കാഷ്മീരി കച്ചവടക്കാരും കേരളവും!
അനന്തപുരി/ ദ്വിജന്
Sunday, November 17, 2024 2:01 AM IST
കുമളിയിൽ തേക്കടി റോഡിലുള്ള കാഷ്മീരി കച്ചവടക്കാരുടെ വാണിജ്യ സ്ഥാപനമായ ഇൻക്രെഡിബിൾ ക്രാഫ്റ്റ്സ് ഇസ്രേലി വിനോദസഞ്ചാരിയെ അപമാനിച്ച് ഇറക്കിവിട്ട് കുപ്രസിദ്ധമായി.
എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ കടയുടമകളകൊണ്ട് മാപ്പു പറയിച്ചു കേരളത്തിലെ കച്ചവടക്കാരുടെ സമൂഹം ലോകത്തിനാകെ മാതൃക കാണിച്ചു. ഇതാണ് കേരളത്തിന്റെ മനസ്. ഇവിടെ എല്ലാവർക്കും ജീവിക്കണം. എല്ലാ വിശ്വാസങ്ങൾക്കും. തീവ്രവാദികൾക്ക് ഇടമില്ല. അവർ തലയുയർത്താൻ നോക്കിയാൽ സമൂഹം ഇടപെടും, ഇടപെടണം. അതാണു കേരളം.
തെരഞ്ഞെടുപ്പുകളും ഇപിയും
കേരളത്തിലെ ഓരോ തെരഞ്ഞെടുപ്പു വരുന്പോഴും സിപിഎമ്മിന് പരിക്കുണ്ടാക്കുന്ന വിധത്തിൽ ഇ.പി. ജയരാജൻ വക ഒരു ബോംബ് പൊട്ടുന്നത് പതിവായിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പുവേളയിൽ ജയരാജനും ബിജെപി നേതാവ് ജാവദേക്കറും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങളാണ് ബോംബായി പൊട്ടിയത്. അതിലൂടെ തൃശൂരിലെ സഖാക്കൾക്ക് വിവരം പിടികിട്ടി.
സുരേഷ് ഗോപി ജയിച്ചു. വയനാട്ടിലും ചേലക്കരയും ഉപതെരഞ്ഞെടുപ്പു നടന്ന 13ന് പൊട്ടിയത് ജയരാജന്റെ ആത്മകഥയുടെ ബോംബാണ്. പാലക്കാട്ടെ ഇടതു സ്വതന്ത്രൻ ഡോ. പി. സരിനെക്കുറിച്ചുള്ള ഒരു പാർട്ടി സഖാവിന്റെ ആത്മാർഥമായ ചിന്തകളും ആത്മകഥയിലേത് എന്ന നിലയിൽ പുറത്തുവന്നതിൽ ഉണ്ടായിരുന്നു. ഇന്നലെ വരെ കോണ്ഗ്രസ് ചേരിയുടെ ശക്തനായ വക്താവായിരുന്ന സരിനെപ്പോലുള്ളവരെ ഇടതു സ്ഥാനാർഥിയാക്കുന്പോൾ ഏതു സഖാവിനും തോന്നേണ്ട ചിന്തകളാണ് ഇ.പി. പങ്കുവച്ചത്.
ഇടതുമുന്നണി കണ്വീനർ സ്ഥാനത്തുനിന്ന് മാറ്റിയ കാലത്ത് എല്ലാം ആത്മകഥയിൽ പറയാം എന്ന് ഇ.പി. പറഞ്ഞിരുന്നതാണ്. ആത്മകഥ എഴുതിത്തുടങ്ങിയെന്നും അന്ന് അദ്ദേഹം പറഞ്ഞതായാണ് ഓർമ. അതു തങ്ങൾ പ്രസിദ്ധീകരിക്കുന്നതായ വാർത്ത പുറത്തുവിട്ട ഡിസി ബുക്സിന് എന്തെങ്കിലും രാഷ്ട്രീയലക്ഷ്യം ഉണ്ടെന്നു പറയാനാവില്ല. കച്ചവടലക്ഷ്യങ്ങൾ ഉണ്ടാകുംതാനും.
ആത്മകഥ വിവാദമായതോടെ പതിവുപോലെ ജയരാജൻ, ഡിജിപിയെ സമീപിക്കും എന്ന് പ്രഖ്യാപിച്ചു. ഇത് ജയരാജന്റെ സ്ഥിരം പരിപാടിയാണ്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ജയരാജന്റെ സുഹൃത്ത് പിടിയിലായി എന്ന് വാർത്ത വന്നപ്പോഴും ജയരാജനും ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച് ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലുകൾ വന്നപ്പോഴുമൊക്കെ അദ്ദേഹം ഡിജിപിക്കു പരാതി കൊടുത്തതാണ്. അതിലെന്ത്, ഡിജിപി അതു സ്വീകരിച്ചു വയ്ക്കും. ജയരാജൻ തന്റെ പണി തുടരുകയും ചെയ്യും.
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയിൽ ഇന്ന് പിണറായി കഴിഞ്ഞാൽ ഏറ്റവും സീനിയർ നേതാവാണ് ഇ.പി. ജയരാജൻ. പക്ഷേ, അദ്ദേഹം വല്ലാതെ ഒതുക്കപ്പെടുകയാണ്. നിയമസഭയിലേക്കു മത്സരിക്കാൻ അവസരം നിഷേധിച്ചിടത്തു തുടങ്ങി തിരിച്ചടികൾ. പിന്നെ കോടിയേരിയുടെ പിൻഗാമിയായി എം.വി. ഗോവിന്ദനെ പ്രതിഷ്ഠിച്ചു. പിബിയിലും ഗോവിന്ദൻ അംഗമായി. പിണറായിക്കുവേണ്ടി ചാവേറായി വിശ്വസ്തത തെളിയിക്കാൻ നോക്കിയിട്ടും ഒതുക്കപ്പെടുന്നു. എത്രകാലം ഇ.പി. ഇതെല്ലാം സഹിക്കും? സിപിമ്മിൽ ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടാവുമോ? റിയാസിനെ ഉയർത്തിനിർത്താൻ പിണറായി തന്നെയാണോ കളിക്കുന്നത്?
കേരളത്തിൽ എത്ര വഖഫ് ഭൂമികൾ?
മുനന്പത്തെ അതിജീവനസമരം ഒരു മാസം പിന്നിടുമ്പോൾ കേരളത്തിൽ ആകെ പടരുന്നത് ഭപ്പെടുത്തുന്ന സംശയമാണ്. കേരളത്തിൽ എവിടെയെല്ലാമാണ് വഖഫ് ഭൂമികൾ ഉള്ളത്. മുസ്ലിംകൾ ഉപയോഗിച്ചിരുന്ന സ്വന്തമല്ലാത്ത ഭൂമിയും വഖഫ് ചെയ്യാമെന്നാണ് കോണ്ഗ്രസ് ഉണ്ടാക്കിയ 2103ലെ നിയമത്തിലുള്ളത്. അതുകൊണ്ട് ഉപയോഗിക്കാൻ കൊടുത്ത ഭൂമിയും വഖഫ് ചെയ്ത സംഭവങ്ങൾ ഉണ്ടാവാം. ചാവക്കാട്ടും തളിപ്പറന്പിലും കൊടുങ്ങല്ലൂരിലെ തളിരൂരിലും എല്ലാം വഖഫ് ബോർഡ് മരവിപ്പിച്ച ഭൂമികൾ ഉണ്ടെന്ന വാർത്ത പുറത്തുവരുന്നു. ഇത്തരം എത്ര ഭൂമി ഉണ്ടെന്ന് ജനങ്ങളെ അറിയിക്കുകയാണ് അടിയന്തരമായി സർക്കാർ ചെയ്യേണ്ടത്.
ഇതു സംബന്ധിച്ച് വിവരം നല്കേണ്ട കേന്ദ്ര ന്യൂനപക്ഷ വകുപ്പിന്റെ കീഴിലുള്ള വഖഫ് മാനേജ്മെന്റ് സിസ്റ്റം ഓഫ് ഇന്ത്യ എന്ന വെബ്സൈറ്റിൽ (വംസി) കാര്യമായ വിവരങ്ങൾ ഇല്ല. ഓരോ വഖഫ് ബോർഡും വംസിയിൽ അവരുടെ വസ്തുവകകളുടെ ലിസ്റ്റ് കൊടുക്കണം എന്നാണു വയ്പ്. പക്ഷേ, അതില്ല, എല്ലാം രഹസ്യമാക്കി വച്ച് ചതിക്കുകയാണ്. അത്യാവശ്യത്തിന് സ്ഥലം ഈടുവച്ച് പണം വായ്പ എടുക്കാനോ മറ്റോ ചെല്ലുന്പോഴാണ് മുഖമടച്ചുള്ള സർക്കാർ അടി വരുന്നത്.
കേരളത്തിൽ വഖഫ് അവകാശം പറയുന്ന ഭൂമിയിൽ 70 ശതമാനത്തിലധികവും മുസ്ലിംകളുടെ കൈവശമുള്ള ഭൂമിയാണെന്ന് പ്രചാരണമുണ്ട്. അവർ പണം കൊടുത്തു വാങ്ങി കൈവശം വച്ച് അനുഭവിക്കുന്ന ഭൂമികളാണ് വഖഫിന്റെ ആവശ്യപ്രകാരം റവന്യു വകുപ്പ് മരവിപ്പിക്കുന്നത്. പക്ഷേ, സത്യം ആർക്കും അറിയില്ല. ഇത്തരം അവകാശവാദങ്ങളുടെ വിവരങ്ങൾ സാധാരണക്കാർക്കു മനസിലാകുന്ന വിധത്തിൽ പ്രസിദ്ധീകരിക്കുന്നതിന് സർക്കാരിന് എന്തു തടസം? റവന്യു ഓഫീസിൽ ചെല്ലുന്പോൾ അവരാണ് പറയുന്നത്. ഇത്തരമൊരു സാഹചര്യം സംജാതമാക്കുന്നത് സർക്കാർ കാണിക്കുന്ന വലിയ ചതിയാണ്.
മന്ത്രി അബ്ദുറഹ്മാന്റെ മതേതരത്വം
മുനന്പം വിഷയത്തെ വർഗീയമായി ചിത്രീകരിച്ചുകൊണ്ട് കേരളത്തിലെ ന്യൂനപക്ഷ വകുപ്പു മന്ത്രി അബ്ദുറഹ്മാൻ നടത്തിയ പ്രതികരണം, അദ്ദേഹത്തിന്റെ മതേതര മൂടുപടത്തിനുള്ളിൽ മറഞ്ഞിരിക്കുന്നത് ഭീകരമായ വർഗീയമുഖമാണെന്ന ഭീതി വളർത്തുന്നു. കേരളത്തിലെ ന്യൂനപക്ഷ വകുപ്പുമന്ത്രിയായ അദ്ദേഹം മുസ്ലിം സമൂഹത്തിന്റെ മാത്രം താത്പര്യമാണ് സംരക്ഷിക്കുന്നത് എന്ന ഭയം ശക്തമാകുന്നു. രണ്ടാമത്തെ ന്യൂനപക്ഷമായ ക്രൈസ്തവർ നടത്തുന്ന സമരത്തിനു പിന്നിൽ വർഗീയലക്ഷ്യങ്ങൾ ആരോപിക്കുന്പോൾ അല്ലാതെ മറ്റ് എന്തു കരുതും? ന്യൂനപക്ഷ വകുപ്പു മന്ത്രി ആദ്യമല്ല ഇത്തരം ആരോപണം ഉന്നയിക്കുന്നത്.
2022 നവംബറിൽ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ ജീവിക്കാനും ജീവിതമാർഗം പരിരക്ഷിക്കാനുമായി നടത്തിയ നൂറു ദിവസത്തിലധികം നീണ്ട സമരത്തെ രാജ്യദ്രോഹ വർഗീയ സമരമായി ചിത്രീകരിക്കുന്നതിനു മുന്നിൽനിന്ന മാന്യ മന്ത്രിയാണ് അബ്ദുറഹ്മാൻ.
വിഴിഞ്ഞം സമരത്തെ രാജ്യദ്രോഹ സമരമാക്കി സമരക്കാർക്കെതിരേ പോലീസ് കേസെടുപ്പിച്ച മന്ത്രി മുനന്പത്തെ വഖഫ് ബോർഡ് കൈയേറ്റങ്ങൾക്കെതിരേ സമരം ചെയ്യുന്നവരെ വർഗീയരായി ചിത്രീകരിക്കുന്നു. മന്ത്രി സൂക്ഷിച്ചു സംസാരിക്കണം, വാക്കടക്കം പാലിക്കണം. കേരളത്തിൽ വർഗീയ വികാരത്തിനു തീ പിടിപ്പിക്കരുത്.
ക്രൈസ്തവ സഭയുടെ കൈവശമുള്ള ഭൂമി
വഖഫ് കൈയേറ്റങ്ങളെക്കുറിച്ചു പറയുന്പോൾ ക്രൈസ്തവ സഭയുടെ കൈവശമുള്ള ഭൂമികളെക്കുറിച്ചു പറഞ്ഞ് തങ്ങളുടെ മുഖം മെച്ചമാണെന്നു കാണിക്കാൻ വഖഫിലെ ചിലർ മുന്നോട്ടു വന്നു. ഭാരതത്തിലെ ക്രൈസ്തവ സഭയുടെ പക്കൽ 17.29 കോടി ഏക്കർ ഭൂമി ഉണ്ടെന്നായിരുന്നു അവരുടെ ആരോപണം. വഖഫ് ബോർഡ് പോലെ ഒരു സംവിധാനം ഏതായാലും സഭയിലില്ല.
ഓരോ ക്രൈസ്തവ സഭയിലെയും രൂപതകൾക്കും പള്ളികൾക്കും സന്യാസ സഭകൾക്കും സന്പത്തുണ്ട്. കത്തോലിക്ക സഭയിൽ മൂന്ന് റീത്തുകളിലായി 174 രൂപതകളുണ്ട്. ഇരുന്നൂറോളം സന്യാസസഭകളുണ്ട്. ഇവരുടെ കൈവശം ഭൂമിയുമുണ്ട്. ഒന്നും വഖഫ് സ്വത്തുപോലെ പിടിച്ചെടുത്തതല്ല. അതു നിയമം ഉണ്ടാക്കി തട്ടിയെടുത്തതല്ല. ഉടമയല്ലാത്തവർ വഖഫാക്കിയതല്ല. ഉപയോഗത്തിലൂടെ വഖഫ് ആയതുമല്ല. രാജ്യത്തെ സ്വത്തുനിയമം അനുസരിച്ച് സഭയുടേതായതാണ്. ഇന്ത്യയിൽ 40,000 വിദ്യാലയങ്ങളും 400ൽ പരം കോളജുകളും അഞ്ചു മെഡിക്കൽ കോളജുകളും 240 പാരാമെഡിക്കൽ നഴ്സിംഗ് സ്ഥാപനങ്ങളും 85,000 കിടക്കകളുള്ള ആശുപത്രികളും കത്തോലിക്ക സഭയ്ക്കു മാത്രമുണ്ട്. രാജ്യത്തെ അഞ്ചു ലക്ഷത്തോളം അനാഥരെയും രോഗികളെയും സഭ സംരക്ഷിക്കുന്നു. ഇതിലൊന്നും മതം നോക്കിയല്ല പ്രവേശനം കൊടുക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ എല്ലാ സ്വപ്നങ്ങളും പൂവണിയിച്ചു!
പിണറായി സർക്കാരിന് സ്വന്തം പദ്ധതികളേക്കാൾ പൂവണിയിക്കാനാകുന്നത് ഉമ്മൻ ചാണ്ടിയുടെ സ്വപ്നങ്ങളാണ്. അദ്ദേഹം തുടക്കംകുറിച്ചപ്പോൾ ഇടതുപക്ഷം വലിയ തീക്കാറ്റ് ഉയർത്തി തടസപ്പെടുത്തിയ പദ്ധതികളടക്കം ഉമ്മൻ ചാണ്ടി സർക്കാർ തുടക്കംകുറിച്ച പദ്ധതികൾ എല്ലാം പിണറായി പൂർത്തിയാക്കുന്നു. ഏറ്റവും അവസാനം വന്നത് സീപ്ലെയിനാണ്. 2013ൽ ഉമ്മൻ ചാണ്ടി സർക്കാർ മുന്നോട്ടുവച്ച പദ്ധതിയായിരുന്നു സീപ്ലെയിൻ. 11ന് കൊച്ചി ബോൾഗാട്ടി കായലിൽനിന്നു പറന്നുയർന്ന് അരമണിക്കൂർകൊണ്ട് മൂന്നാർ മാട്ടുപ്പെട്ടി അണക്കെട്ടിൽ സീപ്ലെയിൻ പറന്നിറങ്ങിയപ്പോൾ പൂവണിഞ്ഞത് പിണറായി സർക്കാരിന്റെ പ്രഖ്യാപനമല്ല, ഉമ്മൻ ചാണ്ടി സർക്കാരിനുവേണ്ടി ധനമന്ത്രി കെ.എം. മാണി നടത്തിയ ബജറ്റ് പ്രഖ്യാപനമാണ്.
2013ൽ ജൂണ് രണ്ടിന് കൊല്ലത്തെ അഷ്ടമുടി കായലിൽനിന്ന് ഉമ്മൻ ചാണ്ടി കൊടി വീശി ഉയർത്തിവിട്ട സീപ്ലെയിൻ ആലപ്പുഴയിലെ പുന്നമട കായലിൽ ഇറങ്ങാനുള്ള പരിപാടി അന്നത്തെ ഇടതുപക്ഷം തകർത്തതാണ്. ഉമ്മൻ ചാണ്ടി സർക്കാർ നടപ്പിലാക്കാൻ നോക്കിയ ഗെയിൽ പദ്ധതി കൊച്ചി പട്ടണത്തിനടിയിൽ തീ ബോംബ് വരുന്നു എന്ന് ഭയപ്പെടുത്തി എതിർത്ത പി. രാജീവ് അവസാനം മന്ത്രിയായപ്പോൾ ഗെയിൽ പദ്ധതിയെ അനുകൂലിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ നടപ്പിലാക്കാൻ നോക്കിയ ദേശീയപാതാ വികസന പദ്ധതിയെയും സഖാക്കൾ എതിർത്തു, പക്ഷേ പിണറായി വന്നു നടപ്പാക്കി. അതുപോലെ സർക്കാർ ജീവനക്കാരുടെ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പ്രശ്നം. കോണ്ട്രിബ്യൂട്ടറി പെൻഷൻ നിർത്തണം എന്നായിരുന്നു സിപിഎം നിലപാട്. അധികാരം കിട്ടിയതോടെ അതു മാറി. സ്റ്റാറ്റ്യൂട്ടറി പെൻഷൻ പറ്റില്ല എന്ന് ഉറപ്പായി. ‘ഇടതുമുന്നണി വരും എല്ലാം ശരിയാകും’ എന്ന മുദ്രാവാക്യത്തിന്റെ കാന്പ് ഇപ്പോഴാണ് മനസിലാകുന്നത്.