നെഹ്റുവിന്റെ മതേതരത്വവും കാഴ്ചപ്പാടുകളും
ഇന്ന് ജവഹർലാൽ നെഹ്റുവിന്റെ 135-ാം ജന്മദിനം / മാത്യു ആന്റണി
Thursday, November 14, 2024 12:30 AM IST
“നെഹ്റു തന്റെ രാഷ്ട്രത്തെയോ ലോകത്തെയോ ചോരകൊണ്ട് കളങ്കപ്പെടുത്തിയിട്ടില്ല”- ഏതാണ്ട് രണ്ടു ദശകത്തോളം രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന ഒരാളെക്കുറിച്ച് മെക്സിക്കൻ കവിയും ചിന്തകനുമായ ഒക്ടോവിയോ പാസ് പറഞ്ഞതാണ് ഈ വാക്കുകൾ. നെഹ്റുവിനെ കണ്ടെത്താൻ ഇതിനേക്കാൾ മികച്ചൊരു പ്രസ്താവന വർത്തമാനകാല ഇന്ത്യക്ക് ആവശ്യമില്ല. ഇന്ന് ഇന്ത്യയിൽ ഒരുവശത്ത് നെഹ്റു മായ്ക്കപ്പെടുകയും മറക്കപ്പെടുകയും ചെയ്യുമ്പോൾ മറുവശത്ത് ഒരു ഭൂതകാലക്കുളിരായി മാത്രം വാഴ്ത്തപ്പെടുന്നു. സമാന്തരമായി, അധികാരത്തിലിരുന്ന നെഹ്റുവിന്റെ നിത്യവിമർശകരായിരുന്ന കമ്യൂണിസ്റ്റുകളിലെ ഒരു ചെറുവിഭാഗം ഉൾപ്പെടെ ജനാധിപത്യ-മതേതര വാദികളുടെ കൂട്ടായ്മ വർഗീയ-ചങ്ങാത്ത-മുതലാളിത്ത സഖ്യങ്ങൾക്കെതിരേ നെഹ്റുവിലേക്ക് തിരിയുന്നു എന്നത് ആശാവഹമാണ്. നെഹ്റുവിന്റെ രാഷ്ട്രീയ നിലപാടുകൾക്ക് പ്രസക്തി ഇന്ത്യയിൽ വർധിച്ചുവരുന്നു.
ഇന്ത്യയിൽ യഥാർഥവും പ്രവർത്തനപരവുമായ ജനാധിപത്യക്രമം സ്ഥാപിക്കുന്നതിൽ പണ്ഡിറ്റ് നെഹ്റു വിജയിച്ചു. പ്രഫ. മാധവൻ കെ. പാലാട്ട് നിരീക്ഷിച്ചതുപോലെ, ജനാധിപത്യത്തിന്റെ പ്രശ്നങ്ങൾ കൂടുതൽ സ്ഥാപനവത്കരണത്തിലൂടെയും നിയമത്തിലൂടെയും പരിഹരിക്കുന്നതിനു പകരം കൂടുതൽ ജനാധിപത്യത്തിലൂടെ മാത്രമേ പരിഹരിക്കാനാവൂ എന്നു നെഹ്റു വിശ്വസിച്ചിരുന്നു.
മതേതരത്വത്തോടും ജനാധിപത്യത്തോടുമുള്ള പ്രതിബദ്ധതയാണ് മതഭ്രാന്തിനെക്കുറിച്ചുള്ള ജവഹർലാൽ നെഹ്റുവിന്റെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയത്. മതം, ദേശീയത, പ്രത്യയശാസ്ത്രം എന്നിവയിൽ വേരൂന്നിയ മതഭ്രാന്ത് ഇന്ത്യയുടെ പുരോഗതിക്കും ഐക്യത്തിനും വലിയ ഭീഷണിയാണെന്ന് അദ്ദേഹം വിശ്വസിച്ചു. വ്യത്യസ്ത പശ്ചാത്തലങ്ങളും വിശ്വാസങ്ങളുമുള്ള വ്യക്തികളും ഗ്രൂപ്പുകളും തമ്മിലുള്ള സഹിഷ്ണുത, പരസ്പര ധാരണ, സഹകരണം എന്നിവയുടെ പ്രാധാന്യം നെഹ്റു ഊന്നിപ്പറഞ്ഞു. വിവിധ വിശ്വാസങ്ങളിലും സംസ്കാരങ്ങളിലും ആശയങ്ങളിലും ഉള്ള ആളുകൾക്ക് സമാധാനപരമായി സഹവസിക്കാൻ കഴിയുന്ന ഒരു ബഹുസ്വര സമൂഹമായാണ് അദ്ദേഹം ഇന്ത്യയെ വിഭാവനം ചെയ്തത്.
1951ലെ ഗാന്ധി ജന്മദിനത്തിൽ ഡൽഹി രാംലീല മൈതാനത്തിലെ പ്രസംഗത്തിൻ നെഹ്റു പറഞ്ഞു: “മതത്തിന്റെ പേരിൽ മറ്റൊരാളെ അടിക്കാൻ ആരെങ്കിലും കൈ ഉയർത്തിയാൽ എന്റെ ജീവിതത്തിന്റെ അവസാന ശ്വാസം വരെ സർക്കാരിന്റെ തലപ്പത്തുനിന്നും പുറത്തുനിന്നും ഞാൻ അവനോട് പോരാടും.” മറ്റൊരിക്കൽ നെഹ്റു പറഞ്ഞു: “ഒരു വർഗീയത മറ്റൊന്നിനെ അവസാനിപ്പിക്കുന്നില്ല, ഓരോന്നും മറ്റൊന്നിനെ ഭക്ഷിക്കുകയും രണ്ടും തടിക്കുകയും ചെയ്യുന്നു.” ഭൂരിപക്ഷ വർഗീയതയെ തോല്പിക്കാൻ ന്യൂനപക്ഷ വർഗീയതയ്ക്ക് ഊടും പാവും നെയ്യുക നെഹ്റുവിന്റെ രാഷ്ട്രീയശൈലി ആയിരുന്നില്ല. ഏതു തരം വർഗീയതയും രാഷ്ട്രശരീരത്തെ വിഭജിതമാക്കുമെന്ന തിരിച്ചറിവ് നെഹ്റുവിനുണ്ടായിരുന്നു. അധികാരത്തിലേക്കുള്ള ഇടനാഴിയായി നെഹ്റു വർഗീയത ഉപയോഗിച്ചിരുന്നില്ല.
ചേരികളിലൊന്നും ചേരാതെ
1946ൽ ഇന്ത്യയുടെ ഇടക്കാല സർക്കാരിന്റെ ഭാഗമായിരുന്ന നെഹ്റു ഒരു റേഡിയോ പ്രക്ഷേപണത്തിനിടെ പറഞ്ഞു: “പണ്ട് ലോകമഹായുദ്ധങ്ങളിലേക്ക് നയിച്ചതും വീണ്ടും വലിയ തോതിലുള്ള ദുരന്തങ്ങളിലേക്ക് നയിച്ചേക്കാവുന്നതുമായ, പരസ്പരം യോജിച്ച, ഗ്രൂപ്പുകളുടെ അധികാര രാഷ്ട്രീയത്തിൽനിന്ന് കഴിയുന്നിടത്തോളം അകന്നുനിൽക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു.”
1955ൽ ബന്ദൂങ് കോൺഫറസിൽ ചേരിചേരാ പ്രസ്ഥാനം ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടപ്പോൾ അതിനു മുൻപിൽ നെഹ്റുവിന്റെ ധൈഷണികവും പ്രായോഗികവുമായ നേതൃത്വമുണ്ടായിരുന്നു. 1956ലെ ഇന്ത്യൻ പാർലമെന്റ് പ്രസംഗത്തിൽ നെഹ്റു നയം വ്യക്തമാക്കി: “ഞങ്ങൾ നിർദേശിക്കുന്നു, കഴിയുന്നിടത്തോളം, അധികാരസംഘങ്ങളിൽനിന്ന് അകന്നുനിൽക്കുക... നമ്മുടെ വിദേശനയം സ്വതന്ത്രവും ചേരിചേരാതെയുമാണ്.”
1954ൽ ഇന്ത്യയും ചൈനയും സമാധാനപരമായ സഹവർത്തിത്വത്തിന്റെ അഞ്ച് തത്വങ്ങൾ വ്യക്തമാക്കുന്ന പഞ്ചശീല ഉടമ്പടിയിൽ ഒപ്പുവച്ചു. ഈ ഉടമ്പടി പരമാധികാരത്തോടും അക്രമരാഹിത്യത്തോടുമുള്ള പരസ്പര ബഹുമാനത്തിന് ഊന്നൽ നൽകുന്നതും സമാധാനപരമായ നയതന്ത്രത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത തെളിയിക്കുന്നതുമായ ധീരമായ പ്രസ്താവന ആയിരുന്നു.
ആധുനിക ഇന്ത്യയെ കണ്ടെത്തൽ
ഇന്ത്യയിലെ ശാസ്ത്രം, സാങ്കേതികവിദ്യ, വ്യവസായം എന്നിവയ്ക്കായുള്ള ജവഹർലാൽ നെഹ്റുവിന്റെ കാഴ്ചപ്പാട് സ്വാശ്രയത്വത്തിനും നവീകരണത്തിനും സാമൂഹിക പുരോഗതിക്കും ഊന്നൽ നൽകി. ഇന്ത്യയുടെ സാമ്പത്തിക വികസനത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സാമൂഹിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ശാസ്ത്രവും സാങ്കേതികവിദ്യയും അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു.
ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളും ലബോറട്ടറികളും സ്ഥാപിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ വ്യവസായവത്കരണം പ്രോത്സാഹിപ്പിക്കുക, സാങ്കേതിക നവീകരണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുക, ശാസ്ത്രീയ വിദ്യാഭ്യാസവും കഴിവുകളുടെ വികാസവും പ്രോത്സാഹിപ്പിക്കുക, സാമൂഹ്യക്ഷേമത്തിനും ദേശീയ പ്രതിരോധത്തിനുമായി ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുക എന്നതൊക്കെ നെഹ്റുവിയന് നയമായിരുന്നു. നെഹ്റുവിന്റെ ദർശനങ്ങളും സംരംഭങ്ങളും ഒരു സാങ്കേതിക ശക്തിയായി ഇന്ത്യ ഉയർന്നുവരുന്നതിനും നവീകരണത്തിനും പുരോഗതിക്കും പ്രചോദനം നൽകുന്നത് തുടരുന്നതിനും അടിത്തറയിട്ടു.
നെഹ്റുവിന്റെ നവരത്നം!
ജവഹർലാൽ നെഹ്റു ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക-സാമ്പത്തിക പുരോഗതിയെ നയിക്കാൻ ഒരു കൂട്ടം ഉന്നതസ്ഥാപനങ്ങളെ വിഭാവനം ചെയ്തു. അദ്ദേഹം ഈ സ്ഥാപനങ്ങളെ ‘നവരത്നം’ എന്നു വിളിച്ചു.
നവരത്നങ്ങൾ ഇവയാണ്:
1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഖരഗ്പുർ (1951)
2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബോംബെ (1958)
3. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മദ്രാസ് (1959)
4. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാൺപൂർ (1959)
5. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഡൽഹി (1961)
6. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കൽക്കട്ട (1961)
7. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, അഹമ്മദാബാദ് (1961)
8. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (1962)
9. ആറ്റമിക് എനർജി കമ്മീഷൻ (1948)
ശാസ്ത്രീയ ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുക, ലോകോത്തര എൻജിനിയറിംഗ്, മാനേജ്മെന്റ് കഴിവുകൾ വികസിപ്പിക്കുക, വ്യാവസായിക വളർച്ചയും സ്വാശ്രയത്വവും നയിക്കുക, ബഹിരാകാശ പര്യവേക്ഷണവും ന്യൂക്ലിയർ എനർജിയും മുന്നോട്ടു കൊണ്ടുപോകുക തുടങ്ങിയവയായിരുന്നു ഈ നവരത്നങ്ങളുടെ ലക്ഷ്യം.
നെഹ്റുവിന്റെ പൈതൃകം
നെഹ്റുവിന്റെ ജീവചരിത്രകാരനായ സർവേപ്പള്ളി ഗോപാൽ ഇങ്ങനെയെഴുതി: “ഗാന്ധി ദേശീയപ്രസ്ഥാനത്തിൽ നൈതികതയുടെ സ്വരം ഊട്ടിയുറപ്പിച്ചെങ്കിൽ നെഹ്റു സ്വതന്ത്ര ഇന്ത്യയുടെ ആദ്യചുവടുകൾക്ക് മാന്യമായ ഉദ്ദേശ്യം നല്കി.” തുടർന്ന് അദ്ദേഹം പറയുന്നു, “നെഹ്റുവിന്റെ കാലത്ത് അധികാരത്തിനു ധൈഷണികവും നൈതികവുമായ സംയോജനം അതുല്യമായിരുന്നു. നെഹ്റു ആ കാലത്തിന്റെ നേതാവ് മാത്രമായിരുന്നില്ല; വരുംകാലത്തിന്റെ ദാർശനികൻ കൂടിയായിരുന്നു.”
നെഹ്റുവിന്റെ മരണത്തിനു തൊട്ടടുത്ത ദിവസത്തെ ദീപികയുടെ മുഖപ്രസംഗത്തിന്റെ ഒരു ഭാഗം ഇതായിരുന്നു: “പുതുതായി സ്വാതന്ത്ര്യം നേടിയ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ ഓരോന്നിലും ജനാധിപത്യ ഭരണകൂടങ്ങൾ തകർന്നുവീണ ഒരു കാലഘട്ടത്തിൽ ഇന്ത്യൻ ജനാധിപത്യത്തെ അഭംഗുരം പരിപാലിക്കുകയും ഇന്ത്യൻ ജനതയെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കു നയിക്കുകയും ചെയ്ത അസാമാന്യനായ ഒരു രാജ്യതന്ത്രജ്ഞനും രാജ്യസ്നേഹിയുമാണ് നെഹ്റു. ലോകം രണ്ടു ചേരികളായിത്തിരിഞ്ഞു നിരന്തരം ശീതസമരത്തിലും ഇടയ്ക്കൊക്കെ സായുധസംഘട്ടനത്തിലും ഏർപ്പെട്ടിരുന്നതിനിടയിൽ രണ്ടുചേരിയിലും ഇന്ത്യയെ ഉൾപ്പെടുത്താതിരിക്കുന്നതിനും എന്നാൽ രണ്ടുകൂട്ടരുടെയും ആനുകൂല്യം ഇന്ത്യക്കു നേടിത്തരുന്നതിനും നെഹ്റുവിനു കഴിഞ്ഞു. ഇന്ത്യയുടെ പാരമ്പര്യത്തിലും സംസ്കാരത്തിലും കാലുറപ്പിച്ചു നിന്നുകൊണ്ട് മാതൃഭൂമിയുടെ പ്രശസ്തിയും പ്രതാപവും വർധിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകരാഷ്ട്രങ്ങളുടെയിടയിൽ ഇത്ര ദീർഘകാലം ഇത്രയേറെ ആദരവും ബഹുമാനവും ആർജിച്ച ഒരു രാഷ്ട്രനേതാവ് ഉണ്ടായിട്ടില്ല.”