ഇന്ദിര 2.0 പാർലമെന്റിൽ
ജോർജ് കള്ളിവയലിൽ
Sunday, November 24, 2024 1:29 AM IST
“നിങ്ങളുടെ സ്നേഹവും പിന്തുണയും നൽകുന്ന ഉത്തരവാദിത്വം മനസിലാക്കുന്നു. ഐക്യത്തിനും സമാധാനത്തിനുംവേണ്ടി ഇന്ത്യയിലുടനീളം നടക്കാനുള്ള കരുത്ത് രാഹുലിനു നൽകിയത് വയനാടാണ്. മറ്റുള്ളവർ പിന്തിരിഞ്ഞപ്പോൾ, വയനാട് എന്റെ സഹോദരനൊപ്പം നിന്നു. ഇപ്പോൾ എനിക്കും വയനാട്ടിലെ ജനതയുടെ വലിയ പിന്തുണയും സ്നേഹവും ലഭിച്ചതിൽ നന്ദിയുണ്ട്.
വയനാട്ടിലെ ജനങ്ങളുടെ ആവശ്യങ്ങൾ പാർലമെന്റിൽ ഉയർത്തും. സഹോദരൻ തുടങ്ങിവച്ച പ്രവർത്തനങ്ങൾ തുടരും. ജനാധിപത്യം, സമത്വം, സത്യം എന്നീ നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾക്കുവേണ്ടിയാണ് നമ്മൾ ഒരുമിച്ചു പോരാടുന്നത്. നിങ്ങൾ ഓരോരുത്തരും ഈ പോരാട്ടത്തിന്റെ പ്രധാന ഭാഗമാണ്’’- പ്രിയങ്ക ഗാന്ധി വദ്രയുടെ വാക്കുകളിൽ കൃത്യമായ രാഷ്ട്രീയവും വയനാട്ടിലെ വോട്ടർമാരോടുള്ള കടപ്പാടും കൂറും സ്നേഹവും വ്യക്തമാണ്.
“വയനാട്ടിലെ ജനങ്ങൾക്ക് എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. അവർക്കായി എന്റെ സഹോദരി പ്രിയങ്ക ഗാന്ധിയേക്കാൾ മികച്ച പ്രതിനിധിയെ സങ്കൽപ്പിക്കാൻ കഴിയില്ല. അവൾ ആവേശഭരിതമായ ഒരു ചാന്പ്യനാകുമെന്ന് എനിക്കുറപ്പുണ്ട്. വയനാടിന്റെ ആവശ്യങ്ങളും പാർലമെന്റിലെ ശക്തമായ ശബ്ദവുമാകും പ്രിയങ്ക’’- വയനാടിന്റെ എംപിയായിരുന്ന രാഹുൽ ഗാന്ധിയുടെ വാക്കുകളിലും വ്യക്തതയുണ്ട്.
യുപിയിലെ റായ്ബറേലിയിലും വയനാട്ടിലും വൻവിജയം നേടിയ രാഹുൽ ഒരു സീറ്റ് രാജിവയ്ക്കേണ്ടിവന്ന ഒഴിവിലാണു പ്രിയങ്കയ്ക്ക് ആദ്യമായി പാർലമെന്ററി പ്രകടനത്തിന് വഴിയൊരുങ്ങിയത്. റായ്ബറേലിയിലെ മുൻ എംപിയും രാജ്യസഭാംഗവുമായ അമ്മ സോണിയ ഗാന്ധിയോടും രാഹുലിനോടും കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോടും ഒപ്പം പത്രിക നൽകിയ പ്രിയങ്ക, വയനാട്ടിൽ രാഹുലുമായി ചേർന്നു നടത്തിയ റോഡ് ഷോകളും നാലു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടിയ വിജയക്കുതിപ്പിന് ആക്കം കൂട്ടി.
പ്രിയങ്കയുടെ കിരീടധാരണം
സോണിയ ഗാന്ധിയും മകൻ രാഹുലും മകൾ പ്രിയങ്കയും ഒരേസമയം പാർലമെന്റ് അംഗങ്ങളായതോടെ, നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരായ കോൺഗ്രസിന്റെ പോരാട്ടത്തിന് പുതിയ ആവേശം കൈവരും. സോണിയയും രാഹുലും 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചു പാർലമെന്റിലെത്തിയതിന് 20 വർഷങ്ങൾക്കുശേഷമാണ് 52 കാരിയായ പ്രിയങ്കയുടെ പാർലമെന്റ് പ്രവേശനം. സോണിയ ഗാന്ധി 53-ാം വയസിലാണ് ലോക്സഭാംഗമായത്.
2019 ഫെബ്രുവരിയിൽ എഐസിസി ജനറൽ സെക്രട്ടറി പദവിയിലെത്തിയിട്ടും ലോക്സഭയിലേക്ക് ഇത്രയും വൈകിയതു ബോധപൂർവമാണ്. രാഷ്ട്രീയത്തിൽ ടൈമിംഗിന് വലിയ പ്രാധാന്യമുണ്ട്. പ്രിയങ്ക നേരത്തേ ലോക്സഭയിലേക്കു മത്സരിച്ചിരുന്നെങ്കിൽ കുടുംബവാഴ്ചയെന്ന ആരോപണം ഇന്നത്തേതിലും ശക്തമാകുമായിരുന്നു.
ഭർത്താവ് റോബർട്ട് വദ്രയ്ക്കെതിരേയുള്ള ആരോപണങ്ങളും അന്വേഷണങ്ങളും നേരത്തേ പ്രിയങ്കയുടെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചിരുന്നു. വദ്രയ്ക്കെതിരേയുള്ള ആരോപണം തെളിയിക്കാൻ കേന്ദ്ര ഏജൻസികൾക്കു കഴിയാത്തതിനാൽ പഴയ നിലയിൽ ഇപ്പോൾ മാറ്റമുണ്ട്. ഇത്രകാലവും അമ്മയ്ക്കും സഹോദരനും പാർട്ടിക്കും വേണ്ടി പ്രചാരണം നയിച്ചിരുന്ന പ്രിയങ്കയുടെ പുതിയ വരവ് ദേശീയരാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കും. പ്രിയങ്കയുടെ പാർലമെന്ററി രാഷ്ട്രീയ കിരീടധാരണമായി വയനാട്ടിലെ മിന്നുന്ന ജയം. കോണ്ഗ്രസിന്റെ പോസ്റ്റർ ബോയി രാഹുൽ ആയതിനാൽ തത്കാലം രണ്ടാം സ്ഥാനത്താകും പ്രിയങ്കയുടെ സ്ഥാനം. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും സോണിയയുടെ കീഴിൽ രണ്ടു മക്കളും സംയുക്തമായി മുന്നിൽ നിന്നു നയിച്ചാൽ ഗാന്ധി കുടുംബത്തിൽ വിശ്വാസമർപ്പിക്കുന്ന ലക്ഷക്കണക്കിന് കോണ്ഗ്രസ് പ്രവർത്തകർക്ക് ആവേശമാകും. പതിറ്റാണ്ടുകളായി ഇന്ത്യൻ രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയ നെഹ്റു-ഗാന്ധി കുടുംബത്തിന്റെ പിൻഗാമികളായ രാഹുലിന്റെയും പ്രിയങ്കയുടെയും സ്വാധീനം ആർക്കും എഴുതിത്തള്ളാനാകില്ല.
പ്രിയങ്കരിയായി പ്രിയദർശിനി
ഇന്ദിര 2.0 എന്നതാകും പ്രിയങ്ക ഗാന്ധി എംപിയുടെ പുതിയ ബ്രാൻഡ്. ഇന്ദിരാഗാന്ധിയുടെ രൂപസാദൃശ്യമുള്ള കൊച്ചുമകൾക്ക് ഇന്ദിരയുടെ പ്രതിച്ഛായ നേടിക്കൊടുക്കാനാകും ഇനി കോണ്ഗ്രസ് ശ്രമം. പ്രിയങ്ക ആദ്യമായി രാഷ്ട്രീയശ്രദ്ധയിലായ 1990കളുടെ അവസാനത്തിൽത്തന്നെ പലരും അവരെ മുത്തശി ഇന്ദിരാഗാന്ധിയുമായി താരതമ്യപ്പെടുത്തി. ആകർഷകമായ പുഞ്ചിരിയും വെട്ടിയൊതുക്കിയ കുറിയ മുടിയുമുള്ള പ്രിയങ്കയെ, ഇന്ദിരയുടെ പ്രതിരൂപമായി കണ്ടവർ നിരവധിയാണ്. ചുറുചുറുക്കുള്ള പ്രിയങ്കയിൽ മുത്തശിയായ ഇന്ദിരയുടെ സാദൃശ്യം തോന്നിയവരെ കുറ്റപ്പെടുത്താനാകില്ല.
രാഹുൽ ഗാന്ധിയുടെ ആദ്യ റിക്കാർഡിനുശേഷമുള്ള 4,10,931 വോട്ടുകളുടെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയുള്ള പ്രിയങ്കയുടെ വയനാട്ടിലെ കന്നിജയത്തിന് ഇരട്ടിമധുരമാണ്. പ്രത്യേകിച്ച് കഴിഞ്ഞ തവണത്തെ രാഹുലിന്റെ 3.64 ലക്ഷത്തിന്റെ വൻഭൂരിപക്ഷവും മറികടന്നത്. ദേശീയ നേതാവിന്റെ ഉജ്വലവിജയം വേണുഗോപാലിനും വി.ഡി. സതീശനും കെ. സുധാകരനും അടക്കമുള്ള സംസ്ഥാനനേതൃത്വത്തിനും പൊൻതൂവലായി.
ഫോട്ടോഗ്രഫിയോടു മമത
എൽടിടിഇ ഭീകരർ വധിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും സോണിയയുടെയും മകളായി 1972 ജനുവരി 12നാണ് പ്രിയങ്കയുടെ ജനനം. ഡൽഹിയിലെ മോഡേണ് സ്കൂളിലും ജീസസ് ആൻഡ് മേരി കോണ്വന്റ് സ്കൂളിലുമായിരുന്നു പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യാസം. 1984ൽ ഡൽഹിയിലേക്കു മാറുന്നതിനുമുന്പ് ഡെറാഡൂണിലെ വെൽഹാസ് ഗേൾസ് സ്കൂളിലും പഠിച്ചു. ഡൽഹി യൂണിവേഴ്സിറ്റിയിലെ ജീസസ് ആൻഡ് മേരി കോളേജിൽനിന്ന് സൈക്കോളജിയിൽ ബിരുദവും ബുദ്ധമത പഠനത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
പിതാവ് രാജീവിനെപ്പോലെ ഫോട്ടോഗ്രഫിയിൽ തത്പരയാണു പ്രിയങ്ക. മനുഷ്യഭാവങ്ങളെ പകർത്തുന്ന പ്രിയങ്കയുടെ ചിത്രങ്ങൾക്കു പ്രത്യേകമായൊരു ചാരുതയുണ്ട്. ഇന്ദിരയെപ്പോലെ ഏതൊരു സാധാരണക്കാരുമായും ഇടപഴകാനുള്ള അപൂർവ മികവും പ്രിയങ്കയെ പ്രിയങ്കരിയാക്കുന്നു. മുത്തശിയുടെയും പിതാവിന്റെയും വധത്തെത്തുടർന്നുള്ള ജീവിതം വിഷമകരമായിരുന്നെങ്കിലും അതു പ്രിയങ്കയെ കൂടുതൽ കരുത്തയാക്കി. കന്നിപ്പോരാട്ടത്തിൽ നാലു ലക്ഷത്തിലേറെ വോട്ടുകൾക്കു ജയിച്ച വിവരം ഇന്നലെ അറിയുന്പോൾ ഡൽഹിയിലെ വീട്ടിൽ കുടുംബത്തോടൊപ്പം പുസ്തകവായനയിലായിരുന്നു പ്രിയങ്ക.
ഇറക്കിവിട്ടിടത്തേക്കു മടക്കം
വ്യവസായിയും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ റോബർട്ട് വദ്രയുമായുള്ള പ്രണയവും വിവാഹവും രാഷ്ട്രീയത്തെ ബാധിക്കാതിരിക്കാൻ പ്രിയങ്ക ശ്രദ്ധിച്ചിരുന്നു. 1997ലായിരുന്നു വിവാഹം. സ്വന്തം വിവാഹത്തിന് ഉടുക്കാൻ മുത്തശിയുടെ ദക്ഷിണേന്ത്യൻ സാരി തെരഞ്ഞെടുത്തതിലൂടെ ഇന്ദിരാഗാന്ധിയുമായുള്ള മാനസിക അടുപ്പം പ്രിയങ്ക തെളിയിച്ചിരുന്നു.
22കാരനായ റെയ്ഹാനും 20കാരി മിറായയുമാണു മക്കൾ. ബുദ്ധമത വിശ്വാസങ്ങളിലാണു പ്രിയങ്കയ്ക്കു കൂടുതൽ താത്പര്യം. ഡൽഹി ലോധി എസ്റ്റേറ്റിലെ സർക്കാർ വസതിയിൽനിന്ന് മോദി സർക്കാർ ഒഴിപ്പിച്ചശേഷം ഗുരുഗ്രാമിലെ സ്വന്തം വീട്ടിലായിരുന്നു താമസം. ലോക്സഭാംഗമായതോടെ ഇനി അമ്മയ്ക്കും സഹോദരനും അടുത്തായി ല്യൂട്ടൻസ് ഡൽഹിയിലെ എംപിമാർക്കുള്ള സർക്കാർ വസതിയിലേക്ക് മടങ്ങിയെത്തും.