ദിശാബോധം നഷ്ടപ്പെട്ട കേരളം
ഡോ. ജോസ് മാത്യു
Wednesday, November 13, 2024 2:22 AM IST
ഉയർന്ന രാഷ്ട്രീയബോധമുള്ള കേരളം ഇന്ത്യക്കാകെ മാതൃകയാണെന്നുള്ള നിരീക്ഷണത്തിന് ഐക്യ കേരളത്തേക്കാൾ പഴക്കമുണ്ട്. 19-ാം നൂറ്റാണ്ടിലെ നവോത്ഥാന നായകരും പ്രസ്ഥാനങ്ങളും തുടങ്ങിവച്ച സാമൂഹ്യപ്രവർത്തനം ഒരു വികസന മാതൃകയിലേക്ക് പുരോഗമിക്കുകയായിരുന്നു.
തിരുവിതാംകൂറിൽ 1865 മുതലും കൊച്ചിയിൽ 1909 മുതലും ഭൂപരിഷ്കരണ നടപടികൾ തുടങ്ങിയിരുന്നു. വിദ്യാഭ്യാസവെളിച്ചം ബ്രിട്ടീഷ് ഭരണകാലത്തുതന്നെ കേരളത്തിന്റെ ഉൾപ്രദേശങ്ങളിൽപോലും പ്രകാശം പരത്തിയിരുന്നു. കേരള വികസന മാതൃക ഒരു ദിവസത്തിന്റെയോ ഒരു ഭരണത്തിന്റെയോ മാത്രം സ്യഷ്ടിയായിരുന്നില്ല. തലമുറകളിലൂടെ വികസിക്കുകയും പുഷ്ടിപ്പെടുകയും ചെയ്യുന്ന ഒരു കാഴ്ചപ്പാടായിരുന്നു.
കേരള മാതൃക
കാർഷിക, വ്യവസായ മേഖലകളുടെ വളർച്ചയ്ക്കും വികാസത്തിനും ശേഷമാണ് വികസിത രാജ്യങ്ങളിൽ സേവനമേഖല വളരുകയും ദേശീയ വരുമാനത്തിന്റെ മുഖ്യസ്രോതസായി പരിണമിക്കുകയും ചെയ്തിട്ടുള്ളത്. എന്നാൽ, കാർഷികമായും വ്യാവസായികമായും മുരടിപ്പിലാണെങ്കിലും സേവന മേഖലയിലുണ്ടായ കുതിച്ചുചാട്ടമാണ് കേരളത്തെ വ്യത്യസ്തമായി അടയാളപ്പെടുത്താനും വികസനത്തിന്റെ കേരള മാതൃകയെന്ന് രേഖപ്പെടുത്താനും ലോകബാങ്കിനു പ്രരകമായത്.
മത്സരിച്ച് നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളാണ് മറ്റൊരു സവിശേഷത. സംസ്ഥാന രൂപീകരണത്തിനുശേഷം കേരളം ഭരിച്ചവർ ഇക്കാര്യത്തിൽ കടുത്ത മത്സരംതന്നെ നടത്തിയിരിക്കുന്നു.
57ലെ ഭൂപരിഷ്കരണം 28 ലക്ഷം കൂടിയാൻമാർക്ക് ആറു ലക്ഷം ഹെക്ട്ടർ ഭൂമിയിൽ ജന്മാവകാശം നൽകി. 5.3 ലക്ഷം കുടുംബങ്ങൾക്കാണ് കുടികിടപ്പവകാശം ഈയൊരു നടപടിയിലൂടെ ലഭ്യമായത്. സാർവത്രിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യസുരക്ഷ, വീടുവയ്ക്കുന്നതിനൊരുതുണ്ടു ഭൂമി, ജീവൻ നിലനിർത്താൻ ഭക്ഷണം, കുറഞ്ഞ കൂലി നിജപ്പെടുത്തൽ, അനാചാരങ്ങളുടെ ഉച്ചാടനം, തൊഴിലില്ലായ്മ വേതനം എന്നിങ്ങനെയുള്ള പദ്ധതികളാണ് കേരള വികസന മാതൃക യ്ക്കു നിദാനമായത്.
വിവിധ ക്ഷേമപദ്ധതികളും സാമൂഹ്യസുരക്ഷാ പദ്ധതികളും നടപ്പിലാക്കിയപ്പോൾ കേരളം രാജ്യത്തിനു മുന്നേ നടക്കുകയായിരുന്നു. ശിശു-മാതൃമരണ നിരക്ക്, ശരാശരി ആയൂർദൈർഘ്യം, സാക്ഷരതാ നിരക്ക് എന്നീ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ കേരള മാത്യക പ്രകീർത്തിക്കപ്പെടുന്പോൾ മറ്റു പല മേഖലകളിവും കേരളം വർഷങ്ങളായി പിന്നോട്ടു നടക്കുകയാണ്.
മദ്യവും ആത്മഹത്യയും
ഒട്ടേറെ മേഖലകളിൽ ഇന്ത്യക്കു മുന്പേ നടന്ന കേരളം മദ്യ ഉപയോഗം, ആത്മഹത്യ, രോഗാതുരത, ആളോഹരി മരുന്നുപയോഗം എന്നീ കാര്യങ്ങളിൽ മറ്റെല്ലാ സംസ്ഥാനങ്ങളെയും പിന്നിലാക്കിയിരിക്കുന്നു. രോഗാതുരതയിൽ മുന്നിട്ട് കേരളത്തിന്റെ ഉറക്കം കെടുത്തുന്നത്, സംസ്ഥാനത്തിന് ഭ്രാന്ത് പിടിക്കുകയാണോ എന്ന ചോദ്യമാണ്. 1000ൽ 58 പേർക്ക് മാനസികാ സ്വാസ്ഥ്യം ഉള്ളതായാണ് കണക്ക് സൂചിപ്പിക്കുന്നത്. ഇതിൽ 10-20 പേർ കടുത്ത മാനസികരോഗങ്ങൾക്ക് ഇരയാകുന്നു. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ ഒരു ശതമാനം വരെയുണ്ട്. ലക്ഷത്തിൽ 30 പേർ കേരളത്തിൽ സ്വയം ജീവനൊടുക്കുന്നതായാണ് സർക്കാർ രേഖകളിൽ പറയുന്നത്. ഇതിന്റെ ദേശീയ ശരാശരി 11 മാത്രമാണ്. കേരളമാണ് ഇക്കാര്യത്തിലും ഏറ്റവും മുന്നിൽ.വിദ്യാഭ്യാസത്തിൽ മുന്നിട്ടു നില്ക്കുന്ന മലയാളിയുടെ ആത്മഹത്യകാരണങ്ങൾ പലതാണ്.
യോഗ്യതയ്ക്കനുസരിച്ച് ജോലി കിട്ടാത്തത്, ക്യഷിനാശം, മക്കളുടെ വിവാഹം നടത്തിയും വീട് പണിതും വാഹനം വാങ്ങിയുമുള്ള കടബാധ്യത തുടങ്ങി പ്രേരണകൾ പലതാണ്. ചിലപ്പോഴെങ്കിലും കുടുംബാംഗങ്ങളുടെ കൂട്ടമരണവും ഉണ്ടാകുന്നു.
ഉപഭോഗ സംസ്ഥാനം
മലയാളിയുടെ ഉപഭോഗ നിലവാരം ശരാശരി ഇന്ത്യക്കാരേക്കാള് ഏറെ മുന്നിലാണ്- 51 ശതമാനമാണ് കേരളത്തിന്റെ ഉപഭോഗ ഇന്ഡെക്സ്. രാജ്യത്ത് ആകെ വിറ്റഴിക്കപ്പെടുന്ന ഉപഭോകൃത സാധനങ്ങളിൽ 20 ശതമാനത്തോളം വാങ്ങിക്കൂട്ടുന്നത് ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രമുള്ള മലയാളികളാണ്. ഭക്ഷ്യവസ്തുക്കളുടേതെന്നപോലെ ഭക്ഷ്യതേര ഉത്പന്നങ്ങൾ വാങ്ങുന്നതിലും മലയാളികൾ ഏറെ മുന്നിലാണ്. സ്വർണത്തിന്റെയും വാഹനങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും മദ്യത്തിന്റെയും ഏറ്റവും വലിയ വിപണിയാണ് കേരളം.
കേരളമിന്ന് ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ ഏറ്റവും ഉയർന്ന ഉപഭോഗപരമായ അസമത്വം നിലനിൽക്കുന്ന സംസ്ഥാനമാണ്. ഒരു രാജ്യം ഭക്ഷ്യ ഇറക്കുമതിക്ക് വിധേയമാകുന്പോൾ അവർക്ക് വിലനിർണയാവകാശം നഷ്ടപ്പെടും. ഏറ്റവും ഉയർന്ന പ്രതിശീർഷ ഉപഭോഗച്ചെലവും ഉയർന്ന അസമത്വവും കേരളത്തിലാണ്. ചലനാത്മകമായ ഒരു ആഭ്യന്തര ഉത്പാദനമേഖല സ്യഷ്ടിക്കുന്നതിൽ കേരളം ദയനീയമായി പരാജയപ്പട്ടിരിക്കുന്നു.
കേരളത്തിന്റെ സന്പത്തിനുമേൽ കേരളീയർക്ക് നിയന്ത്രണമില്ലാതെ വന്നിരിക്കുന്നു. ഗൾഫ് പണത്തിന്റെ പ്രവാഹം ആരംഭിച്ചതോടുകൂടി കേരളത്തിന്റെ സാന്പത്തികമേഖലയിൽ വികലമായ വ്യതിയാനങ്ങൾ സംഭവിച്ചു.
പണം ഉപയോഗപ്പെടുത്തുക എന്നതിൽനിന്നും പണം ചെലവഴിക്കുക എന്നതിലേക്ക് മലയാളി മാറി. ആഡംബരമേഖല വളരുന്നതും ആത്മഹത്യകൾ പെരുകുന്നതും ഒരേ സമയത്താണ്.
മലയാളത്തെ തമസ്കരിക്കുന്നു
കേരളീയർക്ക് സ്വന്തം വിഭവങ്ങളെക്കുറിച്ചോ ഭാഷയെക്കുറിച്ചോ വേണ്ടത്ര അഭിമാനമില്ല. സ്വന്തം മണ്ണ്, ജലം, ഭാഷ, സംസ്കാരം, അറിവ് ഇവയുടെ കാതൽ നമുക്ക് അന്യമാണ്. സ്വന്തം മണ്ണിലും ഭാഷയിലും അഭിമാനമില്ലാത്തവരും സ്വയം വിശ്വാസമില്ലാത്തവരും അധിനിവേശത്തിന് അടിപ്പെടുക സ്വാഭാവികമാണ്. സ്വത്വം തിരിച്ചറിയാത്ത ജനത അവരുടെ മണ്ണും കൃഷിയും ഭാഷയും വിഭവങ്ങളും തലച്ചോറും മറ്റുള്ളവർക്ക് അടിയറ വയ്ക്കുകയും എന്തിനെയും സംശയത്തോടെ നോക്കിക്കാണുകയും ചെയ്യുന്നു.
മാതൃഭാഷയിലൂടെ ലഭിക്കുന്ന വെള്ളവും വളവും പരിലാളനകളുമാണ് ഒരു കുട്ടിയുടെ ഭാഷാ അവയവത്തെ പുഷ്്ടിപ്പെടുത്തുന്നത്. അങ്ങനെ പരിപുഷ്്ടിപ്പെട്ട ഭാഷ ാ അവയവത്തിലൂടെയാണ് അവനിൽ/അവളിൽ സർഗാത്മകത പൂക്കുന്നത്; വിവിധ വിജ്ഞാനശാഖകൾ സ്വായത്തമാകുന്നത്, മറ്റ് ഭാഷകൾ പഠിക്കാനുള്ള കെൽപുപോലുമുണ്ടാകുന്നത്.
ഓരോ ഭാഷയും ഓരോ സാംസ്കാരികത്തനിമയുടെ ചിഹ്്നങ്ങളാണെന്നും ഭാഷയുടെ സംരക്ഷണം സംസ്കാരിക വൈവിധ്യങ്ങളുടെ സംരക്ഷണംതന്നെയാണെന്നും മനസിലാക്കുന്നതിൽ മലയാളികൾ പരാജയപ്പെടുകയാണ്. മാതൃഭാഷ ഒരു വ്യക്തിയുടെ സ്വത്വസാക്ഷ്യത്തിന്റെ വേഷമാണ്. മാതൃഭാഷയെ അമ്മയ്ക്ക് തുല്യമായാണ് മനീഷികൾ വാഴ്ത്തുന്നത്.
ഇംഗ്ലീഷിൽ അച്ചടിച്ച കത്ത് കൊടുത്ത് മലയാളത്തിൽ ക്ഷണിക്കുന്നവർ കേരളത്തിലെ സഞ്ചരിക്കുന്ന ഫലിതങ്ങളാണെന്ന് ഭാഷാശാസ്ത്രജ്ഞർ പറഞ്ഞത് എത്രയോ ശരിയാണ്. മലയാളം തെറ്റുകൂടാതെ എഴുതാൻ അറിയാത്ത മലയാളികളുടെ ആധിക്യവും അമ്പരപ്പിക്കുന്നതാണ്. കേരളപ്പിറവിയോടനുബന്ധിച്ച് മുഖ്യമന്ത്രി വിതരണം ചെയ്ത പോലീസ് മെഡലിലെ അക്ഷരത്തെറ്റ് എന്തൊരു നാണക്കേടാണുണ്ടാക്കിയത്.
ഭരണഭാഷ മലയാളമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ട് അറുപതിലധികം വർഷങ്ങൾ കഴിഞ്ഞങ്കിലും എങ്ങുമെത്തിയിട്ടില്ല. സാധാരണക്കാർ കയറുന്ന മാവേലിക്കടകളിൽ വരെ ഇന്നും രസീത് കൊടുക്കുന്നത് ഇംഗ്ലീഷിലാണ്. മലയാളത്തെ അകറ്റിനിർത്താൻ എല്ലാ ശ്രമങ്ങളും നടത്തുന്ന ഉദ്യോഗസ്ഥ തന്പുരാക്കന്മാരുടെ തിട്ടൂരങ്ങൾക്കനുസരിച്ച് നീങ്ങാനേ ഇച്ഛാശക്തിയും ആർജവവും ഇല്ലാത്ത രാഷ്ട്രീയ നേത്യത്വങ്ങൾക്ക് കഴിയുന്നുള്ളൂ എന്നതാണ് വാസ്തവം.
ബ്രിട്ടീഷുകാർക്ക് ഇല്ലാത്ത മമതയും വിധേയത്വവുമാണ് മലയാളികൾക്ക് ഇംഗ്ലീഷിനോടുള്ളതെന്നു പറയുന്നവരെ കുറ്റപ്പെടുത്താനാവില്ല.