കൃഷ്ണമണി പോലെ കാക്കാം
ജോർജ് കള്ളിവയലിൽ
Tuesday, November 26, 2024 2:40 AM IST
“ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും; അതിലെ പൗരന്മാർക്കെല്ലാം സാമൂഹ്യവും സാന്പത്തികവും രാഷ്ട്രീയവുമായ നീതിയും; ചിന്തയ്ക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും; അവരുടെയെല്ലാ പേരുടെയുമിടയിൽ വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും സുനിശ്ചിതമാക്കിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കയാൽ നമ്മുടെ ഭരണഘടനനിർമാണ സഭയിൽ ഈ 1949 നവംബർ 26-ാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും അധിനിയമം ചെയ്യുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു’’.
ഗൂഢനീക്കം തകർത്ത വിധി
പരമാധികാര സോഷ്യലിസ്റ്റ്, മതേതര രാജ്യമായി ഇന്ത്യ നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുന്നതാണ് സുപ്രീംകോടതിയുടെ ഇന്നലത്തെ സുപ്രധാന വിധി. ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ ചേർത്ത 42-ാം ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. ഭേദഗതികളുടെ മുൻകാല പ്രാബല്യം സാധുതയുള്ളതാണെന്നും ആമുഖത്തിൽ അടക്കം ഭേദഗതിക്ക് പാർലമെന്റിന് അധികാരമുണ്ടെന്നും ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് വിധി പ്രഖ്യാപിച്ചു. ഇന്ന് 75-ാം വാർഷികം ആഘോഷിക്കുന്ന മഹത്തായ ഇന്ത്യൻ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും വിജയം കൂടിയാണ് പരമോന്നത കോടതിയുടെ തീർപ്പ്.
സോഷ്യലിസത്തിന്റെയും മതേതരത്വത്തിന്റെയും വ്യാഖ്യാനത്തെക്കുറിച്ചുള്ള പൗരന്മാരുടെ ആശങ്കകൾ തത്കാലത്തേക്കെങ്കിലും ഇല്ലാതാക്കാൻ സുപ്രീംകോടതിയുടെ ആവർത്തിച്ചുള്ള കൃത്യതയും വ്യക്തതയുമുള്ള നിലപാട് സഹായകരമായി. ഇന്ദിരാഗാന്ധിയുടെ ഭരണത്തിൽ അടിയന്തരാവസ്ഥക്കാലത്ത് ആമുഖത്തിൽ ചേർത്തതാണെന്ന പേരിൽ, സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ എടുത്തുകളയാനുള്ള സംഘപരിവാർ ശക്തികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കങ്ങൾക്കാണു തിരിച്ചടിയേറ്റത്. ഇന്ത്യയെ ഹിന്ദുത്വ മത രാഷ്ട്രമാക്കാനുള്ള ആർഎസ്എസ് അടക്കമുള്ളവരുടെ ഗൂഢലക്ഷ്യം മതേതരമൂല്യമുള്ള ജനത വേഗത്തിൽ അനുവദിക്കില്ലെന്നതിന്റെ സൂചനകൂടിയാണു സുപ്രീംകോടതി വിധി.
മതനിരപേക്ഷതയാണ് അടിസ്ഥാനം
1976ൽ പാസാക്കിയ 42-ാം ഭേദഗതിപ്രകാരം ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹർജികളാണ് സുപ്രീംകോടതി ഇന്നലെ തള്ളിയത്. ഏകദേശം 44 വർഷങ്ങൾക്കുശേഷം ഈ ഭരണഘടനാ ഭേദഗതിയെ വെല്ലുവിളിക്കുന്നതിന് ന്യായമായ കാരണമോ ന്യായീകരണമോ ഇല്ലെന്ന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയും ജസ്റ്റീസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. അനുച്ഛേദം (ആർട്ടിക്കിൾ) 368 പ്രകാരമുള്ള പാർലമെന്റിന്റെ ഭേദഗതി അധികാരം ആമുഖത്തിനും ബാധകമാണെന്ന് അരക്കിട്ടുറപ്പിക്കുന്നതാണു വിധി.
ഭരണഘടനയുടെ ആമുഖത്തിന്റെ യഥാർഥ തത്വങ്ങൾ മതേതര ധാർമികതയെ പ്രതിഫലിപ്പിക്കുന്നതായി സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. കേശവാനന്ദ ഭാരതിയും കേരള സംസ്ഥാനവും തമ്മിലും എസ്.ആർ. ബൊമ്മൈയും കേന്ദ്രസർക്കാരും തമ്മിലുമുള്ള കേസുകളിലെ ഭരണഘടനാബെഞ്ചുകളുടെ പഴയകാല വിധികൾ ഉൾപ്പെടെ നിരവധി തീരുമാനങ്ങൾ മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയെന്ന് ഉറപ്പിക്കുന്നു.
വിവേചനരഹിതമായ രാഷ്ട്രം
ഇന്ത്യൻ സാഹചര്യത്തിൽ സോഷ്യലിസവും മതേതരത്വവും എന്താണ് അർഥമാക്കുന്നതെന്ന് സുപ്രീംകോടതി ഇന്നലെ വിശദീകരിച്ചു. എല്ലാ മതസ്ഥരെയും തുല്യമായും വിവേചനമില്ലാതെയും പരിഗണിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണു മതേതരത്വം അടിസ്ഥാനപരമായി പ്രതിനിധീകരിക്കുന്നത്. മതേതരത്വം എന്ന ആശയം സമത്വത്തിനുള്ള അവകാശത്തിന്റെ ഒരു വശത്തെ സത്തയിൽ പ്രതിനിധീകരിക്കുന്നു. അടിസ്ഥാന പ്രമാണങ്ങളിൽ സങ്കീർണമായി നെയ്തെടുത്തതാണു ഭരണഘടനാ പദ്ധതി.
സാന്പത്തികവും സാമൂഹികവുമായ നീതിയുടെ തത്വം ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ ചട്ടക്കൂടിലെ സോഷ്യലിസം. സാന്പത്തിക, സാമൂഹിക സാഹചര്യങ്ങൾ കാരണം ഒരു പൗരനും അവശതയില്ലെന്ന് ഭരണകൂടം ഉറപ്പാക്കുന്നു. സോഷ്യലിസം എന്ന വാക്ക് സാന്പത്തിക ലക്ഷ്യത്തെയാണു പ്രതിഫലിപ്പിക്കുന്നത്. അനുച്ഛേദം 19-1(ജി) പ്രകാരം സാമൂഹിക ഉന്നമനം, സ്വകാര്യ സംരംഭകത്വം, വ്യാപാരം എന്നിവ പൗരന്റെ മൗലികാവകാശമാണ്. മതപരവും വ്യക്തിപരവുമായ ഇത്തരം അവകാശങ്ങളെ ഒരുതരത്തിലും ഭരണഘടന പരിമിതപ്പെടുത്തുന്നില്ല.
സോഷ്യലിസം = ക്ഷേമരാഷ്ട്രം
ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണു മതേതരത്വമെന്ന് എസ്.ആർ. ബൊമ്മൈ കേസിൽ സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന ഇന്നലെയും ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ മതേതര, സോഷ്യലിസ്റ്റ് ആശയങ്ങൾ പോലും പാശ്ചാത്യ രാജ്യങ്ങളുടേതിൽനിന്നു മികച്ചതും വ്യത്യസ്തമാണ്.
മറ്റു രാജ്യങ്ങളിൽനിന്നു വളരെ വ്യത്യസ്തമാണ് ഇന്ത്യയിലെ സോഷ്യലിസ്റ്റ് ദർശനം. പ്രാഥമികമായി ഒരു ക്ഷേമരാഷ്ട്രം എന്നാണു സോഷ്യലിസം എന്നതിലൂടെ അർഥമാക്കുന്നതെന്ന് സുപ്രീംകോടതി വിശദീകരിച്ചിട്ടുണ്ട്. നന്നായി അഭിവൃദ്ധിപ്പെടുന്ന സ്വകാര്യമേഖലയെ അതൊരിക്കലും തടഞ്ഞിട്ടില്ല. നമ്മുടേത് ഒരു ക്ഷേമരാഷ്ട്രമാണെന്നതാണു പ്രധാനം. ജനങ്ങളുടെ ക്ഷേമത്തിനായി നിലകൊള്ളുകയും അവസരങ്ങളുടെ തുല്യത നൽകുകയും വേണമെന്ന് ഇന്നലത്തെ വിധിയിൽ ചീഫ് ജസ്റ്റീസ് ഖന്ന പറഞ്ഞു.
ന്യൂനപക്ഷാവകാശങ്ങൾ വ്യക്തം
ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് വ്യക്തതയുള്ള അവകാശങ്ങളാണ് ഇന്ത്യൻ ഭരണഘടന നിർവചിച്ചിരിക്കുന്നത്. അനുച്ഛേദം 14, 15 (1) (2), 16 (1) (2). 25 (1), 28, 30 (1), 30 (2), 350- ബി തുടങ്ങിയവ ന്യൂനപക്ഷാവകാശങ്ങൾ ഉറപ്പാക്കുന്നു. അനുച്ഛേദം 14ൽ നിയമത്തിനു മുന്നിൽ തുല്യതയും തുല്യ സംരക്ഷണവും നൽകുന്നു. അനുച്ഛേദം 15 (1) & (2) അനുസരിച്ച് മതം, വംശം, ജാതി, ലിംഗം അല്ലെങ്കിൽ ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ പൗരന്മാർക്കെതിരായ വിവേചനം തടയുന്നു. അനുച്ഛേദം 16(1)&(2) എന്നിവ സംസ്ഥാനത്തിനു കീഴിലുള്ള ഏതെങ്കിലും ഓഫീസിലേക്കുള്ള തൊഴിൽ അല്ലെങ്കിൽ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവസര സമത്വത്തിനുള്ള പൗരാവകാശം ഉറപ്പാക്കുന്നു.
അനുച്ഛേദം 25(1) പ്രകാരം മനഃസാക്ഷിയനുസരിച്ച് ഏതൊരു പൗരനും അവനിഷ്ടമുള്ള മതവും വിശ്വാസവും സ്വീകരിക്കാനും പ്രഖ്യാപിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട്. അനുച്ഛേദം 28ലാണ് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ പ്രബോധനത്തിലോ മതപരമായ ആരാധനയിലോ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം പൂർണമായും പരിപാലിക്കുന്നത്.
അനുച്ഛേദം 30 (1) പ്രകാരം മതപരവും ഭാഷാപരവുമായ എല്ലാ ന്യൂനപക്ഷങ്ങൾക്കും അവർക്കിഷ്ടമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിക്കാനും നിയന്ത്രിക്കാനുമുള്ള അവകാശം ഉറപ്പ് നൽകുന്നു. അനുച്ഛേദം 30 (2) അനുസരിച്ച് ന്യൂനപക്ഷങ്ങൾ നിയന്ത്രിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് സർക്കാർ ധനസഹായം നൽകുന്നതിൽ വിവേചനം പാടില്ലെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഭാഷാ ന്യൂനപക്ഷങ്ങൾക്കായുള്ള സ്പെഷൽ ഓഫീസറെ സംബന്ധിച്ചുള്ളതാണ് അനുച്ഛേദം 350-ബി എന്ന ഭരണഘടനാ ഭേദഗതി.
മതസ്വാതന്ത്ര്യം മൗലികാവകാശം
മതനിരപേക്ഷതയെന്നാൽ ഇന്ത്യയിൽ വെറും മതസഹിഷ്ണുതയല്ല. മറ്റെല്ലാ മതങ്ങളെയും ബഹുമാനിക്കാനും ആദരിക്കാനും കൂടി ഇന്ത്യയിലെ ഭരണഘടനാ ശില്പികൾ വിവക്ഷിക്കുന്നുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 25 അനുസരിച്ച് ഏതൊരാൾക്കും മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തിന് അനുസരിച്ച് അവനിഷ്ടമുള്ള മതവും വിശ്വാസവും സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്. പൗരന്റെ മൗലികാവകാശമാണിത്.
മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങൾക്കായി സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നടത്തുന്നതിനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നു. മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അവകാശം; ജംഗമവും സ്ഥാവരവുമായ സ്വത്ത് സ്വന്തമാക്കാനും കൈകാര്യം ചെയ്യാനുമുള്ള അവകാശം തുടങ്ങിയവയും അനുച്ഛേദം 26 അനുസരിച്ച് പൂർണമാണ്. പൊതുക്രമം, ധാർമികത, ആരോഗ്യം, മറ്റു മൗലികാവകാശ വ്യവസ്ഥകൾ എന്നിവയ്ക്കു വിധേയമാണ് എല്ലാ മതങ്ങൾക്കും ഈ അവകാശങ്ങൾ.
പ്രതിപക്ഷമില്ലാതെ ജനാധിപത്യമില്ല
1949 നവംബർ 26ന് അംഗീകരിച്ച ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലെ (പ്രിയാന്പിൾ) പ്രഖ്യാപനങ്ങളും പിന്നീടുള്ള അനുച്ഛേദങ്ങളുമാണ് ഇന്ത്യയുടെ മികവും കരുത്തും. പാർലമെന്ററി ഭരണസംവിധാനമുള്ള പരമാധികാര സോഷ്യലിസ്റ്റ് സെക്കുലർ ഡെമോക്രാറ്റിക് റിപ്പബ്ലിക്കാണ് ഭാരതം എന്നുകൂടി അറിയപ്പെടുന്ന ഇന്ത്യ. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഏറ്റവും മഹത്തായ ഭരണഘടനയാണു നമ്മുടെ രാഷ്ട്രശില്പികളും ഡോ. ബി.ആർ. അംബേദ്കറിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ രചയിതാക്കളും സമ്മാനിച്ചത്.
പ്രതിപക്ഷത്തിനുകൂടി സർക്കാരിന്റേതിനു തുല്യ പ്രാധാന്യം നൽകിയിട്ടുള്ള ഭരണഘടനയുടെ 75-ാം വാർഷികം ഇന്ന് ആഘോഷിക്കുന്പോൾ, പ്രതിപക്ഷ നേതാക്കൾക്കു പ്രസംഗിക്കാൻ അവസരം നിഷേധിച്ചതു ഫലത്തിൽ ഭരണഘടനയോടുള്ള അവഹേളനമായി. ഭരണഘടനയിൽ വെള്ളം ചേർക്കാനും മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ സംവിധാനത്തെ ഭാഗികമായെങ്കിലും ദുർവ്യാഖ്യാനം ചെയ്തും അട്ടിമറിച്ചും ഇന്ത്യയെ മതരാഷ്ട്രമാക്കാനുമുള്ള ഏതൊരു ശ്രമങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി നിന്ന് എതിർത്തു തോൽപ്പിക്കേണ്ടതുണ്ട്. ഭരണഘടനയുടെ ശിലകൾ ഇളകിയാൽ രാജ്യം തകരും. ഭരണഘടനാമൂല്യങ്ങളും വ്യവസ്ഥകളും കണ്ണിലെ കൃഷ്ണമണി പോലെ ഇനിയും കാക്കുകയെന്നതാണ് ഓരോ പൗരന്റെയും ചുമതല.