വഖഫ് ബോർഡും ദേവസ്വം ബോർഡും
വഖഫ് ആക്ടും കത്തോലിക്ക സഭയും-2 / അഡ്വ. ഫാ. ജോർജ് തെക്കേക
Saturday, November 23, 2024 12:15 AM IST
വഖഫ് ബോർഡും ദേവസ്വം ബോർഡും പോലുള്ള സംവിധാനങ്ങൾ ഉണ്ടായ സാഹചര്യം മറ്റൊന്നാണ്. ഒരുകാലത്ത് മുസ്ലിം, ഹൈന്ദവ ഭരണാധികാരികളുടെ ഭരണത്തിൻകീഴിലായിരുന്ന വസ്തുവകകളാണു പിന്നീട് വഖഫ് ബോർഡും ദേവസ്വം ബോർഡും സ്ഥാപിച്ച് അവയുടെ കീഴിലാക്കിയത്. ഈ വസ്തുവകകളുടെ സംരക്ഷണത്തിന് വർഷംതോറും സർക്കാരുകൾ പൊതുഖജനാവിൽനിന്ന് നല്ലൊരു തുക മുടക്കുന്നുണ്ട് എന്നതും പ്രസ്താവ്യമാണ്.
മുസ്ലിം സാമ്രാജ്യങ്ങളിലെ തുടക്കകാലത്ത് വഖഫ് സ്ഥാപനങ്ങൾ ഭരണാധികാരികളുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്നതിനുള്ള തെളിവുകൾ വിവിധ ചരിത്രങ്ങളിൽനിന്നു ലഭ്യമാണ്. മധ്യേഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ വഖഫ് നിലനിന്നത് മതപരവും പൊതുതാത്പര്യമുള്ളതുമായ ലക്ഷ്യങ്ങൾക്കായി രാജാക്കന്മാരും ഖലീഫമാരും സ്ഥലങ്ങൾ, സ്വത്തുക്കൾ എന്നിവ സംഭാവന ചെയ്തതിലൂടെയായിരുന്നു. ഈ വഖഫുകളുടെ സംരക്ഷണവും മാനേജ്മെന്റും ഭരണാധികാരികൾക്കു കീഴിൽ നിയമിച്ച നാസിർമാർക്കും കാദിമാർക്കും ഏൽപ്പിച്ചു. ഇന്ത്യയിലും ഡൽഹി സുൽത്താനേറ്റ് മുതൽ മുഗൾ കാലം വരെ വഖഫ് ഒരു സജീവ സ്ഥാപനമായിരുന്നു. സാധാരണക്കാരുടെ സാമൂഹിക-ആധ്യാത്മിക ഉന്നമനത്തിനുവേണ്ടി വഖഫ് സ്ഥാപിക്കാൻ ഭരണാധികാരികൾ പ്രോത്സാഹനം നൽകിയിരുന്നു. അതിനാൽ, ഈ സങ്കേതങ്ങൾ അവരവരുടെ ഭൂപ്രദേശങ്ങളിൽ സമ്പദ്വ്യവസ്ഥയിൽ പ്രാധാന്യമുള്ള ഭാഗങ്ങളായി മാറുകയും ചെയ്തു.
ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇപ്പോൾ ഇന്ത്യയിലുടനീളം 8.7 ലക്ഷം സ്വത്തുക്കളും 9.4 ലക്ഷം ഏക്കർ ഭൂമിയും വഖഫ് ബോർഡിന്റെ നിയന്ത്രണത്തിലുണ്ട്. ഈ സ്വത്തുക്കളുടെ മൂല്യം ഏകദേശം 1.2 ലക്ഷം കോടി രൂപയാണ്. ലോകത്തിൽ ഏറ്റവും വലിയ വഖഫ് സ്വത്ത് കൈവശമുള്ളത് ഇന്ത്യയിലാണെന്നും ആഭ്യന്തര സേനയും ഇന്ത്യൻ റെയിൽവെയും കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഭൂമി കൈവശം വച്ചിരിക്കുന്നത് വഖഫ് ബോർഡുകളാണെന്നും ന്യൂനപക്ഷ മന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു. ഔദ്യോഗിക കണക്കുകൾ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ കത്തോലിക്കാ സഭയ്ക്ക് ഭാരതത്തിലെ പട്ടണങ്ങളിൽ മാത്രമുള്ള സമ്പത്തിന്റെ അത്രതന്നെ വഖഫ് ബോർഡിന് ഇന്ത്യ മുഴുവനും എടുത്താലും ഇല്ല എന്നു കള്ളപ്രചാരണം നടത്തുന്നവരുടെ ഗൂഢലക്ഷ്യങ്ങൾ മറനീക്കി മനസിലാക്കേണ്ടതുണ്ട്.
സാമ്പത്തിക സഹായങ്ങൾ
വഖഫ് ബോർഡുകൾക്കും ദേവസ്വം ബോർഡുകൾക്കും സർക്കാർ സാമ്പത്തികസഹായങ്ങൾ നൽകിവരുന്നുണ്ട്. 2009ൽ ആരംഭിച്ച വഖഫ് പ്രോപ്പർട്ടീസ് ഡെവലപ്മെന്റ് സ്കീം വഴി കേന്ദ്രസർക്കാർ വ്യത്യസ്ത സംസ്ഥാനങ്ങളിലെ വഖഫ് ഭൂമികളിൽ സ്കൂളുകൾ, ആശുപത്രികൾ, സാമൂഹിക കേന്ദ്രങ്ങൾ എന്നിവ നിർമിക്കാനും പരിപാലിക്കാനും സാമ്പത്തികസഹായം നൽകുന്നു. ഉദാഹരണത്തിന്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ചെറുകിട ഹോസ്റ്റലുകൾക്കും ആരോഗ്യമേഖലകളിലും ഈ പദ്ധതിയുടെ ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്.
2009-2010 കാലയളവിൽ കേരളത്തിൽ വഖഫ് ബോർഡ് ചെയർമാനും അംഗങ്ങളും നടത്തിയ ഇടപെടലിന്റെ ഫലമായി സർക്കാർ സാമൂഹ്യക്ഷേമ സ്കീമിന്റെ പ്രത്യേക ഗ്രാന്റ് പ്രതിവർഷം 50 ലക്ഷം രൂപയിൽനിന്ന് ഒരു കോടി രൂപയായി വർധിപ്പിക്കാൻ തീരുമാനിക്കുകയുണ്ടായി. വഖഫ് ബോർഡുകൾ വഴി അല്ലാതെയും കേരളത്തിൽ ഇമാമുകൾക്കും മദ്രസ അധ്യാപകർക്കും സാമ്പത്തികസഹായവും മാസവരി സ്റ്റൈപ്പന്റുകളും നൽകുന്ന സർക്കാർ ക്ഷേമപദ്ധതികൾ വേറെയുമുണ്ട്.
കേരള ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിന്റെ വ്യാപകമായ പിന്തുണ ഏറ്റവുമധികം ലഭിക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ്. 1950ലെ കേരള ദേവസ്വം ആക്ട് പ്രകാരം ദേവസ്വങ്ങൾക്ക് സർക്കാർ ഫണ്ട് ലഭിക്കുന്നു. ഭരണഘടനയിൽ 1956ൽ കൂട്ടിച്ചേർത്ത ആർട്ടിക്കിൾ 290 എ പ്രകാരം കേരളത്തിലെ ട്രാവൻകൂർ ദേവസ്വം ഫണ്ടിലേക്ക് പ്രതിവർഷം 46.5 ലക്ഷം രൂപയും തമിഴ്നാട്ടിലെ ദേവസ്വം ഫണ്ടിലേക്ക് 13.5 ലക്ഷം രൂപയും നൽകേണ്ടതുണ്ട്. ശബരിമല ക്ഷേത്രം വികസനത്തിനായി 2018ൽ മാത്രം 100 കോടി രൂപ സർക്കാർ അനുവദിച്ചു. 2023-24 സംസ്ഥാന ബജറ്റിൽ ദേവസ്വങ്ങൾക്കായി 100 കോടി രൂപ വികസനഫണ്ടായി വകയിരുത്തി. ചരിത്രപ്രധാനമായ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും ഈ ഫണ്ട് ഉപയോഗിക്കുന്നു.
കൂടാതെ, ദേവസ്വം ബോർഡുകൾക്ക് സ്കൂളുകളും ആരോഗ്യകേന്ദ്രങ്ങളും ആരംഭിക്കാൻ സർക്കാർ സഹായം ലഭിക്കുന്നുണ്ട്. കോർപറേറ്റ് സോഷ്യൽ റസ്പോൺസിബിലിറ്റി ഫണ്ടുകൾ, മൾട്ടി സെക്ടറൽ ഡെവലപ്മെന്റ് പ്രോഗ്രാം എന്നിവയും ഈ ബോർഡുകൾക്ക് മുഖ്യ വരുമാനസ്രോതസുകളാണ്. കേരളത്തിലെ തീർഥാടന ടൂറിസത്തിൽനിന്നു ലഭിക്കുന്ന വരുമാനം ദേവസ്വങ്ങൾക്കുള്ള സാമ്പത്തിക പിന്തുണയ്ക്കും പ്രോജക്ടുകൾക്കും ഉപയോഗപ്പെടുത്തുന്നു.
സർക്കാർ വകയിരുത്തലുകളും ടൂറിസം വരുമാനവും ചേർന്ന് മതസ്വത്തുക്കളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും നിർണായക പങ്ക് വഹിക്കുന്നു. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ക്രൈസ്തവസമൂഹത്തിന്റെ വസ്തുവകകൾകൂടി ഒരു ബോർഡ് ഉണ്ടാക്കി സർക്കാർ നിയന്ത്രണത്തിലാക്കണം എന്നു പറയുന്നതിന്റെ സാംഗത്യം മനസിലാകുന്നില്ല. സർക്കാരിൽനിന്നു പ്രത്യേക ആനുകൂല്യങ്ങളൊന്നും പറ്റാതെ സ്വന്തം സമുദായത്തിന്റെ നിർലോപമായ സംഭാവനകളും പരിശ്രമങ്ങളുംകൊണ്ടു വളർത്തിയെടുത്ത പ്രസ്ഥാനങ്ങളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നിയമങ്ങൾ സഭയിൽ ഉണ്ടെന്നിരിക്കെ പ്രത്യേക ബോർഡുകൾ സ്ഥാപിക്കണമെന്ന് മറ്റുള്ളവർ നിഷ്കർഷിക്കുന്നത് എന്തിനാണ്? അഥവാ അങ്ങനെ പ്രത്യേക ബോർഡുകൾ സ്ഥാപിച്ച് സഭാസ്ഥാപനങ്ങളെ അതിന്റെ കീഴിലാക്കി മറ്റു സമുദായങ്ങൾക്ക് നൽകുന്നതുപോലെ സഭയ്ക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ? എന്നാൽ, ഇതിനുമുമ്പ് കേരളത്തിൽ ചർച്ച് ആക്ടുകൾ അവതരിപ്പിച്ചപ്പോൾ ഇപ്രകാരം പ്രത്യേക ആനുകൂല്യങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന കാര്യം മറക്കാനാവില്ല.
മാർപാപ്പയുടെ പരമാധികാരവും ഭാരതത്തിന്റെ അഖണ്ഡതയും
ആഗോള കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയെ അപ്പസ്തോലസംഘത്തിന്റെ തലവനായിരുന്ന പത്രോസിന്റെ പിൻഗാമിയായും മെത്രാന്മാരെ അപ്പസ്തോലന്മാരുടെ പിൻഗാമികളായുമാണു പരിഗണിക്കുന്നത്. മാർപാപ്പ റോമിലെ മെത്രാനും ലത്തീൻ സഭയുടെ പരമാധ്യക്ഷനുമാണ്. ശിഷ്യന്മാരുടെ പിൻഗാമികൾ എന്ന നിലയിൽ മാർപാപ്പയ്ക്കും മാർപാപ്പ തലവനായുള്ള മെത്രാൻ സംഘത്തിനും സഭയെ നയിക്കുന്നതിനും പഠിപ്പിക്കുന്നതിനും വിശുദ്ധീകരിക്കുന്നതിനുമായി ക്രിസ്തുവിൽനിന്ന് പരമാധികാരം ലഭിച്ചിരിക്കുന്നു എന്നാണു കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. ഈ ശ്ലൈഹിക കൂട്ടായ്മയാണു ലോകമെങ്ങുമുള്ള കത്തോലിക്കാ സഭകളെ ഒന്നിപ്പിച്ചു നിർത്തുന്നത്. ക്രിസ്തുവിന്റെ നിശ്ചയപ്രകാരം പത്രോസും മറ്റ് അപ്പസ്തോലന്മാരും ഒരു സംഘമായി നിലകൊണ്ടതുപോലെ പത്രോസിന്റെ പിൻഗാമിയായ റോമാ മെത്രാനും അപ്പസ്തോലന്മാരുടെ പിൻഗാമികളായ മെത്രാന്മാരും ഒരു സംഘമായി പ്രവർത്തിക്കുന്നു. ഇങ്ങനെ പ്രവർത്തിക്കുമ്പോൾ മാർപാപ്പയോടൊപ്പം മെത്രാൻസംഘത്തിന് സഭയുടെ മേലുള്ള പരമാധികാരം വിനിയോഗിക്കപ്പെടുന്ന ഒരു അവസരമാണ് സാർവത്രിക സൂനഹദോസ്. ഇവിടെ പരമോന്നത അധികാരം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ലോകമെങ്ങുമുള്ള ഭരണാധികാരികളുടെ മേൽ അധികാരമുണ്ട് എന്നാണോ? തീർച്ചയായും അല്ല. സഭയിലെ പരമാധികാരം സഭാംഗങ്ങളുടെ മേൽ മാത്രമുള്ളതാണ്. മെത്രാൻസംഘത്തിന്റെ തലവൻ, ക്രിസ്തുവിന്റെ വികാരി, സാർവത്രിക സഭയുടെ ഇടയൻ എന്നീ നിലകളിൽ റോമിലെ മെത്രാനായ മാർപാപ്പയ്ക്ക്, ഒരു മെത്രാന് സ്വന്തം രൂപതയിലെ വിശ്വാസികളുടെമേൽ നേരിട്ട് അധികാരം ഉള്ളതുപോലെ, എല്ലാ കത്തോലിക്കാ വിശ്വാസികളുടെയുംമേൽ നേരിട്ട് അധികാരമുണ്ട്. ഇതേ അധികാരം മാർപാപ്പയോടൊപ്പം മെത്രാൻസംഘത്തിലും നിക്ഷിപ്തമാണ്. പഠിപ്പിക്കാനും നയിക്കാനും വിശുദ്ധീകരിക്കാനും എന്നതുപോലെ ആവശ്യമെന്നു തോന്നുന്ന അവസരങ്ങളിൽ സഭാജീവിതത്തിന്റെ ഏതു തലത്തിലും ഇടപെടാനുള്ള അധികാരംകൂടിയാണിത്.
ഈ അധികാരത്തിന്റെ പ്രായോഗികതലങ്ങൾ എന്തൊക്കെയാണ്? കത്തോലിക്കാ സഭയിലെ ഒരു മെത്രാനെ തെരഞ്ഞെടുക്കുകയും നിയോഗിക്കുകയും ചെയ്യുന്ന രീതി നോക്കുക. ലത്തീൻ സഭയിൽ മാർപാപ്പതന്നെയാണ് ഈ നിയമനം നടത്തുന്നത്. എന്നാൽ, പൗരസ്ത്യസഭകൾക്ക് അവരുടെ സ്വയം ഭരണ അവകാശമനുസരിച്ച് മെത്രാനെ തെരഞ്ഞെടുക്കുന്നതിനുള്ള അധികാരമുണ്ട്. ഇപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന മെത്രാൻ മാർപാപ്പയുടെ അംഗീകാരം ലഭിച്ച വ്യക്തിയായിരിക്കണം. അതുപോലെ, എല്ലാ സഭകൾക്കും ഒരുപോലെ ബാധകമായ നിയമനിർമാണത്തിനുള്ള അധികാരം റോമിലെ മാർപാപ്പയ്ക്കു മാത്രമാണ്. മാർപാപ്പയ്ക്കോ ശ്ലൈഹിക സിംഹാസനത്തിനോ മാത്രം അനുവദിക്കാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. ശിക്ഷാനിയമങ്ങളെ സംബന്ധിച്ചും മാർപാപ്പയുടെ വിധിനിർണയത്തിനായി മാറ്റിവയ്ക്കപ്പെട്ട കാര്യങ്ങളുണ്ട്. എന്നാൽ, ഇവയെല്ലാം കത്തോലിക്കാ സഭയുടെ ആന്തരിക ഭരണം സംബന്ധിച്ച കാര്യങ്ങളാണ്. ഒരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതിനുള്ള അധികാരം റോമിലെ മാർപാപ്പയ്ക്ക് ഇല്ല. കഴിഞ്ഞ 2000 വർഷങ്ങളായി നിലനിൽക്കുന്ന ഈ സംവിധാനം ഒരു തെയോക്രാറ്റിക് രാഷ്ട്രമല്ല. മറ്റൊരു രാജ്യത്തിന്റെയും ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന രീതിയിലുള്ള ഒരു നീക്കവും സഭയുടെ ഭാഗത്തുനിന്ന് ഇതുവരെയും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല. ആയുധങ്ങൾ ഉപയോഗിച്ച് ഒരു രാജ്യത്തോടും യുദ്ധം ചെയ്യുന്നതിനോ രാജ്യങ്ങൾ പിടിച്ചെടുക്കുന്നതിനോ സഭയ്ക്ക് സംവിധാനങ്ങളില്ല. എന്നാൽ, ന്യായമായ മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നിടത്ത് ചെറുത്തുനിൽക്കാനുള്ള പരിശ്രമങ്ങൾ സഭയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അത് ഇനിയും തുടരുകയും ചെയ്യും. ഇപ്രകാരമുള്ള മനുഷ്യാവകാശ പ്രവർത്തനങ്ങൾ മൂലം കത്തോലിക്കാസഭ പല രാഷ്ട്രങ്ങളുടെയും ഭരണാധികാരികളുടെയും കണ്ണിലെ കരടായി മാറിയിട്ടുണ്ട് എന്നുള്ളത് ചരിത്രസത്യമാണ്.
(തുടരും)