മുനന്പത്തെ ചതിക്കുഴികൾ
അഡ്വ. ഫാ. ഫ്രാൻസിസ് വള്ളപ്പു
Monday, November 18, 2024 1:44 AM IST
വർഷങ്ങൾക്കു മുന്പ് നിയമ വിദ്യാർഥിയായിരിക്കെ ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും വ്യക്തിനിയമങ്ങളിലൂടെ കടന്നുപോകാൻ അവസരം കിട്ടിയപ്പോൾ മുസ്ലിം ശരിയത്ത് വഖഫ് നിയമങ്ങൾ പഠിച്ചിരുന്നു.
എന്നാൽ, കാലങ്ങൾക്കുശേഷം വഖഫിനെ അടുത്തു പരിചയപ്പെടാൻ കഴിഞ്ഞത് മുനന്പത്തെ മനുഷ്യജീവിതങ്ങൾ വഴിമുട്ടിയതറിഞ്ഞപ്പോഴാണ്. ഇവിടെ മനുഷ്യർക്ക് മനുഷ്യത്വത്തിനുവേണ്ടി മനഃസാക്ഷി നീറുന്നവർക്ക് ഒന്നിച്ചുകൂടാൻ പറ്റാതായിരിക്കുന്നു. അവരെ വിമർശിച്ച് ഏതെങ്കിലും ജാതിയിൽപ്പെടുത്തി പല്ലും നഖവും പറിച്ചെടുക്കുന്ന ശൈലി ഏറിവരികയാണ്. അതുകൊണ്ട് യഥാർഥ മനുഷ്യത്വമുള്ള മനുഷ്യർ അഭിപ്രായം പറയാതെ രംഗത്തുനിന്ന് വിട്ടുനില്ക്കുന്നു.
കാതും വായും കണ്ണും പൊത്തിയുള്ള ഒരു ജീവിതം. ചത്തതിനൊക്കുമേ ജിവിച്ചിരിക്കിലും എന്ന അവസ്ഥ. മുനന്പത്തെക്കുറിച്ച് ചർച്ചകളിൽ മേൽക്കോയ്മ ഉണ്ടാക്കിയെടുക്കാൻ മേനി നടിക്കുന്നവരുടെ തള്ളൽ അപാരമാണ്. അതുകൊണ്ടാണ് നിയമത്തിൽ അല്പം പരിജ്ഞാനം ഈ ലേഖകനുമുണ്ട് എന്നു പറയേണ്ടിവന്നത്.
മുനന്പം വിഷയം ചർച്ച ചെയ്ത് മുനയൊടിക്കാനുള്ള കഷ്ടപ്പാട് ഒരു വശത്തും തികച്ചും മനുഷ്യത്വവാദികളെ മറുവശത്തും കാണാം. വഖഫ് ഇതിൽ കക്ഷിയേ അല്ല എന്ന് ഒരുവശത്തും വഖഫ് മുനന്പത്തെ മനുഷ്യജീവിതങ്ങളുടെ അന്നം മുട്ടിക്കുന്ന സമീപനം മറുവശത്തും കാണുന്പോഴാണ് ഈ പൊഴിക്കുന്ന കണ്ണുനീർ മുതലപ്പൊഴിയേക്കാൾ ഭീകരമാണെന്ന് തിരിച്ചറിയാൻ കഴിയുന്നത്. ഒരു കാര്യം തീർച്ച. വഞ്ചിക്കപ്പെട്ട ഒരു സമൂഹമാണ് മുനന്പത്തെ സമരപ്പന്തലിൽ ഉള്ളത്. ഭയപ്പെടേണ്ട, നിങ്ങളെ ആരും ഇറക്കിവിടില്ല എന്നൊക്കെയുള്ള അനുകന്പയുടെ വാക്കുകളിൽ ചതിയും വഞ്ചനയുമുണ്ട്. ഭൂമിയുടെ കരംകെട്ടാൻ ചെന്ന മുനന്പത്തുകാരെ, വഖഫിന്റെ സ്ഥലത്താണ് നിങ്ങൾ കുടികിടക്കുന്നത് എന്നു പറഞ്ഞ് മടക്കി അയച്ചാൽ അതിന്റെ ദൂരവ്യാപകമായ ഫലം, അതിജീവനത്തിനുള്ള അവകാശം ഉപ്പുതൊട്ട് കർപ്പൂരം വരെ ഹനിക്കപ്പെടുന്നു എന്നതല്ലേ.
ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന അവകാശം, ഇവിടെ മാന്യമായി ജീവിക്കാനുള്ള അവകാശം ആർക്കാണ് നിഹനിക്കാൻ സാധിക്കുക? ഇന്ത്യൻ ഭരണഘടനയാണ് എല്ലാ നിയമങ്ങൾക്കും മുകളിൽ എന്ന പഠിപ്പിക്കലിന്റെ കാലികപ്രസക്തി ആരാണ് മുനന്പത്ത് കവർന്നത്? മുനന്പത്തെ മനുഷ്യർ നിഷ്കളങ്കതയുടെ പര്യായയമാണ്. നിഷ്കളങ്കതയും നിയമത്തിന്റെ വളച്ചൊടിക്കലും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ രക്തം വാർന്ന കുറേ മനുഷ്യർ. അതാണ് സമരപ്പന്തൽ സന്ദർശിച്ചപ്പോൾ അവിടത്തെ മണൽത്തരികൾപോലും കരഞ്ഞുകൊണ്ടു പറഞ്ഞത്.
നിയമപരമായ അലംഭാവവും ചതിക്കുഴികളും
1902 ആയില്യം തിരുനാൾ (കൊച്ചി രാജാവ്) അബ്ദുൽ സത്താർ സേട്ട് എന്ന ഗുജറാത്തി വ്യാപാരപ്രമുഖന് കാർഷികോത്പാദനം വർധിപ്പിക്കൽ ശ്രമങ്ങളുടെ ഭാഗമായി മുനന്പം പാട്ടത്തിനു കൊടുക്കുന്നു. ഈ സംഭവം കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു. ഇത് മുനന്പം സംഭവത്തിലെ സത്യസന്ധമായ കാര്യമാണ്. 1948ൽ ഈ ഭൂമി സേട്ട് തന്റെ പിൻഗാമിക്ക് തീറാധാരം നൽകി. അവിടെ തുടങ്ങിയാണ് ഇതിന്റെ കൊടുകാര്യസ്ഥതയും നിയമപരമായ അലംഭാവവും ചതിക്കുഴികളും. അബ്ദുൽ സത്താർ സേട്ടിന് പാട്ടഭൂമിയായി കിട്ടിയ ഈ ഭൂമി എങ്ങനെ തീറാധാരം ചെയ്തുകൊടുക്കാൻ പറ്റും? രാജാവിന്റെ കാർഷികോത്പാദനം വർധിപ്പിക്കൽ എന്ന സ്വപ്നം യാതൊരു മനഃസാക്ഷിയുമില്ലാതെ കാറ്റിൽപ്പറത്തി.
ഈ ഭൂമി തീറുകിട്ടിയ സിദ്ധിഖ് സേട്ട് മുനന്പം ബീച്ചിനോടു ചേർന്നുകിടക്കുന്ന നാനൂറേക്കർ ഭൂമി ഇസ്ലാമിക ദർശനത്തിലൂന്നിയ വിദ്യാഭ്യാസം എന്ന ആവശ്യത്തെ മുൻനിർത്തി കോഴിക്കോട് ഫാറൂഖ് കോളജിനു ദാനമായി (Gifted) കൈമാറി. ഈ പ്രമാണത്തിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വാക്പ്രയോഗങ്ങൾ കാണാൻ കഴിയും. ദാനകൈമാറ്റമെന്നും വഖഫ് കൈമാറ്റം (ഒരിടത്തുമാത്രം) എന്നും ചേർത്തിരിക്കുന്നു. വഖഫ് ചെയ്തു എന്നു പറയുകയും ചെയ്തിട്ടില്ല.
അന്ന് ഭൂമിസംബന്ധമായ സമഗ്രനിയമങ്ങളോ ഭൂപരിഷ്കരണമോ പ്രാബല്യത്തിൽ ഇല്ലെങ്കിൽപോലും ഭൂമിയുടെ യഥാർഥ അവകാശികൾക്ക് ഭൂമി നൽകണമെന്ന ചിന്ത നവസ്വതന്ത്ര ഇന്ത്യയിലെങ്ങും, നേതാക്കന്മാരുടെ ഇടയിലും പൊതുജനങ്ങളുടെ ഇടയിലും ഉണ്ടായിരുന്നു. അതിനാൽ സിദ്ധിഖ് സേട്ടിന്റെ അതിബുദ്ധിയായിരിക്കും ഈ നിലപാട് സ്വീകരിക്കാൻ കാരണമായത്.
ഭൂമി കുടിയാന്മാർക്ക് വീതിച്ചു കൊടുക്കേണ്ടി വരില്ലല്ലോ? ഈ ഭൂമി കിട്ടിയ ഫാറൂഖ് കോളജ് അധികൃതർക്ക് ഇതൊരു വഖഫ് ഭൂമിയല്ലെന്ന് ഉറപ്പായിരുന്നിരിക്കണം. അവർതന്നെ ഇത് വഖഫ് ഭൂമിയല്ല എന്നു പറഞ്ഞ് കേസ് നടത്തിയതായും പറയുന്നു. അവരെക്കൊണ്ട് ഇത് വഖഫ് ഭൂമിയാണ് എന്നു പറയിക്കണമെങ്കിൽ വഖഫ് നിയമത്തിന്റെ അലകും പിടിയും വരെ മാറ്റേണ്ടിവരും. കുടികിടപ്പവകാശം കിട്ടേണ്ട മുനന്പം നിവാസികൾക്ക് നാട്ടിൽ നടപ്പുള്ളതിലും ഇരട്ടി വിലയ്ക്ക് ഭൂമി വിറ്റ് പണം സമാഹരിച്ച കഥയും വഖഫുമായും എങ്ങനെ യോജിക്കും?
1954ൽ ഉണ്ടാക്കിയ വഖഫ് ആക്ടിൽ എവിടെയൊക്കെ വഖഫ് ചെയ്ത ഭൂമിയുണ്ടോ അവിടെയൊക്കെ വഖഫിന് അവകാശമുള്ളതായി രേഖപ്പെടുത്തേണ്ട ചുമതല ബോർഡിന്റേതാണ്. പക്ഷേ, അന്നൊന്നും ഇത് വഖഫ് രേഖകളിൽ ഉൾപ്പെട്ടിട്ടില്ല. അതിനാൽത്തന്നെ ഇത് വഖഫല്ലെന്നു വ്യക്തമല്ലേ?
അവകാശതർക്കങ്ങളുടെ തുടക്കം 2008ൽ
മുനന്പത്ത് ഭൂമി സംബന്ധിച്ച അവകാശതർക്കങ്ങൾ ഉടലെടുക്കുന്നത് 2008ൽ സർക്കാർ നിയോഗിച്ച എം.എ. നിസാർ അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോർട്ടിലൂടെയാണ്. 23 സ്ഥലങ്ങളിലായി 600 ഏക്കർ വഖഫ് സ്ഥലങ്ങൾ അന്യാധീനപ്പെട്ടു എന്നാണ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. അതിൽ ഏറ്റവും കൂടുതൽ നടന്നത് മുനന്പത്താണത്രെ. എന്നാൽ ഈ ഭൂമി വഖഫ് ആണെന്നു കണ്ടെത്തിയത് ഏത് പ്രമാണങ്ങൾ പരിശോധിച്ചുകൊണ്ടാണെന്നു റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല.
പൊതുഖജനാവിൽനിന്ന് വലിയതുക ചെലവു ചെയ്ത് നിയമിച്ച കമ്മീഷൻ യാതൊരു അന്വേഷണവും നടത്തിയതായി തങ്ങൾക്കറിവില്ലെന്ന് മുനന്പം നിവാസികൾ പറയുന്നെങ്കിൽ അതിനുത്തരം പറയേണ്ടത് സർക്കാരാണ്. ഈ കമ്മീഷന്റെ കാപട്യം പുറത്തുകൊണ്ടുവരാൻ മറ്റൊരു കമ്മീഷനെ വയ്ക്കേണ്ടിവരുമോ? 2019ൽ വഖഫ് ബോർഡിന്റെ ആസ്തിപട്ടികയിൽ മുനന്പം ചേർത്തപ്പോൾ മുനന്പത്തുകാർ അറിഞ്ഞില്ല, വഖഫ് ബോർഡിന്റെ ചതിക്കുഴിയായിരുന്നു ഈ രേഖപ്പെടുത്തലെന്ന്. എതിർകക്ഷിയെ കേൾക്കുക എന്ന സാമാന്യനിയമത്തിന് എതിരാണ് ഈ നടപടി. ഏകപക്ഷീയമായ ഈ കമ്മീഷൻ തന്നെ വഖഫിന്റെ വിശുദ്ധി കളഞ്ഞുകുളിച്ചു.
വഖഫിനെ കരിനിയമമായി ചിത്രീകരിക്കുന്നെങ്കിൽ ഇതുപോലുള്ള ചതിക്കുഴികൾ സൃഷ്ടിച്ചവരുടെ കുഴപ്പംതന്നെ.
2016ൽ വഖഫ് സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് ഈ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചു. 2019ൽ ഈ ഭൂമി വഖഫ് രജിസ്റ്ററിൽ ചേർക്കുകയും ഭൂമി ഏറ്റെടുക്കാൻ റവന്യു വകുപ്പിനെ സമീപിക്കുകയും ചെയ്തു. മനുഷ്യവകാശപ്രശ്നമെന്ന നിലയിൽ മുനന്പത്തുകാർക്ക് കരം അടയ്ക്കാൻ അനുമതി നൽകിയെങ്കിലും വഖഫ് സംരക്ഷണ സമിതിക്കാരുടെ ഹർജിയിൽ ആ തീരുമാനം കോടതി സ്റ്റേ ചെയ്യുകയും ഭൂമിയുടെ ക്രയവിക്രയം മാത്രമല്ല, വായ്പ എടുക്കാൻപോലും കഴിയുന്നില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തു. ആരാണ് ഇതിനുത്തരവാദി? ഇതാണ് ആലംബഹീനരും നിഷ്കളങ്കരുമായ മുനന്പം നിവാസികളെ ചതിച്ചതിന്റെ ചരിത്രം. ഈ ചതിയുടെ ചരിത്രത്തിൽ ആരെല്ലാം ഭാഗഭാക്കുകളായി എന്നത് ചരിത്രം തെളിയിക്കും.
ചതിതന്ത്രങ്ങൾ ഇതുകൊണ്ട് അവസാനിച്ചോ? പറയാൻ വരട്ടെ. പുതിയ ചതികൾ ആവിഷ്കരിച്ചു കുളം കലക്കി മീൻ പിടിക്കാൻ പരിശ്രമിക്കുന്നുണ്ടു പലരും. മുതലക്കണ്ണീർ പൊഴിച്ച് മുനന്പത്തുകാരെ സമീപിച്ച പലരുടെയും നിലപാടുകൾ വ്യക്തമാക്കപ്പെട്ടിട്ടില്ല.
ശാശ്വത പരിഹാരമായിരിക്കണം മുനന്പത്തെ ആളുകൾക്കു വേണ്ടത്. അല്ലാതെ താത്കാലിക പരിഹാരത്തിന് ഒരിക്കലും വഴങ്ങാതിരിക്കുക. സർക്കാരിനു മാത്രമേ ഇതിൽ ജാഗ്രത കാണിക്കാൻ പറ്റൂ. ചരിത്രത്തിൽ ഏകപക്ഷീയമായി വന്നുപോയ തെറ്റുകൾ തിരുത്തപ്പെടണം. നിരപരാധികളും നിഷ്കളങ്കരുമായ മുനന്പം നിവാസികളുടെ ഇരുൾ വീണ ജീവിതത്തിലേക്ക് നല്ലൊരു സൂര്യോദയമുണ്ടാകട്ടെ.