ഭരണഘടന സംരക്ഷിക്കേണ്ടത് ജനങ്ങൾ
പി.ഡി.ടി. ആചാരി
Tuesday, November 26, 2024 2:37 AM IST
ഇന്ത്യയുടെ ഭരണഘടന, ഭരണഘടനാസമിതി ഔദ്യോഗികമായി അംഗീകരിച്ച് ഒപ്പുവച്ച ദിവസമാണ് 1949 നവംബർ 26. അന്ന് സമിതിയുടെ അധ്യക്ഷനായ ഡോ. രാജേന്ദ്രപ്രസാദുൾപ്പെടെ 284 അംഗങ്ങൾ ഒപ്പുവയ്ക്കുകയുണ്ടായി. പൗരത്വം, തെരഞ്ഞെടുപ്പുകൾ മുതലായ വിഷയങ്ങളെ സംബന്ധിക്കുന്ന അനുച്ഛേദങ്ങൾ അപ്പോൾതന്നെ പ്രാബല്യത്തിലായെങ്കിലും ഭരണഘടന ഔദ്യോഗികമായി നിലവിൽവന്നത് 1950 ജനുവരി 26നാണ്. ജനുവരി 26ന് ചരിത്രപരമായ ഒരു പ്രത്യേകതയും പ്രാധാന്യവുമുണ്ട്. 1929 ഡിസംബർ 19നാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ ലാഹോറിൽ കൂടിയ എഐസിസി സമ്മേളനത്തിൽ കോണ്ഗ്രസിന്റെ ലക്ഷ്യം പൂർണസ്വരാജ് ആണെന്നു പ്രഖ്യാപിക്കപ്പെട്ടത്.
1930 ജനുവരി 26ന് പൂർണസ്വരാജിനെക്കുറിച്ചുള്ള പൊതുപ്രഖ്യാപനം നടത്തുകയും അന്നേദിവസം സ്വാതന്ത്ര്യദിനമായി ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്തു. അതിനുശേഷം എല്ലാ വർഷവും ജനുവരി 26 സ്വാതന്ത്ര്യദിനമായി ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് ആഘോഷിച്ചിരുന്നു. എന്നാൽ, ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ജനുവരി 26 എന്ന ദിവസം എന്നും ഓർമിക്കുന്നതിനുവേണ്ടി ഭരണഘടന നിലവിൽവന്ന ദിവസമായി പ്രഖ്യാപിക്കുകയാണുണ്ടായത്. അതായത് ആ ദിവസമാണ് ഇന്ത്യ യഥാർഥത്തിൽ ഒരു പരമാധികാര രാജ്യമായി തീർന്നത്.
ഈ സന്ദർഭത്തിൽ ഒരു കാര്യം ഓർക്കണം. 1947 ഓഗസ്റ്റ് 15ന് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ഇന്ത്യ ഇൻഡിപെൻഡന്റ്സ് ആക്ട് അനുസരിച്ച് ഇന്ത്യയും പാക്കിസ്ഥാനും രണ്ടു ഡൊമിനിയനുകളാകുകയാണുണ്ടായത്. അതായത് സ്വതന്ത്രമായി പ്രവർത്തിക്കാമെങ്കിലും ഈ രണ്ടു രാജ്യങ്ങളും ബ്രിട്ടീഷ് രാജാവിന്റെ കീഴിൽത്തന്നെയാണു നിലകൊണ്ടിരുന്നത്. 1950 ജനുവരി 26ന് ഭരണഘടന നിലവിൽ വന്നപ്പോഴാണ് ഇന്ത്യ പരമാധികാരമുള്ള ഒരു രാജ്യമായിത്തീർന്നത്.
വെല്ലുവിളികൾ
ഭരണഘടന നിലവിൽ വന്നതിനുശേഷം 74 വർഷങ്ങൾ പിന്നിടുന്പോൾ നാം ഇന്ന് ഗൗരവതരമായി ചിന്തിക്കുന്നത് ഈ ഭരണഘടന നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ്. ജനാധിപത്യത്തിൽ വിശ്വസിക്കാത്ത ഏതെങ്കിലും വിപ്ലവപ്രസ്ഥാനത്തിൽനിന്നല്ല ഈ വെല്ലുവിളി ഉയരുന്നത്. ജനാധിപത്യമാർഗങ്ങളിലൂടെ അധികാരത്തിൽ വരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്നാണ് യഥാർഥത്തിൽ വെല്ലുവിളികളുണ്ടാകുന്നത്. നമ്മുടെ ഭരണഘടനയുടെ ഒരു പ്രത്യേകത അതിൽ ഭേദഗതി വരുത്തുക എളുപ്പമാണെന്നുള്ളതാണ്. 368-ാം അനുച്ഛേദത്തിൽ പറയുന്നത് പാർലമെന്റിന് ഭരണഘടനയുടെ ഏതു ഭാഗവും മാറ്റിയെടുക്കാൻ അധികാരമുണ്ടെന്നുള്ളതാണ്.
ഭേദഗതി എന്നാൽ കൂട്ടിച്ചേർക്കൽ, മാറ്റങ്ങൾ വരുത്തുക അല്ലെങ്കിൽ റദ്ദാക്കൽ എന്നൊക്കെയാണെന്ന് ഈ അനുച്ഛേദത്തിൽ വിശദീകരിച്ചിരിക്കുന്നു. ഭരണഘടനയുടെ ഏത് അനുച്ഛേദവും ഈ മാറ്റങ്ങൾക്കു വിധേയമാക്കാമെന്ന് 368-ാം അനുച്ഛേദം വ്യക്തമാക്കുന്നു. അപ്പോൾ പാർലമെന്റ് സർവാധികാരിയായി മാറുന്ന ഒരു കാഴ്ചയാണ് നാം ഇവിടെ കാണുന്നത്. 400 അംഗങ്ങളുള്ള ഒരു പാർട്ടി അധികാരത്തിൽവന്നാൽ ഭരണഘടനയുടെ ഏതു ഭാഗവും മാറ്റിയെടുക്കാൻ കഴിയുമെന്നുള്ളത് നമ്മെ നടുക്കുന്ന ഒരു യാഥാർഥ്യമായി അവശേഷിക്കുന്നു.
പക്ഷേ, ഒരു തടസമുണ്ട്. അതായത് 1973ൽ സുപ്രീംകോടതി ഇറക്കിയ കേശവാനന്ദഭാരതിക്കേസിലെ സുപ്രധാനമായ വിധിന്യായത്തിലൂടെ പാർലമെന്റിന്റെ ഈ സർവാധികാരത്തിന് കടിഞ്ഞാണിടുകയുണ്ടായി എന്നുള്ളത് ഈ സന്ദർഭത്തിൽ അതീവ പ്രാധാന്യമർഹിക്കുന്നു. പാർലമെന്റിന് ഭരണഘടനയുടെ ഏതു ഭാഗവും ഭേദഗതി ചെയ്യാനധികാരമുണ്ട് എന്നു പ്രസ്താവിക്കുന്നതോടൊപ്പം പക്ഷേ, ഭരണഘടനയുടെ അടിസ്ഥാനഘടനയിൽ മാറ്റം വരുത്താൻ അധികാരമില്ല എന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. അടിസ്ഥാനഘടന എന്താണെന്നു തീരുമാനിക്കാനുള്ള അധികാരം കോടതിക്കാണെന്നും ഈ വിധിന്യായത്തിൽ പറയുന്നു.
ജനാധിപത്യം, മതേതരത്വം, നിയമവാഴ്ച, നിഷ്പക്ഷവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ്, സ്വതന്ത്രമായ നീതിന്യായകോടതികൾ, ഫെഡറൽ സംവിധാനം എന്നിവയൊക്കെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്നും കോടതി അനവധി വിധിന്യായങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 13 ന്യായാധിപന്മാരുടെ ഒരു ബെഞ്ചാണ് ഈ വിധിന്യായം പുറപ്പെടുവിച്ചത്. അപ്പോൾ കേശവാനന്ദ ഭാരതി വിധിന്യായത്തിന്റെ പശ്ചാത്തലത്തിൽ ഭരണഘടനയുടെ അടിസ്ഥാനസ്വഭാവം മാറ്റിമറിക്കാൻ മൃഗീയഭൂരിപക്ഷം ലഭിക്കുന്ന പാർട്ടികൾക്ക് ഇന്നത്തെ അവസ്ഥയിൽ സാധിക്കുകയില്ലെന്നുള്ളത് ആശ്വാസം നൽകുന്ന കാര്യംതന്നെയാണ്.
പക്ഷേ, അപകടം പൂർണമായി ഒഴിഞ്ഞുപോയി എന്നു കരുതാൻ സാധ്യമല്ല. കാരണം ഏകാധിപത്യ പ്രവണതയുള്ള ഒരു ഭരണാധികാരി വൻഭൂരിപക്ഷത്തോടുകൂടി അധികാരത്തിൽവന്നാൽ കേശവാനന്ദഭാരതിയുടെ വിധിന്യായം പുനഃപരിശോധിക്കാൻ ശ്രമിക്കാവുന്നതാണ്. 15 ന്യായാധിപന്മാരടങ്ങുന്ന ഒരു ബഞ്ചിനെക്കൊണ്ട് ഈ വിധിന്യായം പുനഃപരിശോധിപ്പിക്കുകയും പാർലമെന്റിന് ഭരണഘടനയുടെ ഏതു ഭാഗവും നിർബാധം മാറ്റിയെടുക്കാനുള്ള അധികാരമുണ്ട് എന്നും പറയിക്കുകയും ചെയ്താൽ ഭരണഘടന അതോടുകൂടി തകർന്നു എന്നു കരുതാം. ശക്തമായ, ഏകാധിപതിയായ ഒരു ഭരണാധികാരിക്ക് പാർലമെന്റിലെ വലിയ ഭൂരിപക്ഷം ഉപയോഗിച്ച് ഏതു വിധത്തിലുള്ള ഭേദഗതിയും നടത്താൻ കഴിയുമെന്നു തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
അമേരിക്കയിലെപ്പോലെ പ്രസിഡന്റിനു പരമാധികാരം നൽകുന്ന ഭരണസന്പ്രദായം നിലവിലുള്ള ഭരണഘടനയിൽ തക്കതായ മാറ്റങ്ങൾ വരുത്തി ഏർപ്പെടുത്താവുന്നതാണ്. അതുപോലെതന്നെ 25-ാം അനുച്ഛേദത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തി മതസ്വാതന്ത്ര്യം എടുത്തുകളഞ്ഞ് ഭൂരിപക്ഷ മതത്തിനു പ്രാമുഖ്യം നൽകുന്ന അവസ്ഥകൾ കൊണ്ടുവരാവുന്നതാണ്. ഇതിനൊന്നുംവേണ്ടി പുതിയ ഭരണഘടന എഴുതിയുണ്ടാക്കുകയോ കോണ്സ്റ്റിറ്റ്യുവന്റ് അസംബ്ലി ഉണ്ടാക്കുകയോ ചെയ്യേണ്ട കാര്യമില്ല. നമ്മുടെ ഭരണഘടനയ്ക്ക് നല്ല മെയ്വഴക്കമുള്ളതാണ്. അടിസ്ഥാനഘടന എന്നൊന്നില്ല എന്നു കോടതി പ്രഖ്യാപിക്കുകയേ വേണ്ടൂ. ബാക്കി കാര്യങ്ങൾ പാർലമെന്റ് തീരുമാനിച്ചുകൊള്ളും. ഇതാണ് നമ്മുടെ ഭരണഘടന നേരിടാൻപോകുന്ന വലിയ വെല്ലുവിളി.
പൗരന്മാർ ജാഗരൂകരാകണം
ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ആത്യന്തികമായി ജനങ്ങളുടേതാണ്. നീതിന്യായക്കോടതികൾക്ക് ഒരു പരിധിവരെയേ ആ ഉത്തരവാദിത്വം നിറവേറ്റാൻ സാധിക്കൂ. ജനങ്ങൾ ഉണർന്നിരിക്കുകയും അപകടസാധ്യതകൾ മുൻകൂട്ടിക്കണ്ട് അതിനെ ചെറുക്കുകയും ചെയ്താൽ മാത്രമേ ഭരണഘടനയ്ക്കും അതു സൃഷ്ടിച്ച റിപ്പബ്ലിക്കൻ സംവിധാനങ്ങൾക്കും നിലനിൽക്കാനാകൂ. ഭരണഘടനയിൽ ഭേദഗതി വരുത്താനുള്ള പൂർണ അധികാരം പാർലമെന്റിൽ നിക്ഷിപ്തമാക്കിയ ഭരണഘടനാ നിർമാതാക്കൾ ഭാവിയിൽ ഏകാധിപത്യ പ്രവണതകൾ തലയുയർത്തുമെന്നും ആ അധികാരം ദുർവിനിയോഗം ചെയ്തു ഭരണഘടനയുടെ അന്തഃസത്ത നശിപ്പിച്ചുകളയുമെന്നും ചിന്തിച്ചിരിക്കാനിടയില്ല. ജനാധിപത്യം അല്പംപോലും പരിചയമില്ലാത്ത ഒരു സമൂഹത്തിന്റെമേലാണു നാം ജനാധിപത്യം അടിച്ചേൽപ്പിക്കുന്നത് എന്നുള്ള ഡോ. അംബേദ്കറുടെ അഭിപ്രായം ശരിയാണെന്നു തോന്നിക്കുന്ന സ്ഥിതിവിശേഷം ഇവിടെ നിലവിലുണ്ട് എന്നു നാം ചിന്തിക്കണം. യൂറോപ്പിലെ ജനാധിപത്യത്തിൽനിന്നു വ്യത്യസ്തമായ ഒരു ജനാധിപത്യരീതിയാണല്ലോ ഏഷ്യൻ രാജ്യങ്ങളിലുള്ളത്. പലയിടത്തും ഏകാധിപതികൾ അല്ലെങ്കിൽ സൈനികഭരണമൊക്കയാണ് അവിടെയുള്ളത്.
ഇന്ത്യയിൽ നെഹ്റുവിന്റെ കാലഘട്ടത്തിലുണ്ടായിരുന്ന ജനാധിപത്യ സംസ്കാരം എവിടെയോ പോയി മറഞ്ഞിരിക്കുന്നു എന്നു നമുക്കു കാണാവുന്നതാണ്. അതിശക്തനായ ഒരു ഭരണാധികാരിയും അദ്ദേഹത്തിന്റെ ഹിതമനുസരിച്ചു പ്രവർത്തിക്കുന്ന രാഷ്ട്രീയകക്ഷിയും നിയമനിർമാണസഭയും ഉദ്യോഗസ്ഥവൃന്ദവും ദുർഗന്ധം വഹിക്കുന്ന സ്തുതിപാഠകരും നട്ടെല്ല് നഷ്ടപ്പെട്ടുപോയ മാധ്യമങ്ങളുമൊക്കെ വിരാജിക്കുന്ന ഒരു വ്യവസ്ഥിതിയാണ് ഈ രാജ്യത്തുള്ളത്. ഇവിടെ പരിഷ്കൃത സമൂഹത്തിനുവേണ്ടി പരിഷ്കൃതരായ മനുഷ്യർ ഉണ്ടാക്കിയെടുത്ത ഭരണഘടന എങ്ങനെ നിലനിൽക്കുന്നു എന്നുള്ളത് ഒരു പ്രശ്നമായിരിക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല.
(ലോക്സഭാ മുൻ സെക്രട്ടറി ജനറലാണ് ലേഖകൻ)