ഇലക്ട്രോണിക് സിറ്റിക്ക് ഷെങ്ഷൗ മാതൃക
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ
Thursday, November 21, 2024 11:45 PM IST
ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹബ്ബാക്കി മാറ്റാൻ സ്വപ്നം കാണുന്നവർക്കുള്ള മാതൃകയാണ് ചൈനയിലെ ഹെനാൻ പ്രവിശ്യയുടെ തലസ്ഥാനമായ ഷെങ്ഷൗ. ഐഫോണ്‍ സിറ്റിയായുള്ള ഷെങ്ഷൗവിന്റെ മാറ്റം ആഗോള ഇലക്ട്രോണിക്സിന്റെ നിർമാണ അടിത്തറയായി മാറുന്നതിന് ഇന്ത്യ നേരിടുന്ന വെല്ലുവിളികൾക്കും അവസരങ്ങൾക്കും മാതൃകയാകുന്നു.
ഷെങ്ഷൗവിന്റെ വളർച്ച
1949ൽ ചൈനയിൽ പീപ്പിൾസ് റിപ്പബ്ലിക് സ്ഥാപിതമാകുന്പോൾ ഷെങ്ഷൗ ഒരു വാണിജ്യ, ഭരണ കേന്ദ്രമായിരുന്നു. തുടക്കത്തിൽ ഈ നഗരത്തിന് വ്യാവസായിക പ്രധാന്യമില്ലായിരുന്നു. മഞ്ഞ നദിയുടെ ദക്ഷിണഭാഗത്തായുള്ള ഈ നഗരം ക്രമേണ വ്യാവസായിക കേന്ദ്രമായി മാറുകയായിരുന്നു. ഇവിടം കോട്ടണ്‍ ടെക്സ്റ്റൈൽ പ്ലാന്റുകൾ, സ്പിന്നിംഗ് മില്ലുകൾ, ടെക്സ്റ്റൈൽ മെഷിനറി ജോലികൾ, പൊടി മില്ലുകൾ, പുകയില, സിഗരറ്റ് ഫാക്ടറികൾ, നിരവധി ഭക്ഷ്യസംസ്കരണ പ്ലാന്റുകൾ എന്നിയുടെ ആസ്ഥാനമായി മാറി.
2010ൽ തായ്വാൻ കരാർ നിർമാണ കന്പനിയായ ഫോക്സ്കോണിന്റെ വരവോടെയാണ് നഗരത്തിന്റെ സാമൂഹിക, സാന്പത്തിക രംഗം അടിമുടി മാറുന്നത്. ഇവിടെ ലോകത്തെ ഏറ്റവും വലിയ ഐ ഫോണ്‍ നിർമാണ ഫാക്ടറി കന്പനി സ്ഥാപിച്ചു. ചൈനീസ് ആയോധനകലയുടെ പിള്ളത്തൊട്ടിൽ എന്നു കരുതുന്ന ഷാവോലിൻ ടെന്പിളുകളാൽ പ്രസിദ്ധമായിരുന്ന ഷെങ്ഷൗവിന്റെ പ്രസിദ്ധി ഫോക്സ്കോണ്‍ മാറ്റിയെഴുതി.
ഫോക്സ്കോണിന്റെ വിശാലമായ പ്ലാന്റിന് 1.4 മില്യണ്‍ ചതുരശ്ര മീറ്റർ, ഏകദേശം ലോകത്തെ ഏറ്റവും വലിയ ഏഴു ഫുട്ബോൾ സ്റ്റേഡിയങ്ങളുടെ വിസ്തൃതിയാണുള്ളത്. ഇവിടെ സിനിമ തിയറ്ററുകൾ പോലുള്ള വിനോദോപധികൾ, ആശുപത്രികൾ, ഒരു ഫയർ സ്റ്റേഷൻ, സൂപ്പർ മാർക്കറ്റുകൾ, കഫേകൾ, ബാസ്കറ്റ്ബോൾ കോർട്ടുകൾ, ഫുട്ബോൾ കോർട്ടുകൾ എന്നിവയുണ്ട്. നഗരത്തിന് അവരുടേതായ പോലീസിംഗ് സംവിധാനവുമുണ്ട്. ഈ സൗകര്യങ്ങൾ, കണക്കുകൾ പ്രകാരം 2,00,000-4,00,000 ജീവനക്കാരെ സ്വയംപര്യാപ്തരാക്കുന്നു. പ്രതിദിനം 5,00,000 ഐ ഫോണുകളാണ് ഇവിടെനിന്നുമിറങ്ങുന്നത്.
ഇന്ത്യക്കു വളരാനേറെ
വരും വർഷങ്ങളിൽ ഇലക്ട്രോണിക്സ് നിർമാണത്തിൽ, കയറ്റുമതിയിലെ 100 ബില്യണ്‍ ഡോളർ ഉൾപ്പെടെ 300 ബില്യണ്‍ ഡോളറിലെത്തുകയെന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ഈ വിജയം ശക്തമായ സാമൂഹിക അടിസ്ഥാനസൗകര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. സ്കൂളുകൾ, സർവകലാശാലകൾ, ആശുപത്രികൾ, കമ്യൂണിറ്റി ഹൗസിംഗ്, കായിക വിനോദ സൗകര്യങ്ങൾ, പാർക്കുകൾ.
വിനോദ കേന്ദ്രങ്ങൾ, സർക്കാർ സേവനങ്ങൾ, ഓഫീസുകൾ എന്നിവ അടിസ്ഥാന സൗകര്യ ങ്ങളിൽ ഉൾപ്പെടുത്തണം. ചൈന, തായ്വാൻ പോലുള്ള രാജ്യങ്ങളിൽ ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ആൻഡ് സർവീസ് (ഇഎംഎസ്) വിഭാഗത്തിൽ അവരുടെ അസാധാരണമായ വളർച്ചയ്ക്കു കാരണമായത് ഫാക്ടറികൾക്കു ചുറ്റും സൃഷ്ടിക്കപ്പെട്ട ശക്തമായ സാമൂഹിക അടിത്തറയാണ്.
ഇന്ത്യയിൽ പല സംസ്ഥാനങ്ങളും വലിയ വ്യാവസായിക ഹൗസിംഗ് സംവിധാനത്തിനു മുൻകൈ എടുക്കുന്നുണ്ട്. എന്നാൽ ഇതിനൊപ്പം മറ്റ് സേവനങ്ങളും സൗകര്യങ്ങളും വികസിപ്പിക്കേണ്ടതായുണ്ട്.
നിലവിൽ ഫോക്സ്കോണ്‍ ഇഎംഎസ് വിഭാഗത്തിൽ വലിയൊരു നിക്ഷേപവുമായി മുന്നിലുണ്ട്. കന്പനി തമിഴ്നാട്ടിൽ വലിയൊരു ഇൻഡസ്ട്രിയൻ ഹൗസിംഗ് പ്രോജക്ട് ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭം ചെന്നൈക്കു സമീപമുള്ള വല്ലം വഡഗലിലാണ്. ഹൗസിംഗ് പ്രോജക്ടിനൊപ്പം തായ്്വാൻ കേന്ദ്രീകരിച്ചുള്ള സയൻസ് പാർക്കോ ടൗണ്‍ഷിപ്പോ വരുന്നത് ഇന്ത്യയിൽ തായ്വാൻ നിക്ഷേപത്തിനു വഴികാട്ടിയാകും.
ഫോക്സ്കോണിനെപ്പോലുള്ള വലിയ കന്പനികൾക്ക് വിശാലമായ സൗകര്യങ്ങൾ ഒരുക്കാൻ ചൈനയിലെ പ്രാദേശിക സർക്കാർ വലിയ പങ്കാണ് വഹിച്ചത്. വിദേശ കന്പനികൾക്ക് സബ്സിഡി നിരക്കിൽ ഭൂമി വാഗ്ദാനം ചെയ്യുക മാത്രമല്ല അവർ ചെയ്തത്, വിദേശ നിക്ഷേപം നേടുന്നതിന് ധാരാളം സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നിർമാണങ്ങൾ നടത്തുകയും ചെയ്തു. കന്പനികൾക്കു നികുതിയിൽ ഇളവു വരുത്തുകയോ ഒഴിവാക്കുകയോ ചെയ്തതിലൂടെ ഇവരെ ആകർഷിച്ചു.
വാഗ്ദാനങ്ങളുമായി സംസ്ഥാനങ്ങൾ
ചൈനയുടെ പാത പിന്തുടരാൻ ഇന്ത്യൻ സംസ്ഥാനങ്ങളും തയാറാകുകയാണ്. ഫോക്സ് കോണിന് മാത്രമായുള്ള 706 കോടി രൂപയുടെ ഇൻഡസ്ട്രിയൽ ഹൗസിംഗ് പ്രോജക്ടിന് തമിഴ്നാട് സന്നദ്ധരായി. ആദ്യമായാണ് ഒരു ഇന്ത്യൻ സംസ്ഥാനം ഇത്രയും വലിയ തുകയിൽ ഒരു സ്വകാര്യ കന്പനിക്കായി ഹോസ്റ്റൽ പ്രോജക്ട് ഒരുക്കുന്നത്. ഈ മാതൃക ചൈനയിലും വിയറ്റ്നാമിലും വിജയകരമായതാണ്. തമിഴ്നാട്ടിൽ ഇൻഡസ്ട്രിയൽ ടൗണ്‍ഷിപ്പും കന്പനിയുടെ പദ്ധതിയിലുണ്ട്.
‘ഫോക്സ്കോണ്‍ സിറ്റി’ നിർമിക്കാൻ തെലുങ്കാന 2000 ഏക്കർ വാഗ്ദാനം ചെയ്തിട്ടുണ്ട്. കർണാടകയും ആന്ധ്രാപ്രദേശും കന്പനിയെ ആകർഷിക്കാനുള്ള തയാറെടുപ്പിലാണ്. ആന്ധ്രയിൽ ഇൻഡസ്ട്രിയൽ പാർക്കിനായി 2500 ഏക്കറും കർണാടക സപ്ലെയർ പാർക്കിനായി 300 ഏക്കറും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഫോക്സ്കോണ്‍ മാത്രമല്ല ഇന്ത്യയിലെ വലിയ കന്പനികളിലൊന്നായ ടാറ്റ ഇലക്ട്രോണിക്സ്, (ആപ്പിൾ ഫോണ്‍ നിർമാണത്തിൽ കന്പനിയുമായി കരാറുള്ള ഏക ഇന്ത്യൻ സ്ഥാപനം) ഹൊസൂരിൽ ഫാക്ടറി വികസിപ്പിക്കുന്നതിനൊപ്പം ആധുനിക ടൗണ്‍ഷിപ് വികസിപ്പിക്കാൻ അക്ഷീണ പരിശ്രമത്തിലാണ്. സംസ്ഥാന സർക്കാരുമായി സഹകരിച്ച് ടാറ്റ ട്രൂപ്പ് വലിയൊരു ഇൻഡസ്ട്രിയൽ ഹൗസിംഗ് സൗകര്യം നിർമിക്കുകയാണ്. ഇവിടെ ഹെൽത്ത് കെയർ, ക്രെഷ്, കൊമേഴ്സ്യൽ സ്ഥാപനങ്ങൾ തുടങ്ങി ചില അടിസ്ഥാന സാമൂഹിക സൗകര്യങ്ങളുമുണ്ടാകും.
വനിതകൾക്കു തൊഴിൽ ഒരുക്കുന്ന ഒരു മേഖലയിൽ മികച്ച അടിസ്ഥാന സാമൂഹിക സൗകര്യങ്ങൾ നൽകുന്നത് തൊഴിൽ ശക്തിയിൽ സ്ത്രീപങ്കാളിത്തം കൂടുതൽ ഉറപ്പാക്കും. വിദൂര ഗ്രാമങ്ങളിൽനിന്നോ പട്ടണങ്ങളിൽനിന്നോ വരുന്നവർക്ക് ഹൗസിംഗ്, ആരോഗ്യസുരക്ഷ, ചൈൽഡ്കെയർ, യാത്രാസൗകര്യങ്ങൾ എന്നിവ ഒരുക്കുന്നത് ഇത്തരം ജീവനക്കാരെ നിലനിർത്തുന്നതും അവരെ പിന്തുണയ്ക്കുന്നതുമാകും.
വലിയ കന്പനികൾക്ക് ഭൂമി വാഗ്ദാനം ചെയ്യാൻ സംസ്ഥാനങ്ങൾ തയാറാകുന്നത് നല്ലൊരു തുടക്കമാണ്. ഇനിയും ഒരുപാട് ചെയ്യേണ്ടതുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നിർമാണകേന്ദ്രങ്ങൾക്കു സമീപം സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് ഇന്ത്യയുടെ ഉത്പാദന ആവശ്യങ്ങൾ നിർവഹിക്കുന്നതിനും തുടർച്ചയായ നിക്ഷേപത്തിനും സഹായിക്കും ഇതിലൂടെ ലോകത്തെ പ്രധാന ഇലക്ട്രോണിക്സ് വിതരണക്കാരെന്ന ലക്ഷ്യത്തിലേക്കെത്താനും ഇന്ത്യക്കു സാധിക്കും.