ദയാവധം: ധാര്‍മികതയും നൈയാമികതയും
ഡോ. ജെയിംസ് മാത്യു പാമ്പാറ സിഎംഐ
Wednesday, November 20, 2024 2:37 AM IST
രോഗാധിക്യം മൂലം ശയ്യാവലംബിയായ ഒരു വ്യക്തിയെ, രോഗാവസ്ഥയുടെ പ്രത്യേകതകള്‍ പരിഗണിക്കുമ്പോള്‍ ഇനിയൊരു സൗഖ്യത്തിനുള്ള സാധ്യതയില്ലെന്നുള്ള തിരിച്ചറിവിന്റെയോ വിലയിരുത്തലിന്റെയോ പശ്ചാത്തലത്തില്‍, വേദനയുടെ ലോകത്തുനിന്ന് വിമോചിപ്പിക്കുന്നു എന്ന വ്യാജേന ആ ആളോടുള്ള ഒരു കാരുണ്യപ്രവൃത്തിയെന്ന വിശദീകരണത്തോടുകൂടി വധിക്കുന്നതോ മരണത്തിന് വിട്ടുകൊടുക്കുന്നതോ ആണ് ദയാവധം. ദയാവധം രണ്ടുതരമുണ്ട്; നേരിട്ടുള്ളതും നേരിട്ടല്ലാത്തതും. നേരിട്ടുള്ള ദയാവധം മരണത്തിന് കാരണമാകുന്ന വിഷം കുത്തിവച്ച് രോഗിയെ കൊല്ലുന്നതാണ്. നേരിട്ടല്ലാത്ത ദയാവധം രോഗിയുടെമേല്‍ ഘടിപ്പിച്ചിരിക്കുന്ന യന്ത്രസാമഗ്രികള്‍, രോഗിക്ക് നല്കിക്കൊണ്ടിരിക്കുന്ന മരുന്ന്, ഭക്ഷണം എന്നിവ പിന്‍വലിച്ച് രോഗിയെ മരണത്തിലേക്കു നയിക്കുന്നതാണ്. ഓഗസ്റ്റില്‍ സുപ്രീംകോടതി ഈ വിഷയത്തില്‍ പുറപ്പെടുവിച്ച ഒരു തീരുമാനവും അതിനെപ്പറ്റി മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളും പലരുടെയും തെറ്റിദ്ധാരണകള്‍ക്ക് കാരണമായി. ഇന്ത്യയില്‍ ദയാവധം സുപ്രീംകോടതി നിയമവിധേയമാക്കിയെന്ന ചിന്ത പരക്കാന്‍ അതു കാരണമായി. ഈ പശ്ചാത്തലത്തില്‍ കോടതിവിധിയുടെ അന്തഃസത്തയും ദയാവധത്തിന്റെ ധാര്‍മികതയും പരിശോധിക്കപ്പെടേണ്ടതുണ്ട്.
സുപ്രീംകോടതി വിധി
ദയാവധ സംബന്ധമായി ഇന്ത്യയിലെ സുപ്രീംകോടതി പലതവണ പ്രസക്തമായ വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതിലേറ്റവും അവസാനത്തേതാണ് 2024 ഓഗസ്റ്റ് 20ന് ചീഫ് ജസ്റ്റീസിന്റെ മൂന്നംഗ ബെഞ്ചിന്റെ വിധി. മുപ്പതുകാരനായ ഹരീഷ് റാണയെ സംബന്ധിച്ചതാണ് കേസ്. അദ്ദേഹം 19-ാം വയസില്‍ നാലുനില കെട്ടിടത്തില്‍നിന്നു വീണ് ദേഹമാസകലം തളര്‍ന്ന് 11 വര്‍ഷമായി ശയ്യാവലംബിയായി കിടക്കുന്നു. ജീവിതകാലം മുഴുവനും ആ അവസ്ഥയില്‍ത്തന്നെ തുടരേണ്ടിവരുമെന്ന് വൈദ്യശാസ്ത്രം വിലയിരുത്തിയതിനാല്‍, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അദ്ദേഹത്തിന് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ടു ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
ഹർജി കോടതി തള്ളിക്കളഞ്ഞു. തുടർന്നാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്കു വന്നത്. ഹരീഷ് ജീവന് നിലനിര്‍ത്തുന്നത് യന്ത്രസാമഗ്രികളുടെ സഹായത്താലല്ലെന്നും അതിനാല്‍ത്തന്നെ, അദ്ദേഹത്തിന് നേരിട്ടല്ലാത്ത ദയാവധം സാധ്യമല്ലെന്നും കോടതി നിരീക്ഷിച്ചു. നേരിട്ടുള്ള ദയാവധം വിഷം കുത്തിവച്ചുള്ള കൊലപാതകത്തിന് തുല്യമായതിനാല്‍ അനുവദിക്കാനാവില്ലെന്നുള്ള ഹൈക്കോടതി വിധി സുപ്രീംകോടതി അംഗീകരിച്ചു.
ഹരീഷിന്റെ മാതാപിതാക്കളുടെ വാദം, അവര്‍ പ്രായാധിക്യത്താല്‍ മകനെ നോക്കാനുള്ള അവസ്ഥയിലല്ലെന്നും അതിനാല്‍ അന്തസോടെ ജീവിക്കാനുള്ള അവകാശം ഹരീഷിന് സാധ്യമല്ലാത്തതിനാല്‍, അന്തസോടെ മരിക്കാന്‍ അദ്ദേഹത്തെ അനുവദിക്കണമെന്നുമായിരുന്നു. സുപ്രീംകോടതി പറഞ്ഞത്, ഹരീഷിന് യന്ത്രസഹായമില്ലാതെ ജീവിക്കാമെന്നതിനാല് അയാളെ ദയാവധത്തിന് വിട്ടുകൊടുക്കാനാവില്ലെന്നും മാതാപിതാക്കള്‍ക്ക് ഹരീഷിനെ നോക്കാന്‍ സാധിക്കില്ലെങ്കില്‍ മറ്റു പോംവഴികള്‍ തേടാന്‍ ഗവണ്മെന്റ് ഇടപെടണമെന്നുമായിരുന്നു.
ഹൈക്കോടതിയും സുപ്രീംകോടതിയും ഒരേ സ്വരത്തില്‍ പറഞ്ഞ കാര്യം ഹരീഷ് ജീവന് നിലനിര്‍ത്തുന്നത് യന്ത്രസാമഗ്രികളുടെ സഹായത്താലല്ല എന്നതിനാല്‍ ഈ അപേക്ഷ അനുവദിക്കാനാവില്ല എന്നതായിരുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, യന്ത്രസാമഗ്രികളുടെ സഹായത്താല്‍ മാത്രം ജീവന് നിലനിര്‍ത്തുന്ന സാഹചര്യത്തില്‍, രോഗി മരിക്കുമെന്നറിഞ്ഞിട്ടും അവ എടുത്തുമാറ്റുന്നത് നേരിട്ടല്ലാത്ത ദയാവധത്തിന്റെ പരിധിയില്‍ വരുന്നതായതിനാല്‍ ചില നിബന്ധനകള്‍ പാലിച്ചുകൊണ്ട് ഇന്ത്യയില്‍ നൈയാമികമായി നടപ്പിലാക്കാവുന്നതാണ് എന്നതുതന്നെ.കൊടുക്കാമായിരുന്ന ചികിത്സ നല്കാതിരിക്കുന്നതും ഈ ഗണത്തില്‍ വരും.
നേരിട്ടല്ലാത്ത ദയാവധം ഇന്ത്യയില്‍ നിയമവിധേയമാക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി ഉണ്ടായത് 2018 മാര്‍ച്ച് ഒമ്പതിനാണ്. 500ല്‍ പരം പേജുള്ള ഈ വിധിന്യായത്തില്‍ നേരിട്ടല്ലാത്ത ദയാവധം നൈയാമികമായി നടപ്പില്‍ വരുത്തുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങളും വിശദമായി നല്‍കിയിട്ടുണ്ട്. എന്നാല്‍, 2023 ജനുവരി 24ന്, ജസ്റ്റീസ് കെ.എം. ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഈ നടപടിക്രമങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുകയും ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്. നേരിട്ടുള്ള ദയാവധം നിയമവിരുദ്ധവും നരഹത്യക്ക് തുല്യവുമായി കരുതുന്ന സുപ്രീംകോടതി നേരിട്ടല്ലാത്ത ദയാവധം ചില നിബന്ധനകള്‍ക്ക് വിധേയമായി അംഗീകരിച്ചിരിക്കുന്നു.
കത്തോലിക്കാ സഭയുടെ പഠനങ്ങളില്‍
ജീവന് ദൈവത്തിന്റെ ഏറ്റവും വലിയ ദാനങ്ങളിലൊന്നാണ്. സ്വന്തജീവന്‍ സംരക്ഷിക്കാനും പരിപാലിക്കാനും ഓരോ വ്യക്തിക്കും കടമയുണ്ട്. സ്വന്തജീവന്‍ സ്വയം ഉപേക്ഷിക്കുന്ന ആത്മഹത്യയും മറ്റുള്ളവരുടെ ജീവനെടുക്കുന്ന കൊലപാതകവും പാപംതന്നെയാണ് കത്തോലിക്കാ സഭയുടെ പഠനങ്ങളില്‍. ആത്മഹത്യയിലെ പാപത്തിന്റെ ഗൗരവം ആളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നു മാത്രം. അതുപോലെ തന്നെയാണ് കൊലപാതകമല്ലാത്ത നരഹത്യകളും. നരഹത്യകളില്‍, സ്വയരക്ഷാര്ഥമോ തന്റെ സംരക്ഷണത്തിന് ഏല്‍പ്പിക്കപ്പെട്ടവരുടെ രക്ഷാര്ഥമോ ഉള്ള പ്രവര്‍ത്തനത്തില്‍ കൊല്ലുക എന്ന ഉദ്ദേശ്യമില്ലാത്ത അവസരങ്ങളില്‍ പാപം ഉണ്ടാകണമെന്നില്ല. എന്നാല്‍, നരഹത്യ ശിക്ഷാര്‍ഹമായ കുറ്റമായാണ് കാനന്‍ നിയമം പരിഗണിക്കുക.
പൗരസ്ത്യ കാനോന സംഹിതയിലെ 1450-ാം കാനോനയുടെ ഒന്നാം ഖണ്ഡിക ഇങ്ങനെ അനുശാസിക്കുന്നു: “നരഹത്യ നടത്തിയിട്ടുള്ള ഒരാളെ വലിയ മഹറോന്‍ ശിക്ഷയില്‍പ്പെടുത്തേണ്ടതാണ്; ഇതിനുംപുറമെ, ഒരു വൈദികശുശ്രൂഷി സ്ഥാനഭ്രഷ്ടനാക്കപ്പെടല്പോലും ഒഴിവാക്കാതെതന്നെ മറ്റ് ശിക്ഷകളാലും ശിക്ഷിക്കപ്പെടേണ്ടതാണ്.” എല്ലാ കൊലപാതകങ്ങളും നരഹത്യയാണ്. എന്നാല്‍, എല്ലാ നരഹത്യകളും കൊലപാതകങ്ങളുടെ ഗണത്തില്‍ വരില്ല. കൊലപാതകം എന്ന കുറ്റത്തില്‍ കൊല്ലാനോ ഉപദ്രവിക്കാനോ ഉള്ള ഉദ്ദേശ്യവും അതുപോലെതന്നെ മുന്‍കൂട്ടിയുള്ള തീരുമാനവും ആസൂത്രണവും പ്രധാന ഘടകങ്ങളാണെങ്കില്‍ നരഹത്യയില്‍ ഇവയൊന്നും ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും നേരിട്ടുള്ള ദയാവധം നരഹത്യയായാണ് നിയമത്തിന്റെ മുമ്പില്‍ കണക്കാക്കപ്പെടുക.
നേരിട്ടല്ലാത്ത ദയാവധം സംബന്ധിച്ച് കത്തോലിക്കാ സഭയുടെ ധാര്‍മിക ദൈവശാസ്ത്രം പഠിപ്പിക്കുന്നതും ഇന്ത്യന്‍ സുപ്രീംകോടതിയുടെ വിധിയിലെ വ്യവസ്ഥകളും തമ്മിലും വ്യത്യാസമുണ്ട്. കത്തോലിക്കാ സഭയുടെ പഠനമനുസരിച്ച് നേരിട്ടല്ലാത്ത ദയാവധവും അനുവദനീയമല്ല. ഒരു വ്യക്തിക്ക് രക്ഷപ്പെടാന്‍ സാധ്യതകളൊന്നുമില്ലെങ്കില്‍ അസാധാരണമായ വൈദ്യചികിത്സ നല്‍കാനുള്ള യാതൊരു കടമയും ബന്ധപ്പെട്ടവര്‍ക്കില്ല. അതായത്, രക്ഷപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗികളെ വെന്റിലേറ്ററില്‍ കിടത്തി യന്ത്രസാമഗ്രികള്‍ ഘടിപ്പിച്ച് കൃത്രിമശ്വാസം നല്കി ജീവന് നീട്ടിക്കൊണ്ടുപോകാന്‍ ധാര്‍മികമോ നൈയാമികമോ ആയ യാതൊരു കടമയുമില്ല. എന്നാല്‍, അങ്ങനെയുള്ള യന്ത്രസാമഗ്രികളാല്‍ ഘടിപ്പിക്കപ്പെട്ട ഒരു രോഗിയെ, അയാളുടെ ആഗ്രഹപ്രകാരമോ അല്ലാതെയോ, അതായത് അയാള്‍ക്കുവേണ്ടി സമ്മതപത്രം നല്കാന് അധികാരപ്പെട്ട ആളുടെ സമ്മതത്തോടുകൂടിയോ ആ യന്ത്രങ്ങളില്‍നിന്ന് വിച്ഛേദിക്കാന്‍ അനുവാദമില്ല. കാരണം, അത് അറിഞ്ഞുകൊണ്ട് ഒരു മനുഷ്യജീവനെ മരണത്തിന് വിട്ടുകൊടുക്കുന്നതിന് തുല്യമാണ്. എന്നാല്‍, ഇന്ത്യന്‍ സുപ്രീംകോടതി, ഇങ്ങനെ യന്ത്രസഹായത്താല്‍ മാത്രം ജീവിക്കുന്ന രോഗിയെ യന്ത്രസഹായത്തില്നിന്ന് വിടുവിച്ച് മരിക്കാന്‍, രോഗിയോ, രോഗിയുടെ ഹിതമറിയുന്ന വ്യക്തിയോ ആഗ്രഹിക്കുമ്പോള്‍ അനുവദിക്കുന്നുണ്ട്. നേരിട്ടുള്ളതോ നേരിട്ടല്ലാത്തതോ ആയ ദയാവധം ധാര്‍മികമായി തെറ്റാണെന്ന് കത്തോലിക്കാ സഭ പഠിപ്പിക്കാനുള്ള കാരണം, ദയാവധം ഏതെങ്കിലും കാരണത്താല്‍ നൈയാമികമാണെന്നു വന്നാല്‍, രോഗിക്ക് തുടര്‍ന്നും ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും മറിച്ചൊരു തീരുമാനമെടുക്കാന്‍ ആളും അയാളുടെ പ്രിയപ്പെട്ടവരും നിര്‍ബന്ധിക്കപ്പെട്ടേക്കാം എന്നതുകൊണ്ട് കൂടിയാണ്.
ജീവന് സംരക്ഷിക്കുക എന്നത് മനുഷ്യന്റെ ഒരു വലിയ ദൗത്യമാണ്. അതിനോട് ചേര്‍ന്നു പോകുന്നതാണ് അന്തസോടെ ജീവിക്കാനും അന്തസോടെ മരിക്കാനുമുള്ള ഓരോ വ്യക്തിയുടെയും അവകാശവും. രോഗാവസ്ഥ പരിഗണിക്കുമ്പോള്‍ യന്ത്രസാമഗ്രികളുമായി ഘടിപ്പിച്ചുള്ള ചികിത്സകൊണ്ട് രോഗിയുടെ ജീവിതദൈര്‍ഘ്യം അല്പംകൂടി കൂട്ടാമെന്നല്ലാതെ, പിന്നീട് യന്ത്രസാമഗ്രികളില്നിന്ന് രോഗിയെ വിഘടിപ്പിക്കുമ്പോള്‍ ആള് മരിക്കുമെന്ന് വ്യക്തമാകുന്ന സാഹചര്യത്തില്‍, ആ ചികിത്സ അസാധാരണ വൈദ്യചികിത്സയായി കരുതി അത് ഒഴിവാക്കാവുന്നതാണ്.
ഇന്നത്തെ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ വെന്റിലേറ്ററിലാക്കിയുള്ള പല ചികിത്സകളും ഒരുപക്ഷേ ഇങ്ങനെ ഒഴിവാക്കി രോഗിയെ വീട്ടിലേക്ക് പറഞ്ഞുവിട്ട് ഉറ്റവരുടെ സ്നേഹവലയത്തില്‍ മരിക്കാന്‍ അനുവദിക്കുകയോ അവര്‍ക്ക് ആശുപത്രിയില്‍തന്നെ വേദനസംഹാരികൾ കൊടുത്ത് പാലിയേറ്റീവ് കെയര്‍ നല്‍കുകയോ ചെയ്യുന്നതാണ് ഉത്തമം.