സുറിയാനിപൈതൃകത്തിനായി ഒരു ജീവിതം
ഫാ. പോൾ കാരാമേൽ കോയിക്കൽ
Tuesday, November 26, 2024 12:29 AM IST
ഈശോയുടെ സംസാരഭാഷയായിരുന്ന അറാമായയുടെ ഭാഷാഭേദമായ സുറിയാനിയിലൂടെ കൈസ്തവസഭകൾ തമ്മിലുള്ള കൂട്ടായ്മ വളർത്തുന്നതിൽ നിസ്തുല പങ്ക് വഹിച്ച റവ. ഡോ. തോമസ് (രാജു) പറക്കോട്ടിന്റെ ദേഹവിയോഗം ഭാരതത്തിലെ എല്ലാ ക്രൈസ്തവ സഭകളിൽപ്പെട്ടവരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തുന്നതാണ്.
സുറിയാനി ഭാഷാപഠനത്തിലൂടെ ക്രൈസ്തവസഭകൾ തമ്മിലുള്ള കൂട്ടായ്മ പോഷിപ്പിക്കുന്നതിന് കോട്ടയം ബേക്കർ ഹില്ലിൽ പ്രവർത്തിക്കുന്ന സെന്റ് എഫ്രേം എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അസി. ഡയറക്ടർ, വിവിധ സെമിനാരികളിലെ സുറിയാനി അധ്യാപകൻ, എംജി യൂണിവേഴ്സിറ്റി റിസർച്ച് ഗൈഡ്, ഗ്രന്ഥകർത്താവ് എന്നീനിലകളിൽ അതുല്യമായ സംഭവനകളാണ് അദ്ദേഹം സമൂഹത്തിനും ക്രൈസ്തവസഭകൾക്കും നൽകിയിട്ടുള്ളത്. സുറിയാനി ഭാഷയോടുള്ള അഭിരുചി വിദ്യാർഥികളിൽ വളർത്തിയെടുക്കന്നതിൽ ഫാ. തോമസിന് അനിതരസാധാരണമായ പാടവമുണ്ടായിരുന്നു.
തൃശൂർ ജില്ലയിൽ വാഴാനിക്കു സമീപം വിരുക്കപ്പാറ പറക്കോട്ട് കുടുംബത്തിൽ ജോസഫ് - റെജീന ദന്പതികളുടെ മൂന്നാമത്തെ മകനായി 1974 ഏപ്രിൽ 14ന് ജനിച്ച ഫാ. തോമസ് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വൈദിക പഠനത്തിനായി തിരുവല്ല ഇന്ഫന്റ് മേരീസ് മൈനർ സെമിനാരിയിൽ ചേർന്നു. ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽനിന്ന് തത്വശാസ്ത്രപഠനവും തിരുവനന്തപുരം മലങ്കര മേജർ സെമിനാരിയിൽനിന്ന് ദൈവശാസ്ത്ര പഠനനവും പൂർത്തിയാക്കി. രണ്ടായിരാമാണ്ടിൽ വൈദികപട്ടം സ്വീകരിച്ചു. 2003ൽ അദ്ദേഹം സീരിയിൽ സുറിയാനി അധ്യാപകനായി സേവനമാരംഭിച്ചു.
എംജി യൂണിവേഴ്സിറ്റിയിൽനിന്ന് സുറിയാനി ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും തുടർന്ന് ഡോക്ടർ ബിരുദവും കരസ്ഥമാക്കിയ ഫാ. തോമസ് അനേകം സുറിയാനി ആരാധനാക്രമ ഗ്രന്ഥങ്ങൾ മലയാളത്തിലേക്കു വിവർത്തനം ചെയ്തു. പാശ്ചാത്യ സുറിയാനി വായനസഹായി, പൗരസ്ത്യ സുറിയാനി വ്യാകരണ സഹായി തുടങ്ങി നാലു ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. മലങ്കര കത്തോലിക്കാസഭയുടെ ആരാധനാക്രമ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്നതിലും സ്തുത്യർഹമായ പങ്ക് വഹിച്ചിട്ടുണ്ട്.
വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിലെ അധ്യാപനം ഫാ. തോമസിന്റെ അധ്യാപനശുശ്രൂഷയിൽ പുതിയൊരു വഴിത്തിരിവ് സൃഷ്ടിച്ചു. സുറിയാനി ഭാഷയുടെ പഠനത്തിനു പരമമായ പ്രാധാന്യം നൽകുന്നതോടൊപ്പംതന്നെ സുറിയാനി ദൈവശാസ്ത്രത്തിന്റെയും ആരാധനാക്രമത്തിന്റെയും ആഴങ്ങളിലേക്കു വിദ്യാർഥികളെ നയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
സുറിയാനി ഭാഷാപഠനത്തിനും സഭൈക്യ ശുശ്രൂഷകൾക്കും നൽകിയ സമഗ്ര സംഭാവനകൾക്കുള്ള കൈയൊപ്പായിട്ടാണു 2024 ൽ അടങ്ങാപ്പുറം മെമ്മോറിയൽ അവാർഡിന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. മെത്രാന്മാരും സെമിനാരികളിലെയും കോളജുകളിലെയും അധ്യാപകരും ജീവിതത്തിന്റെ വിവിധ തുറകളിൽനിന്നുള്ള നിരവധി പ്രമുഖരും ഉൾപ്പെട്ട വലിയ ശിഷ്യസന്പത്ത് ഫാ. തോമസിന്റെ സുറിയാനി പാണ്ഡിത്യത്തിന് സാക്ഷ്യംവഹിക്കുന്നു.
സുറിയാനി ഭാഷയോടും പൈതൃകത്തോടും ക്രൈസ്തവസഭകളോടും അദ്ദേഹം പ്രകടിപ്പിച്ച കരുതലിനും സ്നേഹത്തിനും കൂപ്പുകൈകളോടെ പ്രാർഥനാഞ്ജലികൾ നേരുന്നു.