ഇന്ന് ലോക പ്രമേഹ ദിനം: ജീവിതം കയ്പാക്കുന്ന മധുരം
ഡോ. ജീമോൻ പന്യാംമാക്കൽ
Thursday, November 14, 2024 12:11 AM IST
രാജ്യത്ത് ഏറ്റവും അധികമായി പ്രമേഹം വ്യാപിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. പൊതുജനാരോഗ്യ മേഖലയിൽ വളരെയധികം പുരോഗതി നേടിയ കേരളത്തിൽ ഒരു ആരോഗ്യ അടിയന്തരാവസ്ഥ തന്നെ പ്രമേഹം സൃഷ്ടിക്കുന്നു. കേരളത്തിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുന്നവരിൽ ഏകദേശം മൂന്നിലൊന്ന് പേരിൽ പ്രമേഹം ഉളളതായി കാണുന്നു. കേരളത്തിലെ ചില ജില്ലകളിൽ നടത്തിയ പഠനങ്ങളിൽ 30 വയസിനു മുകളിലുളളവരിൽ പ്രമേഹം 40 ശതമാനത്തിലും മുകളിൽ എത്തിയതായി കണക്കാക്കിയിരിക്കുന്നു.
പ്രമേഹ വ്യാപനത്തിന്റെ പ്രധാന കാരണങ്ങൾ
ജീവിത ശൈലിയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന രോഗാവസ്ഥയാണ് പ്രമേഹം. മറ്റു പല സാംക്രമികമല്ലാത്ത രോഗങ്ങളെപ്പോലെ പ്രമേഹത്തിനും സാഹചര്യമൊരുക്കുന്നത് പലവിധത്തിലുളള ഘടകങ്ങളാണ്. പൊതുവായി നമ്മുടെ ജീവിത ശൈലിയുമായി ചേർന്ന് നിൽക്കുന്ന ഭക്ഷണക്രമവും വ്യായാമത്തിന്റെ കുറവും ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളായി കരുതുന്നു.
ഭക്ഷണക്രമവും പ്രമേഹവും
അന്നജാഹാരത്തിന്റെയും പ്രത്യേകിച്ച് പഞ്ചസാരയുടെയും മില്ലുകളിൽ മിനുക്കിയെടുക്കുന്ന ധാന്യങ്ങളുടെയും അധിക ഉപയോഗം പ്രമേഹത്തിനു കാരണമാകുന്നു. ഏത് ധാന്യം ഉപയോഗിക്കുന്നു എന്നതിനെക്കാളുപരിയായി എത്രമാത്രം ഉപയോഗിക്കുന്നു എന്നത് പ്രമേഹ സാധ്യത വർധിപ്പിക്കുന്നു. നമ്മുടെ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ഒരു കുടുംബത്തിന്റെ ആവശ്യത്തിലും കൂടുതൽ നൽകുന്ന ധാന്യങ്ങൾ പ്രമേഹ സാധ്യത വർധിപ്പിക്കാം. പുതിയ പഠനങ്ങൾ അനുസരിച്ച് ഏകദേശം അഞ്ച് ശതമാനത്തോളം ഊർജത്തിന്റെ സ്രോതസ് അന്നജാഹാരത്തിൽ അത്രതന്നെ ഊർജം പകരുന്ന പ്രോട്ടീൻ അടങ്ങിയ സസ്യാഹാരമോ സസ്യേതരമായ ആഹാരമോ ആയി മാറ്റുന്നതിലൂടെ പ്രമേഹത്തിന്റെ സാധ്യത വളരെ അധികം കുറയ്ക്കാം.
പഞ്ചസാരയുടെ ഉപയോഗവും പ്രമേഹവും
ഭക്ഷണ ക്രമത്തിൽ പഞ്ചസാര ഏറ്റവും ഗുണം കുറഞ്ഞ ഊർജ സ്രോതസാണ്. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ മാത്രം അഞ്ച് ശതമാനത്തോളം അന്നജത്തിൽനിന്നു ലഭിക്കുന്ന ഊർജം കുറയ്ക്കാൻ കഴിയും.
ബ്രിട്ടണിൽ നടത്തിയ പഠനത്തിൽ ജീവന്റെ ആദ്യത്തെ ആയിരം ദിവസങ്ങളിൽ പഞ്ചസാരയുടെ നിയന്ത്രണം പ്രമേഹ സാധ്യത മുപ്പത്തഞ്ച് ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. ഈ സംരക്ഷണം കുഞ്ഞ് മാതാവിന്റെ ഉദരത്തിൽ രൂപീകൃതമാകുന്പോൾ മുതൽ തുടങ്ങുന്നു. ഏകദേശം നാല് വർഷത്തോളം കൂടുതൽ പ്രമേഹമില്ലാതെ ജീവിക്കാനുളള പ്രയോജനം മറ്റുളളവരെ അപേക്ഷച്ച് ഇത്തരക്കാരിൽ ലഭിക്കുന്നു. അതായത് പ്രമേഹപ്രതിരോധം നാം തുടങ്ങേണ്ടത് ഗർഭിണികളിലാണ്. അതിലൂടെ വളർന്നു വരുന്ന പുതു തലമുറയിൽ പ്രമേഹ സാധ്യത ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.
വ്യായാമവും പ്രമേഹ പ്രതിരോധവും
ജീവിത ശൈലിയിൽ മാറ്റം വരുത്തുക എന്നാൽ കഠിനമാണെന്നും അതിനായുളള പരിശ്രമം വ്യർഥമാണെന്നും വാദിക്കുന്നവരുണ്ട്. ജീവിത ശൈലി മാറ്റമെന്നാൽ എല്ലാം ഉപേക്ഷിക്കുക എന്നല്ല മറിച്ച് മിതമായ മാറ്റങ്ങളിലൂടെ ശരിയായ ആരോഗ്യം പരിരക്ഷിക്കുക എന്നതാണ്. മിതമായ വേഗത്തിൽ 10 മിനിറ്റോളം നടക്കുന്നതിനും ഏകദേശം 1250 ചുവടുകൾ വയ്ക്കുന്നതിനും 40 മുതൽ 50 വരെ കിലോ കാലറി ഊർജം ചെലവഴിക്കുന്നതിനും തുല്യമാണ്. ഇങ്ങനെ ഒരു ദിവസത്തിൽ പല പ്രാവശ്യം ചെയ്താൽ പ്രമേഹ സാധ്യത കുറച്ച് നിർത്തുന്നതിനും പ്രമേഹ രഹിതമായ ജീവിത കാലഘട്ടം നീട്ടിയെടുക്കാനും സഹായിക്കും.
ഇരിക്കുന്ന സമയം പുകവലിക്ക് തുല്യം ദോഷം
വ്യായാമത്തോടൊപ്പം ഒരു ദിവസം ഇരുന്ന് ചെലവഴിക്കുന്ന സമയം കുറയ്ക്കുന്നത് പ്രമേഹ പ്രതിരോധത്തിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഉചിതമാണ്. ശരാശരി കേരളീയർ നാല് മണിക്കൂറിനു മുകളിൽ ഒരു ദിവസം ഇരുന്ന് ചെലവഴിക്കുന്നതായി കാണുന്നു. ഇത് രണ്ടു മണിക്കൂറിൽ താഴെ കൊണ്ടുവരുന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെ അധികം ഉചിതമായിരിക്കും. ഇരുന്ന് ചെലവഴിക്കുന്ന ഓരോ അരമണിക്കൂറും ഒരു സിഗരറ്റ് ഉപയോഗിക്കുന്ന അത്ര ദോഷം ചെയ്യും.
ജനിതകമെങ്കിൽ ജീവിത രീതിക്കെന്ത് പ്രാധാന്യം !!
പ്രമേഹത്തിന് കാരണമായി പലവിധ ജനിതക ഘടകങ്ങൾ ഉണ്ടെങ്കിലും ശരിയായ ജീവിത ശൈലിയിലൂടെ പ്രമേഹത്തിനുളള സാധ്യത ഇത്തരം ജനിതക ഘടകങ്ങൾ ഇല്ലാത്തവരെക്കാളും കുറയ്ക്കാമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ ഇത്തരക്കാർ മറ്റുളളവരെ അപേക്ഷിച്ച് കൂടുതൽ ശ്രദ്ധയോടെയും കൃത്യനിഷ്ഠതയോടെയും ജീവിത ശൈലി മാറ്റങ്ങൾ പ്രാവർത്തികമാക്കണം.
പ്രമേഹം എങ്ങനെ നിയന്ത്രക്കാം?
പ്രമേഹ രോഗാവസ്ഥയിൽ എത്തിയവർ ശരിയായ രീതിയിൽ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിച്ചാൽ വളരെയധിക്കം സങ്കീർണതകൾ ഒഴിവാക്കാൻ സാധിക്കും. പ്രമേഹം പ്രധാനമായും ഹാർട്ട് അറ്റാക്ക് , സ്ട്രോക്ക്, വൃക്കകളുടെ തകരാറ്, നാഡീവ്യൂഹത്തിന്റെ തകരാറ്, കാഴ്ച തകരാറിലാക്കുന്ന റെറ്റിനോപ്പതി എന്ന അവസ്ഥ എന്നിവയ്ക്കെല്ലാം കാരണമാക്കുന്നു. എന്നാൽ ശ്രദ്ധയോടെയുളള പരിചരണം ഇത്തരം സങ്കീർണതകളെ തടയാൻ സഹായിക്കും.
ഇതിനായി പ്രധാനമായും മൂന്നു ലക്ഷ്യങ്ങൾ നേടിയെടുക്കേണ്ടത് അത്യാവശ്യമാണ്.
►രക്തത്തിൽ കഴിഞ്ഞ മൂന്നു മാസത്തെ പഞ്ചസാരയുടെ ശരാശരി അളവാക്കി കണക്കാക്കുന്ന ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിൻ (HbA1C) അളവ് ഏഴു ശതമാനത്തിൽ താഴെ നിർത്തുക.
►രക്തസമ്മർദത്തിന്റെ അളവ് 140 / 90 മില്ലീമീറ്റർ മെർക്കുറിയിൽ താഴെ നിലനിർത്തുക.
►രക്തത്തിലെ ചീത്ത കൊളസ്ട്രോൾ എന്ന് അറിയപ്പെടുന്ന LDL കൊളസ്ട്രോൾ 100 മില്ലീഗ്രാം / ഡെസിലിറ്ററിൽ താഴെ നിർത്തുക എന്നിവയാണ് മൂന്നു ലക്ഷ്യങ്ങൾ.
ഈലക്ഷ്യങ്ങൾ നേടിയെടുക്കാൻ മാർഗനിർദേശങ്ങൾ അനുസരിച്ചുളള മരുന്നുകൾ ശരിയായി കഴിക്കേണ്ടതും അതിനൊടൊപ്പം ജീവിത ശൈലിയിൽ സ്ഥിരമായ മാറ്റങ്ങളും അത്യാവശ്യമാണ്. ഇന്ത്യയിലാകെ ഈ മൂന്ന് ലക്ഷ്യങ്ങളും കൈവരിച്ചവർ എട്ട് ശതമാനത്തിനു താഴെ മാത്രമാണ്.
കേരളത്തിലെ പ്രത്യേക സാഹചര്യം
രക്തത്തിലെ പഞ്ചസാരയുടെ അളവ് മാത്രം നിയന്ത്രിച്ച് നിർത്തുന്നവർ കേരളത്തിൽ 15 ശതമാനത്തിനും താഴെയാണ്. ലോകത്തിൽതന്നെ ഏറ്റവും വേഗത്തിൽ പ്രമേഹാവസ്ഥയിൽനിന്നും ഡയാലിസിസോ വൃക്ക മാറ്റിവയ്ക്കലോ ആവശ്യമായുളള അവസ്ഥയിലേക്ക് എത്തിച്ചേരുന്ന സാഹചര്യം നിലനിൽക്കുന്ന പ്രദേശമാണ് കേരളം.
പുതിയതായി ഡയാലിസിസ് സ്വീകരിക്കുന്ന ഒരു വർഷത്തെ രോഗികളുടെ എണ്ണം തിരുവനന്തപുരം ജില്ലയിൽ മാത്രം ഏകദേശം 550 പേരാണ്. ഇത് മറ്റ് സംസ്ഥാനങ്ങളുടെയും രാജ്യങ്ങളുടെയും നിരക്കിനെ അപേക്ഷിച്ച് കൂടുതലാണ്. ഹൃദയ സംബന്ധമായ രോഗങ്ങളുടെയും സ്ട്രോക്ക് പോലുളള രോഗങ്ങളുടെയും തോത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ് കേരളത്തിൽ.
(ലേഖകൻ തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ എപിഡെമിയോളജി വിഭാഗം പ്രഫസറും കേന്ദ്രസർക്കാറിന്റെ ഉന്നത ബഹുമതിയായ ശാന്തി സ്വരൂപ് ഭട്നഗർ പ്രൈസ് ( മെഡിക്കൽ സയൻസസ് ) ജേതാവുമാണ്)