55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് ഗോവയിൽ തുടക്കം
അശ്വിനി വൈഷ്ണവ്
Wednesday, November 20, 2024 2:34 AM IST
ഇന്നു നമ്മുടെ ഉള്ളടക്ക സ്രഷ്ടാക്കൾ വെറും കഥപറച്ചിലുകാർ മാത്രമല്ല; ഇന്ത്യയുടെ സ്വത്വം രൂപപ്പെടുത്തുകയും ആഗോള വേദിയിൽ അതിന്റെ ചലനാത്മകത പ്രദർശിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രനിർമാതാക്കൾ കൂടിയാണ് അവർ. 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് ഗോവയിൽ തുടക്കമാകുമ്പോൾ, ‘യുവ ചലച്ചിത്ര പ്രവർത്തകർ - ഇപ്പോഴാണു ഭാവി’ എന്ന പ്രമേയത്തിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്ത എട്ട് ദിവസങ്ങളിൽ നൂറുകണക്കിനു സിനിമകൾ പ്രദർശിപ്പിക്കും.
മേഖലയിലെ പ്രമുഖർ നയിക്കുന്ന പ്രത്യേക സെഷനുകളുണ്ടാകും. മാത്രമല്ല, ആഗോള ചലച്ചിത്രമേഖലയിലെ മികച്ച പ്രതിഭകളെ ആദരിക്കുകയും ചെയ്യും. ആഗോള-ഇന്ത്യൻ ചലച്ചിത്ര മികവിന്റെ ഈ സംയോജനം, നവീകരണത്തിന്റെയും തൊഴിലിന്റെയും സാംസ്കാരിക നയതന്ത്രത്തിന്റെയും ശക്തികേന്ദ്രമായി ഇന്ത്യയുടെ സർഗാത്മക സമ്പദ്വ്യവസ്ഥയെ അടിവരയിടുന്നു.
വികസിക്കുന്ന ചക്രവാളം
ഇന്ത്യയുടെ സർഗാത്മക സമ്പദ്വ്യവസ്ഥ 30 ശതകോടി ഡോളർ വ്യവസായമായി ഉയർന്നുവന്നിട്ടുണ്ട്. ഇത് ജിഡിപിയുടെ ഏകദേശം 2.5 ശതമാനമാണ്. എട്ടു ശതമാനം തൊഴിലും സംഭാവന ചെയ്യുന്നു. സിനിമ, ഗെയിമിംഗ്, അനിമേഷൻ, സംഗീതം, ഇൻഫളുവൻസ് മാർക്കറ്റിംഗ് എന്നിവയും അതിലേറെയും വ്യാപിച്ചുകിടക്കുന്ന ഈ മേഖല ഇന്ത്യയുടെ സാംസ്കാരിക ഭൂപ്രകൃതിയുടെ ഊർജസ്വലതയെ പ്രതിഫലിപ്പിക്കുന്നു. 3,375 കോടി രൂപ മൂല്യമുള്ള, രണ്ടുലക്ഷത്തിലധികം മുഴുവൻ സമയ ഉള്ളടക്ക സ്രഷ്ടാക്കളുള്ള, ഈ വ്യവസായം ഇന്ത്യയുടെ ആഗോള അഭിലാഷങ്ങളെ നയിക്കുന്ന ചലനാത്മക ശക്തിയാണ്. ഗുവാഹത്തി, കൊച്ചി, ഇൻഡോർ തുടങ്ങിയ കൂടുതൽ നഗരങ്ങൾ സർഗാത്മക പ്രഭവകേന്ദ്രങ്ങളായി മാറുകയും വികേന്ദ്രീകൃത സർഗാത്മക വിപ്ലവത്തിന് ഊർജം പകരുകയും ചെയ്യുന്നു എന്നതു ശ്രദ്ധേയമാണ്.
ഇന്ത്യയിലെ 110 കോടി ഇന്റർനെറ്റ് ഉപയോക്താക്കളും 70 കോടി സമൂഹമാധ്യമ ഉപയോക്താക്കളും സർഗാത്മകതയുടെ ജനാധിപത്യവത്കരണത്തിനു നേതൃത്വം നൽകുന്നു. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും ഒടിടി സേവനങ്ങളും ഉള്ളടക്ക സ്രഷ്ടാക്കളെ ആഗോള പ്രേക്ഷകരുമായി നേരിട്ട് ബന്ധപ്പെടാൻ പ്രാപ്തമാക്കുന്നു. പ്രാദേശിക ഉള്ളടക്കത്തിന്റെയും പ്രാദേശിക കഥപറച്ചിലിന്റെയും വളർച്ച ആഖ്യാനത്തെ കൂടുതൽ വൈവിധ്യവത്കരിച്ചു. ഇത് ഇന്ത്യയുടെ സർഗാത്മക സമ്പദ്വ്യവസ്ഥയെ യഥാർഥത്തിൽ എല്ലാറ്റിനെയും ഉൾക്കൊള്ളുന്നതുമാക്കി.
ഉള്ളടക്ക സ്രഷ്ടാക്കൾ അഭൂതപൂർവമായ സാമ്പത്തികവിജയമാണു കൈവരിക്കുന്നത്. ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ളവർ പ്രതിമാസം 20,000 രൂപ മുതൽ 2.5 ലക്ഷം രൂപ വരെ സമ്പാദിക്കുന്നു. ഈ ആവാസവ്യവസ്ഥ സാമ്പത്തികമായി പ്രതിഫലദായകവും സാംസ്കാരിക ആവിഷ്കാരത്തിനും സാമൂഹ്യ സ്വാധീനത്തിനുമുള്ള വേദിയുമാണ്. വിവിധ മാനങ്ങളിലുള്ള സ്വാധീനം സർഗാത്മക സമ്പദ്വ്യവസ്ഥയ്ക്ക് ജിഡിപി വളർച്ചയ്ക്കപ്പുറത്തേക്കു വ്യാപിക്കുന്ന അഗാധമായ സ്വാധീനമുണ്ട്. അനുബന്ധ വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ വിനോദസഞ്ചാരം, അതിഥിസത്കാരം, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ വിവിധ മേഖലകളെ ഇതു കാര്യമായി സ്വാധീനിക്കുന്നു. കൂടാതെ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പാർശ്വവത്കരിക്കപ്പെട്ട ശബ്ദങ്ങളെ ശക്തീകരിക്കുന്നു. സാമൂഹിക ഉൾപ്പെടുത്തൽ, വൈവിധ്യം, സാംസ്കാരിക പൈതൃക സംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
കഥപറച്ചിൽ വൈദഗ്ധ്യത്തിലൂടെ, ഇന്ത്യ ആഗോളതലത്തിൽ അതിന്റെ സോഫ്റ്റ് പവർ വർധിപ്പിക്കുന്നു. ബോളിവുഡ് മുതൽ പ്രാദേശിക സിനിമ വരെ, ലോകവേദിയിൽ സമ്പന്നമായ സാംസ്കാരിക ആഖ്യാനം പ്രദർശിപ്പിക്കാൻ ഇന്ത്യക്കാകുന്നു. പരിസ്ഥിതിസൗഹൃദ ഉത്പാദന രീതികളിലും സുസ്ഥിര ഫാഷന്റെ ഉയർച്ചയിലും കാണുന്നതുപോലെ, പരിസ്ഥിതി അവബോധമുള്ള വളർച്ചയോടുള്ള പ്രതിജ്ഞാബദ്ധത പ്രകടമാക്കി, ഈ മേഖല ആഗോള സുസ്ഥിരതാലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നു.
ഗവൺമെന്റിന്റെ ഇടപെടലുകൾ ഇന്ത്യയുടെ സർഗാത്മക സമ്പദ്വ്യവസ്ഥയെ ആഗോളതലത്തിൽ ഉയർത്തുന്നതിന്, മൂന്ന് മുൻഗണനകൾ നൽകുന്നു: കരുത്തുറ്റ പ്രതിഭാനിര പരിപോഷിപ്പിക്കൽ, സ്രഷ്ടാക്കൾക്കുള്ള അടിസ്ഥാനസൗകര്യങ്ങൾക്കു കരുത്തേകൽ, കഥാകഥനം നടത്തുന്നവരെ ശക്തീകരിക്കുന്നതിനുള്ള പ്രക്രിയകൾ കാര്യക്ഷമമാക്കൽ. ഈ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി (ഐഐസിടി). സിനിമ, ആനിമേഷൻ, ഗെയിമിംഗ് അല്ലെങ്കിൽ ഡിജിറ്റൽ ആർട്സ് ഏതുമാകട്ടെ, ഇന്ത്യൻ സ്രഷ്ടാക്കൾ ആഭ്യന്തരമായി ഏകീകൃത സാംസ്കാരിക ശക്തിയായും ആഗോള വിനോദരംഗത്തെ മുൻനിര സ്വാധീനമായും തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഐഐസിടി ലക്ഷ്യമിടുന്നു. ചലച്ചിത്രനിർമാണം, ആഴത്തിലുള്ള അനുഭവങ്ങൾ, സംവേദനാത്മക വിനോദം എന്നിവയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലൂടെ, ഉള്ളടക്കസൃഷ്ടിയുടെ ഭാവി പുനർനിർവചിക്കാൻ ഇന്ത്യ ഒരുങ്ങുകയാണ്.
ഉള്ളടക്കസൃഷ്ടിയിലും നൂതനാശയത്തിലും രാജ്യത്തെ ആഗോള ശക്തികേന്ദ്രമാക്കി മാറ്റുന്നതിനുള്ള സുപ്രധാന സംരംഭമാണ് ലോക ശ്രാവ്യ-ദൃശ്യ-വിനോദ ഉച്ചകോടി. ശ്രാവ്യ-ദൃശ്യ-വിനോദ മേഖലകളുടെ ഭാവി രൂപപ്പെടുത്തുന്നതിന് സ്രഷ്ടാക്കളും മേഖലയിലെ പ്രമുഖരും നയ ആസൂത്രകരും ഒത്തുചേരുന്ന ചലനാത്മകവേദിയായി ഉച്ചകോടി പ്രവർത്തിക്കുന്നു. പ്രധാനമന്ത്രിയുടെ ‘ക്രിയേറ്റ് ഇൻ ഇന്ത്യ’ കാഴ്ചപ്പാടുമായി യോജിക്കുന്ന ഉച്ചകോടി, സഹകരണം പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയുടെ സർഗാത്മക സാധ്യതകൾ പ്രദർശിപ്പിക്കുകയും ആഗോള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ സൃഷ്ടിപരമായ സമ്പദ്വ്യവസ്ഥയുടെ അപാരസാധ്യതകൾ തുറന്നുകാട്ടുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള മുൻനിര സംരംഭമാണ് ‘ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചസ്’. സ്റ്റാർട്ടപ്പുകൾ, സ്വതന്ത്ര സ്രഷ്ടാക്കൾ, മേഖലയിലെ പ്രഫഷണലുകൾ എന്നിവരിൽനിന്നുള്ള 14,000ലധികം രജിസ്ട്രേഷനുകളാണ് ഇതിലുള്ളത്.
മുന്നോട്ടുള്ള പാത
ഇന്ത്യയെ ലോകവേദിയിലെത്തിക്കൽ ചലച്ചിത്രമികവിന്റെ ആഘോഷമായി എട്ടുദിവസം നീളുന്ന ചലച്ചിത്രോത്സവം നൽകുന്ന സന്ദേശം വ്യക്തമാണ്: ഇന്ത്യയുടെ സ്രഷ്ടാക്കൾ ആഗോള സർഗാത്മക സമ്പദ്വ്യവസ്ഥയെ നയിക്കാൻ തയാറാണ്. നയപരിഷ്കാരങ്ങൾ, അടിസ്ഥാനസൗകര്യ വികസനം, നൂതനാശയങ്ങൾക്കുള്ള പ്രോത്സാഹനം എന്നിവയിലൂടെ ഈ ആവാസവ്യവസ്ഥയെ പിന്തുണയ്ക്കാൻ ഇന്ത്യാ ഗവൺമെന്റ് പൂർണമായും പ്രതിജ്ഞാബദ്ധമാണ്. നൂതനാശയങ്ങൾ സൃഷ്ടിക്കുകയും സഹകരിക്കുകയും തടസങ്ങളില്ലാതെ സൃഷ്ടി നടത്തുകയും ചെയ്യുന്നവരുടേതാണ് ഭാവി. ഇന്ത്യയുടെ സർഗാത്മക സമ്പദ്വ്യവസ്ഥ പ്രചോദനത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും സാംസ്കാരിക നയതന്ത്രത്തിന്റെയും ആഗോള നേതൃത്വത്തിന്റെയും വഴികാട്ടിയാകട്ടെ.
കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി