വിലയും പലിശയും ഒരു പോരും
റ്റി.സി. മാത്യു
Thursday, November 21, 2024 12:43 AM IST
വിഷയം താത്വികമാണ്. സൈദ്ധാന്തിക പോരാട്ടം ഏറെ നടക്കുന്ന വിഷയം. വിലക്കയറ്റം നിയന്ത്രിക്കുന്നതാണോ വളർച്ച പ്രോത്സാഹിപ്പിക്കുന്നതാണോ പ്രധാനം? വിലക്കയറ്റം അധികം പാടില്ല. വളർച്ച ഉയർന്നുനിൽക്കണം. അതാണ് എല്ലാവർക്കും ഇഷ്ടം. പക്ഷേ, ഇഷ്ടങ്ങളെല്ലാം ഇഷ്ടംപോലെ നടന്നുകിട്ടില്ല. അതു യാഥാർഥ്യം.
സമീപ ആഴ്ചകളിൽ ഈ വിഷയം വീണ്ടും ചൂടുപിടിച്ചു. ഒക്ടോബറിലെ ചില്ലറ വിലക്കയറ്റം 6.21 ശതമാനമായി ഉയർന്നതാണ് വിവാദത്തിലേക്കു വഴി തുറന്നത്. 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കു വിലക്കയറ്റം കുതിച്ചുകയറി. പച്ചക്കറികൾ അടക്കം ഭക്ഷ്യവിലയിലെ വലിയ ചാട്ടമാണ് നിരക്ക് ഇത്രയും കയറാൻ കാരണം.
പലിശ കുറയില്ല
വിലക്കയറ്റം ഇത്രയുമായപ്പോൾ ഒരു കാര്യം കൂടി വ്യക്തമായി. ഡിസംബർ 4,5,6 തീയതികളിൽ നടക്കുന്ന റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി (എംപിസി) യോഗം പലിശനിരക്ക് (റീപോ നിരക്ക്) കുറയ്ക്കാനിടയില്ല. സെപ്റ്റംബറിൽ യുഎസ് ഫെഡറൽ റിസർവ് അവരുടെ ഫെഡ് ഫണ്ട്സ് റേറ്റ് അര ശതമാനം കുറച്ചപ്പോൾ മുതൽ ഇന്ത്യയിലും നിരക്കു കുറയ്ക്കൽ മോഹം വളർന്നതാണ്. എന്നാൽ, വിലക്കയറ്റക്കുതിപ്പ് ആ മോഹത്തിനു തിരിച്ചടിയായി. ഒരു ഡസനിലേറെ രാജ്യങ്ങളിലും യൂറോപ്പിലും ഒന്നോ രണ്ടോ തവണ പലിശ കുറച്ചിട്ടുണ്ട്.
റിസർവ് ബാങ്കിനു പാർലമെന്റ് നിയമപ്രകാരം നൽകിയിരിക്കുന്ന ചുമതല വിലക്കയറ്റം നിയന്ത്രിച്ചു നിർത്തിക്കൊണ്ട് വളർച്ച ഉറപ്പാക്കുക എന്നതാണ്. വിലക്കയറ്റം നാലു ശതമാനത്തിൽ ഒതുക്കണം. അതിൽനിന്നു രണ്ടു ശതമാനം കൂടുകയോ കുറയുകയോ ചെയ്യാം. അതായത്, രണ്ടു ശതമാനത്തിനും ആറു ശതമാനത്തിനും ഇടയിലാകണം വിലക്കയറ്റം. ഈ സഹനപരിധിക്കു മുകളിലാണ് ഇപ്പോൾ വിലക്കയറ്റം. അതിനാൽ പലിശ കുറയ്ക്കൽ നടക്കില്ല എന്നായി. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അതു കുറേദിവസം മുന്പ് പറയുകയും ചെയ്തു; ഭക്ഷ്യവിലക്കയറ്റം വരുതിയിലാകാതെ പലിശ കുറയ്ക്കാൻ പറ്റില്ല എന്ന്.
അപ്രതീക്ഷിതം
അത്രയുമെല്ലാം പ്രതീക്ഷ പോലെ നടന്നു. പക്ഷേ തുടർന്നു നടന്നത് അപ്രതീക്ഷിതമായി. നരേന്ദ്ര മോദി സർക്കാരിൽനിന്ന് ഇതുവരെ ഉണ്ടാകാത്തതും പ്രതീക്ഷിക്കാത്തതുമായ തരം പ്രതികരണമാണു പിന്നീട് സർക്കാരിൽനിന്നുണ്ടായത്.
ഈ മാസം 14ന് മുംബൈയിൽ "സിഎൻബിസി ടിവി 18' സംഘടിപ്പിച്ച സെമിനാറിൽ ഗവർണർ ദാസ് ഇരുന്ന വേദിയിൽ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ റിസർവ് ബാങ്ക് നയത്തെ നിശിതമായി വിമർശിച്ചു. അദ്ദേഹം പറഞ്ഞു: ""റിസർവ് ബാങ്ക് പലിശ കുറയ്ക്കണം; സാമ്പത്തികവളർച്ചയ്ക്ക് ഒരു പ്രചോദനം നൽകണം.'' അദ്ദേഹം തുടർന്നു പറഞ്ഞു:
""വിലക്കയറ്റ നിയന്ത്രണത്തിനു ഭക്ഷ്യവിലയുമായി ബന്ധമില്ല; സർക്കാരും പണനയ രൂപീകരണക്കാരും ചർച്ച ചെയ്ത് വിലക്കയറ്റ കണക്കിൽ ഭക്ഷ്യവില പെടുത്തണോ എന്നു തീരുമാനിക്കണം.''
രാജ്യത്തെ വ്യവസായ മേഖലയുടെ ശബ്ദമാണു ഗോയലിലൂടെ വന്നത് എന്നതിൽ ആർക്കും സംശയമില്ലായിരുന്നു. എങ്കിലും റിസർവ് ബാങ്ക് ഗവർണറെ ഇരുത്തിക്കൊണ്ട് ഒരു മുതിർന്ന മന്ത്രി ഇതു പറഞ്ഞതിൽ പലരും അനൗചിത്യം കണ്ടു.
വിമർശിക്കാൻ നിർമലയും
അതേ വേദിയിൽ പിന്നീടു പ്രസംഗിച്ച ദാസ് വിമർശനത്തെ പരാമർശിച്ചില്ലെങ്കിലും നയം വ്യക്തമാക്കി. വിലസ്ഥിരത, ധനകാര്യ സ്ഥിരത, സുസ്ഥിര വളർച്ച എന്നീ മൂന്നു കാര്യങ്ങൾ സംയോജിപ്പിച്ചുള്ള നയമാണു റിസർവ് ബാങ്കിന്റേത് എന്നു ദാസ് എടുത്തുപറഞ്ഞു. വിലക്കയറ്റത്തിന്റെ മറ്റൊരു ആഘാതംകൂടി സമ്പദ്ഘടനയ്ക്കു താങ്ങാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് സമീപനം മാറ്റുകയില്ല എന്നു ചുരുക്കം.
അഞ്ചു ദിവസം കഴിഞ്ഞ് 19ന് ധനമന്ത്രി നിർമല സീതാരാമൻ ഇതേ വിഷയം വീണ്ടും ഉന്നയിച്ചു. ""രാജ്യത്തു ബാങ്കു പലിശകൾ താങ്ങാവുന്ന നിലയിലല്ല. അതു കുറയ്ക്കണം; എങ്കിലേ പുതിയ വ്യവസായങ്ങൾ തുടങ്ങാനും ഉള്ളവ നല്ലതാക്കാനും പറ്റൂ.'' ഭക്ഷ്യവില ചില്ലറവിലക്കയറ്റ കണക്കിൽ പെടുത്തണോ എന്ന വിവാദത്തിലേക്കു താൻ കടക്കുന്നില്ല എന്നു പറഞ്ഞ മന്ത്രി തന്റെ അനുഭാവം എവിടെയാണെന്നതു പറയാതെ പറഞ്ഞു.
രാജ്യത്തെ ധനകാര്യ സംവിധാനത്തിന്റെ നിയന്ത്രണം കൈയാളുന്ന സ്ഥാപനത്തെ മന്ത്രിസഭാംഗങ്ങൾ പരസ്യമായി വിമർശിച്ചത് ഒട്ടും സ്വീകാര്യമല്ലാത്ത കാര്യമായാണ് വിവേകമതികൾ കാണുന്നത്.
എന്തുകൊണ്ട് ഇപ്പോൾ?
എന്തുകൊണ്ട് ഇപ്പോൾ ഈ വിവാദം? ഗവർണർ ദാസിന്റെ കാലാവധി പൂർത്തിയാകുന്നതുമായി ഇതിനു ബന്ധമുണ്ടോ? അതോ സാമ്പത്തികമായി വിവേകരഹിതമായ ഒരു തീരുമാനത്തിനു ഗവർണറുടെമേൽ സർക്കാർ സമ്മർദം ചെലുത്തുകയാണോ? ഇനി ഡിസംബർ ആറിന് ദാസ് റീപോ നിരക്ക് കുറച്ചാൽ അതു മന്ത്രിമാരുടെ ഭീഷണി മൂലമാണ് എന്ന പേരുദോഷം ഉണ്ടാകില്ലേ? അതു റിസർവ് ബാങ്കിനും സർക്കാരിനും നല്ലതല്ലല്ലോ. അപ്പോൾ ഈ വിവാദം എന്തിനായിരുന്നു?
2018 ഡിസംബർ 12ന് റിസർവ് ബാങ്ക് ഗവർണറായ ദാസിന് 2021ൽ നീട്ടി നൽകിയ കാലാവധി ഈ ഡിസംബർ 12ന് അവസാനിക്കും. ഇനി കാലാവധി നീട്ടിനൽകില്ല എന്നാണോ മന്ത്രിമാർ പറയാതെ പറഞ്ഞത്? എന്നാൽ, ഇതിനുശേഷം പേരു പറയാത്ത സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ചു വന്ന റിപ്പോർട്ടുകൾ ദാസിനു കാലാവധി നീട്ടി നൽകും എന്നാണ്.
മുൻകൂർ ജാമ്യമോ?
അപ്പോൾ ഈ വിവാദം ഒരു മുൻകൂർ ജാമ്യമെടുക്കലാണോ എന്നും സംശയിക്കണം. നവംബർ 30നു രണ്ടാംപാദ ജിഡിപി കണക്കു വരുമ്പോൾ പ്രതീക്ഷയിലും ഗണ്യമായി കുറവാകും വളർച്ച. ഒന്നാം പാദത്തിൽ 6.7 ശതമാനം മാത്രമായിരുന്നു വളർച്ച. 7.4 ശതമാനത്തിലധികം പ്രതീക്ഷിച്ചതാണ്. കഴിഞ്ഞ സാമ്പത്തികവർഷം ഒന്നാം പാദത്തിൽ 8.2 ശതമാനം വളർന്നിരുന്നു. ഇക്കൊല്ലം ആദ്യപാദ വളർച്ച കുറഞ്ഞത് തെരഞ്ഞെടുപ്പ് മൂലമാണെന്നു വ്യാഖ്യാനിച്ചു രക്ഷപ്പെട്ടു. രണ്ടാം പാദത്തിൽ അങ്ങനെയൊന്നും പറയാനില്ല. എന്നു മാത്രമല്ല, ഈ വർഷം റിസർവ് ബാങ്ക് കണക്കാക്കുന്ന 7.2 ശതമാനമോ ഗവൺമെന്റ് പ്രതീക്ഷിക്കുന്ന ഏഴു ശതമാനമോ സാധ്യമാകില്ല എന്ന് ഉറപ്പാകുകയും ചെയ്യും. അതെല്ലാം റിസർവ് ബാങ്കിന്റെ നയം മൂലമാണെന്നു വരുത്തിവയ്ക്കാനാണോ വിവാദം ഉയർത്തിയത് എന്നും സംശയിക്കാം. തന്നെ ചാരി സർക്കാർ രക്ഷപ്പെടുന്നതിനു ദാസ് വഴങ്ങുകയും ചെയ്തിരിക്കാം. അങ്ങനെയെങ്കിൽ അതിനു പ്രതിഫലമാണു കാലാവധി നീട്ടിക്കിട്ടൽ എന്നു കരുതേണ്ടിവരും.
മുൻപും പോരുകൾ
റിസർവ് ബാങ്ക് ഗവർണർമാരും ഗവൺമെന്റും തമ്മിൽ പലിശക്കാര്യത്തിൽ പോര് പുതിയ കാര്യമല്ല. 2012ൽ വളർച്ച കുറഞ്ഞുനിന്ന സമയത്തു പലിശ കുറയ്ക്കാത്ത റിസർവ് ബാങ്ക് ഗവർണർ ഡോ. ഡി. സുബ്ബറാവുവിനെ അന്നത്തെ ധനമന്ത്രി പി. ചിദംബരം വിമർശിച്ചിരുന്നു. റിസർവ് ബാങ്ക് സഹകരിച്ചില്ലെങ്കിൽ താൻ ഒറ്റയ്ക്ക് വളർച്ച കൂട്ടാൻ നടപടി എടുക്കുമെന്ന വീമ്പും മുഴക്കി. അന്ന് റീപോ നിരക്ക് 6.75 ശതമാനമായിരുന്നു. പിറ്റേ വർഷം നിരക്ക് 7.25 ശതമാനമാക്കിയിട്ടാണു സുബ്ബറാവു വിരമിച്ചത്.
സുബ്ബറാവുവിന്റെ അഞ്ചു വർഷ കാലയളവിൽ ചില്ലറ വിലക്കയറ്റം 9.8 ശതമാനമായിരുന്നു. പിന്നീടു വന്ന രഘുറാം രാജൻ 2014 ആദ്യം നിരക്ക് എട്ടു ശതമാനമായി കൂട്ടി. 2015ലാണ് അതു കുറച്ചുതുടങ്ങിയത്. വെെ.വി. റെഡ്ഡിയുടെ (2003-08) കാലത്തും ഇതേ വിഷയത്തിൽ വിവാദങ്ങൾ ഉണ്ടായിരുന്നു.
വില കുറയ്ക്കേണ്ടതു സർക്കാർ തന്നെ
ഇനി വിഷയത്തിന്റെ താത്വിക വശം നോക്കാം. ഭക്ഷ്യവില കൂടുന്നതു പ്രധാനമായും ലഭ്യതയിൽ പ്രശ്നം ഉണ്ടാകുമ്പോഴാണ്. ഉത്പാദനക്കുറവോ പൂഴ്ത്തിവയ്പോ ഒക്കെയാകാം കാരണം. പണനയംകൊണ്ട് അതു നിയന്ത്രിക്കുന്നതിനു പരിധിയുണ്ട്. പലിശ കൂട്ടി ഉള്ളിയുടെയും കിഴങ്ങിന്റെയും വില കുറയ്ക്കാൻ പറ്റില്ല എന്ന് എല്ലാവർക്കും അറിയാം. പണനയം അയച്ചുവിട്ട്, പലിശ കുറച്ചാൽ വീണ്ടും വിലക്കയറ്റം രൂക്ഷമാകുകയേ ഉള്ളൂ. പലിശ കുറയ്ക്കുന്നത് ഊഹക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്നതു മൂലമാണിത്.
ഭക്ഷ്യവില നിയന്ത്രിക്കേണ്ടതു ഗവൺമെന്റ് തന്നെയാണ്. വിപണിയിൽ ഉത്പന്നലഭ്യത ഉറപ്പാക്കിയാൽ പലിശ നോക്കിനിൽക്കേണ്ട കാര്യം വരില്ല. സ്വന്തം ചുമതല യഥാവിധി നിറവേറ്റാതെ വരുമ്പോഴാണു കേന്ദ്രബാങ്കുമായി ഗുസ്തിക്കു പോകാൻ തോന്നുന്നത്.
ഇപ്പോൾ ചില്ലറവിലസൂചികയിൽ 46 ശതമാനം പങ്ക് ഭക്ഷ്യസാധനങ്ങൾക്കുണ്ട്. ഒരു ദശകത്തിനു മുൻപ് തയാറാക്കിയതാണ് സൂചിക. ഇന്നു ഭക്ഷ്യത്തിന് അത്രയും സ്ഥാനമില്ല. അതു തിരുത്തേണ്ടതുണ്ട്. പക്ഷേ, ഭക്ഷ്യവില പെടുത്താതെ വിലസൂചിക ഉണ്ടാക്കിയാൽ യഥാർഥ വിലക്കയറ്റം അറിയാതെ പോകും.