ദുരന്തമാകരുത്, സർക്കാരുകൾ!
ജോർജ് കള്ളിവയലിൽ / ഡൽഹിഡയറി
Saturday, November 16, 2024 2:03 AM IST
കേരളത്തിൽ പ്രകൃതിദുരന്തങ്ങൾ തുടർക്കഥയാണ്. നൂറ്റാണ്ടിനു ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു 2018ലെ മഹാപ്രളയം. 2019ലെ പ്രളയവും ദുരിതം വിതച്ചു. 2004ലെ സുനാമിയായിരുന്നു മറ്റൊരു വലിയ ദുരന്തം.
2017ലെ ഓഖി ചുഴലിക്കാറ്റ് തീരദേശത്തു നാശം വിതച്ചു. 2020ലെ പെട്ടിമുടി ഉരുൾപൊട്ടലിന്റെ നടുക്കം മാറിയിട്ടില്ല. 2019ലെ നിലന്പൂർ കവളപ്പാറ, 2023ലെ തീക്കോയി, 2001ലെ അന്പൂരി ഉരുൾപൊട്ടലുകളും നാശം വിതച്ചു. സമീപകാല പ്രകൃതിദുരന്തങ്ങളാണിത്. നാനൂറിലേറെ പേരുടെ ജീവനെടുക്കുകയും സർവനാശം വിതയ്ക്കുകയും ചെയ്ത മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലും അതിജീവിച്ചേ മതിയാകൂ.
1982ലെ വൈപ്പിൻ മദ്യദുരന്തം, 1988ലെ പെരുമൺ ട്രെയിൻ അപകടം തുടങ്ങി 2016ലെ പുറ്റിങ്ങൽ വെടിക്കെട്ടപകടം, 1999ൽ പന്പ മലമുകളിലും 2011ൽ ഇടുക്കി ഉപ്പുപാറയിലും മകരജ്യോതി ദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ടുള്ള അപകടം, 2009ലെ തേക്കടി ബോട്ടപകടം, 2001ൽ കടലുണ്ടിയിൽ ട്രെയിൻ നദിയിൽ വീണ അപകടവും കോട്ടക്കലിൽ ബസിനു തീപിടിച്ചുണ്ടായ ദുരന്തവും വരെയുള്ള നിരവധി മനുഷ്യനിർമിത ദുരന്തങ്ങൾ വെറെയുണ്ട്. കേരളത്തിന്റെ നീണ്ട തീരപ്രദേശങ്ങളും മലയോരങ്ങളും പരിസ്ഥിതിലോല പ്രദേശങ്ങളും പ്രകൃതിഭംഗി പോലെ തന്നെ പ്രകൃതിക്ഷോഭങ്ങൾക്കും സാധ്യത കൂട്ടുന്നു. പഴയ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മരണമണി മുന്നിലുണ്ട്.
►സാങ്കേതികത്വം മറയാക്കരുത്◄
പ്രകൃതിക്ഷോഭങ്ങളും മനുഷ്യനിർമിത ദുരന്തങ്ങളും പതിവാകുന്പോഴും രാഷ്ട്രീയക്കളികൾ മൂലം കേരള ജനത അനുഭവിക്കുന്ന അവഗണനയും നീതിനിഷേധവും ദുരന്തമാകരുത്. അർഹമായ സഹായം സാങ്കേതികത്വം പറഞ്ഞു നിഷേധിക്കുന്നതിനെ ആരു ന്യായീകരിച്ചാലും ജനം അംഗീകരിക്കില്ല. വയനാട്ടിലെ ചൊവ്വാഴ്ചത്തെ ഹർത്താൽ മുന്നറിയിപ്പാണ്. വയനാടിന് പ്രത്യേക പാക്കേജ് അർഹിക്കുന്നുണ്ടെന്ന് മുംബൈയിൽ ഇന്നലെ പത്രസമ്മേളനത്തിൽ പറഞ്ഞ മുൻ കേന്ദ്രമന്ത്രി വി. മുരളീധരന്റെ മറ്റു വാദമുഖങ്ങളെല്ലാം പ്രത്യേക കേന്ദ്രസഹായം വൈകിക്കുകയോ നൽകാതിരിക്കുകയോ ചെയ്യുന്ന കേന്ദ്രനിലപാടിന് ഓശാന പാടുന്നതായി.
വയനാട്ടിൽ ഉരുൾപൊട്ടലുകളുണ്ടായ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം മേഖലകളുടെ സന്പൂർണ പുനരുദ്ധാരണത്തിനും വികസനത്തിനും പുനരധിവാസത്തിനും മതിയായ സഹായം നൽകാതെ കേന്ദ്രസർക്കാർ ഇനിയും ഉരുണ്ടുകളിക്കരുത്. ഒരു നൂറ്റാണ്ടിനിടെ കേരളം അനുഭവിച്ച ഏറ്റവും വലിയ വെള്ളപ്പൊക്കമായ 2018ലെ പ്രളയത്തിനു മതിയായ കേന്ദ്രസഹായം കിട്ടിയില്ലെന്ന പരാതിയുണ്ട്. പ്രഖ്യാപിച്ച കേന്ദ്രഫണ്ട് കിട്ടിയോയെന്നും ഫലപ്രദമായി വിനിയോഗിച്ചോയെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കണം.
►വേണ്ടപ്പെട്ടവർക്കു വാരിക്കോരി◄
കേന്ദ്രസർക്കാരിനെ താങ്ങിനിർത്തുന്ന ഐക്യ ജനതാദളും തെലുങ്കുദേശം പാർട്ടിയും ഭരിക്കുന്ന ബിഹാറിനും ആന്ധ്രപ്രദേശിനും കഴിഞ്ഞ കേന്ദ്രബജറ്റിൽ വൻതുകയുടെ കേന്ദ്രപദ്ധതികൾ പ്രഖ്യാപിച്ചവരാണ്, കേരളത്തിന് സാങ്കേതികത്വം മറയാക്കുന്നത്. ആന്ധ്രയുടെ തലസ്ഥാനമായ അമരാവതി വികസിപ്പിക്കുന്നതിന് 15,000 കോടി രൂപയും ബിഹാറിലെ നാലു റോഡ് പദ്ധതികൾക്കായി 26,000 കോടി രൂപയും നൽകിയതിനു പിന്നിൽ രാഷ്ട്രീയ താത്പര്യം വ്യക്തം. ബിജെപി ഭരണ സംസ്ഥാനങ്ങൾക്കും സഖ്യകക്ഷി സർക്കാരുകൾക്കും കേന്ദ്രഫണ്ടും പദ്ധതികളും കൈകയച്ചു നൽകുന്നതു രഹസ്യമല്ല.
യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് സർക്കാരിന് 2023-24 സാന്പത്തിക വർഷത്തിൽ മാത്രം കേന്ദ്രവിഹിതമായി നൽകിയത് 1.83 ലക്ഷം കോടി രൂപയാണ്. കേന്ദ്രബജറ്റിൽ കേരളത്തിനു നൽകിയത് 19,662 കോടി രൂപയും. മധ്യപ്രദേശിനും പശ്ചിമബംഗാളിനും 75,000-80,000 കോടി, സന്പന്നമായ മഹാരാഷ്ട്രയ്ക്കും രാജസ്ഥാനും 60,000 കോടി, ഒഡീഷ, ഗുജറാത്ത്, കർണാടക, തമിഴ്നാട്, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങൾക്ക് 35,000- 45,000 കോടി രൂപയും കഴിഞ്ഞ കേന്ദ്ര ബജറ്റിൽ വകയിരുത്തിയിരുന്നു. 2018 മുതൽ 2021 ഓഗസ്റ്റ് വരെ യുപിയിൽ രണ്ടു ലക്ഷത്തിലേറെ (2,01,584) കോടി രൂപ കേന്ദ്ര സർക്കാർ ചെലവഴിച്ചതായി യുപി സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
►പൊളിച്ചെഴുതണം നിയമം◄
2018ലെ പ്രളയവും വയനാട് ഉരുൾപൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ജലരേഖയായി. സംസ്ഥാന സർക്കാരും ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള എംപിമാരും ഈയാവശ്യം ഉന്നയിച്ചെങ്കിലും സാങ്കേതികത്വം പറഞ്ഞ് കേന്ദ്രം തടിതപ്പി. 2005ലെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് അനുസരിച്ച്, പ്രകൃതിക്ഷോഭത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്നതു ശരിയാണ്. മുൻ യുപിഎ ഭരണകാലത്ത് ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഇതേ മറുപടി പാർലമെന്റിൽ നൽകിയിട്ടുണ്ട്.
പക്ഷേ, വൻദുരന്തങ്ങൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കരുതെന്ന് ഒരു നിയമത്തിലുമില്ല. സാങ്കേതികത്വമാണു പ്രശ്നമെങ്കിൽ നിയമം ഭേദഗതി ചെയ്യണം. അമേരിക്കയിൽ അടക്കം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമാണ്. ഒരു സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളെ ബാധിക്കുന്ന ദുരന്തത്തെ അപൂർവ തീവ്രതയുള്ള ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു പത്താം ധനകമ്മീഷൻ (1995-2000) നിർദേശിച്ചിരുന്നു. എന്നാൽ അപൂർവ തീവ്രത നിർവചിച്ചിട്ടില്ല. ഉത്തരാഖണ്ഡ് പ്രളയം, ഒഡീഷയിലെ ഹുദ്ഹുദ് ചുഴലിക്കാറ്റ് തുടങ്ങിയവ കടുത്ത പ്രകൃതിദുരന്തങ്ങളായി വിശേഷിപ്പിച്ചിരുന്നു.
2015 മാർച്ച് 18ന് ജപ്പാനിലെ സെൻഡായിൽ നടന്ന ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള മൂന്നാമത് യുഎൻ ലോകസമ്മേളനത്തിൽ അംഗീകരിച്ച ചട്ടക്കൂടിൽ ഇന്ത്യയും ഒപ്പുവച്ചതാണ്. ദുരന്തസാധ്യതകൾ കുറയ്ക്കുന്നതിനുള്ള ദുരന്തനിവാരണത്തിൽ നിക്ഷേപം നടത്തുന്നതും പുനരധിവാസവും പുനർനിർമാണവും അടക്കമുള്ള ഇതിലെ ഏഴു ലക്ഷ്യങ്ങൾ ഇനിയും ഇന്ത്യയിൽ ലക്ഷ്യത്തിലെത്തിയിട്ടില്ല.
►ആവിയാകുന്ന വാഗ്ദാനങ്ങൾ ◄
വയനാട് പുനരധിവാസ പദ്ധതിക്കു പണം തടസമാകില്ലെന്നു ദുരന്തത്തിനു പിന്നാലെ വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സഹമന്ത്രി നിത്യാനന്ദ് റായിയും അടക്കമുള്ള കേന്ദ്രമന്ത്രിമാർ ലോക്സഭയിലും രാജ്യസഭയിലും കേരളത്തിനു സഹായം വാഗ്ദാനം ചെയ്തു. വാക്കുകളും വാഗ്ദാനങ്ങളും കൊള്ളാം, പക്ഷേ പ്രവൃത്തിയാണു പ്രധാനമാകേണ്ടത്.
2018ൽ പ്രധാനമന്ത്രി 500 കോടി രൂപ കേരളത്തിന് അടിയന്തര സഹായം ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ വയനാട്ടിലെത്തിയപ്പോൾ നയാപൈസ പ്രഖ്യാപിച്ചില്ല. വയനാടിന് പ്രത്യേക സഹായം ലഭ്യമാക്കുന്നതിന് പ്രധാനമന്ത്രിയുമായി സംസാരിച്ചു വേഗം തീരുമാനമെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ മാസം ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി പ്രഫ. കെ.വി. തോമസുമായുള്ള ചർച്ചയിൽ വാഗ്ദാനം ചെയ്തിരുന്നു. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരമാണു വയനാട് ദുരന്തമുണ്ടായി മൂന്നു മാസം കഴിയുന്പോഴും കേരളം ദർശിക്കുന്നത്.
►കളയണം, കണക്കിലെ കളി ◄
സംസ്ഥാന ദുരന്തനിവാരണ നിധിയിൽ (എസ്ഡിആർഎഫ്) ആവശ്യമായ പണം ഉണ്ടെന്നാണു ഹൈക്കോടതിയിൽ കേന്ദ്രം ഇന്നലെയും അറിയിച്ചത്. കഴിഞ്ഞ മാസം ഹൈക്കോടതിയിൽ പറഞ്ഞതിന്റെ തനിയാവർത്തനം. എസ്ഡിആർഎഫിൽ 394.99 കോടി രൂപ ബാക്കിയുണ്ടെന്ന് അക്കൗണ്ട് ജനറൽ അറിയിച്ചിട്ടുണ്ടെന്ന് കെ.വി. തോമസിനു നൽകിയ മറുപടിയിൽ കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു മതിയായ ഫണ്ട് കേരളത്തിന്റെ പക്കലുണ്ടെന്നാണു വാദം.
കഴിഞ്ഞ ഏപ്രിൽ ഒന്നിലെ കണക്കാണു കേന്ദ്രം പറയുന്നത്. പിന്നീടുള്ള ഏഴു മാസത്തെ ചെലവുകൾ കണ്ടില്ലെന്നു നടിക്കുകയാകും. സംസ്ഥാനത്താകെയുണ്ടാകുന്ന എല്ലാ ദുരന്തങ്ങൾക്കും ആശ്വാസം നൽകാനുള്ളതാണു ദുരന്തനിവാരണ നിധി. കേരളത്തിന്റെ ദുരന്തനിവാരണ നിധിയിലേക്ക് 388 കോടി രൂപയാണു നടപ്പു സാന്പത്തിക വർഷം അഡ്വാൻസായി നൽകിയത്. ഇതിൽ 291.20 കോടി കേന്ദ്രവിഹിതവും 96.80 കോടി സംസ്ഥാന വിഹിതവുമാണ്. ദുരന്തനിവാരണ നിധിയിലെ തുക ദുരിതാശ്വാസത്തിനാണ്, ദുരന്ത സഹായമല്ല.
►വേണ്ടത് അധിക സഹായം◄
ദുരന്തനിവാരണ നിധിയിലെ തുക കേരളത്തിന് അർഹതപ്പെട്ടതാണ്. വയനാട് ദുരന്തം ഉണ്ടായാലും ഇല്ലെങ്കിലും കിട്ടുന്ന തുക. രാജ്യത്തെയാകെ നടുക്കിയ, പ്രധാനമന്ത്രി നേരിട്ടെത്തിയ വയനാട്ടിലെ പുനരധിവാസത്തിനുള്ള പ്രത്യേക പാക്കേജ് ആണു വേണ്ടത്. വലിയ നാശനഷ്ടങ്ങളുണ്ടായാൽ ദേശീയ ദുരന്തനിവാരണ നിധിയിൽ (നാഷണൽ ഡിസാസ്റ്റർ റസ്പോണ്സ് ഫണ്ട് -എൻഡിആർഎഫ്) നിന്ന് അധിക സാന്പത്തിക സഹായം അനുവദിക്കാമെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ കത്തിൽ വ്യക്തമാക്കിയിട്ടുമുണ്ട്.
കേന്ദ്രവും സംസ്ഥാനവും 3:1 അനുപാതത്തിൽ രൂപീകരിച്ചതാണു ദുരന്ത നിവാരണ ഫണ്ട് (സിആർഎഫ്). ഇത് അപര്യാപ്തമാണെങ്കിൽ, കേന്ദ്രം 100 ശതമാനം ധനസഹായം നൽകുന്ന ദേശീയ ദുരന്ത കണ്ടിജൻസി ഫണ്ടിൽ (എൻസിസിഎഫ്) നിന്ന് അധികസഹായം നൽകാം. ഗുരുതര ദുരന്തങ്ങളിലെ ഇരകൾക്കു വായ്പകളുടെ തിരിച്ചടവിൽ ഇളവു നൽകാനും പുതിയ വായ്പകൾ അനുവദിക്കാനുമുള്ള ആശ്വാസവും പരിഗണിക്കാം.
►വൈകരുത്, വയനാട് പാക്കേജ്◄
കഴിഞ്ഞ ഓഗസ്റ്റിൽ വയനാട് സന്ദർശിച്ച കേന്ദ്രസംഘം ദുരന്തത്തിന്റെ നഷ്ടവും വ്യാപ്തിയും വിലയിരുത്തി റിപ്പോർട്ട് സമർപ്പിച്ചതായി കേന്ദ്രം പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള നടപടിക്രമങ്ങളനുസരിച്ച് കേന്ദ്രസർക്കാർ നടപടിയെടുത്തുവെന്നും മന്ത്രി റായ് പറയുന്നു. ഈ നടപടി എന്താണെന്നു മന്ത്രി വ്യക്തമാക്കുന്നില്ല. അതെന്താണെന്ന് ഉടൻ വിശദീകരിക്കണം. കേരളം ചോദിച്ച 1,500 കോടിയുടെ പാക്കേജ് നിഷേധിക്കുന്നെങ്കിൽ കാരണം നിരത്തട്ടെ. കേരളത്തോട് അവഗണനയും വിവേചനവും നീതിനിഷേധവും അനുവദിക്കാനാകില്ല.
ആവശ്യമായ നിവേദനവും വിശദ വിവരങ്ങളും നൽകുന്നതിൽ കേരള സർക്കാരിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായതായി കേന്ദ്രമന്ത്രി ആരോപിച്ചിട്ടില്ല. രാഷ്ട്രീയം മാത്രം പറയാതെ കേരള സർക്കാർ ചെയ്യേണ്ടതു സമയത്തു വേണ്ടതുപോലെ ചെയ്യേണ്ടതുണ്ട്. വീഴ്ചയുണ്ടെങ്കിൽ പുറത്തുവരട്ടെ. തൊടുന്യായങ്ങളും സാങ്കേതികത്വവുമല്ല, കരുണയും നീതിയുമാണു വേണ്ടത്. വയനാടിനുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാൻ കേന്ദ്രം ഇനിയും വൈകരുത്.