മുതിര്‍ന്ന പൗരന്മാരിലെ അസ്ഥിരോഗങ്ങള്‍ തടയാം, പരിപാലിക്കാം
ഡോ. അജയകുമാര്‍
Tuesday, November 12, 2024 12:04 AM IST
പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിലും പലതരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കും. അതിലൊന്നാണ് അസ്ഥിരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍. സന്ധിവേദന, മുട്ടിലെ തേയ്മാനം, എല്ലുകള്‍ പൊട്ടുക, ശരീരത്തിലെ മസിലുകള്‍, സന്ധികള്‍, അസ്ഥികള്‍ എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന മസ്കുലോസ്കെലറ്റല്‍ ഡിസോര്ഡറുകള് എന്നിങ്ങനെ പല പ്രയാസങ്ങളും മുതിർന്നവര്‍ തുടര്‍ച്ചയായി അഭിമുഖീകരിക്കേണ്ടതായിവരും.
അസ്ഥികളുമായി ബന്ധപ്പെട്ട് പ്രായമായവരില്‍ പൊതുവേ ഉണ്ടാകാറുള്ള ഇത്തരം പ്രയാസങ്ങള്‍ തിരിച്ചറിയുകയും, അവയെ പ്രതിരോധിക്കാനുള്ള കാര്യങ്ങള്‍ ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുന്നതിലൂടെ മുതിര്‍ന്ന പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പടുത്താം.
മുതിര്‍ന്ന പൗരന്മാരില് സാധാരണയായി കണ്ടുവരുന്ന അസ്ഥിരോഗങ്ങള്‍
1. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്: ലോകത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുതിര്‍ന്ന പൗരന്മാരെ ബാധിക്കുന്ന ഡീജനറേറ്റീവ് ജോയിന്റ് കണ്ടീഷനാണിത്. തരുണാസ്ഥികള്‍ ക്ഷയിക്കുന്നതു കാരണം സന്ധികളിലെ വേദന, സ്റ്റിഫ്നെസ്, ചലനശേഷി കുറയുക തുടങ്ങിയവയ്ക്ക് ഇതു കാരണമാകുന്നു.
2. പൊട്ടലും വീഴ്ചയും: പ്രായം കൂടുന്നതിനനുസരിച്ച് അസ്ഥികളിലെ സാന്ദ്രത കുറഞ്ഞുവരും. അതിനാല്‍ത്തന്നെ പ്രായമുള്ളവര്‍ക്ക് അസ്ഥികളില്‍ പൊട്ടല്‍ സംഭവിക്കാനുള്ള സാധ്യതകള്‍ താരതമ്യേന കൂടുതലാണ്, പ്രത്യേകിച്ച് വീഴ്ചകളില്‍. ഇടുപ്പുകളില്‍ പൊട്ടലുണ്ടാകുന്നത് വളരെ വ്യാപകമാണ്. ഇതിലൂടെ ചലനസ്വാതന്ത്ര്യം പരിമിതപ്പെടുകയും മറ്റൊരാളെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥ സംജാതമാകുകയും ചെയ്യും.
3. ഓസ്റ്റിയോപൊറോസിസ്: ഈ രോഗാവസ്ഥ അസ്ഥികളെ കൂടുതല്‍ ദുര്‍ബലമാക്കുകയും അവയില്‍ ക്ഷതങ്ങളും പൊട്ടലുമുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മുതിര്‍ന്ന പൗരന്മാരില് പ്രത്യേകിച്ചും സ്ത്രീകളില്‍ ഹോര്‍മോണുകളിലുണ്ടാകുന്ന മാറ്റങ്ങള്‍ എല്ലുകളുടെ സാന്ദ്രതയെ ബാധിക്കുന്നവയാണ്.
അനുയോജ്യമായ വ്യായാമക്രമങ്ങളുടെയും ഫിസിക്കല്‍ ആക്ടിവിറ്റികളുടെയും പ്രാധാന്യം
ഓരോ വ്യക്തിയുടെയും ശാരീരികാവസ്ഥയ്ക്ക് അനുയോജ്യമായ വ്യായാമങ്ങള്‍ കൃത്യമായി ശീലിക്കുന്നതിലൂടെ ചലനസ്വാതന്ത്ര്യം ഉറപ്പാക്കാനും അസ്ഥിരോഗങ്ങള്‍ വരാതെ സംരക്ഷിക്കാനും സാധിക്കും. ശരീരത്തിന്റെ വഴക്കം, ബലം, ബാലന്‍സ് എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ആക്ടിവിറ്റികള്‍ ഏറെ ഗുണകരമാണ്.
ഫ്ളെക്സിബിലിറ്റി വ്യായാമങ്ങള്‍: യോഗ, തായ് ചി, സ്ട്രെച്ചിംഗ് തുടങ്ങിയവ ശീലിക്കുന്നതിലൂടെ സന്ധികളുടെ വഴക്കം മെച്ചപ്പെടുത്താനും സ്റ്റിഫ്നസ് കുറച്ചുകൊണ്ട് ചലനസ്വാതന്ത്ര്യം ഉറപ്പാക്കാനും സാധിക്കുന്നു.
സ്ട്രെംഗ്ത് ട്രെയിനിംഗ്: വെയ്റ്റുകള്‍ ഉപയോഗിച്ചുള്ള ലൈറ്റ് റെസിസ്റ്റന്‍സ് വ്യായാമങ്ങള്‍ അല്ലെങ്കില്‍ റെസിസ്റ്റന്‍സ് ബാന്‍ഡുകളിലൂടെ മസിലുകളും സന്ധികളും ബലപ്പെടുത്താനും സന്ധികളും വീഴ്ചയിലൂടെയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനും സാധിക്കും.
ബാലന്‍സ് എക്സൈസ്: ഒരു കാലില്‍ നില്ക്കുക എന്നതുപോലുള്ള ബാലന്‍സ് എക്സൈസ് ആക്ടിവിറ്റികള്‍ ശീലിക്കുന്നത് വീഴ്ചകള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ പരിമിതപ്പെടുത്തുകയും അതുവഴി അസ്ഥികളിലുണ്ടാകുന്ന പൊട്ടലുകള്‍ പോലുള്ള അസ്ഥിരോഗങ്ങള്‍ ഒഴിവാക്കാനും സാധിക്കും.
പോഷകാഹാരത്തിന്റെ പങ്ക്
എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും മുതിര്‍ന്നവരില്‍ ഓര്‍ത്തോപീഡിക് പ്രശ്നങ്ങള്‍ തടയുന്നതിനും സമീകൃതാഹാരത്തിന് നിര്‍ണായക പങ്കാണുള്ളത്. പ്രധാന പോഷക ഘടകങ്ങള്‍ താഴെപറയുന്നവയാണ്.
കാത്സ്യം വിറ്റാമിന്‍ ഡി: ഇവ രണ്ടും അസ്ഥികളുടെ ആരോഗ്യത്തിന് അനിവാര്യമാണ്. പാല് ഉത്പന്നങ്ങള്‍, ഇലക്കറികള്‍ തുടങ്ങിയ കാത്സ്യം കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ഡയറ്റില്‍ ഉള്പ്പെടുത്തുന്നതിനൊപ്പംതന്നെ ആവശ്യത്തിനുള്ള വിറ്റാമിന്‍ ഡി ശരീരത്തിന് ലഭിക്കുന്നതിനായി സൂര്യപ്രകാശമേല്‍ക്കേണ്ടതും പ്രധാനമാണ്.
പ്രോട്ടീന്‍: പേശികളുടെ ആരോഗ്യത്തിനായി കൊഴുപ്പ് കുറഞ്ഞ മാംസം, മത്സ്യം, മുട്ട, പയര്‍, നട്സ് തുടങ്ങിയവ മുതിര്‍ന്ന പൗരന്മാരുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്.
ഒമേഗ 3 ഫാറ്റി ആസിഡ്: മത്സ്യങ്ങള്‍, ഫ്ളാക്സ് സീഡ്സ്, വാല്‍നട്ട്സ് തുടങ്ങിയവയില്‍ ധാരാളമായുള്ള ഒമേഗ 3 ഫാറ്റി ആസിഡ് സന്ധി വേദനയും നീര്‍വീക്കവും ഇല്ലാതാക്കാന്‍ സഹായിക്കും.
ചിട്ടയായ വ്യായാമവും പോഷകസമൃദ്ധമായ ഡയറ്റും ശീലിക്കുന്നതിലൂടെ മുതിര്‍ന്ന പൗരന്മാരുടെ ഓര്‍ത്തോപീഡിക് ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കും. വഴക്കം, ബലം, ബാലന്‍സ്, പോഷണം എന്നിവ കൃത്യമായി ശ്രദ്ധിച്ചാല്‍ മുതിർന്നവരിലെ അസ്ഥിസംബന്ധമായ രോഗങ്ങളിലൂടെയുണ്ടാകുന്ന അപകടസാധ്യത കുറയ്ക്കുകയും പൂര്‍ണ ചലനസ്വാതന്ത്ര്യമുള്ള ആരോഗ്യകരമായ ജീവിതം വര്‍ഷങ്ങളോളം തുടരുകയും ചെയ്യാം.
മുതിര്‍ന്നവരിലെ ഓര്‍ത്തോപീഡിക് പ്രശ്നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും തടയുന്നതിനുമായി കൃത്യമായ ഇടവേളകളില്‍ ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചകളും വ്യക്തിഗത നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതും വളരെ പ്രധാനമാണെന്ന് മറക്കാതിരിക്കുക.
(സീനിയര്‍ കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക്സ് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍,
അങ്കമാലി, എറണാകുളം)