അക്ഷരം: ഭാഷയ്ക്കും സാഹിത്യത്തിനുമായി സഹകരണമ്യൂസിയം
Tuesday, November 26, 2024 12:08 AM IST
< b>വി.എന്‍. വാസവന് (തുറമുഖ, സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി)
സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാ പ്രസ് പുരയിടത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഭാഷാ-സാഹിത്യ-സാംസ്കാരിക മ്യൂസിയം സഹകരണവകുപ്പ് ഒരുക്കി. അന്തര്‍ദേശീയ നിലവാരത്തില്‍ ആധുനികസാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് 15,000 ചതുരശ്രയടിയിലാണ് മ്യൂസിയം നിര്‍മിച്ചിരിക്കുന്നത്. നാലു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന അക്ഷരം മ്യൂസിയത്തിന്റെ ഒന്നാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഭാഷയുടെ ഉല്പത്തി മുതല്‍ മലയാളഭാഷയുടെ സമകാലികമുഖം വരെ അടയാളപ്പെടുത്തുന്ന വിവിധ ഗാലറികളാണ് ആദ്യഘട്ടത്തില്‍.
ഭാഷയും സഹകരണവും
എന്തുകൊണ്ടാണ് സഹകരണവകുപ്പ് ഇത്തരം ഒരു സംരംഭത്തിലേക്കു തിരിഞ്ഞത് എന്നത് സ്വാഭാവികമായി ഉയരുന്ന ചോദ്യമാണ്. ജോസഫ് പൗള്ഷേക്ക് എന്ന ഭാഷാഗവേഷകന്‍ ഭാഷയെക്കുറിച്ചു നടത്തിയ പഠനങ്ങള്‍ ഈ ഇഴയടുപ്പം വ്യക്തമാക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു. മനുഷ്യഭാഷയുടെ വികാസത്തെ സാമൂഹികസഹകരണത്തിന്റെ ഭാഗമായി ഭൗതികവാദികള്‍ പരിഗണിക്കുന്നുണ്ട്. ‘ഞങ്ങള്‍’ എന്ന തോന്നലാണ് സഹകരണത്തിന്റെ അടിസ്ഥാനബോധം. ഈ സഹകരണമാണ് സമൂഹപുരോഗതിയുടെയും കാതല്‍. വ്യക്തി സമഷ്ടിക്കും സമഷ്ടി വ്യക്തിക്കും എന്ന ആപ്തവാക്യത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി രൂപീകൃതമായ സഹകരണപ്രസ്ഥാനം സഹകരിക്കുവാനും പങ്കുവയ്ക്കുവാനുമുള്ള മനുഷ്യവംശത്തിന്റെ സ്വാഭാവികചിന്തയുടെ ആധുനികരൂപമാണ്. അതുകൊണ്ടാണ് സഹകരണത്തിന്റെ ഈ മൂര്‍ത്ത ചിന്ത ഏറ്റെടുത്ത് 80 വര്‍ഷം മുന്‍പ് കേരളത്തില്‍ എഴുത്തുകാര്‍ ചേര്‍ന്ന് സഹകരണാടിസ്ഥാനത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം രൂപീകരിച്ചതും ഭാഷയ്ക്കും സാംസ്കാരത്തിനും വേണ്ടി നിലകൊണ്ടതും. ആ മൂല്യബോധമാണ് മനുഷ്യരാശിയുടെ ചരിത്രം ഒരുക്കുവാന്‍ പ്രേരണയായതും. മനുഷ്യഭാഷയുടെ ഉത്പത്തി മുതല്‍ മലയാളഭാഷയുടെ സമകാലികമുഖം വരെ അടയാളപ്പെടുത്തുന്ന അക്ഷരം മ്യൂസിയത്തിന്റെ ഒന്നാംഘട്ടമാണ് പൂര്‍ത്തിയായിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യഭാഷാമ്യൂസിയം
മനുഷ്യര്‍ക്ക് എന്നുമുതലാണ് ഭാഷ സംസാരിക്കാനുള്ള ഭാഷണശേഷി കൈവന്നത്? എപ്പോഴാണ് ഭാഷ ഉത്ഭവിച്ചത്? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള വിശദീകരണത്തിലൂടെയാണ് അക്ഷരം മ്യൂസിയത്തിന്റെ ആദ്യഭാഗം ആരംഭിക്കുന്നത്. ഏകദേശം 70 ലക്ഷം വര്ഷങ്ങള്മുതലിങ്ങോട്ട് നാല്പതിനായിരം വര്‍ഷങ്ങള്‍ വരെയുള്ള ഭാഷാഉത്പത്തിചരിത്രം ഇവിടെ വീഡിയോപ്രൊജക്ഷനായി അവതരിപ്പിക്കുന്നു. മനുഷ്യപൂര്‍വികരായ, നിവര്ന്നുനില്ക്കുന്ന ആസ്ട്രലോപിത്തേക്കസ് മുതല്‍ ഹോമോ ഹാബിലിസ്, ഹോമോ ഇറക്ടസ്, ഹോമോ നിയാണ്ടര്‍ത്താല്‍സ്, ഹോമോ സാപ്പിയന്‍സ് വരെയുള്ള മനുഷ്യന്റെ വിവിധ പരിണാമഘട്ടങ്ങളിലാണ് ഭാഷാപരിണാമം സാധ്യമാകുന്നതെന്ന് നമുക്ക് ഇവിടെ കാണാം. വാമൊഴിയില്നിന്നു ഗുഹാവരകളായും ചിത്രലിപികളായും പരിണമിക്കുന്ന ആശയ പ്രകാശനത്തിന്റെ വ്യത്യസ്തതലങ്ങളെയാണ് ഒന്നാം ഗാലറിയില്‍ പരിചയപ്പെടുത്തുന്നത്. ഗുഹാചിത്രങ്ങള്ക്കൊപ്പം, സുമേറിയന്‍, ഈജിപ്ഷന്‍, ഹാരപ്പന്‍, ചൈനീസ് ചിത്രാക്ഷരങ്ങളെയും ഒന്നാംഗാലറിയില് ഉള്‍പ്പെടുത്തുന്നുണ്ട്. ഇത്തരം ചിത്രാക്ഷരങ്ങളില്നിന്നാകാം പില്ക്കാലത്തു ലിപിസമ്പ്രദായം വളര്‍ന്നുവന്നത്.
രണ്ടാം ഗാലറി ഇന്ത്യന്‍ ലിപികളുടെ പരിണാമചരിത്രത്തെയാണ് അടയാളപ്പെടുത്തുന്നത്. ബ്രാഹ്മിലിപിയെയാണ് ഇന്ത്യന്‍ ലിപികളുടെ മൂലലിപിയായി കണക്കാക്കുന്നത്. ബ്രാഹ്മിലിപി, ബ്രാഹ്മിലിപിയുടെ ഉത്ഭവസിദ്ധാന്തങ്ങള്‍, ഖരോഷ്ഠിലിപി, നാഗരിലിപി, ദേവനാഗരിലിപി, സിദ്ധമാതൃക, ആര്യഎഴുത്ത്, വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ മുതലായ ലിപികളെക്കുറിച്ചും ഇത്തരം ലിപികളില്‍ എഴുതപ്പെട്ട പ്രധാന മാതൃകകളെക്കുറിച്ചും ഈ ഗാലറിയില്‍ വിശദമാക്കുന്നു. മലയാള അക്ഷരങ്ങള്‍ എങ്ങനെ പരിണമിച്ചുണ്ടായി എന്നു വിശദീകരിക്കുന്ന വീഡിയോകളുമുണ്ട്.
മൂന്നാം ഗാലറിയിൽ അച്ചടി സാങ്കേതികവിദ്യയക്കുറിച്ചും ആദ്യകാലത്ത് അച്ചടിക്കപ്പെട്ട പ്രധാന മലയാളപുസ്തകങ്ങളെക്കുറിച്ചും കേരളത്തിലെ പ്രധാന അച്ചടി ശാലകളെക്കുറിച്ചും വിശദമാക്കുന്നു. കൂടാതെ കേരളത്തിലെ സാക്ഷരതാചരിത്രം വിശദമാക്കുന്ന ആനിമേഷന്‍ വീഡിയോയും ആദ്യകാല സാക്ഷരതാപാഠപുസ്തകങ്ങളും വിവരണങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ ഗാലറി പ്രതിനിധാനം ചെയ്യുന്ന മറ്റൊരു മേഖല കേരളത്തിലെ 36 ഗോത്രഭാഷകളെക്കുറിച്ചും ദ്രാവിഡഭാഷകളെക്കുറിച്ചുമുള്ളതാണ്. ഒപ്പംതന്നെ വരമൊഴി മലയാളങ്ങള്, മലയാളം അന്യഭാഷലിപികളില്, പ്രാദേശികഭാഷാഭേദങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഉള്‍പ്പെടുത്തുന്നു.
നാലാം ഗാലറിയില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തയും സഹകരണപ്രസ്ഥാനത്തെയും കുറിച്ചുള്ള വിവരണങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇരുനൂറിലധികം സാഹിത്യകാരന്മാരുടെ കൈയെഴുത്തുപ്രതികള്‍, തൊണ്ണൂറിലധികം സാഹിത്യകാരന്മാരുടെ ശബ്ദങ്ങള്‍ എന്നിവ ഡിജിറ്റല്‍ രൂപത്തില്‍ അവതരിപ്പിക്കുന്നു. ഒപ്പംതന്നെ ലോകത്തിലെയും ഇന്ത്യയിലെയും കേരളത്തിലെയും സഹകരണപ്രസ്ഥാനത്തെക്കുറിച്ചും സഹകാരികളെക്കുറിച്ചും സഹകരണനിയമങ്ങളെയും ചട്ടങ്ങളെയുംകുറിച്ചുമുള്ള വിവരണങ്ങള്‍ നാലാം ഗാലറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മറ്റൊരു ഭാഗം ആറായിരത്തോളം ലോകഭാഷകളുടെ പ്രദര്‍ശനമാണ്. ലോകഭാഷാഗാലറിയിലേക്ക് പോകുന്ന ഇടനാഴിയിലാണ് അക്ഷരപരിണാമചാര്ട്ടുകളുടെ പ്രദര്‍ശനവും. ഓരോ അക്ഷരവും രൂപാന്തരം പ്രാപിച്ചത് കാലഘട്ടം തിരിച്ച് ചാര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആധുനികസാങ്കേതികവിദ്യകളുടെ സഹായത്തോടെ നിര്‍മിച്ച ഒരു തിയേറ്ററും ഹോളോഗ്രാം സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്.
മ്യൂസിയത്തിന്റെ ഭാഗമായി തയാറാക്കപ്പെട്ട എട്ടു ഡോക്യുമെന്ററികള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. തിയേറ്റര്‍ സംവിധാനത്തോടൊപ്പം തന്നെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു തയാറാക്കപ്പെട്ട ഹോളോഗ്രാം സംവിധാനവും പ്രവര്‍ത്തിക്കും. ഹോളോഗ്രാമില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്മാര് തങ്ങളുടെ കഥകള്‍ നമ്മോളോട് പറയുന്നു. മ്യൂസിയം കാമ്പസിലും മ്യൂസിയം ഉള്ളടക്കത്തെ ആവിഷ്കരിക്കാന്‍ അക്ഷരം മ്യൂസിയം പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ലെറ്റര്‍ ടൂറിസം എന്നൊരു സാംസ്കാരികയാത്രയും പ്രോജക്ടിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയത്തെ പ്രധാന അക്ഷരസാംസ്കാരികകേന്ദ്രങ്ങളിലൂടെയുള്ള ഒരു യാത്ര എന്ന നിലയിലാണ് ഇതു വിഭാവനം ചെയ്തിരിക്കുന്നത്.
കേരളത്തിലെ ആദ്യകാല പത്രസ്ഥാപനങ്ങളിലൊന്നായ ദീപിക, ഇന്ത്യയിലെ തന്നെ ആദ്യ കോളജായ സിഎംഎസ്, സിഎംഎസ് പ്രസ്, മാന്നാനം സെന്റ് ജോസഫ് പ്രസ്, പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, കുമാരനെല്ലൂര്‍ ദേവീക്ഷേത്രം, കോട്ടയം ചെറിയപള്ളി, കോട്ടയം വലിയപള്ളി, കൊട്ടാരത്തില്‍ ശങ്കുണ്ണിസ്മാരകം, തിരുനക്കര ക്ഷേത്രം, താഴത്തങ്ങടി ജുമാമസ്ജിദ്, മാന്നാനം സെന്റ് ജോസഫ് പ്രസ് തുടങ്ങിയ കോട്ടയം ജില്ലയിലെ പതിനാലോളം കേന്ദ്രങ്ങളിലൂടെയാണ് ഈ യാത്ര. ഇന്ത്യന്‍ ഭാഷകളെയും ഏഷ്യന്‍ ഭാഷകളെയും പ്രധാന ലോകഭാഷകളെയും വിശദമായി അടുത്ത ഘട്ടത്തില്‍ അടയാളപ്പെടുത്തും. മലയാള കവിതാസാഹിത്യം, ഗദ്യസാഹിത്യം, വൈജ്ഞാനികസാഹിത്യം എന്നിവയെയും വരും ഘട്ടങ്ങളില്‍ അടയാളപ്പെടുത്തും.