കരുത്തരായി ബിജെപി, "ഇന്ത്യ' സഖ്യത്തിന് ആശ്വാസം
ജികെ
Sunday, November 24, 2024 1:27 AM IST
രാജ്യത്തെ ഏറ്റവും സന്പന്ന സംസ്ഥാനമായ മഹാരാഷ്ട്രയിലെ ത്രസിപ്പിക്കുന്ന ജയം ബിജെപിക്കും സഖ്യകക്ഷികളായ ഏക്നാഥ് ഷിൻഡെയുടെ ശിവസേനയ്ക്കും അജിത് പവാറിന്റെ എൻസിപിക്കും ഡബിൾ ബൂസ്റ്ററായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48ൽ 30 സീറ്റും നേടിയ "ഇന്ത്യ’സഖ്യത്തിനു മുന്നിൽ നാണംകെട്ട മോദിക്കും ബിജെപിക്കും ആറു മാസത്തിനുള്ളിൽ തിരിച്ചുവരവ് നടത്താനായെന്നതു നൽകുന്ന ആത്മവിശ്വാസം വലുതാണ്. ജെഎംഎമ്മിന്റെ കരുത്തിൽ ജാർഖണ്ഡിൽ നേടിയ ഉജ്വലവിജയം കോണ്‍ഗ്രസിനും"ഇന്ത്യ’ സഖ്യത്തിനും ആശ്വാസവുമായി.
കൊടുങ്കാറ്റായ എൻഡിഎയുടെ മഹായുതി സഖ്യത്തിനു മുന്നിൽ തകർന്നടിഞ്ഞ"ഇന്ത്യ’ സഖ്യത്തിന്റെ മഹാവികാസ് അഘാഡിയുടെ വീഴ്ചയുടെ വേദന മാറാൻ കാലമേറെയെടുക്കും. പ്രതീക്ഷിച്ചതിലും കനത്ത തിരിച്ചടി നേരിട്ട ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്കും കോണ്‍ഗ്രസിനും ശരദ് പവാറിന്റെ എൻസിപിക്കും മുറിവിൽ മുളകു പുരട്ടിയതുപോലെയായി. വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ നാലു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെയുള്ള മിന്നുന്ന ജയവും ജാർഖണ്ഡിലെ ഭരണം നിലനിർത്തിയതുമാകും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കരുത്താകുക.
മുഖ്യനാകാൻ ഫഡ്നാവിസ്
മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാൻ കാത്തിരിക്കുന്ന ദേവേന്ദ്ര ഫഡ്നാവിസിന് നിലവിലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ എപ്പോഴെങ്കിലും പാരയാകുമോയെന്നതും രാഷ്ട്രീയം ചൂടുപിടിപ്പിക്കും. 2019ലെ തനിയാവർത്തനം ഉണ്ടാകാതെ നോക്കേണ്ടത് ബിജെപിക്കു പ്രധാനമാണ്. 2019ൽ 105 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു.
അന്നു സഖ്യകക്ഷിയായിരുന്ന സംയുക്ത ശിവസേനയ്ക്ക് 56 എംഎൽഎമാർ. മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കമാണ് ബിജെപിക്കു ഭരണം നഷ്ടമാക്കിയത്.
ഉദ്ധവ് താക്കറെയ്ക്കു പകുതി കാലാവധി മുഖ്യമന്ത്രിസ്ഥാനം നൽകണമെന്ന ശിവസേനയുടെ ആവശ്യം ബിജെപി നിരസിച്ചു. ഇതോടെ ബിജെപി ബാന്ധവം അവസാനിപ്പിച്ച് ശിവസേന കോണ്‍ഗ്രസും എൻസിപിയുമായി സഖ്യമുണ്ടാക്കി. അധികാരത്തർക്കത്തിൽ പുറത്തായ ബിജെപി അതേ നാണയത്തിൽ തിരിച്ചടിച്ചാണു മഹാരാഷ്ട്ര ഭരണം തിരിച്ചുപിടിച്ചത്. ശിവസേനയെയും എൻസിപിയെയും നെടുകേ പിളർത്തി, ശിവസേനയുടെ ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കാനും മുൻ മുഖ്യമന്ത്രിയായ ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയാകാനും സമ്മതിച്ച തന്ത്രമാണ് ഇപ്പോൾ നേട്ടമായത്. ഇനിയിപ്പോൾ ഫഡ്നാവിസ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയാകാൻ ഏകനാഥ് ഷിൻഡെ നിർബന്ധിതനായേക്കും.
ഇനി പോര് ഡൽഹിയിൽ
ഫെബ്രുവരിയിൽ നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനും നവംബറിലെ ബിഹാർ തെരഞ്ഞെടുപ്പിനുമുള്ള കളമൊരുക്കലായി മഹാരാഷ്ട്ര, ജാർഖണ്ഡ് ഫലങ്ങൾ. പഞ്ചാബ്. ബിഹാർ, യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുഫലങ്ങളും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കും. 2026ൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കേണ്ട കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളുടെ ഭാവി രാഷ്ട്രീയത്തിലും ദേശീയതലത്തിലെ രാഷ്ട്രീയ മാറ്റങ്ങളുടെ പ്രതിഫലനം ഉണ്ടാകും.
ജമ്മുകാഷ്മീർ, ഹരിയാന തെരഞ്ഞെടുപ്പുകൾക്കു പിന്നാലെയുള്ള മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും ജനവിധിക്കു മാനങ്ങളേറെയുണ്ട്. തെരഞ്ഞെടുപ്പുതന്ത്രങ്ങളിലും സോഷ്യൽ എൻജിനിയറിംഗിലും ബിജെപിക്കുള്ള പ്രത്യേക മികവിന്റെ നേർചിത്രം കൂടിയാണ് ഹരിയാനയ്ക്കു പിന്നാലെയുള്ള മഹാരാഷ്ട്രയിലെ വലിയ ഭൂരിപക്ഷം.
പശ്ചിമബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോണ്‍ഗ്രസ് ആറു സീറ്റുകളും തൂത്തുവാരിയതും കർണാടകയിൽ മൂന്നു സീറ്റുകൾ കോണ്‍ഗ്രസ് നേടിയതും കേരളത്തിൽ തിരിച്ചടി നേരിട്ടതും ബിജെപിക്കു തിരിച്ചടിയാണ്. പഞ്ചാബിലെ നാലിൽ മൂന്നും പിടിച്ച എഎപിക്കും ഒരു സീറ്റ് നിലനിർത്തിയ കോണ്‍ഗ്രസിനും ഡൽഹിയിലെ തെരഞ്ഞെടുപ്പിൽ തുണയാകും.
വഖഫ് ഭേദഗതിക്ക് പച്ചക്കൊടി
നാളെ തുടങ്ങുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ജനവിധിയുടെ കരുത്തും ക്ഷീണവും ഭരണ-പ്രതിപക്ഷങ്ങളിൽ പ്രകടമാകും. അദാനിക്കെതിരേയുള്ള അമേരിക്കയിലെ കുറ്റപത്രം, വഖഫ് നിയമഭേദഗതി, മണിപ്പുർ കലാപം അടക്കമുള്ള പ്രശ്നങ്ങളിലെ പ്രതിപക്ഷ ആക്രമണങ്ങളെ പ്രതിരോധിക്കാൻ മോദിക്കും സർക്കാരിനും സഹായകമാകും മഹാരാഷ്ട്രയിലെ ഉജ്വല ജയം.
പ്രതിപക്ഷ എതിർപ്പുകളെ മറികടന്ന് വഖഫ് ഭേദഗതി ബിൽ പാസാക്കാനും ബിജെപിക്ക് കരുത്തേകുന്നതാണ് മഹാരാഷ്ട്രയിലെ ചരിത്രനേട്ടം. യുപി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിക്കു കിട്ടിയ മേൽക്കൈയും മോദി സർക്കാരിനുള്ള ബോണസാണ്.