നാടകീയം പാലക്കാട്
സാബു ജോണ്‍
Sunday, November 17, 2024 2:07 AM IST
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസംതന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പാലക്കാട്ട് മിടുക്കു കാട്ടിയ കോണ്‍ഗ്രസിനെ ഞെട്ടിച്ചുകൊണ്ട് ഡോ. പി. സരിൻ ഇടതു സ്ഥാനാർഥി ആയതായിരുന്നു പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിലെ ആദ്യ ട്വിസ്റ്റ്. പിന്നീടിങ്ങോട്ട് ട്വിസ്റ്റുകൾ പലതു കണ്ടു. ഒടുവിലിതാ, ബിജെപിയുടെ കേരളത്തിലെ പ്രധാനപ്പെട്ട മുഖമായിരുന്ന സന്ദീപ് വാര്യരെ സ്വന്തം ക്യാന്പിലെത്തിച്ച് കോണ്‍ഗ്രസ് എതിർപക്ഷത്തെ ഞെട്ടിച്ചിരിക്കുന്നു.
കടുത്ത ത്രികോണമത്സരം നടക്കുന്ന പാലക്കാട്ട് ഓരോ വോട്ടും നിർണായകമാണ്. അതുകൊണ്ടുതന്നെ ഓരോ നീക്കവും വിലപ്പെട്ടതാണ്. സന്ദീപ് വാര്യർ ചേരി മാറുന്നതുകൊണ്ട് ബിജെപി വോട്ടുകൾ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്കു ഒഴുകുകയൊന്നുമില്ല. എന്നാൽ, ചെറിയ ചോർച്ചപോലും ഒരു പക്ഷേ വിധിനിർണായകമായേക്കാം.
അപ്രതീക്ഷിതം, ചടുലം ഈ നീക്കം
ബിജെപിയിൽ താൻ അസ്വസ്ഥനാണെന്നു സന്ദീപ് വാര്യർ തന്നെ പരസ്യമായി പറഞ്ഞിരുന്നു. നിരവധി അപമാനങ്ങൾ നേരിടേണ്ടിവന്നു എന്നും ആത്മാഭിമാനത്തിനു മുറിവേറ്റു എന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ അസംതൃപ്തി മുതലാക്കി സിപിഎമ്മിലേക്കു കൊണ്ടുപോകാൻ പ്രധാന നേതാക്കൾതന്നെ ഇടപെട്ടു. ഇതിനായി ചില നീക്കങ്ങൾ നടത്തുകയും ചെയ്തു.
എന്നാൽ, സന്ദീപ് കോണ്‍ഗ്രസിലേക്കു ചായുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഒരു ഘട്ടത്തിലും ഈ ഓപ്പറേഷൻ പുറത്തു പോകാതെ രഹസ്യമായി സൂക്ഷിക്കുന്നതിൽ കോണ്‍ഗ്രസ് വിജയിച്ചു. ചുരുക്കം ചില നേതാക്കൾക്കു മാത്രമാണ് ഇതേക്കുറിച്ച് അറിയാമായിരുന്നത്. കൽപ്പാത്തി രഥോത്സവത്തിനു ശേഷം, തെരഞ്ഞെടുപ്പിനു നാലു ദിവസം മാത്രം അവശേഷിക്കുന്പോൾ നടത്തിയ ഈ ‘സർജിക്കൽ സ്ട്രൈക്ക് ’ ഗുണം ചെയ്യുമെന്നാണു യുഡിഎഫ് നേതാക്കൾ പ്രതീക്ഷിക്കുന്നത്. സന്ദീപിനെ പിന്തുണയ്ക്കുന്ന കുറേ പേർ ഇന്നോ നാളെയോ കോണ്‍ഗ്രസിൽ ചേർന്നേക്കും.
ഇതുണ്ടാക്കുന്ന പ്രചാരണപരമായ മുൻതൂക്കം യുഡിഎഫിനു ഗുണം ചെയ്യുമെന്നാണു നേതൃത്വം കരുതുന്നത്. ഏതായാലും സന്ദീപ് വാര്യരുടെ വരവ് കോണ്‍ഗ്രസ് ഉത്സവമാക്കി മാറ്റി.
ബിജെപിക്കു ക്ഷീണമുണ്ട്
സന്ദീപ് വാര്യരുടെ ചേരിമാറ്റത്തെ നിസാരവത്കരിക്കുകയാണു ബിജെപി. അപ്രസക്തനായ വ്യക്തി അപ്രസക്തമായ പാർട്ടിയിലേക്കു പോയി എന്നാണ് കേരള പ്രഭാരി പ്രകാശ് ജാവദേക്കർ പ്രതികരിച്ചത്. വലിയ കസേരകൾ കിട്ടട്ടെ എന്നു പറഞ്ഞ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പരിഹസിച്ചു. പുറമേ ഇങ്ങനെ നിസാരവത്കരിക്കുന്പോഴും സന്ദീപിന്റെ മാറ്റം ബിജെപിക്കു ക്ഷീണംതന്നെയാണ്. കേരളത്തിലെ വളരുന്ന ഏക പാർട്ടി എന്നാണ് ബിജെപി സ്വയം വിശേഷിപ്പിക്കുന്നത്. കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പല പാർട്ടികളിലെയും പ്രമുഖർ ബിജെപിയിൽ എത്തുമെന്നും അവർ നാളുകളായി പറഞ്ഞുപരത്തുന്നു. അങ്ങനെ പറഞ്ഞുവരുന്നതിനിടെ പാർട്ടിയുടെ യുവനിരയിലെ ശ്രദ്ധേയനായ നേതാവ് പാർട്ടി വിട്ടുപോകുന്നത് രാഷ്ട്രീയമായി ബിജെപിക്കു ക്ഷീണം ചെയ്യും. അതും ബിജെപി വിജയപ്രതീക്ഷ വച്ചുപുലർത്തുന്ന ഒരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ്.
സന്ദീപിനെ സിപിഎമ്മിലേക്കു നേതാക്കൾ പരസ്യമായിത്തന്നെ ക്ഷണിച്ചിരുന്നു. അദ്ദേഹം പോയത് കോണ്‍ഗ്രസിലേക്കും. അതു സിപിഎമ്മിനു മോഹഭംഗത്തിനിടയാക്കുമെന്നു പറയാം. എന്നാൽ, സന്ദീപിനെ പാർട്ടിയിലെടുക്കുന്നതു ഗുണം ചെയ്യില്ലെന്നു ചിന്തിക്കുന്ന ഒരു വിഭാഗം സിപിഎമ്മിൽ ഉണ്ടെന്നും പറയപ്പെടുന്നു. ഏതായാലും ഈ വിഷയത്തിൽ ഒരു തീരുമാനമായ സാഹചര്യത്തിൽ ‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്നു പറയുന്നതാകും നല്ലത്.
ഡോ. സരിനിൽ തുടക്കം
കോണ്‍ഗ്രസിലെ പുതുനിര നേതാക്കളിൽ പ്രമുഖനായിരുന്ന ഡോ. പി. സരിനെ സ്വന്തം പാളയത്തിലെത്തിച്ചുകൊണ്ട് സിപിഎം ആണ് പാലക്കാട്ട് ആദ്യവെടി പൊട്ടിച്ചത്. സരിനു പിന്നാലെ ജില്ലയിലെ മറ്റു ചില നേതാക്കളും പാർട്ടിക്കെതിരേ ശബ്ദിച്ചുതുടങ്ങിയപ്പോൾ കോണ്‍ഗ്രസ് ഒന്നു പരുങ്ങി. ഷാഫി പറന്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനുമെതിരേ പാലക്കാട്ടെ കോണ്‍ഗ്രസിൽ വികാരമുണ്ടെന്ന പ്രതീതി ജനിപ്പിക്കാൻ ഈ നീക്കങ്ങൾ വഴിതെളിച്ചു. എന്നാൽ, ഷാഫിയും രാഹുലും വിവാദങ്ങൾക്കു കൈകൊടുക്കാതെ പ്രചാരണപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. പിന്നാലെ കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ഡിസിസി ഹൈക്കമാൻഡിന് അയച്ച കത്തു പുറത്തായി. ഇതിന്റെ പേരിലും പാർട്ടിക്കുള്ളിലും പുറത്തും വിഴുപ്പലക്കലുണ്ടായി. കത്തു പുറത്തുവിട്ടത് പാർട്ടിയിലെ ഉന്നതൻ തന്നെയാണെന്ന് ആരോപണം ഉയർന്നു.
ശോഭ സുരേന്ദ്രൻ ഫാക്ടർ
സ്ഥാനാർഥിനിർണയം കോണ്‍ഗ്രസിൽ മാത്രമല്ല ബിജെപിയിലും പ്രശ്നമായി. സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനു മുന്‍പേ ശോഭ സുരേന്ദ്രനുവേണ്ടി പാലക്കാട്ട് ഫ്ളക്സ് ബോർഡ് ഉയർന്നു. മുന്‍പ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വലിയ മുന്നേറ്റം നടത്തിയ ശോഭയെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയർന്നു. പക്ഷേ, കേന്ദ്ര നേതൃത്വം സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ശോഭ സുരേന്ദ്രന്റെ പേരിലുള്ള ബോർഡ് കത്തിച്ചതും വാർത്താപ്രാധാന്യം നേടി. ബിജെപിയിലും കാര്യങ്ങൾ അത്ര ഭദ്രമല്ല എന്നു തെളിയിക്കുന്നതായിരുന്നു ഈ സംഭവങ്ങൾ.
പിന്നെയും ഹവാല
ഇതിനിടെയാണ് മൂന്നു വർഷം പഴക്കമുള്ള കൊടകര കുഴൽപ്പണ കേസ് വീണ്ടും ചർച്ചയാകുന്നത്. ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പു ഫണ്ടായാണ് കുഴൽപ്പണം എത്തിയതെന്നും താൻകൂടി ചേർന്നാണ് തൃശൂരിലെ പാർട്ടി ഓഫീസിലേക്കു പണം അടങ്ങിയ ചാക്കുകൾ ചുമന്നുകയറ്റിയതെന്നും മുന്‍പ് ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറി ആയിരുന്ന തിരൂർ സതീശൻ പരസ്യമായി വെളിപ്പെടുത്തി.
ബിജെപിയെ പ്രതിരോധത്തിലാക്കാനാണ് ഈ വിഷയം എടുത്തിട്ടതെങ്കിലും ഇതു ഫലപ്രദമായി ഉപയോഗപ്പെടുത്തിയത് കോണ്‍ഗ്രസാണ്. മൂന്നു വർഷമായിട്ടും കേസ് മുന്നോട്ടു പോകാത്തത് സിപിഎം-ബിജെപി ഡീൽ മൂലമാണെന്നു കോണ്‍ഗ്രസ് പറഞ്ഞു. പ്രത്യുപകാരമായി കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസ് അന്വേഷണം മരവിപ്പിച്ചെന്നും യുഡിഎഫ് വ്യാപകമായി പ്രചരിപ്പിച്ചു.
ഹവാലയ്ക്കു പിന്നാലെ ട്രോളി ബാഗ്
ഹവാല വെളിപ്പെടുത്തലിന്റെ ചൂടാറുന്നതിനു മുന്‍പ് കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ റൂമിൽ പാതിരാത്രി പോലീസ് നടത്തിയ പരിശോധന വൻ രാഷ്ട്രീയ വിവാദത്തിനു വഴിതെളിച്ചു. വനിതാ പോലീസുകാരില്ലാതെ അർധരാത്രി കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവരുടെ മുറികളിൽ പോലീസ് പരിശോധന നടത്തി. ഇതേസമയം ഹോട്ടലിൽ നേതാക്കളുൾപ്പെടെ സിപിഎം, ബിജെപി പ്രവർത്തകരും തടിച്ചുകൂടി.
ഹോട്ടലിലേക്കു കോണ്‍ഗ്രസ് നീല ട്രോളി ബാഗിൽ കള്ളപ്പണം എത്തിച്ചെന്നായിരുന്നു പരാതി. വ്യക്തമായ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്ക് എത്തിയതെന്ന് ആദ്യം പറഞ്ഞ പോലീസ്, പിന്നീട് തെരഞ്ഞെടുപ്പുകാലത്തു നടത്തുന്ന പതിവു പരിശോധനയുടെ ഭാഗമെന്നു തിരുത്തിപ്പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഹോട്ടലിലുണ്ടെന്നും പുറത്തേക്ക് ഇറക്കിവിടണമെന്നും സിപിഎം-ബിജെപി പ്രവർത്തകർ വിളിച്ചുപറഞ്ഞു. അപ്പോൾ കോഴിക്കോട്ടുനിന്ന് രാഹുൽ വീഡിയോകോളിൽ പ്രത്യക്ഷപ്പെട്ടു. ഒടുവിൽ പരിശോധനയിൽ ഒന്നും കിട്ടാതെ പോലീസ് വെറുംകൈയോടെ മടങ്ങി. കോണ്‍ഗ്രസ് നേതാക്കൾ വാശിപിടിച്ചപ്പോൾ ഒന്നും ലഭിച്ചില്ലെന്ന് എഴുതിക്കൊടുക്കേണ്ടിയും വന്നു. മുഖം നഷ്ടപ്പെട്ടാണ് പോലീസ് അവിടെനിന്നു മടങ്ങിയത്.
ട്രോളിയുമായി ഒരാൾ ഹോട്ടലിലേക്കു വരുന്നതും പുറത്തേക്കു പോകുന്നതുമെല്ലാം കാണിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അടുത്ത ദിവസം സിപിഎം പുറത്തുവിട്ടെങ്കിലും കള്ളപ്പണവുമായി ബന്ധിപ്പിക്കാൻ ഒന്നും അതിലുണ്ടായില്ല.
കള്ളപ്പണം എത്തിച്ചു എന്ന ആരോപണത്തിന്റെ കരിനിഴലിൽ നിന്നിരുന്ന ബിജെപിക്ക് കോണ്‍ഗ്രസുകാരും കള്ളപ്പണക്കാരാണ് എന്നു വരുത്തിത്തീർക്കുന്നതിൽ രാഷ്ട്രീയമായ നേട്ടമുണ്ട്.
കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാൻ സിപിഎമ്മിനും സന്തോഷമേയുള്ളൂ. എന്നാൽ, ഇരുവരും കൈകോർത്തു വന്നത് മറ്റൊരു ഡീൽ എന്ന വാദമാണ് കോണ്‍ഗ്രസ് ഉയർത്തിയത്. സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കൾ ഹോട്ടലിനുള്ളിൽ ഒരുമിച്ചുനിന്നു സംസാരിക്കുന്നതും കൂടിയാലോചന നടത്തുന്നതുമായ വീഡിയോകൾ കോണ്‍ഗ്രസ് വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്. ഏതായാലും ട്രോളി ബാഗ് വിവാദം ബിജെപിക്കും സിപിഎമ്മിനും പ്രയോജനമൊന്നും ചെയ്തില്ല. ദോഷമായോ എന്ന് തെരഞ്ഞെടുപ്പു ഫലം വരുന്പോൾ അറിയാം.
ആത്മകഥയുടെ രാഷ്ട്രീയം
ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പു നടക്കുന്ന ദിവസം ഇ.പി. ജയരാജന്റെ ആത്മകഥയിൽ ഉൾപ്പെടുന്നതെന്നു പറഞ്ഞു പുറത്തുവന്നതിൽ ഡോ. പി. സരിനെ രൂക്ഷമായി വിമർശിക്കുന്ന കാര്യങ്ങളുമുണ്ട്. ജയരാജനും പാർട്ടി നേതൃത്വവും മുഖ്യമന്ത്രിയുമെല്ലാം പുറത്തുവന്ന പേജുകൾ നിഷേധിച്ചതോടെ പുസ്തകവിവാദം ഏറെക്കുറെ കെട്ടടങ്ങി. അതിനു പിന്നാലെയാണിപ്പോൾ അടുത്ത ട്വിസ്റ്റ് ആയി സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശം.
വോട്ടർമാർ എത്തുമോ?
വയനാട്ടിലും ചേലക്കരയിലും കാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും വോട്ടർമാർക്കിടയിൽ കണ്ട താത്പര്യക്കുറവ് മുന്നണികൾക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പാലക്കാട്ട് സ്വന്തം വോട്ടർമാരെ പരമാവധി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് മൂന്നു മുന്നണികളും ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏതായാലും തെരഞ്ഞെടുപ്പിന്റെ വീറും വാശിയും മുന്നണികളുടെ നീക്കങ്ങളിൽ പ്രകടമാണ്. വോട്ടെടുപ്പിനു ദിവസങ്ങൾ മാത്രം അവശേഷിക്കുന്പോൾ ഇനി എന്തു നാടകീയ നീക്കങ്ങളാണു വരാൻ പോകുന്നതെന്ന കാത്തിരിപ്പിലാണു രാഷ്ട്രീയകേരളം.