പ്രത്യേക ടാസ്ക് ഫോഴ്സ് ആവശ്യമാണ്
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
Monday, November 18, 2024 1:41 AM IST
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് ജില്ലയിൽ പുനരധിവാസ നടപടികൾക്കുള്ള ധനസഹായം കേന്ദ്രം വൈകിക്കുകയാണോയെന്ന് ഉറപ്പില്ല. ജൂലൈ 30ന് വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ എൽ3 (ലെവൽ 3) വിഭാഗമായി പ്രഖ്യാപിക്കുന്നതിനും ദേശീയ ദുരന്തപ്രതികരണ നിധിയിൽനിന്ന് (എൻഡആർഎഫ്) കേരള സർക്കാർ ആവശ്യപ്പെടുന്ന അധികസഹായം നൽകുന്നതിനും ഉന്നതതല സമിതി ഒരു മാസത്തിനകം ആവശ്യപ്പെടുമെന്ന് കേന്ദ്ര സർക്കാർ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ മതിയായ തുക ഇപ്പോൾ ലഭ്യമാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ പറയുന്നു. ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള അപേക്ഷകളിൽ തീരുമാനം വേഗത്തിലാക്കാൻ കഴിഞ്ഞ വെള്ളിയാഴ്ച കേരള ഹൈക്കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
ഉരുൾപൊട്ടലുണ്ടായ വയനാട് ജില്ലയിൽ പുനരധിവാസ നടപടികൾക്കുള്ള ധനസഹായം വൈകിക്കുന്ന കേന്ദ്രസർക്കാരിനെ അന്നുതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. കേരളം ഇന്ത്യക്കു പുറത്താണോയെന്ന് ആലപ്പുഴ കഞ്ഞിക്കുഴിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ചോദിച്ചു. ദുരന്തമുണ്ടായപ്പോൾ പ്രധാനമന്ത്രി വയനാട് സന്ദർശിച്ചിരുന്നുവെന്നും വിജയൻ കൂട്ടിച്ചേർത്തു.
അദ്ദേഹം സഹായിക്കുമെന്നും പിന്തുണ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചു. ആവശ്യമായ എല്ലാ രേഖകളും സംസ്ഥാന സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ചു. കേന്ദ്രസംഘം ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. കേന്ദ്ര ധനമന്ത്രിയും എത്തി സഹായം വാഗ്ദാനം ചെയ്തു. വയനാട് ദുരന്തം ദേശീയദുരന്തമായി കേന്ദ്രം പ്രഖ്യാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു.
പക്ഷേ, നടന്നില്ല. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ ഒരു നിശ്ചിത തുക സൂക്ഷിച്ചിട്ടുണ്ടെന്നും അത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്നും സാധാരണ നടപടിക്രമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് കേന്ദ്രസഹായം നിഷേധിക്കാനുള്ള കാരണമാകുമോയെന്ന് പിണറായി വിജയൻ ചോദിച്ചു. വയനാടിന് പിന്നാലെ പ്രകൃതിക്ഷോഭം ബാധിച്ച മറ്റ് നിരവധി സംസ്ഥാനങ്ങൾക്കും സഹായം നൽകി. അത് പ്രശംസനീയമാണ്. കേരളത്തിനും കേന്ദ്രം നൽകണം. ഞങ്ങൾ ഇന്ത്യയുടെ ഭാഗമാണ്. ദുരന്തത്തിൽ അകപ്പെട്ടവരുടെ ശരിയായ പുനരധിവാസം സംസ്ഥാന സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
പ്രധാനമന്ത്രിയുടെ സന്ദർശനവും കേന്ദ്രസംഘത്തിന്റെ വിലയിരുത്തലും ഉണ്ടായിട്ടും കേരളത്തിന് ഒരു രൂപ പോലും അനുവദിക്കാത്തത് ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേരളത്തിലെ യുഡിഎഫ് എംപിമാർ ഈ അനീതിക്കെതിരേ പാർലമെന്റിൽ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട്ടിലെ ജനങ്ങളോടൊപ്പം നിൽക്കുന്നതിനു പകരം കേന്ദ്രം അവരെ വഞ്ചിച്ചുവെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. 20ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ഉൾപ്പെടെയുള്ള കേരളത്തിലെ ജനങ്ങൾ അത് മറക്കില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
എങ്ങുമെത്താതെ പുനരധിവാസം
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ നാശം വിതച്ച ഉരുൾപൊട്ടൽ ഉണ്ടായത് ജൂലൈ 30നാണ്. ഇത്രനാളായിട്ടും ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലർക്കും വീടുകൾ നഷ്ടപ്പെട്ടു. പലർക്കും തങ്ങളുടെ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടു. സ്കൂളുകളും അറ്റകുറ്റപ്പണിയിലാണ്.
ഇപ്പോൾപോലും പലരും ദുരിതാശ്വാസത്തിനും സാധാരണ ജീവിതം പുനരാരംഭിക്കുന്നതിനുമായി സർക്കാർ നടപടിക്കായി കാത്തിരിക്കുകയാണ്. തുടക്കത്തിൽ മാസംതോറും നൽകുമെന്നു പറഞ്ഞ സഹായധനംപോലും ചിലർക്കു ലഭിക്കുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം. ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ, അടിയന്തര ദുരിതാശ്വാസ നടപടികളുണ്ടാകണം. പ്രാദേശിക തലങ്ങളിൽ ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് ആളുകൾക്ക് ആവശ്യമായ സഹായവും ലഭ്യമാക്കണം. അതിനായി അടിയന്തര ഫണ്ട് അനുവദിക്കുകയും വേണം.
വിഷയം ഇപ്പോൾ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്, കാര്യങ്ങൾ വേഗത്തിലാക്കാൻ പരമാവധി ശ്രമിക്കുന്നു. ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസിന് കേന്ദ്രമന്ത്രി അയച്ച കത്ത് അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് കോടതിയിൽ ഹാജരാക്കി. നേരത്തേ അനുവദിച്ചതല്ലാതെ അധികഫണ്ടൊന്നും നൽകിയില്ലെന്ന് കത്തിൽ വ്യക്തമാണെന്നും അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടി. ഇതിൽ ഡിവിഷൻ ബെഞ്ച് പറഞ്ഞത് ഇനി ഒരു ഫണ്ടും അനുവദിക്കില്ലെന്ന് അവർ പറയുന്നില്ല എന്നായിരുന്നു.
കേന്ദ്രം തുടർസഹായം നൽകുമെന്നും കത്തിൽ പറയുന്നുണ്ട്. കേന്ദ്രം കേരളത്തിന് കൂടുതൽ ഗ്രാന്റ് നൽകില്ലെന്ന പ്രതീതി ജനിപ്പിക്കുന്ന തരത്തിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കത്തിലെ വിവരങ്ങൾക്ക് വിരുദ്ധമായാണ്. കത്ത് വായിക്കുമ്പോൾ അത്തരത്തിലുള്ള ഒരു പ്രതീതിയും നൽകുന്നില്ലെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റീസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. സംസ്ഥാനത്തിന് അടിയന്തര സഹായം നൽകാൻ കേന്ദ്രം ഉദ്ദേശിക്കുന്നില്ലെന്ന പ്രതീതിയാണ് കത്ത് നൽകുന്നതെന്ന് എജി മറുപടി നൽകി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരളത്തിന്റെ എസ്ഡിആർഎഫ് അക്കൗണ്ടിൽ നിലവിൽ ആവശ്യത്തിന് പണം ലഭ്യമാണെന്ന് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ എ.ആർ.എൽ. സുന്ദരേശൻ പറഞ്ഞു. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ ഉരുൾപൊട്ടൽ സംസ്ഥാനത്തിനും ജില്ലയ്ക്കും വലിയ നാശമുണ്ടാക്കിയ സാഹചര്യത്തിൽ എൽ 3 വിഭാഗത്തിൽ പെടുത്തുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ഉന്നതതല സമിതി യോഗം നടക്കാനിരിക്കുന്നതേയുള്ളൂ. എന്നാൽ, ഉടൻ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടപടികൾ വേഗത്തിലാക്കണം
ഉരുൾപൊട്ടലിൽ രക്ഷപ്പെട്ടവരുടെ വായ്പ എഴുതിത്തള്ളുന്നതാണ് പ്രധാന പരിഗണനയെന്നു പറഞ്ഞ ഹൈക്കോടതി, നടപടികൾ വേഗത്തിലാക്കാൻ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ സുന്ദരേശനോട് ആവശ്യപ്പെട്ടു. അമിക്കസ് ക്യൂറി റിപ്പോർട്ടിലെ നിർദേശപ്രകാരം ഓരോ വകുപ്പിനും ദുരന്തനിവാരണ പദ്ധതി ഉണ്ടായിരിക്കണം. എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് കോടതിയുടെ ചോദ്യത്തിന്, കേന്ദ്രം ഇത് പരിശോധിക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ മറുപടി നൽകി.
ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ജില്ലാ അധികാരികൾക്കും സംസ്ഥാന സർക്കാരുകൾക്കും അടിയന്തരമായി ഇടപെടാനും ദുരിതാശ്വാസ നടപടികൾ ഉടൻ ആരംഭിക്കാനും ദുരന്തം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആവശ്യമായ സഹായം നൽകാനും വ്യവസ്ഥകൾ ആവശ്യമാണ്. സംസ്ഥാനത്തെ ഒരു ജനാധിപത്യ സർക്കാരിന് ആവശ്യമായ സഹായം നൽകുന്നതിന് അത്തരമൊരു അധികാരം ഉണ്ടായിരിക്കണം. കേന്ദ്രത്തിന് മേൽനോട്ടം വഹിക്കാനും സാമ്പത്തികസഹായം ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകാനും കഴിയും. നടപടിക്രമങ്ങളിലെ നൂലാമാലകൾ അടിയന്തര പരിഹാര നടപടികൾ വൈകിക്കരുത്.
ക്രമീകരണങ്ങൾ പര്യാപ്തമല്ല
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇത്തരം സന്ദർഭത്തിൽ അനുമതികൾ നൽകുന്നതിൽ കാലതാമസമുണ്ടാകുന്നതിനും ഭരണപരമായ നടപടികൾ നീട്ടുന്നതിനും പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടാകരുത്. കേന്ദ്രത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരും കേരളത്തിൽ എൽഡിഎഫ് സർക്കാരും ഉള്ളതിനാൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ പലർക്കും എളുപ്പമാണ്. ഇത്തരം കാലതാമസം വരുത്തുന്ന നടപടിക്രമങ്ങളും മന്ദഗതിയിലുള്ള ആശയവിനിമയവും രാഷ്ട്രീയ ആരോപണങ്ങൾക്ക് ഇടയാക്കുകയും ചെറിയ തിെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യും. ഒടുവിൽ, പഴി താമരയിലോ, ചുറ്റിക അരിവാളിലോ അല്ലെങ്കിൽ കൈയിലോ വീഴും.
വ്യക്തമായും, ദുരന്തങ്ങൾക്ക് ഫയർഫോഴ്സിന്റെ മാതൃകയിൽ ആളുകൾ, ഉപകരണങ്ങൾ, വാഹനങ്ങൾ, ഫണ്ടുകൾ എന്നിവയുള്ള ഒരു പ്രത്യേക ടാസ്ക് ഫോഴ്സ് ആവശ്യമാണ്. അതുവഴി അവർക്ക് കാലതാമസമോ ഇടപെടലോ കൂടാതെ പ്രവർത്തനത്തിൽ ഏർപ്പെടാനാകും.
ഇന്ന് നമുക്കുള്ള ക്രമീകരണങ്ങൾ പര്യാപ്തമല്ല, ഒരു പരിശോധന ആവശ്യമാണ്. ജൂലൈ 30ന് വയനാട്ടിൽ വലിയ ഉരുൾപൊട്ടലുണ്ടായി, നവംബർ പകുതി കഴിഞ്ഞിട്ടും നിരവധി ഇരകൾക്ക് ആവശ്യമായ ആശ്വാസവും സാധാരണ ജീവിത സാഹചര്യവും നൽകാൻ നമുക്ക് കഴിഞ്ഞിട്ടില്ല. നമ്മൾ മാറേണ്ടതുണ്ട്.