കായൽ നിലങ്ങളും അവയുടെ രൂപീകരണവും
ആന്റണി ആറില്ച്ചിറ ചമ്പക്കുളം
Wednesday, November 27, 2024 12:49 AM IST
കേരളത്തിന്റെ നെല്ലറ എന്ന പേരിന് കുട്ടനാടിനെ അർഹമാക്കുന്നതിൽ ഒരു വലിയ പങ്ക് വഹിക്കുന്നത് വേമ്പനാട്ടു കായലിൽ പല കാലങ്ങളിലായി കുത്തിയെടുത്ത കായൽനിലങ്ങളാണ്. 16,000ൽ അധികം ഏക്കർ നെൽവയലുകളാണ് വിവിധ കാലങ്ങളിലായി കായലിൽ വെള്ളം വറ്റിച്ചു രൂപപ്പെടുത്തിയെടുത്തത്. നാടിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി ഈ കായൽനിലങ്ങൾ നൽകുന്ന സംഭാവന വളരെ വലുതാണ്.
കേരളത്തിലെ ഏറ്റവും വലിയ തടാകമായ വേമ്പനാട്ടു കായലിൽ 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെ നീണ്ടുനിന്ന അക്ഷീണ മനുഷ്യപ്രയത്നത്തിന്റെയും ഇച്ഛാശക്തിയുടെയും ഏറ്റവും വലിയ സാക്ഷ്യമാണു വേമ്പനാട്ടു കായലിന് സൗന്ദര്യം കൂട്ടി ഓളപ്പരപ്പിനു മുകളിൽ ഉയർന്നുനിൽക്കുന്ന കായൽനിലങ്ങൾ.
കായൽപ്പരപ്പിൽ ഒരു പുതുലോകം
കണ്ണെത്താദൂരത്തായി പരന്നുകിടക്കുന്ന വേമ്പനാട്ടു കായലിന്റെ ആഴമേറിയ പ്രദേശങ്ങളിൽനിന്നും നെൽപ്പാടങ്ങൾ രൂപപ്പെടുത്തുകയെന്ന നൂതന ആശയത്തിന്റെ അടിസ്ഥാനത്തിൽ 1860കളിൽ കേരളത്തിലെതന്നെ ആദ്യ കായൽനിലങ്ങളാണ് വേമ്പനാട്ട് കായലിൽനിന്നും വേണാട് കായൽ (300 ഏക്കർ) മഠത്തിൽ കായൽ (400 ഏക്കർ) എന്നീ കായലുകളായി രൂപപ്പെട്ടത്.
കുട്ടനാട്ടിലെ കൈനടി സ്വദേശിയായ പള്ളിത്താനത്ത് മത്തായി ലൂക്കയുടെ നേതൃത്വത്തിലാണു കേരളത്തിന്റെ ഭക്ഷ്യസുരക്ഷാ സംബന്ധിയായ ഈ ചരിത്രസംഭവങ്ങൾക്ക് തുടക്കമിട്ടത്. എവിടെ നോക്കിയാലും വെള്ളം മാത്രം. ആഴമേറിയ കായലിൽ ഏറ്റവും ആഴം കുറഞ്ഞ പ്രദേശം കണ്ടെത്തി കുറ്റിയും ചെറ്റയും വച്ച്, മണ്ണും കട്ടയും ഇറക്കി ജലനിരപ്പിനു മുകളിൽ ഏകദേശം മൂന്നു മുതൽ നാലടി വരെ ഉയരത്തിലും 20, 25 അടി വീതിയിലും ചിറപിടിച്ചാണ് കായൽനിലങ്ങൾ വേർതിരിച്ചത്. എവിടെ തുടങ്ങുന്നോ അവിടെ വന്ന് അവസാനിക്കുന്ന വിധത്തിലായിരുന്നു ചിറകൾ കുത്തിയെടുത്തിരുന്നത്. അങ്ങനെ തുടങ്ങിയ ഇടത്ത് ചിറ അവസാനിക്കുമ്പോൾ ആ വലിയ ചിറയ്ക്കുള്ളിൽ നൂറുകണക്കിനും ആയിരക്കണക്കിനും ഏക്കർ ഭൂമി വെള്ളം വറ്റിച്ച് നെൽകൃഷിക്കുവേണ്ടി ഒരുക്കാൻ സാധിക്കും.
നൂറുകണക്കിന് മനുഷ്യരുടെ പ്രയത്നം, വള്ളങ്ങൾ, ചങ്ങാടങ്ങൾ, മരങ്ങൾ തുടങ്ങി വലിയ സന്നാഹത്തോടെയായിരുന്നു കായൽനിലം കുത്തിയെടുത്തിരുന്നത്. ഇന്ന് ഒരു ദിവസം യന്ത്രസഹായത്താൽ ചെയ്യാനാകുന്നത് അന്ന് ആഴ്ചകളും മാസങ്ങളുമെടുത്താണ് ചെയ്തിരുന്നത്. വൈദ്യുതിയും യന്ത്രശേഷിയും ലഭ്യമല്ലാതിരുന്ന കാലത്താണ് കേവലം മനുഷ്യവിഭവശേഷി മാത്രം ഉപയോഗിച്ച് ഇപ്രകാരം കായൽപ്പരപ്പിൽ ചിറ കെട്ടിയത്.
പ്രധാന കായൽനിലങ്ങൾ
1862ൽ തുടങ്ങി 1872ൽ പൂർത്തിയായ വേണാട് കായലും അതിനോടൊപ്പം തന്നെ രൂപപ്പെട്ട മഠത്തിൽ കായലുമാണ് വേമ്പനാട്ട് കായലിന്റെ അനന്തതയിൽനിന്ന് ആദ്യം ഉയർന്ന കായലുകൾ. ഇവ രണ്ടും 600 ഏക്കർ വീതമായിരുന്നു.
1888ൽ കോട്ടയം സിറിയൻ സെമിനാരിയിലെ മാർ ഡയനീഷ്യസിന്റെ നേതൃത്വത്തിൽ 450 ഏക്കർ വിസ്തൃതിയുള്ള മെത്രാൻകായൽ കുത്തി ഉയർത്തി. തുടർന്ന് 1898 മുതൽ 1922 വരെയുള്ള കാലഘട്ടത്തിലാണ് മിക്ക കായലുകളും കുത്തിയെടുത്തത്. 1,000 ഏക്കർ വിസ്തൃതിയുള്ള മംഗലം കായലും 2,400 ഏക്കറുള്ള ഇ ബ്ലോക്കും 1,400 ഏക്കറുള്ള എച്ച് ബ്ലോക്കും ഈ കാലഘട്ടത്തിൽ രൂപപ്പെടുത്തിയവയാണ്.
പതിനഞ്ചോളം കായൽനിലങ്ങളാണ് ഈ 25 വർഷങ്ങൾകൊണ്ട് വേമ്പനാട്ട് കായലിൽ രൂപപ്പെടുത്തിയത്. തുടർന്നുള്ള രണ്ടു ദശാബ്ദങ്ങളിൽ കായൽനിലം കുത്തിയെടുക്കുന്നതിൽ ഒരു ഇടവേള വന്നു. തുടർന്നാണ് തിരുവിതാംകൂർ ഭരണാധികാരികളുടെ അനുമതിയോടെ കായൽ രാജാവ് എന്ന് അറിയപ്പെടുന്ന ‘മുരിക്കൻ’ റാണി, ചിത്തിര, മാർത്താണ്ഡം കായലുകൾ കുത്തിയെടുത്ത് രാജകുടുംബത്തോടുള്ള ബഹുമാനസൂചകമായി ഈ പേരുകൾ നൽകിയത്. ഇതിനുശേഷം പുതിയ കായലുകൾ ഒന്നുംതന്നെ കുത്തിയെടുത്തിട്ടില്ല.
നേതൃത്വം നൽകിയവർ
1860കളിൽ കായലിലെ വെള്ളം വറ്റിച്ചു കൃഷിയിറക്കുക എന്ന ആശയം പല ഇടങ്ങളിൽനിന്ന് ഉയർന്നെങ്കിലും ഇതു പ്രാവർത്തികമാക്കാൻ മുന്നിട്ടിറങ്ങിയത് പള്ളിത്താനം മത്തായി ലൂക്കയും കൂട്ടരുമായിരുന്നു. ഏകദേശം പത്തു വർഷംകൊണ്ട് 600 ഏക്കർ വീതമുള്ള രണ്ടു കായൽനിലങ്ങൾ അവർ കുത്തിയെടുത്തു. ഇതിനെത്തുടർന്ന് മെത്രാൻകായലും രൂപപ്പെടുത്തിയെടുത്തു. തുടർന്ന് പള്ളിത്താനം മത്തായി ഔസേഫിന്റെയും ലൂക്ക് മത്തായിയുടെയും നേതൃത്വത്തിൽ ചെറുകര, പള്ളിത്താനം കായലുകൾ വേർതിരിച്ചു. ചാലയിൽ കേശവപണിക്കരുടെ നേതൃത്തിൽ 600 ഏക്കറുള്ള രാജപുരം കായലും പുളിങ്കുന്ന് വാച്ചാപറമ്പ് പാട്ടത്തിൽ കുടുംബത്തിന്റെ നേതൃത്വത്തിൽ ശ്രീമൂലം കായലും കുത്തിയെടുത്തു.
1898 മുതൽ 1903 വരെയുള്ള കാലയളവിൽ മഠത്തിൽ ഗോവിന്ദപിള്ളയുടെ നേതൃത്വത്തിൽ 1,000 ഏക്കർ വിസ്തൃതിയുള്ള മംഗലം കായലും വേർതിരിച്ചു. ചാലയിൽ രാമകൃഷ്ണപണിക്കരുടെ നേതൃത്വത്തിലാണു മതികായൽ കുത്തിയത്. പിന്നീട് ചെറിയ ഒരു ഇടവേള, വിശ്രമകാലമായിരുന്നു. വീണ്ടും 1913ൽ തുടങ്ങി 1922 വരെയുള്ള കാലത്താണ് ഇ ബ്ലോക്ക് (2,400 ഏക്കർ), എച്ച് ബ്ലോക്ക് (1,400 ഏക്കർ) തുടങ്ങി സി ബ്ലോക്ക്, ഡി ബ്ലോക്ക് (മൂന്നെണ്ണം), എഫ് ബ്ലോക്ക് തുടങ്ങി ആർ ബ്ലോക്ക് വരെയുള്ള കായൽ നിലങ്ങൾ വേർതിരിച്ചെടുത്തത്. ചിറയിൽ ചാക്കോ ആന്റണി, പാവുത്തറ പണിക്കർ, വള്ളികാട് മത്തായി ഔസേഫ്, കുന്നുംപുറത്ത് സി.ജെ. കുര്യൻ, കൊട്ടാരത്തിൽ കൃഷ്ണയ്യർ, വെട്ടത്ത്, വാച്ചാപറമ്പ്, തേവർകാട്, പഴയപറമ്പിൽ, എട്ടുപറയിൽ മുതലായ കുടുംബങ്ങളും മറ്റു ചിലരും ഇക്കാലത്ത് കായലിൽ നിലം ഒരുക്കിയവരായിരുന്നു.
കർഷകരാജൻ പള്ളിത്താനത്ത് ലൂക്കാ മത്തായി
കായൽനിലം ഒരുക്കിയതിന്റെയും കായൽകൃഷിയുടെയും ചരിത്രം പരിശോധിച്ചാൽ മുരിക്കനുമുന്പ് അദ്ദേഹത്തേക്കാൾ പ്രഗത്ഭനായ കർഷകരാജാവ് എന്നു വിശേഷിപ്പിക്കാവുന്ന ഒരാളായിരുന്നു പള്ളിത്താനത്ത് ലൂക്കാ മത്തായി. കുട്ടനാട്ടിലെ സഹകരണ കാർഷിക പ്രസ്ഥാനങ്ങളുടെ പിതാവും സമുദായനേതാവും കുട്ടനാട്ടിലെ കായൽ നെൽകൃഷിയുടെ വ്യാപനത്തിലെ ചാലകശക്തിയും അഗ്രഗാമിയും എന്നാണ് അദ്ദേഹത്തിനു നൽകപ്പെട്ടിരുന്ന വിശേഷണം. അദ്ദേഹത്തിന്റെ പിതാവ് മത്തായി ലൂക്കായുടെ നേതൃത്വത്തിലായിരുന്നു വേണാട്, മഠത്തിൽ കായലുകൾക്ക് രൂപം നൽകിയത്.
1880ൽ ജനിച്ച ലൂക്ക മത്തായി തന്റെ പിതാവിന്റെയും പിതൃസഹോദരന്റെയും ആകസ്മിക വിയോഗത്തെത്തുടർന്ന് പതിനെട്ടാമത്തെ വയസിൽ കുടുംബഭാരം ഏറ്റെടുത്തു.
തന്റെ പിതാവും പിതൃസഹോദരനും തുടങ്ങിവച്ച ചെറുകര കായൽ (400 ഏക്കർ) പൂർത്തീകരിക്കുകയെന്ന ബൃഹത്തായ നടപടിയാണ് അദ്ദേഹം ആദ്യം ഏറ്റെടുത്തു പൂർത്തിയാക്കിയത്. 20-ാം വയസിൽ പള്ളിത്താനം മൂവായിരം എന്ന 300 ഏക്കറുള്ള കായൽസംരംഭം അദ്ദേഹം തന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചു.
1904ൽ തിരുവിതാംകൂർ സർക്കാർ കായൽകുത്തിന് നിരോധനം ഏർപ്പെടുത്തിയപ്പോൾ അദ്ദേഹം കേരളത്തിൽ അന്നു ലഭ്യമല്ലാതിരുന്ന യന്ത്രവത്കരണത്തിന്റെ സാധ്യതകളെക്കുറിച്ച് മനസിലാക്കി. ആവി എൻജിനുകളേക്കാൾ കാര്യക്ഷമതയുള്ള ഓയിൽ എൻജിനുകളെക്കുറിച്ച് അറിഞ്ഞ അദ്ദേഹം ഇംഗ്ലണ്ടിൽനിന്ന് അവ കുട്ടനാട്ടിൽ എത്തിക്കാനുള്ള ശ്രമമാരംഭിച്ചു. അങ്ങനെ ഇംഗ്ലണ്ടിൽ നിർമിച്ച ‘ദഡ് ബ്രിഡ്ജ്’, ‘ഹോർനെസ്ബി’ എന്നീ കമ്പനികളുടെ ഓയിൽ എൻജിനുകൾ കുട്ടനാട്ടിൽ എത്തിച്ചു. ഇ ബ്ലോക്ക്, എച്ച് ബ്ലോക്ക്, ആർ ബ്ലോക്ക് എന്നീ കായലുകൾ രൂപപ്പെടുത്തുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചിരുന്നതായി കായൽനില ചരിതം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരുപക്ഷേ 1904ലെ കായൽകുത്തിനു നിരോധനമുണ്ടായില്ലായിരുന്നില്ലെങ്കിൽ കൂടുതൽ കായൽനിലങ്ങൾ അദ്ദേഹം രൂപപ്പെടുത്തിയെടുത്തേനെ.
കായൽകൃഷിയിൽ മാത്രമല്ല, തൃശൂരിലെ കോൾനിലങ്ങളിലും തന്റെ കൃഷിവൈദഗ്ധ്യം അദ്ദേഹം തെളിയിച്ചു. കോൾനിലങ്ങളിലും യന്ത്രവത്കരണത്തിനു പ്രോത്സാഹനമായി അദ്ദേഹം നിലകൊണ്ടു. നെൽകൃഷി മാത്രമാക്കാതെ റബർ, കാപ്പി, ഏലം, തേയില മുതലായ കൃഷികൾക്കായി കാടു വെട്ടിത്തെളിച്ച് തോട്ടങ്ങൾ നിർമിക്കാൻ തിരുവിതാംകൂർ ഭരണം അനുമതി നൽകിയപ്പോൾ അവിടെയും മത്തായി പള്ളിത്താനം ശ്രദ്ധ പതിപ്പിച്ചു.
1921ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പ്രജാസഭയിലേക്ക് കുട്ടനാട് ഉൾപ്പെടുന്ന ചങ്ങനാശേരിയിൽനിന്നു നോമിനേഷൻ സന്പ്രദായത്തിലൂടെയല്ലാതെ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹം പ്രജാസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. കുട്ടനാട്ടിലെ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധ വച്ചിരുന്നു. പ്രജാസഭയിൽ കുട്ടനാട്ടിലെ കായൽരാജാവ് എന്ന പേര് അദ്ദേഹത്തിനു ചാർത്തിക്കൊടുത്തിരുന്നു.
കുട്ടനാട്ടിലെ സഹകരണ കാർഷിക പ്രസ്ഥാനത്തിന് ആരംഭമിട്ടത് പള്ളിത്താനത്ത് മത്തായിച്ചനായിരുന്നു. പള്ളിത്താനത്തു വീട് കുട്ടനാടൻ കായൽ കാർഷിക സംരംഭങ്ങളുടെ സിരാകേന്ദ്രവും കളരിയുമായിരുന്നുവെന്ന് വിശേഷിപ്പിക്കപ്പെടുന്നു. അതോടൊപ്പം കുട്ടനാട്ടിലെ കായൽ രാജാക്കന്മാരുടെ തലതൊട്ടപ്പനായി പള്ളിത്താനം ലൂക്കാ മത്തായിയും.