വഖഫ് ആക്ടും കത്തോലിക്ക സഭയും
അഡ്വ. ഫാ. ജോർജ് തെക്കേക്കര
Thursday, November 21, 2024 11:54 PM IST
വഖഫ് ആക്ടിന്റെ ഭേദഗതികളെ കത്തോലിക്ക സഭ സ്വാഗതം ചെയ്യുന്നു എന്നത് മുസ്ലിം സമുദായത്തിൽ വ്യത്യസ്ത പ്രതികരണങ്ങൾ ഉണ്ടാക്കുന്നുണ്ട്. വഖഫ് ആക്ട് ഭേദഗതി ചെയ്യപ്പെടേണ്ടവയാണ് എന്ന നിലപാട് കത്തോലിക്ക സഭയ്ക്കുണ്ട് എന്നതിൽ തർക്കമില്ല. അതിന് മതപരമായ കാരണങ്ങളല്ല ഉള്ളത്.
അതായത്, ഏതെങ്കിലും സമുദായത്തിനെതിരായി സംഘപരിവാറിനോടോ ബിജെപിയോടോ കൈകോർക്കുന്ന നിലപാട് കത്തോലിക്ക സഭ ഒരിക്കലും പുലർത്തിയിട്ടില്ല. മറിച്ച്, നിലവിലുള്ള സിവിൽ നിയമങ്ങൾ സാമാന്യ ജനത്തിന് നൽകുന്ന പരിരക്ഷയെപ്പോലും നിഷ്പ്രഭമാക്കുന്ന രീതിയിലുള്ള നിയമങ്ങൾ ഭരണഘടനാവിരുദ്ധമാണെന്നു മനസിലാക്കി പ്രതിരോധിക്കാനുള്ള ശ്രമമാണ് വഖഫ് വിഷയത്തിൽ കത്തോലിക്ക സഭയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.
മുനമ്പം വിഷയവും വഖഫ് ഭേദഗതിയും തമ്മിൽ ബന്ധമില്ല എന്ന് ആരൊക്കെ പറഞ്ഞാലും മുനമ്പം വിഷയം നിലവിലുള്ള വഖഫ് നിയമത്തെ വിലയിരുത്തുന്നതിനുള്ള അളവുകോലായി മാറി എന്നത് ശ്രദ്ധേയമാണ്. സമീപകാലത്ത് വ്യക്തികളും സമൂഹങ്ങളും സർക്കാർ സ്ഥാപനങ്ങൾപോലും നേരിട്ട കുടിയിറക്കൽ ഭീഷണിക്കു കാരണം ഭരണഘടനാവിരുദ്ധമായ നിയമനിർമാണമാണെങ്കിൽ ഒരു ഭേദഗതിയിലൂടെ അത് തിരുത്തുന്നതിൽ എന്താണു കുഴപ്പം? വഖഫ് നിയമത്തെ മുഴുവൻ തച്ചുടയ്ക്കണം എന്നൊന്നും കത്തോലിക്ക സഭ നിലപാടെടുത്തിട്ടില്ല.
എന്നാൽ, ഈ നിയമത്തിൽ വ്യക്തികളുടെ അവകാശങ്ങളെ ഹനിക്കാൻ ഇടയാക്കുന്ന വ്യവസ്ഥകൾ ഉണ്ടെങ്കിൽ അവയെ ഇല്ലാതാക്കുകയോ അവയ്ക്ക് ഉചിതമായ മാറ്റങ്ങൾ വരുത്തുകയോ ചെയ്യുക എന്ന ഏതൊരു പൗരന്റെയും ആവശ്യമാണ് സഭാ വക്താക്കളിലൂടെ ഉന്നയിക്കപ്പെട്ടത്.
ഇവിടെ പൗരൻ എന്ന് പറയുമ്പോൾ ഏതെങ്കിലും ഒരു സമുദായത്തിലെ മാത്രം എന്ന് ഉദ്ദേശിച്ചിട്ടില്ല. വർത്തമാനകേരളത്തിന്റെ അനുഭവങ്ങൾ ഇത് വേണ്ടവിധം മനസിലാക്കിത്തരുന്നു എന്നുതന്നെയാണു കരുതുന്നത്. അതായത്, ഏതൊരു പൗരന്റെയും വസ്തുവകകൾ വഖഫ് നിയമത്തിന്റെ പരിധിയിലാണെന്ന് അവകാശപ്പെടാൻ പറ്റുന്ന പഴുത് ഈ നിയമത്തിൽ ഉണ്ട്.
അതുപോലെതന്നെ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കോ മതപരമായ കാര്യങ്ങൾക്കോ ആയി ഒരാൾ സ്വന്തം ഉടമസ്ഥതയിലുള്ള വസ്തു സ്വമനസാ നൽകുന്നതിന് ആർക്കും തടസം ഉന്നയിക്കാനാവില്ല. എന്നാൽ, മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വസ്തു വഖഫ് ആണെന്ന് അവകാശവാദം ഉന്നയിക്കാൻ ഒരു നിയമം ആരെയെങ്കിലും ശക്തിപ്പെടുത്തുന്നുണ്ടെങ്കിൽ അതിന്റെ നിയമസാധുത ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്.
നിലവിലുള്ള വഖഫ് നിയമത്തിൽ കാണുന്ന ഉപയോഗത്താലുള്ള വഖഫും മുസ്ലിം അല്ലെങ്കിലും ആർക്കു വേണമെങ്കിലും ഒരു വസ്തു വഖഫ് ആയി പ്രഖ്യാപിക്കാം എന്ന വ്യവസ്ഥയും ഒരു വസ്തു വഖഫ് ആണോ എന്നു തീരുമാനിക്കാനുള്ള വഖഫ് ബോർഡിന്റെ പരിധിയില്ലാത്ത അധികാരവും നിലവിലുള്ള സിവിൽ നിയമം അനുസരിച്ച് സ്വന്തം ഉടമസ്ഥതയുടെ തെളിവ് ഹാജരാക്കിയാലും വഖഫ് നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് അവയെ മറികടക്കാം എന്നതും, വഖഫ് ട്രൈബ്യൂണൽ നൽകുന്ന വിധി അന്തിമമാണെന്നതും സാധാരണ പൗരനെ ഭയപ്പെടുത്തുന്നു.
സർക്കാരിന്റെ വസ്തുവകകൾപോലും ഇപ്രകാരം നഷ്ടപ്പെടുന്നു എന്നു പറയുമ്പോൾ സാധാരണ പൗരന്റെ കാര്യം പറയേണ്ടതില്ലല്ലോ. ഭാരതത്തിലെ സാധാരണ പൗരന് ഇതുമൂലം ഉണ്ടായിട്ടുള്ള ഭയം ദൂരീകരിക്കേണ്ടത് നിഷ്പക്ഷ നിലപാടുകളുള്ള സർക്കാർ പുലർത്തേണ്ട കടമയാണ്.
ബിജെപി സർക്കാരിന്റെ നിലപാടുകൾ പക്ഷപാതപരമാണോ നിഷ്പക്ഷമാണോ എന്ന വിലയിരുത്തലുകൾക്കപ്പുറം അവർ കൊണ്ടുവന്ന ചില ഭേദഗതികളെ അംഗീകരിക്കുന്നത്, അത് മേൽപ്പറഞ്ഞ ഭയത്തെ ദൂരീകരിക്കാൻ പര്യാപ്തമാണ് എന്നതിനാലാണ്.
കത്തോലിക്ക സഭയുടെ ആസ്തിയും പ്രവർത്തനങ്ങളും
അടുത്തിടെ ഒരു സാമുദായിക പത്രത്തിൽ അച്ചടിച്ചു വന്ന ലേഖനത്തിൽ രചയിതാവ് കത്തോലിക്ക സഭയുടെ ആസ്തിയുടെ അളവ് പരാമർശിച്ചു കണ്ടു. ഭാരതത്തിൽ രണ്ടു ശതമാനത്തിൽ താഴെ മാത്രം വരുന്ന ക്രൈസ്തവ സമൂഹത്തിന്റെ ഒരു വിഭാഗം മാത്രമാണ് കത്തോലിക്ക സഭ എന്നത് അറിഞ്ഞുതന്നെയാകണം കത്തോലിക്ക സഭയെ മാത്രം പ്രതിസ്ഥാനത്ത് നിർത്തി ലേഖകൻ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. സഭയുടെ ആസ്തികൾ നിയന്ത്രിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഒരു ബോർഡ് ഉണ്ടാക്കണമെന്ന നിർദേശം മദ്രാസ് ഹൈക്കോടതിയുടെ ഒരു പരാമർശത്തെ അടിസ്ഥാനമാക്കി മുന്നോട്ടുവയ്ക്കുന്നതും കത്തോലിക്ക സഭയെ വരുതിയിൽ നിർത്തണം എന്ന ഉദ്ദേശ്യത്തോടുകൂടി മാത്രമാണ് എന്നു തോന്നുന്നു.
ഭാരതത്തിലെ ക്രൈസ്തവ സഭകൾ
ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തിൽ കത്തോലിക്ക സഭയും പാശ്ചാത്യ പൗരസ്ത്യ സഭകൾ ഉൾപ്പെടുന്ന അകത്തോലിക്ക സഭകളുമുണ്ട്. കത്തോലിക്ക സഭയിൽ മൂന്ന് വിഭാഗങ്ങളാണുള്ളത്. ലത്തീൻ സഭയെ കൂടാതെ പൗരസ്ത്യ സഭകളായ സീറോ മലബാർ സഭയും സീറോ മലങ്കര സഭയും.
സഭയുടെ ആസ്തി കൊളോണിയൽ ഭരണകാലത്ത് ചാർത്തിക്കിട്ടിയ ആനുകൂല്യങ്ങൾ ആണെന്ന് പറയുന്നവർ ഈ കാലഘട്ടത്തിൽ വിദേശ മിഷനറിമാർ അവരുടെ നാടുകളിൽനിന്നു പണം കൊണ്ടുവന്ന് ഇവിടെയുള്ളവരുടെ വിദ്യാഭ്യാസപരവും സാംസ്കാരികവും സാമൂഹികവുമായ ഉന്നമനത്തിനായി ശ്രമിച്ചു എന്നത് മറന്നുപോകുകയാണ്. 1817ൽ കോൽക്കത്തയിലെ പ്രസിഡൻസി കോളജ് ആരംഭിക്കുന്നത് ക്രിസ്ത്യൻ മിഷനറി സൊസൈറ്റി ആണ്. 1817ലാണ് കോട്ടയത്തെ സിഎംഎസ് കോളജ് ആരംഭിക്കുന്നത്. 1860 മുതലുള്ള കാലങ്ങളിൽ മിഷനറിമാർ കൽക്കട്ട, മുംബൈ, ബാംഗളൂർ, ചെന്നൈ, റാഞ്ചി തുടങ്ങി പല സ്ഥലങ്ങളിലും വിവിധ കോളജുകൾ സ്ഥാപിച്ചു. അതുപോലെതന്നെ മറ്റ് പല മിഷനറി സമൂഹങ്ങളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുക വഴി ഗുണമേന്മയുള്ള വിദ്യാഭ്യാസം ഭാരതത്തിലെ സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കി.
ആതുരശുശ്രൂഷാ രംഗത്തും മിഷനറിമാർ കാര്യമായ സംഭാവനകൾ നൽകി. എല്ലാവർക്കും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 1885ൽ ഡൽഹി സെന്റ് സ്റ്റീഫൻസ് ഹോസ്പിറ്റലും 1894ൽ ലുധിയാനയിലെ ക്രിസ്റ്റ്യന് മെഡിക്കൽ കോളജും 1900ൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജും തുടങ്ങിയത് വിദേശ മിഷനറിമാരാണ്. തുടർന്നും, ഭാരതത്തിനകത്തും പുറത്തുനിന്നുമുള്ള സുമനസുകളുടെ സഹായത്താൽ ചെലവു കുറഞ്ഞ ചികിത്സയും വൈദ്യശാസ്ത്ര പഠനവും സാധ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ബാംഗളൂർ സെന്റ് ജോൺസ് മെഡിക്കൽ കോളജ് പോലുള്ള സ്ഥാപനങ്ങൾ പടുത്തുയർത്തുന്നതിന് ക്രൈസ്തവസഭ മുൻകൈ എടുത്തിട്ടുണ്ട്. നഴ്സിംഗ് പരിശീലനം നൽകി ഭാരതീയ യുവതികളെ ആതുരശുശ്രൂഷാരംഗത്തേക്കു കൊണ്ടുവരുന്നതിന് യൂറോപ്യന് കത്തോലിക്കാ കന്യാസ്ത്രീകളെ രാഷ്ട്രീയ നേതൃത്വം ക്ഷണിച്ചുകൊണ്ടുവന്നതിന്റെ കഥ ചരിത്രത്താളുകളിലുണ്ട്; അതുപോലെ മികച്ച സ്കൂൾ വിദ്യാഭ്യാസം നൽകുന്നതിനും. ഇതുപോലെ പൊതുജന ക്ഷേമപരമായ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി പ്രവർത്തിച്ചതിന്റെ ഫലമായി ഉണ്ടായിട്ടുള്ള സ്ഥാപനങ്ങളാണ് കത്തോലിക്ക സഭ ഉൾപ്പെടെയുള്ള സഭകളുടെ ആസ്തിയായി പരിഗണിക്കപ്പെടുന്നത്. ഈ കാലഘട്ടങ്ങളിൽ സഭയ്ക്ക് എന്തെങ്കിലും പ്രിവിലേജുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ അത് അത്രയും പൊതുസമൂഹത്തിനുവേണ്ടി ചെലവഴിച്ച ചരിത്രമേ ഉള്ളൂ. എന്നാൽ, വഖഫ് ബോർഡുകൾ വഖഫ് നിയമത്തിന്റെ പേരിൽ ഒരു രേഖയും കൂടാതെ കൈക്കലാക്കിയ വസ്തുവകകൾ ഏതൊക്കെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ട് എന്നു ചിന്തിക്കുന്നത് നല്ലതാണ്.
കത്തോലിക്ക സഭയുടെ വസ്തുവകകളും കാനൻ നിയമവും
കത്തോലിക്ക സഭയുടെ കാനൻ നിയമപ്രകാരം ലോകത്ത് എവിടെയും ഉള്ള സഭയുടെ വസ്തുവകകളുടെ പരമമായ ഭരണാധികാരിയും സംരക്ഷകനും റോമിലെ മാർപാപ്പയാണ്. എന്നാൽ, മാർപാപ്പയുടെ അധികാരത്തിൻകീഴിൽ വസ്തുവകകളുടെ ഉടമസ്ഥാവകാശം, അത് നിയമപരമായി ആർജിച്ച നൈയാമിക വ്യക്തികൾക്കായിരിക്കും. മാത്രവുമല്ല, ഈ വസ്തുവകകളുടെ ഭരണനിർവഹണത്തിൽ അതാത് സ്ഥലങ്ങളിലെ സിവിൽ നിയമങ്ങൾ പാലിക്കണമെന്നും കാനൻ നിയമം അനുശാസിക്കുന്നു.
വസ്തുവകകളുമായി ബന്ധപ്പെട്ട കരാറുകളിലും രാജ്യത്തെ സിവിൽ നിയമങ്ങളാണ് പാലിക്കേണ്ടതെന്ന് പൗരസ്ത്യ കാനൻ നിയമം കാനോന 1034 നിഷ്കർഷിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, ഭാരതത്തിലെ കത്തോലിക്ക സഭകളുടെ വസ്തുവകകളുടെ ഉടമസ്ഥാവകാശം റോമിലെ മാർപാപ്പയ്ക്ക് തീറെഴുതി കൊടുത്തിട്ടില്ല. സഭയുടെ വസ്തുവകകളൂടെ ഭരണം വേണ്ടവിധം നിർവഹിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാനുള്ള ഒരു നിയന്ത്രണോപാധി എന്ന നിലയിലാണ് കാനൻ നിയമത്തിൽ മാർപാപ്പയുടെ പരമാധികാരം നിർണയിക്കപ്പെട്ടിരിക്കുന്നത്.
മാർപാപ്പയുടെ കീഴിൽ ലത്തീൻ സഭയിൽ മെത്രാന്മാരും അവരുടെ സംഘങ്ങളും മറ്റു സമിതികളോടു ചേർന്ന് ഇടവകകളുടെയും രൂപതകളുടെയും വസ്തുവകകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നു. പൗരസ്ത്യ സഭകളിൽ പ്രത്യേകിച്ച്, പാത്രിയാർക്കൽ, മേജർ ആർക്കി എപ്പിസ്കോപ്പൽ സഭകളിൽ, പാത്രിയർക്കീസിന്റെ/മേജർ ആർച്ച്ബിഷപ്പിന്റെ നേതൃത്വത്തിലുള്ള മെത്രാൻമാരുടെ സിനഡും ഓരോ രൂപതയുടെയും കാര്യത്തിൽ മെത്രാന്മാരും ക്രിസ്തീയ വിശ്വാസികൾ ഉൾപ്പെടുന്ന സമിതികളോടു ചേർന്ന് ഈ ചുമതല നിർവഹിക്കുന്നു.
സീറോമലബാർ, സീറോമലങ്കര സഭകൾക്കും ലത്തീൻ സഭയ്ക്കും വസ്തുവകകളുടെ കൈകാര്യം സംബന്ധിച്ച് പ്രത്യേക നിയമങ്ങളും സംവിധാനങ്ങളുമുണ്ട്.
ഉദാഹരണത്തിന് സീറോ മലബാർ, സീറോ മലങ്കര സഭകളിൽ ഇടവക തലത്തിൽ വസ്തുവകകളുമായി ബന്ധപ്പെട്ട കരാറിൽ ഏർപ്പെടുന്നതിനും വസ്തുവകകളുടെ കൈമാറ്റം, വാങ്ങൽ, വിൽപ്പന തുടങ്ങിയവ സംബന്ധിച്ചും തീരുമാനങ്ങൾ എടുക്കുമ്പോൾ ഇടവക പൊതുയോഗത്തിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. അതിനും പുറമേ പ്രധാന തീരുമാനങ്ങൾക്ക് രൂപതാമെത്രാന്റെ അനുമതിയും വാങ്ങിയിരിക്കണം. മാത്രവുമല്ല, ഇടവകയുടെയും രൂപതയുടെയും സഭയുടെതന്നെയും വസ്തുവകകൾ ഒരു നിശ്ചിത വിലയിൽ കൂടുതലുള്ളതാണെങ്കിൽ അവയുടെ ക്രയവിക്രയങ്ങൾക്ക് മേജർ ആർച്ച് ബിഷപ്പിന്റെയും തുകയുടെ പരിധി അനുസരിച്ച് പെർമനന്റ് സിനഡിന്റെയോ മെത്രാൻ സിനഡിന്റെയോ അനുമതി/ അപ്പസ്തോലിക സിംഹാസനത്തിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. എന്നുവച്ചാൽ, വിവിധ തലങ്ങളിലുള്ള ചെക്സ് ആൻഡ് ബാലൻസസ് സംവിധാനം ഈ വസ്തുവകകളുടെ ഭരണനിർവഹണവും ക്രയവിക്രയവും സംബന്ധിച്ച് സഭാ നിയമത്തിൽ നിലനിൽക്കുന്നു. അതിനും പുറമേ സിവിൽ നിയമങ്ങൾ പാലിച്ചുകൊണ്ടുമാത്രമേ ഇവ സാധ്യമാകൂ എന്നതും ഈ വസ്തുവകകളുടെ ഭരണനിർവഹണം സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് സഹായകമാണ്. ഇതുപോലെ വ്യക്തവും കാര്യക്ഷമവുമായ നിയമങ്ങൾ കത്തോലിക്ക സഭയിൽ ഉള്ളതുകൊണ്ട് സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ സിവിൽ നിയമത്തിന് ഇടപെടേണ്ട സാഹചര്യമില്ലായിരുന്നു.
(തുടരും)