സന്യാസ സമൂഹങ്ങളും ഇൻകം ടാക്സും
വഖഫ് ആക്ടും കത്തോലിക്ക സഭയും-3 / അഡ്വ. ഫാ. ജോർജ് തെക്കേക്ക
Monday, November 25, 2024 12:21 AM IST
ദാരിദ്ര്യവ്രതം എടുത്ത് സന്യാസസമൂഹങ്ങളിൽ അംഗങ്ങളാകുന്നവർ ഏതു തൊഴിൽ ചെയ്താലും കിട്ടുന്ന വേതനം പൊതുസമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിച്ചിരുന്നു എന്നതാണ് സന്യാസ സമൂഹത്തിൽപ്പെട്ട അധ്യാപകർക്ക് ആദായനികുതിയിൽനിന്നും ഒഴിവ് നൽകിയിരുന്നത്തിന്റെ ഒരു കാരണം.
രൂപതയിലെ അംഗങ്ങളായ വൈദികർക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നില്ല. സന്യാസികൾ ഒന്നും സ്വന്തമായി സൂക്ഷിച്ചിരുന്നില്ല എന്നതിനാലും സന്യാസസമൂഹം പൊതുവായി സൂക്ഷിച്ചിരുന്ന സമ്പത്ത് പൊതുസമൂഹത്തിന് ഗുണകരമാകുംവിധം ഉപയോഗിച്ചിരുന്നു എന്നതിനാലുമാണ് ഈ ഒഴിവ് നൽകിയത്. ഇതു ബ്രിട്ടീഷ് ഗവൺമെന്റ് ക്രിസ്തീയ സമൂഹത്തോടു കാണിച്ച ആനുകൂല്യം എന്നതിനേക്കാൾ പൊതുസമൂഹത്തിന് ഈ സന്യാസികൾ/സന്യാസിനികൾ നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായിരുന്നു.
ഭാരതത്തിൽ കാര്യമായ ക്രിസ്തീയ സാന്നിധ്യം ഇല്ലാതിരുന്ന ഇടങ്ങളിൽപ്പോലും ജനക്ഷേമകരവും പ്രതിഫലം ഇച്ഛിക്കാതെയുമുള്ള എത്രയോ പ്രവർത്തനങ്ങൾ ക്രിസ്ത്യൻ സന്യാസസമൂഹങ്ങൾ, പ്രത്യേകിച്ച് കന്യാസ്ത്രീകൾ കാഴ്ചവച്ചുകൊണ്ടിരിക്കുന്നു. അവരുടെ വേതനം സമൂഹത്തിന്റെ ഉന്നമനത്തിനായി വിപുലമായ രീതികളിൽ വിനിയോഗിച്ചിട്ടുണ്ട്. അവർ ഗ്രാമീണ, ഗോത്ര മേഖലകളിൽ വിദ്യാലയങ്ങൾ സ്ഥാപിച്ച് കുട്ടികൾക്ക് സൗജന്യമായോ കുറഞ്ഞ ചെലവിലോ വിദ്യാഭ്യാസം ലഭ്യമാക്കുന്നുണ്ട്. ആരോഗ്യപരിപാലനരംഗത്ത്, കന്യാസ്ത്രീകൾ ക്ലിനിക്കുകളും ആരോഗ്യകേന്ദ്രങ്ങളും സ്ഥാപിച്ച് പാവപ്പെട്ടവർക്ക് മെച്ചപ്പെട്ട ചികിത്സ നൽകി വരുന്നു.
ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ട അവർ അവരുടെ വേതനം പൊതുതാത്പര്യത്തിനായി വിശ്വാസയോഗ്യമായ രീതിയിൽ വിനിയോഗിച്ചിട്ടുള്ളത് ഇന്നും സമൂഹത്തിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. സർക്കാരുകൾ എത്തിനോക്കാത്ത നൂറുകണക്കിന് ഓണംകേറാമൂലകളിൽ വിലയിടാനാവാത്ത സേവനമാണ് അവർ ചെയ്യുന്നത്.
നികുതി ഒഴിവ് സംബന്ധിച്ച് പരിഗണിക്കേണ്ടിയിരുന്ന മറ്റൊരു കാര്യം, ഒരു കോൺഗ്രിഗേഷൻ അഥവാ സഭാസമൂഹത്തിന്റെ അംഗം എന്നനിലയിൽ അല്ലാതെ സ്വന്തമായി അസ്തിത്വം ഇല്ലാതിരുന്ന സന്യാസിനികൾ തങ്ങൾക്കു ലഭിച്ചിരുന്ന വേതനം സഭാസമൂഹത്തിന്റെ പൊതുവായ അക്കൗണ്ടിലേക്കാണ് നൽകിയിരുന്നത്. അതായത് ആ തുക മുഴുവനും സന്യാസസമൂഹത്തിന്റെ ആസ്തിയായി മാറുന്നു. ആ സന്യാസസമൂഹത്തിന്റെ മൊത്ത വരുമാനം നികുതിയുടെ പരിധിയിൽ വരുന്നെങ്കിൽ നികുതിയും നൽകിയിരുന്നു. ശമ്പളം വാങ്ങുന്ന അവസരത്തിൽത്തന്നെ നികുതി പിടിക്കുന്ന സാഹചര്യം ഉണ്ടെങ്കിൽ ഡബിൾ ടാക്സേഷനു വിധേയമാകുക അഥവാ ഇരട്ടി നികുതി നൽകേണ്ടി വരിക എന്നൊരു സാഹചര്യമുണ്ടായിരുന്നു.
ഭാഗികമായ വിലയിരുത്തൽ
മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെ പരിഗണിച്ച് നൽകിയിരുന്ന നികുതി ഒഴിവ് ഇല്ലാതാക്കിയ മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരേ നൽകിയ അപ്പീലുകൾ 2024 നവംബർ ആദ്യവാരത്തിൽ സുപ്രീംകോടതി തള്ളി. സർക്കാരിന്റെ ശമ്പളം പറ്റുന്ന എല്ലാവരും നികുതിയടയ്ക്കാൻ ബാധ്യസ്ഥരാണ് എന്നേ വിധിപ്രസ്താവത്തിൽ പറയുന്നുള്ളൂ. വിധിന്യായത്തിൽ പറയുന്ന ഹിന്ദു പുരോഹിതന്റെ ഉദാഹരണം ക്രൈസ്തവ സന്യാസത്തിന്റെ അന്തഃസത്തയും ലക്ഷ്യവുമായി പൊരുത്തപ്പെടാത്തതാണ്.
ഉദാഹരണത്തിൽ പറയുന്നതുപോലെ തങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ഒരു പ്രസ്ഥാനത്തിന് പൂജ നടത്തുവാനല്ല മറിച്ച്, തങ്ങൾ എല്ലാവരും കൂടി ചേർന്നു രൂപപ്പെടുത്തിയിട്ടുള്ള ഒരു നൈയാമിക വ്യക്തിക്കാണ് (juridic person) ഈ തുക നൽകിയിരുന്നത്. ഇത് ഒരു കോർപറേഷൻ അല്ലെങ്കിൽ ട്രസ്റ്റ് പോലെയുള്ള നൈയാമിക വ്യക്തിയല്ല. കാരണം, സാധാരണ വ്യക്തികൾക്കുള്ള പല അവകാശങ്ങളും നൈയാമിക വ്യക്തിയുടെ ഭാഗമായിത്തീരാൻ ബോധപൂർവം വേണ്ട എന്നു വച്ചിട്ടുള്ളവരാണ് ഇതിലെ അംഗങ്ങൾ. ‘സിവിൽ ഡെത്ത്’ എന്ന ആശയം ഇതാണ് സൂചിപ്പിക്കുന്നത്. അതായത്, കോൺഗ്രിഗേഷനിലെ അംഗമാകുന്നതോടുകൂടി സന്യസ്തർക്ക് വ്യക്തിപരമായ പല സിവിൽ അവകാശങ്ങളും നഷ്ടപ്പെടുകയും പൊതുവായ അസ്തിത്വം മാത്രം നിലനിൽക്കുകയും ചെയ്യുന്നു. ഹൈന്ദവ സന്യാസവുമായി ഇതിനെ താരതമ്യപ്പെടുത്താനാകില്ല.
കാരണം, ഹൈന്ദവസന്യാസം സമൂഹജീവിതത്തിൽ അധിഷ്ഠിതമായിട്ടുള്ളതല്ല. നാളിതുവരെയും സിവിൽ നിയമങ്ങൾ ഇക്കാര്യം അംഗീകരിച്ചുവന്നിരുന്നു. എന്നാൽ, സമീപകാലങ്ങളിൽ ഈ നിലപാടിന് മാറ്റം വരികയും സിവിൽ നിയമങ്ങൾ സന്യാസസമൂഹ അംഗങ്ങളെ വ്യക്തികളായി മാത്രം പരിഗണിക്കാൻ തുടങ്ങുകയും ചെയ്തു. ഇൻഷ്വറൻസ് തുകയുമായി ബന്ധപ്പെട്ട ചില കേസുകളിൽ ഇതനുസരിച്ച് വിധികൾ വന്നിട്ടുമുണ്ട്. ഇതു മനസിലാക്കാൻ ന്യായാധിപന്മാർക്കു കഴിയാതെപോയി എന്നേ ഇതേക്കുറിച്ച് പറയാനുള്ളൂ.
ഇത്രയും കാലം കൊണ്ട് വലിയ തുകകൾ ക്രൈസ്തവ സമൂഹങ്ങൾ തട്ടിയെടുത്തു എന്ന രീതിയിൽ പലരും പ്രചാരണങ്ങൾ നടത്തുന്നുണ്ട്. ഒന്നാമതായി സർക്കാരിന് നികുതിയിനത്തിൽ അവകാശപ്പെട്ട ഒരു തുകപോലും നഷ്ടപ്പെട്ടിട്ടില്ല എന്നുള്ളത് എടുത്തുപറയുവാൻ ആഗ്രഹിക്കുന്നു. കാരണം, ഞാൻ മുമ്പ് സൂചിപ്പിച്ചതുപോലെ ഇവിടെ വ്യക്തികളല്ല, ഒരു സന്യാസസമൂഹമാണ് നികുതി നൽകിയിരുന്നത്. നികുതി നൽകിയിട്ടില്ലെന്ന് ആരെങ്കിലും വാദിക്കുന്നെങ്കിൽ അത് മുകളിൽപ്പറഞ്ഞ ഇരട്ടി നികുതിയെക്കുറിച്ചാണ് എന്ന് ഓർമിക്കണം.
മുന്നൂറോ നാനൂറോ അംഗങ്ങളുള്ള ഒരു സന്യാസിനീ സമൂഹത്തിൽ സർക്കാർ വേതനം പറ്റുന്ന ഏതാനും പേർ മാത്രമാണുള്ളത്. എന്നാൽ, ബാലഭവനങ്ങൾ, യാചക-വിധവാ-അനാഥ മന്ദിരങ്ങൾ, അംഗവൈകല്യവും മാനസികാസ്വാസ്ഥ്യവും ഭിന്നശേഷിയും എയ്ഡ്സും ബാധിച്ചവർക്കും എന്ഡോസൾഫാന് ദുരിതബാധിതർക്കും വേണ്ടിയുള്ള സ്ഥാപനങ്ങൾ എന്നിവയിലൊക്കെ 24 മണിക്കൂറും ഉണർന്നിരിക്കുന്ന സന്യസ്തരുടെ എണ്ണം ഈ വിമർശകർക്ക് അറിയാമോ? ഈ സ്ഥാപനങ്ങളുടെ നടത്തിപ്പിന് ആരാണ് പണം മുടക്കുന്നത്?
ഓർക്കേണ്ട മറ്റൊരു കാര്യം, ശമ്പളം വാങ്ങിക്കുന്ന എല്ലാവരും നികുതി നൽകുവാൻ ബാധ്യസ്ഥരല്ല എന്നതാണ്. ശമ്പളം വാങ്ങുന്ന തുക ഒരു നിശ്ചിത പരിധിയിൽ കൂടുതലാണെങ്കിൽ അതനുസരിച്ചാണ് അഞ്ചു ശതമാനം മുതൽ 30 ശതമാനം വരെ നികുതി നൽകേണ്ടത്. നഴ്സറി ക്ലാസ് മുതൽ യൂണിവേഴ്സിറ്റി തലം വരെയുള്ള അധ്യാപനമേഖലകളിൽ ഓരോരുത്തർക്കും കിട്ടുന്ന ശമ്പളം എത്രയെന്ന് സാമാന്യബോധമുള്ളവർക്ക് മനസിലാക്കാവുന്നതേയുള്ളൂ. അതുപോലെതന്നെ കഴിഞ്ഞ 80 വർഷങ്ങളിൽ ഓരോ കാലത്തും എത്ര തുകയാണ് ശമ്പളം ഉണ്ടായിരുന്നതെന്നും അതിന്റെ എത്ര ശതമാനമാണു നികുതി നൽകേണ്ടിയിരുന്നതെന്നുംകൂടി പരിഗണിച്ച് യാഥാർഥ്യബോധത്തോടെ കൂട്ടിക്കിഴിക്കലുകൾ നടത്തിയാൽ നന്ന്. അഥവാ സന്യസ്തർക്ക് എന്തെങ്കിലും ആനുകൂല്യം കിട്ടിയിട്ടുണ്ടെങ്കിൽ അതുകൊണ്ട് ഇവർ നടത്തിയ സാമൂഹിക പ്രവർത്തനങ്ങൾ ഏതെങ്കിലും ഒരു ഹൈക്കോടതിയുടെയോ സുപ്രീംകോടതിയുടെയോ വിധി മൂലം ഇല്ലാതെയാകുന്നില്ല.
സർക്കാർ ചെലവിൽ മതപ്രചാരണമോ?
സർക്കാരിന്റെ പണം ഉപയോഗിച്ച് വൈദികരും സന്യസ്തരും മതപ്രചരണം നടത്തുകയായിരുന്നു എന്നുള്ളത് കടുത്ത ദുരാരോപണമാണ്. അങ്ങനെ സർക്കാർ ഫണ്ട് ഉപയോഗിച്ചു മതപ്രചാരണ സ്കൂളുകൾ നടത്തുന്നവരുണ്ട് എന്നതും അവർ ആരൊക്കെയാണ് എന്നതും എല്ലാവർക്കും അറിവുള്ളതാണ്. ക്രിസ്തീയസമൂഹങ്ങൾ തങ്ങൾക്ക് ലഭിക്കുന്ന പണം മുഴുവൻ മതപ്രചാരണത്തിനു മാത്രമായി ഉപയോഗിച്ചിരുന്നുവെങ്കിൽ ഈ സമൂഹത്തിന്റെ എണ്ണം വർധിച്ചുവരേണ്ടതല്ലേ.
എന്നാൽ, കണക്കുകൾ പറയുന്നത് 80 വർഷങ്ങൾക്കുമുമ്പ് ഏതാണ്ട് രണ്ടര ശതമാനം ഉണ്ടായിരുന്ന ക്രൈസ്തവരുടെ എണ്ണം ഇപ്പോൾ അതിലും കുറഞ്ഞിരിക്കുന്നു എന്നാണ്. കത്തോലിക്കാസമൂഹത്തിന്റെ എണ്ണവും കുറഞ്ഞിട്ടേയുള്ളൂ. കഴിഞ്ഞ 80 വർഷങ്ങളായി വലിയ ആനുകൂല്യം പറ്റി മതപ്രവർത്തനം നടത്തിയെന്ന് ആരോപിക്കപ്പെടുന്നവരുടെ അവസ്ഥയാണിത്. എന്നാൽ, ഈ ആരോപണം ഉന്നയിക്കുന്നവരുടെ എണ്ണത്തിൽ വന്നിരിക്കുന്ന വർധന ഇതുമായി താരതമ്യപ്പെടുത്താവുന്നതാണ്.
ക്രിസ്തീയ സമൂഹങ്ങൾക്ക്, പ്രത്യേകിച്ച് കത്തോലിക്കാ സഭയ്ക്ക് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടെന്നതു ശരിതന്നെ. എന്നാൽ, ഈ സ്ഥാപനങ്ങളിൽ എല്ലാ അധ്യാപകരും, വൈദികരും സന്യസ്തരുമാണ് എന്ന രീതിയിലാണു ദുഷ്പ്രചാരണങ്ങൾ നടക്കുന്നത്. മാത്രവുമല്ല, ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ പരിശ്രമിക്കുന്ന ക്രിസ്തീയസ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണം നോക്കിയാൽ പലയിടങ്ങളിലും ക്രൈസ്തവ വിദ്യാർഥികളെക്കാൾ മുൻതൂക്കം മറ്റു മതസമൂഹങ്ങളിൽപ്പെട്ട വിദ്യാർഥികൾക്കായിരിക്കും. ഇതു സേവനമനോഭാവത്തോടെ ചെയ്യുന്ന ഒരു ശുശ്രൂഷയായിട്ടുതന്നെയാണ് കത്തോലിക്കാ സഭ കരുതിയിട്ടുള്ളത്.
മദ്രസകൾക്കു സർക്കാർ സഹായം നൽകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും അതു നൽകിയിരുന്നതിന്റെ തെളിവുകൾ സമൂഹമാധ്യമങ്ങളിൽ ലഭ്യമാണ്. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ മറവിൽ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ശ്രമമെന്ന നിലയിലാണ് ഈ സഹായങ്ങൾ നൽകിവന്നിരുന്നത്. എന്നാൽ, മദ്രസകളിൽ മതപരമായ വിദ്യാഭ്യാസം മാത്രം നൽകുകയും, മറ്റു സമൂഹങ്ങൾക്ക് പ്രവേശനം അനുവദിക്കാതെ മതപരമായി അടച്ചിടപ്പെടുകയും ചെയ്യുന്നത് സെക്കുലർ ആധികാരികതയെ ചോദ്യംചെയ്യുന്നുണ്ട് എന്ന കാര്യം വിസ്മരിക്കരുത്. കേന്ദ്ര സർക്കാരിന്റെ മനുഷ്യവിഭവശേഷി മന്ത്രാലയം 2008-2009 കാലയളവിൽ ആരംഭിച്ച, മദ്രസകളിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയായ SPQEM (Scheme for Providing Quality Education in Madrasas) അതുപോലെ, എല്ലാ ന്യൂനപക്ഷങ്ങളെയും ഉദ്ദേശിച്ചുള്ളതാണെങ്കിലും മദ്രസകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള SPEMM (Scheme for Providing Education in Madrasas/ Minorities) തുടങ്ങിയ പദ്ധതികളും കാലാകാലങ്ങളിൽ സർക്കാരുകൾ ആവിഷ്കരിച്ചിട്ടുണ്ട് എന്ന കാര്യം സ്മരണീയമാണ്.
എല്ലാ മതവിഭാഗങ്ങൾക്കും അനുകൂലമായ സവിശേഷ സഹായങ്ങൾ ലഭ്യമാക്കുന്നതും അല്ലെങ്കിൽ പൊതുവിദ്യാഭ്യാസ സംവിധാനം ശക്തമാക്കുന്നതിലൂടെ എല്ലാ വിദ്യാർഥികളെയും ഉൾപ്പെടുത്തുന്ന അന്തരീക്ഷം നൽകുന്നതുമല്ലേ നീതി? ഇതേക്കുറിച്ചൊക്കെ കത്തോലിക്കാ സഭ എന്തെങ്കിലും പറഞ്ഞാൽ അതു മതസൗഹാർദത്തെ തകർക്കുവാനാണെന്നു പ്രതിവാദമുന്നയിക്കുന്നതിൽ അർഥമില്ല.
മുനമ്പം വിഷയവും വഖഫും കത്തോലിക്കാ സഭയും
മുനമ്പം വിഷയത്തിൽ കത്തോലിക്കാസഭയുടെ പ്രത്യേക താത്പര്യത്തിനു കാരണം എല്ലാവർക്കും അറിയാം. അവിടെ നടന്നിട്ടുള്ള നീതികേട് വെളിച്ചത്തുകൊണ്ടുവരാൻ കത്തോലിക്കാ സഭയിലെ വൈദികരും മെത്രാന്മാരും അല്മായ സഹോദരങ്ങളും നേതൃത്വം കൊടുത്ത പ്രത്യേക സമിതികൾ നടത്തിയ പരിശ്രമം പൊതുസമൂഹത്തിൽ ചർച്ചയായപ്പോഴാണല്ലോ അതിന്റെ നിജസ്ഥിതിയെക്കുറിച്ച് പലരും മനസിലാക്കുന്നത്.
മുനമ്പത്ത് തർക്കവിഷയമായ ഭൂമി വഖഫ് അല്ലെന്നു മനസിലാക്കാൻ വ്യക്തമായ ന്യായങ്ങൾ ഉണ്ടായിട്ടും തങ്ങൾ ചെയ്ത അന്യായത്തെ ന്യായീകരിക്കുന്ന നിലപാടാണു വഖഫ് ബോർഡ് സ്വീകരിച്ചത്. ഇതിനു കാരണം നിലവിലുള്ള വഖഫ് നിയമം ഇവർക്ക് അനുകൂലമാണ് എന്ന ചിന്തയായിരിക്കണം. ഈ സാഹചര്യത്തിലാണ് വഖഫ് നിയമ ഭേദഗതിയെ കത്തോലിക്കാ സഭ അനുകൂലിക്കുവാൻ ഇടയായത്.
എന്നാൽ, നിലവിലുള്ള നിയമങ്ങൾ വച്ച് പരിശോധിച്ചാലും 2019ൽ മാത്രം വഖഫ് ലിസ്റ്റിൽ ഉൾപ്പെടുത്തപ്പെട്ട പ്രസ്തുത ഭൂമി എങ്ങനെ വഖഫ് ആയിത്തീരും. 2013ൽ നിയമഭേദഗതി വരുത്തുമ്പോഴും ഇത് വഖഫ് ഭൂമിയാണ് എന്ന കാര്യത്തിൽ തർക്കമുണ്ടായിരുന്നു. അതിനു കാരണം സാധാരണ വഖഫ് ഡീഡിൽ ഉണ്ടാകാൻ പാടില്ലാത്ത രണ്ടു വ്യവസ്ഥകൾ ഇതിൽ ഉണ്ടായിരുന്നു എന്നതാണ്. മറികടക്കാനായിരിക്കണം 2013ൽ സെക്ഷൻ 104 എ കൂട്ടിച്ചേർത്തത്. അതുപ്രകാരം വഖഫ് ഡീഡിൽ മറ്റു വ്യവസ്ഥകൾ ഉണ്ടെങ്കിലും, ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും വഖഫ് ഭൂമിയുടെ വില്പന, കൈമാറ്റം, ദാനം, പണയപ്പെടുത്തൽ തുടങ്ങിയവ അസാധുവായിരിക്കും. എന്നാൽ, 2013ന് മുമ്പേ ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സിദ്ധിച്ചവർക്ക് 2013ൽ എഴുതിച്ചേർത്ത നിയമപ്രകാരം എങ്ങനെ ഉടമസ്ഥാവകാശം നഷ്ടമാകും? ഇതിന് ഉത്തരം പറയേണ്ടത് വഖഫ് ട്രൈബ്യൂണലോ ഹൈക്കോടതിയോ ആണ്. 2013ലെ നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതിയുടെ വിധി ഉള്ളതാണല്ലോ. അങ്ങനെയെങ്കിൽ സെക്ഷൻ 104 എയ്ക്കും മുൻകാല പ്രാബല്യമുണ്ടാകാൻ പാടില്ലാത്തതാണ്.
മുനമ്പം വിഷയം ഇപ്പോൾ ജുഡീഷൽ കമ്മീഷന്റെ അന്വേഷണത്തിനും തീരുമാനത്തിനും വിട്ടിരിക്കുകയാണ്. ഈ വിഷയത്തിൽ മുനമ്പം ജനതയ്ക്ക് അനുകൂലമായ തീരുമാനമുണ്ടായാലും വ്യക്തികളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിൽ അധികാരം കൈയാളുന്നതിന് വഖഫ് ബോർഡുകളെ ശക്തിപ്പെടുത്തുന്ന വഖഫ് നിയമങ്ങൾ ഭേദഗതി ചെയ്യപ്പെടേണ്ടവയാണ് എന്ന കത്തോലിക്കാ സഭയുടെ നിലപാടിൽ മാറ്റമൊന്നും ഉണ്ടാകില്ല.
രാഷ്ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങൾ
ഐക്യരാഷ്ട്ര സംഘടന അംഗീകരിക്കുന്ന 195 ലോക രാഷ്ട്രങ്ങളിൽ 184 രാഷ്ട്രങ്ങളുമായി റോമിലെ ശ്ലൈഹിക സിംഹാസനത്തിന് നയതന്ത്ര ബന്ധങ്ങളുണ്ട്. ഇവയിൽ പലതും മുസ്ലിം രാഷ്ട്രങ്ങളുമാണ്. അപ്പസ്തോലിക സിംഹാസനത്തിന്റെ നയതന്ത്രബന്ധങ്ങൾ നിയന്ത്രിക്കുന്നത് റോമൻ കാര്യാലയത്തിലെ സ്റ്റേറ്റ് സെക്രട്ടേറിയറ്റാണ്. കർദിനാളായ സ്റ്റേറ്റ് സെക്രട്ടറിയാണ് ഇതിന്റെ തലവൻ. ഈ നയതന്ത്ര ബന്ധങ്ങൾക്ക് വത്തിക്കാൻ രാഷ്ട്രവുമായി ഒരു ബന്ധവുമില്ല. രാഷ്ട്രങ്ങളുമായി ഉഭയകക്ഷി ചർച്ചകളിൽ ഏർപ്പെടുന്നതും ധാരണകളും ഉടമ്പടികളും ഉണ്ടാക്കുന്നതും സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ പ്രത്യേക നയതന്ത്രവിഭാഗമാണ്.
ഐക്യരാഷ്ട്രസഭയിലും വോട്ടവകാശം കൂടാതെയുള്ള സ്ഥിരപ്രാതിനിധ്യം റോമിലെ പരിശുദ്ധ സിംഹാസനത്തിനുണ്ട്. രാഷ്ട്രീയ, മത, സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അന്യായമായ ഇടപെടലുകൾ ഒഴിവാക്കി സത്യസന്ധവും സമാധാനപരവുമായ നടപടികൾക്ക് പിന്തുണ നൽകുന്ന രീതിയാണ് പരിശുദ്ധ സിംഹാസനം അവലംബിക്കുന്നത്.
ലാറ്റിൻ അമേരിക്ക, മധ്യപൂർവ ദേശങ്ങൾ, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലെ പല തർക്കങ്ങൾക്കും പരിശുദ്ധ സിംഹാസനം മധ്യസ്ഥത വഹിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക അസമത്വം, ആണവായുധ നിയന്ത്രണം തുടങ്ങിയവയിൽ നിലപാട് വ്യക്തമാക്കിക്കൊണ്ട് വിവിധ മാർപാപ്പമാരുടെ കാലത്ത് പരിശുദ്ധ സിംഹാസനം പുറപ്പെടുവിച്ച പല രേഖകളും ചാക്രിക ലേഖനങ്ങളും ലോകശ്രദ്ധ ആകർഷിച്ചിട്ടുള്ളവയാണ്. സഭയുടെ നിലപാടുകൾ മതപരവും ധാർമികവും, രാഷ്ട്രീയവുമായ മേഖലകളിൽ വ്യത്യസ്ത പ്രതികരണങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്.
(അവസാനിച്ചു)