്റം എന്നിവ സംബന്ധിച്ചുള്ള നയങ്ങള്‍ രൂപീകരിച്ച് മുന്നേറുന്നതിന് ജി20യില്‍ കടമ്പകളേറെയാണ്. സന്തുലിതവും സുസ്ഥിരവുമായ വളര്‍ച്ചയില്‍ ആഗോളസമവായം രൂപപ്പെടുത്താനുള്ള ശ്രമങ്ങളില്‍ ജി20 ഉച്ചകോടി ലക്ഷ്യത്തിലെത്തിയില്ലെന്നതാണ് വാസ്തവം.