ഹിമാചൽ മുഖ്യമന്ത്രി സമൂസ കഴിക്കാറില്ല
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
Tuesday, November 12, 2024 12:11 AM IST
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഈ മാസം 25ന് ആരംഭിച്ച് ഡിസംബർ 20 വരെ തുടരുന്നതോടെ രാഷ്ട്രീയമായി നവംബർ മൂന്നാം വാരം സജീവമാണ്. 2024 നവംബർ 26ന് (ഭരണഘടനാദിനം) ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷികം സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ ആഘോഷിക്കും. ആകസ്മികമായി, ചരിത്രപരമായ ജനവിധിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ തിരിച്ചെത്തിയതിനു ശേഷമുള്ള 18-ാം ലോക്സഭയുടെ മൂന്നാം സമ്മേളനമാണിത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ തുടർച്ചയായ മൂന്നാം സർക്കാരിന്റെ റിക്കാർഡിനൊപ്പമാകും നരേന്ദ്ര മോദി.
പാർലമെന്റിന്റെ ഇരു സഭകളുടെയും മുമ്പാകെയുള്ള വഖഫുമായി ബന്ധപ്പെട്ട ബില്ലുകൾ ഗൗരവമായ ചർച്ചയ്ക്കും പ്രതിപക്ഷത്തിന്റെ എതിർപ്പിനും ഇടയാക്കിയേക്കാം. വിവിധ രാഷ്ട്രീയ പാർട്ടികളുടെ മുതിർന്ന നേതാക്കൾ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുന്നുവെങ്കിലും പ്രാഥമിക പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും പങ്കെടുക്കുന്നത് പാർലമെന്റിലെയും മന്ത്രാലയങ്ങളിലെയും ബന്ധപ്പെട്ട ഓഫീസുകളായിരിക്കും. പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്ച് അനുസരിച്ച്, പാർലമെന്റിന്റെ ഇരുസഭകൾക്കും മുമ്പാകെ മുപ്പത് നിയമനിർമാണങ്ങൾ കെട്ടിക്കിടക്കുന്നുണ്ട്. വരും ആഴ്ചകളിൽ സംവാദങ്ങളിൽ പങ്കെടുക്കേണ്ടതിനാൽ പല പാർലമെന്റ് അംഗങ്ങളും ഏറെ തിരക്കിലായിരിക്കും.
രാഷ്ട്രീയ കളികൾ
പാർട്ടി സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിലും തെരഞ്ഞെടുപ്പ് പ്രചാരണ ക്രമീകരണങ്ങളിലും രാഷ്ട്രീയ പാർട്ടികളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. കേരളത്തിൽ പാലക്കാട്ട് കുറച്ച് സജീവ നേതാക്കൾ അവരുടെ പാർട്ടികൾ വിട്ട് സ്വന്തം നിലയിലോ മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെയോ മത്സരിക്കുന്നു. പ്രചാരണ തന്ത്രങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പണമിടപാട് സംബന്ധിച്ച് ആരോപണങ്ങളുയർന്നെങ്കിലും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നവരോ അത്തരം കാര്യങ്ങൾ അന്വേഷിക്കുന്ന പോലീസോ അധികാരികളോ ഒരു തെളിവും ഹാജരാക്കിയില്ല. വയനാട്, പാലക്കാട്, ചേലക്കര എന്നിവിടങ്ങളിലെ പ്രചാരണത്തിൽ മിക്ക പാർട്ടികളുടെയും മുതിർന്ന നേതാക്കൾ പങ്കെടുത്തു. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങൾപോലും സംസ്ഥാന അധികാരികൾ ഗ്രാമപഞ്ചായത്തിലേക്കയച്ചിട്ടും ഗ്രാമപഞ്ചായത്തിന്റെ പരാജയമായി ആരോപിക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനുള്ള തീവ്രമായ രാഷ്ട്രീയ പ്രവർത്തനമായിരുന്നു അത്.
മഹാരാഷ്ട്രയിൽ എതിരാളികളുടെ നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തപ്പോൾ, സ്വന്തം സ്ഥാനാർഥികൾക്കായി പരമാവധി വോട്ടുകൾ സമാഹരിക്കാനുള്ള സർവശ്രമമായി അതു മാറി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നൽകിയ വാഗ്ദാനങ്ങളിലും ഉറപ്പുകളിലും ഓരോ കുടുംബത്തിനും പ്രതിവർഷം മൂന്നു ലക്ഷം രൂപ സഹായധനം നൽകുമെന്നത് ശ്രദ്ധേയമായി. പാർട്ടിയുടെ മഹാലക്ഷ്മി സ്കീമിനു കീഴിൽ എല്ലാ സ്ത്രീകൾക്കും സാമ്പത്തികസഹായം നൽകും: അവർക്ക് ഓരോ മാസവും 3000 രൂപ വീതം നൽകും.
ബഹുജന വോട്ടുകൾ നേടുന്നതിന് തീർച്ചയായും ആകർഷകമാണ്; പക്ഷേ, അതു നടപ്പാക്കുന്നത് എളുപ്പമായിരിക്കില്ല, പ്രത്യേകിച്ച് സഖ്യകക്ഷി അധികാരത്തിൽ വന്നാൽ. തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും, രാഷ്ട്രീയ പാർട്ടി നേതാക്കൾ ജനങ്ങളുടെ പിന്തുണ നേടുന്നതിൽ പരമാവധി പരിശ്രമിച്ചു. സ്വന്തം പാർട്ടികൾക്കും സഖ്യകക്ഷികൾക്കും വോട്ട് പിടിക്കാനുള്ള ഒരവസവരും പാഴാക്കിയില്ല.
ഇത്തരം സംഭവങ്ങളും മത്സരങ്ങളും വഴക്കുകളും ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണ്. അതേ, ജനങ്ങളുടെ ഭൂരിപക്ഷ പിന്തുണയോടെ അധികാരം നേടുന്നു. കേരള സെക്രട്ടേറിയറ്റിലെ ഉയർന്ന ഐഎഎസ് ഉദ്യോഗസ്ഥർ തങ്ങളുടെ സ്ഥാനങ്ങൾ നന്നായി ഉറപ്പിക്കുന്നതിനും ഫലപ്രദമായ പിന്തുണ കിട്ടുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായി കരുതപ്പെടുന്നു. അന്വേഷണങ്ങൾ ആവശ്യപ്പെടുന്ന ചില റിപ്പോർട്ടുകൾ പ്രകാരം കൂടുതൽ ശക്തി നേടാനും സംഖ്യാപരമായും മതപരമോ സാമുദായികമോ ആയും ആധിപത്യമുള്ള ഒരു ഗ്രൂപ്പ് രൂപീകരിക്കാൻ അത്തരത്തിലുള്ള ഒരു സജ്ജീകരണം ശ്രമിച്ചതായി ആരോപിക്കപ്പെടുന്നു.
താരതമ്യേന ചെറിയ തലങ്ങളിൽ അത്തരം സംഘടനകളെ നമുക്കു കണ്ടെത്താൻ കഴിയും. അത് ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ നേതൃത്വ നിലവാരത്തിലുള്ള അംഗീകാരം നേടുകയും ചെയ്യുന്നു. ഒരുപക്ഷേ എല്ലാ മേഖലകളിലും അത്തരം ചിന്തകളെ ശുദ്ധീകരിക്കുക എളുപ്പമല്ല. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പോലും വൃത്തികെട്ടതും അധിക്ഷേപകരവുമായ ഇത്തരം സമ്പ്രദായങ്ങൾ നമ്മൾ കണ്ടില്ലേ?! പ്രചാരണങ്ങൾ കൈകാര്യം ചെയ്ത ഭാഷപോലും താഴ്ന്ന നിലയിലായിരുന്നു. കണ്ടതും കേട്ടതുമൊന്നും സന്തോഷകരമായ അവസ്ഥയായിരുന്നില്ല.
സമൂസയുണ്ടാക്കിയ പൊല്ലാപ്പ്
ഇന്ത്യയിൽ വേറെയും സാഹചര്യങ്ങളുണ്ട്. പലരെയും ആശ്ചര്യപ്പെടുത്തുന്നതും ചില തലങ്ങളിൽ ഞെട്ടിക്കുന്നതും സാധാരണക്കാർക്കുപോലും അവിശ്വസനീയവുമാണത്. ഉത്തരേന്ത്യയിലെ ഹിമാചൽ പ്രദേശിലാണ് സംഭവം. അത് ഒരു ജനപ്രിയ ലഘുഭക്ഷണത്തെക്കുറിച്ചായിരുന്നു; പലർക്കും രുചികരമായതും എന്നാൽ കുറച്ചുപേർക്ക് ഇഷ്ടമില്ലാത്തതും.
ഒക്ടോബർ 21 ന്, കോൺഗ്രസ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവിന് വിളമ്പേണ്ടിയിരുന്ന സമൂസ അദ്ദേഹത്തിന്റെ സ്റ്റാഫിനു നൽകി. ഈ സംഭവം സ്വാദിഷ്ടമായ ചേരുവകൾ ചേർത്ത് നന്നായി ചൂടാക്കി രുചികരമാക്കി!! അന്നുതന്നെ പോലീസ് വിദഗ്ധരും പ്രതിപക്ഷ ബിജെപി പ്രഗത്ഭരും സംസ്ഥാന സർക്കാരിന്റെ തലപ്പത്തുള്ളവരും പ്രസ്താവനകളും വിശദീകരണങ്ങളുമായി രംഗത്തെത്തി. അതായിരുന്നു സമൂസയുടെ ലജ്ജാവഹമായ പരിണാമം. മുഖ്യമന്ത്രി സിഐഡി ആസ്ഥാനം സന്ദർശിച്ചതിന്റെ ബഹുമാനാർഥം സ്വാദിഷ്ടമായ വിവിധ ചേരുവകൾ ഉപയോഗിച്ച് പ്രത്യേകം തയാറാക്കി മൂന്ന് കണ്ടെയ്നറുകളിൽ നന്നായി പായ്ക്ക് ചെയ്തതായിരുന്നു സമൂസ.
ചുരുക്കത്തിൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവിനുവേണ്ടി തയാറാക്കിയ സമൂസകൾ (ചിലർ പറയുന്നതനുസരിച്ച് കേക്കുകൾ) അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകി എന്നതാണ് കഥ. ഗവൺമെന്റ് വിരുദ്ധ നടപടിയെന്ന് വിശേഷിപ്പിച്ച സിഐഡി അന്വേഷണം ആവശ്യമായിവരുന്ന വിവാദത്തിലേക്ക് കൂപ്പുകുത്തി.
ഒക്ടോബർ 21ന് മുഖ്യമന്ത്രി സിഐഡി ആസ്ഥാനത്ത് നടത്തിയ സന്ദർശനത്തെക്കുറിച്ചുള്ള കുറിപ്പിൽ, ഉന്നത നിലയിലുള്ളവരും ഉത്തരവാദപ്പെട്ടവരും സ്വന്തം അജൻഡയിൽ പ്രവർത്തിച്ചുവെന്ന് ചുരുക്കം. ചൊറിയാൻ സദാ തയാറായി നിൽക്കുന്ന നർമബോധമുള്ള ബിജെപിക്കാരിലൊരാൾ പറഞ്ഞു: സംസ്ഥാനത്തിന്റെ വികസനത്തിൽ സുഖുവിന് ആശങ്കയില്ല, അവരുടെ ഏക ആശങ്ക ‘മുഖ്യമന്ത്രിയുടെ സമൂസ’ മാത്രമാണെന്നു തോന്നുന്നു.
സിഐഡി ആസ്ഥാനത്ത് മുഖ്യമന്ത്രിക്ക് നൽകാനായി ലക്കർ ബസാറിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽനിന്ന് ലഘുഭക്ഷണ പെട്ടികൾ കൊണ്ടുവന്നിരുന്നു എന്നാണ് എസ്പി റാങ്കിലുള്ള ഒരുദ്യോഗസ്ഥന്റെ അന്വേഷണ റിപ്പോർട്ടിലുള്ളത്. എന്നാൽ, ഭക്ഷണസാധനങ്ങൾ മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ജീവനക്കാർക്കാണ് നൽകിയതെന്ന് ഡെപ്യൂട്ടി എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഇനി വിശദാംശത്തിലേക്കു വരാം: മുഖ്യമന്ത്രിയുടെ സന്ദർശനത്തിനായി ഹോട്ടലിൽനിന്ന് ഭക്ഷണസാധനങ്ങൾ വാങ്ങാൻ ഐജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ എസ്ഐയെ ചുമതലപ്പെടുത്തി. തുടർന്ന് എസ്ഐ ഒരു എഎസ്ഐ, ഒരു ഹെഡ് കോൺസ്റ്റബിൾ എന്നിവരോട് ലഘുഭക്ഷണം കൊണ്ടുവരാൻ നിർദേശിച്ചു. എഎസ്ഐയും ഹെഡ്കോൺസ്റ്റബിളും ഹോട്ടലിൽനിന്ന് സീൽ ചെയ്ത മൂന്ന് പെട്ടികളിലായി പലഹാരങ്ങൾ കൊണ്ടുവന്നതായി എസ്ഐയെ അറിയിച്ചു.
മൂന്ന് പെട്ടികളിലായുള്ള ലഘുഭക്ഷണം മുഖ്യമന്ത്രിക്ക് നൽകണോ എന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ടൂറിസം വകുപ്പിനോട് ചോദിച്ചപ്പോൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അവർ പറഞ്ഞുവെന്നാണ് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഹോട്ടലിൽനിന്ന് ലഘുഭക്ഷണം കൊണ്ടുവരാൻ എഎസ്ഐയെയും ഹെഡ് കോൺസ്റ്റബിളിനെയും നിയോഗിച്ച എസ്ഐക്ക് മൂന്ന് പെട്ടികളും മുഖ്യമന്ത്രിക്കുള്ളതാണെന്ന് അറിയാമായിരുന്നെന്നാണ് അന്വേഷണ റിപ്പോർട്ട്.
ഭക്ഷണസാധനങ്ങൾ കൈമാറിയ വനിതാ ഇൻസ്പെക്ടർ ഒരു മുതിർന്ന ഉദ്യോഗസ്ഥനോടും ഒന്നും ചോദിച്ചില്ല. കൂടാതെ റിഫ്രഷ്മെന്റുമായി ബന്ധപ്പെട്ട മെക്കാനിക്കൽ ട്രാൻസ്പോർട്ട് (എംടി) വിഭാഗത്തിലേക്ക് കൈമാറി. ഈ മൂന്ന് പെട്ടികൾ ഈ പ്രക്രിയയിൽ നിരവധി കൈകൾ മാറിമറിഞ്ഞു.
അന്വേഷണ റിപ്പോർട്ടിൽ പേരുള്ളവരെല്ലാം സിഐഡി വിരുദ്ധവും സർക്കാർ വിരുദ്ധവുമായ രീതിയിൽ പ്രവർത്തിച്ചതിനാൽ വിവിഐപികൾക്ക് സാധനങ്ങൾ നൽകാനായില്ലെന്നാണ് സിഐഡി ഉന്നത ഉദ്യോഗസ്ഥൻ തന്റെ കുറിപ്പിൽ എഴുതിയിരിക്കുന്നത്. അവർ സ്വന്തം അജണ്ടയിൽ പ്രവർത്തിച്ചു.
ആരോപണ-പ്രത്യാരോപണങ്ങൾ
സുഖുവിനായി കൊണ്ടുവന്ന സമൂസയുമായി ബന്ധപ്പെട്ട സംഭവം വിവാദമായിരിക്കുകയാണ്. ഇത് ശത്രുക്കൾക്ക് സുഖു സർക്കാരിനെതിരേ ആഞ്ഞടിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. അന്വേഷണത്തിൽ തെറ്റിനെ ‘സർക്കാർ വിരുദ്ധ നടപടി’ എന്ന് വിശേഷിപ്പിച്ചത് വലിയൊരു വാക്കാണ്. സംഭവം ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി മാറിയിരിക്കുകയാണ്.
മുഖ്യമന്ത്രിയെപ്പോലുള്ള ഒരു വിഐപിയുമായി ബന്ധപ്പെട്ട പരിപാടിയിൽ ഇത്തരമൊരു ഏകോപന പ്രശ്നം കാരണം സർക്കാർ സംവിധാനങ്ങൾ നാണംകെട്ടിരിക്കുകയാണ്.
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖുവിന്റെ പ്രതികരണം: അങ്ങനെയൊന്നുമില്ല. അത് മോശം പെരുമാറ്റത്തിന്റെ ഭാഗമാണ്. വിഷയം വളരെ ബാലിശമാണ്. അനാവശ്യ വിഷയമാണ് ബിജെപി ഉയർത്തുന്നത്. കാണാതായ സമൂസയെക്കുറിച്ച് സിഐഡി അന്വേഷിക്കുന്നില്ല. പെരുമാറ്റദൂഷ്യം സിഐഡി അന്വേഷിക്കുന്നു. സംസ്ഥാനത്ത് 40 എംഎൽഎമാരുള്ളതിനാൽ അനാവശ്യമായ പല വിഷയങ്ങളും ബിജെപി ഉന്നയിക്കുന്നുണ്ട്. ഡിജിപി ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്. കോൺഗ്രസ് സംസ്ഥാന ഘടകം പിരിച്ചുവിട്ടതിനെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. ഏറെനാളായി കാത്തിരിക്കുന്ന ആവശ്യമാണിത്. അതുകൊണ്ടാണ് പിസിസി അധ്യക്ഷൻ കോൺഗ്രസ് ഹൈക്കമാൻഡിന് എഴുതിയ കത്തിൽ സജീവമല്ലാത്ത അംഗങ്ങളെ മാറ്റാൻ നിർദേശിച്ചത്.
ഇത് പൂർണമായും സിഐഡിയുടെ ആഭ്യന്തരകാര്യമാണ്. അതിനെ രാഷ്ട്രീയവത്കരിക്കാൻ പാടില്ല എന്നായിരുന്നു സിഐഡി ഡിജി സഞ്ജീവ് രഞ്ജൻ ഓജയുടെ പ്രതികരണം. മുഖ്യമന്ത്രി സമൂസ കഴിക്കാറില്ല. ഞങ്ങൾ ആർക്കും നോട്ടീസ് നൽകിയിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ ഞങ്ങൾ ശ്രമിച്ചു. സർക്കാരിന് ഇതിൽ ഒന്നും ചെയ്യാനില്ല. എങ്ങനെയാണ് ഈ വിവരം ചോർന്നതെന്ന് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഞങ്ങളുടെ മുഖ്യാതിഥിയായിരുന്നു മുഖ്യമന്ത്രി. ചടങ്ങ് കഴിഞ്ഞപ്പോൾ, ഓഫീസർമാർ ഇരുന്ന് ചായ കുടിക്കുകയായിരുന്നു, കുറച്ച് സാധനങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും അതെവിടെയെന്ന് അന്വേഷിക്കൂ എന്നും ചിലർ ഞങ്ങളോടു പറഞ്ഞു. ഇത് മാത്രമാണുണ്ടായത്. ഇത് പൂർണമായും സിഐഡിയുടെ ആഭ്യന്തര കാര്യമാണ്. അതിനെ പാറിപ്പറത്തി രാഷട്രീയവത്കരിച്ചത് ദുഃഖകരവും ദൗർഭാഗ്യകരവുമാണ്. ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളെയാണ് ലക്ഷ്യമിടുന്നത് എന്നത് ഖേദകരമാണെന്നും ഡിജി വിശദീകരിച്ചു.
സർക്കാർ അത്തരത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്നും ഈ വിഷയത്തിൽ തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നും മുഖ്യ മാധ്യമ ഉപദേഷ്ടാവ് നരേഷ് മോഹൻ പറഞ്ഞു. ഇക്കാര്യം സിഐഡി സ്വന്തം തലത്തിൽ അന്വേഷിക്കുന്നുണ്ട്. എല്ലാവർക്കും ലഘുഭക്ഷണം നൽകിയ ശേഷം മുഖ്യമന്ത്രിക്ക് വിളമ്പി. ബിജെപിക്ക് മറ്റു പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ കുഴപ്പമില്ല. ഈ വിഷയത്തിലൂടെ കോൺഗ്രസ് സർക്കാരിനെതിരേ കുപ്രചരണമാണ് നടക്കുന്നത്.
കൃത്യമായ ആസൂത്രണവും ഏകോപനവും വ്യക്തമായ ലക്ഷ്യങ്ങളുമില്ലാതെയാണ് ചടങ്ങുകൾ മുഴുവൻ സംഘടിപ്പിച്ചതെന്ന് വ്യക്തമാണ്. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സിഐഡി ആസ്ഥാനം സന്ദർശിക്കുന്നത് സംസ്ഥാന പോലീസിന്റെ മൊത്തത്തിലുള്ള പുതിയ വികസന അജണ്ടയെക്കുറിച്ചും സിഐഡി ഏറ്റെടുക്കുന്ന പുതിയ പരിപാടികളെക്കുറിച്ചും ചർച്ച ചെയ്യുന്ന ഒരു യോഗമായി നടത്താമായിരുന്നു. പരിമിതമായ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുകയും സംസ്ഥാനത്തെ ക്രമസമാധാനം മെച്ചപ്പെടുത്തുകയും ചെയ്യാമായിരുന്നു.
മുഖ്യമന്ത്രി സമൂസ കഴിക്കാറില്ലെന്ന കാര്യം സിഐഡി ഡയറക്ടർ സഞ്ജീവ് രഞ്ജൻ ഓജയ്ക്ക് അറിയാമായിരുന്നതിനാൽ അതിനനുസരിച്ച് സത്കാരം സംഘടിപ്പിക്കുകയും പ്രധാന ജീവനക്കാരോട് ഇക്കാര്യം പങ്കുവയ്ക്കുകയും ചെയ്യാമായിരുന്നു. സംഘാടനത്തിൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ട്, അത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ഉടനടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ബിജെപിയുമായി അത്ര സൗഹാർദ ബന്ധമില്ലാത്തതിനാൽ, ഹിമാചൽ സർക്കാർ ഭൂമിശാസ്ത്രപരമായ മേഖലകൾ വിപുലീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തേണ്ടതുണ്ട്.
അത്തരം പ്രവർത്തനങ്ങൾ വളരെ ശ്രദ്ധയോടെ സംഘടിപ്പിക്കുകയും വേണം. സാമ്പത്തിക മാനേജ്മെന്റ് മെച്ചപ്പെടുത്താനും വികസന പദ്ധതികൾക്കായി പരമാവധി പ്രവർത്തിക്കാനും കഴിയണം. തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും വേണം. സംസ്ഥാനത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഹോട്ടലുകളും ചെറിയ ഹോസ്പിറ്റാലിറ്റി സെന്ററുകളും ഉൾപ്പെടുത്തി ടൂറിസം മേഖല മെച്ചപ്പെടുത്തുന്നതിന് മികച്ച ആസൂത്രണം വേണം. അതിന് ഇക്കാലത്ത് നല്ല സാധ്യതയുണ്ട്.
കേരളം, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ഫണ്ട് അനുവദിക്കുമ്പോൾ കേന്ദ്രസർക്കാർ പരിഗണന കാണിക്കുന്നില്ല എന്നത് മറക്കാനാകാത്ത കാര്യമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്വകാര്യ മൂലധനം ആകർഷിക്കുന്നതിനുള്ള മികച്ച നിക്ഷേപ പദ്ധതികൾ സംസ്ഥാന സർക്കാർ ആരംഭിക്കേണ്ടതുണ്ട്. ഹിമാചൽ പ്രദേശ് ഇതിനകം തന്നെ വിനോദസഞ്ചാരികളുടെ അറിയപ്പെടുന്ന കേന്ദ്രമായതിനാൽ, ഇത് വിനോദസഞ്ചാരികളെയും നിക്ഷേപകരെയും ആകർഷിക്കും. കേരളം ഉടൻ തന്നെ ഫലപ്രദമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.