മഹാ അങ്കം മുറുകി
ബിജോ മാത്യു
Monday, November 11, 2024 12:00 AM IST
മഹായുതിയെന്നും മഹാ വികാസ് അഗാഡിയെന്നും പേരുള്ള മുന്നണികളിലായി ആറു പ്രബല പാർട്ടികളുടെ മഹാരാഷ്ട്രപോരാട്ടം അവസാന ലാപ്പിലേക്ക്. 288 അംഗ നിയമസഭയിലേക്കു 20നാണ് വിധിയെഴുത്ത്. 23നു ഫലപ്രഖ്യാപനം.
ശിവസേനയിലെയും എൻസിപിയിലെയും ഇരു വിഭാഗങ്ങൾ രണ്ടു ചേരികളിലായി പോരാടുന്നുവെന്നതാണു ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷത. ഏക്നാഥ് ഷിൻഡെയാണു മുഖ്യമന്ത്രിയെങ്കിലും മഹായുതിയുടെ നേതൃത്വം ബിജെപിക്കാണ്. എന്‍സിപി (അജിത്) ശിവസേന(ഷിന്‍ഡെ) എന്നിവരാണ് മറ്റ് കക്ഷികൾ. അതേസമയം, മഹാ വികാസ് അഗാഡിക്ക് (എംവിഎ) ഏതെങ്കിലും ഒരു കക്ഷിയുടെ നേതൃത്വമല്ല, കൂട്ടായ നേതൃത്വമാണുള്ളത്. മുന്നണിയുടെ തന്ത്രങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് ശരദ് പവാറാണ്. കോൺഗ്രസ്, ശിവസേന(ഉദ്ധവ്), എൻസിപി(ശരദ് പവാർ) എന്നീ പാർട്ടികളാണു സഖ്യത്തിലുള്ളത്. സമാജ്വാദി പാർട്ടി ഉൾപ്പെടെ ഏതാനും ചെറുപാർട്ടികൾക്കും എംവിഎ സീറ്റ് നല്‍കിയിട്ടുണ്ട്.
പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഗാഡി, അസദുദീൻ ഒവൈസിയുടെ എഐഎംഐഎം, മഹാരാഷ്ട്ര നവനിർമാൺ സേന(എംഎൻഎസ്) എന്നീ പാർട്ടികളും രംഗത്തുണ്ടെങ്കിലും കാര്യമായ ചലനമുണ്ടാക്കാൻ സാധ്യതയില്ല.
പാവപ്പെട്ട സ്ത്രീകൾക്ക് മാസം 1,500 രൂപ വീതം സ്റ്റൈപ്പെൻഡ് നല്കുന്ന ലഡ്കി ബഹിൻ യോജനയാണു മഹായുതിയുടെ തുറുപ്പുചീട്ട്. മറാഠ സംവരണവും കർഷക ആത്മഹത്യയും തൊഴിലില്ലായ്മയും മഹാ വികാസ്അഗാഡി പ്രചാരണായുധമാക്കുന്നു. ജനസംഖ്യയുടെ 28 ശതമാനം വരുന്ന മറാഠകളുടെയും 50 ശതമാനമുള്ള ഒബിസി വിഭാഗങ്ങളുടെയും നിലപാടാണ് നിർണായകം.
മഹാരാഷ്ട്രയിൽ അഞ്ചു മേഖലകളാണുള്ളത്. മുംബൈയും കൊങ്കണും ഉൾപ്പെടുന്ന തീരമേഖല(75 മണ്ഡലങ്ങൾ), പടിഞ്ഞാറൻ മഹാരാഷ്ട്ര(58), വടക്കൻ മഹാരാഷ്ട്ര(47), മറാഠ്വാഡ(46), വിദർഭ(62) എന്നിങ്ങനെയാണവ.
2022ൽ ശിവസേനയിലും 2023ൽ എൻസിപിയിലുമുണ്ടായ പിളർപ്പിനുശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. 2019ൽ കേവല ഭൂരിപക്ഷം നേടിയ ബിജെപി-ശിവസേന സഖ്യം മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി കലഹിച്ചു പിരിഞ്ഞു. വൈകാതെ കോൺഗ്രസ്, എൻസിപി കക്ഷികളുമായി ശിവസേന സഖ്യമുണ്ടാക്കി. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി മൂന്നു വർഷം അധികാരത്തിൽ തുടർന്നു. ബിജെപിയുടെ സഹായത്തോടെ ശിവസേനയെ പിളർത്തി ഏക്നാഥ് ഷിൻഡെ 2022ൽ മുഖ്യമന്ത്രിയായി. ഭൂരിപക്ഷം ശിവസേന എംഎൽഎമാരും ഷിൻഡെയ്ക്കൊപ്പം ചേർന്നു. 2023ൽ അജിത് പവാറിന്റെ നേതൃത്വത്തിൽ ഭൂരിഭാഗം എൻസിപി എംഎൽഎമാർ ബിജെപി സഖ്യത്തിൽ ചേർന്നു.
അജിത്തിനെ വിടാതെ ശരദ് പവാർ
നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ശരദ് പവാർ-അജിത് പവാർ വൈരം പാരമ്യത്തിലെത്തി. ദീപാവലി ആഘോഷത്തിനുപോലും ഇരുവരും ഒത്തുചേർന്നില്ല. ബാരാമതിയിൽ അജിത്തിന് ഈസി വാക്കോവർ നല്കാൻ ശരദ് പവാർ ഒരുക്കമല്ല. ഇളയ സഹോദരൻ ശ്രീനിവാസിന്റെ മകനാണ് അജിത്തിന്റെ മുഖ്യ എതിരാളി യുഗേന്ദ്ര. യുഗേന്ദ്രയുടെ പ്രചാരണത്തിനു നേതൃത്വം നല്‍കുന്നത് ശരദ് പവാർ ആണ്.
മൂന്നു ദശകമായി ബാരാമതി അജിത്തിന്റെ തട്ടകമാണെങ്കിലും യുഗേന്ദ്ര ഉയർത്തുന്ന വെല്ലുവിളി കടുത്തതാണ്. പാർട്ടിയും ചിഹ്നവും തട്ടിയെടുത്ത അജിത്തിന്റെ വഞ്ചനയ്ക്കു തക്ക മറുപടി നല്കാൻ ശരദ് പവാർ ഒരുങ്ങിയിരിക്കുകയാണ്. ബാരാമതി ലോക്സഭാ മണ്ഡലത്തിൽ അജിത് പവാറിന്റെ ഭാര്യ സുനേത്രയെ പരാജയപ്പെടുത്തിയത് ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയായിരുന്നു. രോഹിത് പവാർ എംഎൽഎയടക്കം പവാർ കുടുംബാംഗങ്ങളെല്ലാം ശരദ് പവാറിനൊപ്പമാണ്. മഹായുതിക്ക് അധികാരം നഷ്ടമായാൽ അജിത് പക്ഷത്ത് പിളർപ്പ് ഉറപ്പാണെന്നാണു രാഷ്ട്രീയനിരീക്ഷകരുടെ അഭിപ്രായം.
മഹാ വികാസ് അഗാഡിയിൽ ഏറ്റവുമധികം നേട്ടം കൊയ്യാൻ സാധ്യത ശരദ് പവാർ പക്ഷ എൻസിപിക്കാണ്. മറ്റു പാർട്ടികളിൽനിന്നു നേതാക്കൾ കൂടുതലായി ചേക്കേറിയതും ഈ പാർട്ടിയിലേക്കാണ്. പരന്പരാഗത ശക്തികേന്ദ്രമായ പടിഞ്ഞാറൻ മഹാരാഷ്ട്രയിലാണ് ശരദ് പവാർ പക്ഷം മത്സരിക്കുന്ന സീറ്റുകളിലേറെയും.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടാതെയാണ് മഹാ വികാസ് അഗാഡിയുടെ നീക്കങ്ങൾ. മുന്നണിക്കു ഭൂരിപക്ഷം ലഭിച്ചാൽ ഉദ്ധവ് താക്കറെതന്നെ മുഖ്യമന്ത്രിയാകാനാണു സാധ്യത. മഹായുതിക്ക് ഭൂരിപക്ഷം ലഭിച്ചാൽ ഷിൻഡെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന കാര്യത്തിൽ ഉറപ്പില്ല. മഹാരാഷ്ട്രയിൽ ഒറ്റയ്ക്കു ഭൂരിപക്ഷമെന്ന സ്വപ്നസാക്ഷാത്കാരത്തിന് ബിജെപി ഇനിയും കാത്തിരിക്കണം. പകുതി സീറ്റുകളിലാണു ബിജെപി മത്സരിക്കുന്നത്. തുടർച്ചയായ മൂന്നാം തവണയും നൂറിലേറെ സീറ്റുകളാണു പാർട്ടി ലക്ഷ്യമിടുന്നത്.
മുംബൈ-താനെ ബെൽറ്റാണ് ഷിൻഡെപക്ഷത്തിന്റെ സ്വാധീനമേഖല. മറ്റിടങ്ങളിൽ സിറ്റിംഗ് എംഎൽഎമാരുടെ കരുത്തിലാണു പാർട്ടിയുടെ പ്രതീക്ഷ. എണ്‍പതിലേറെ സീറ്റുകളിലാണ് ഷിൻഡെപക്ഷം ജനവിധി തേടുന്നത്. അജിത് പക്ഷത്തേക്കാൾ ബിജെപിക്കു താത്പര്യം ഷിൻഡെയോടാണ്.
മുംബൈയിലും കൊങ്കണിലും കൂടുതൽ സീറ്റുകൾ ഉദ്ധവ് പക്ഷം വിലപേശി നേടിയെടുത്തു. തൊണ്ണൂറിനടുത്ത് സീറ്റുകളിലാണ് പാർട്ടി മത്സരിക്കുന്നത്. കൊങ്കണിൽ എൻസിപി, കോണ്‍ഗ്രസ് പിന്തുണ ഉദ്ധവ് പക്ഷത്തിന്റെ കരുത്തു കൂട്ടും. ആറു പ്രധാന പാർട്ടികളിലും വിമതശല്യം രൂക്ഷമാണ്. ചിലരെ അനുനയിപ്പിച്ച് ഒപ്പംനിർത്തിയ പാർട്ടികൾ മറ്റു വിമതരെയെല്ലാം പുറത്താക്കി.
വിലപേശൽ ശക്തി ക്ഷയിച്ച് കോൺഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ കോണ്‍ഗ്രസ് സീറ്റ് വിഭജനത്തിൽ മേൽക്കൈ നേടിയെടുക്കാൻ ഒരുങ്ങിയിരിക്കവേയാണ് ഹരിയാനയിലെ അപ്രതീക്ഷിത തോൽവി. 2019ൽ 147 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ഇത്തവണ 103 സീറ്റാണു കിട്ടിയത്. ഒരുകാലത്ത് കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന മുംബൈയിലെ പത്തിലേറെ സീറ്റുകൾ ശിവസേന ഉദ്ധവ് പക്ഷം കൊണ്ടുപോയി.
എംവിഎയിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നതു കോണ്‍ഗ്രസാണെങ്കിലും ജയസാധ്യത കുറവുള്ള സീറ്റുകളാണു കിട്ടിയതിലേറെയും. മഹാരാഷ്ട്രയിൽ തലയെടുപ്പുള്ള നേതാവില്ലാത്ത പാർട്ടിയാണു കോൺഗ്രസ്. വിലാസ്റാവു ദേശ്മുഖിനെപ്പോലെ ഒരു അതികായന്റെ അഭാവം കോൺഗ്രസിൽ പ്രകടമാണ്. രമേശ് ചെന്നിത്തലയാണ് മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി നേതാവ്. കോണ്‍ഗ്രസിന്റെ 103 സീറ്റുകളിൽ 74 ഇടത്തും ബിജെപിയാണ് എതിരാളി. ഉദ്ധവ് പക്ഷം മത്സരിക്കുന്ന 53 സീറ്റുകളിൽ എതിരാളികൾ ഷിൻഡെപക്ഷമാണ്. എൻസിപി ശരദ് പവാർ പക്ഷത്തെ 36 മണ്ഡലങ്ങളിൽ എതിരിടുന്നത് അജിത് പക്ഷമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസാണ് മിന്നുംജയം സ്വന്തമാക്കിയത്. 17 സീറ്റിൽ മത്സരിച്ച പാർട്ടി 13ൽ വിജയിച്ചു. സാംഗ്ലിയിൽ കോൺഗ്രസ് വിമതനും ജയിച്ചുകയറി. 21 സീറ്റ് വാങ്ങിയെടുത്ത ശിവസേന ഉദ്ധവ് പക്ഷത്തിന് ഒന്‍പതു സീറ്റിൽ മാത്രമാണു വിജയിക്കാനായത്. പത്തു സീറ്റിൽ എട്ടും നേടിയ എൻസിപി(ശരദ് പവാർ) ഗംഭീര വിജയം നേടി.
ഒരേ മുന്നണിക്കുള്ളിലും കൂറുമാറ്റം
ഒരേ മുന്നണിയിലെതന്നെ പാർട്ടികളിലേക്കുള്ള കൂറുമാറ്റമാണ് ഇത്തവണ മഹാരാഷ്ട്രയിലെ രസകരമായ കാഴ്ച. ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ നാരായണ്‍ റാണെയുടെ മൂത്ത മകൻ ശിവസേനയുടെ (ഷിൻഡെ) സ്ഥാനാർഥിയായി കുഡൽ മണ്ഡലത്തിൽ മത്സരിക്കുന്നു. നിലേഷിന്റെ ഇളയ സഹോദരൻ നിതേഷ് തൊട്ടടുത്ത കങ്കാവലി സീറ്റിൽ ബിജെപി സ്ഥാനാർഥിയാണ്. സീറ്റ് വീതംവയ്പിൽ ഷിൻഡെപക്ഷത്തിനു ലഭിച്ച കുഡലിൽ മികച്ച സ്ഥാനാർഥിയെ കണ്ടെത്താനാകാത്തതുമൂലം നിലേഷിനെ പാർട്ടിയിലെടുക്കുകയായിരുന്നു.
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ റാവുസാഹെബ് ഡാൻവെയുടെ മകൾ സഞ്ജന ജാദവും ശിവസേനയുടെ(ഷിൻഡെ) സ്ഥാനാർഥിയാണ്. കന്നാഡ് മണ്ഡലത്തിലാണ് സഞ്ജന മത്സരിക്കുന്നത്. ബിജെപി വക്താവായിരുന്ന ഷൈന എൻസിയും ഷിൻഡെപക്ഷ സ്ഥാനാർഥിയാണ്. ഇവരെക്കൂടാതെ നിരവധി ബിജെപി നേതാക്കൾ ഷിൻഡെയുടെ പാർട്ടി നോമിനികളായി മത്സരിക്കുന്നു.
മൂന്നു ദശകമായി മുന്നണിഭരണം
കേരളത്തിലേതിനു സമാനമാണു മഹാരാഷ്ട്രയിലെ മുന്നണിരാഷ്ട്രീയം. 1995നുശേഷം മുന്നണിഭരണമാണു സംസ്ഥാനത്ത്. മഹാരാഷ്ട്രയിലെ അവസാന ഏകകക്ഷി സർക്കാർ 1990ലാണ് ഉണ്ടായത്. അന്ന് 141 സീറ്റോടെ കോൺഗ്രസ് അധികാരത്തിലെത്തി. 1995ൽ ശിവസേന-ബിജെപി സർക്കാർ അധികാരത്തിലേറി.
കോൺഗ്രസിലെ പിളർപ്പിനെത്തുടർന്ന് 1999ൽ നടന്ന തെരഞ്ഞെടുപ്പിൽ 75 സീറ്റുമായി കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയായി. 58 സീറ്റ് ലഭിച്ച എൻസിപിയുമായി ചേർന്ന് കോൺഗ്രസ് ഭരണംപിടിച്ചു. 2004ലും 2009ലും കോൺഗ്രസ്-എൻസിപി സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിലേറി. സഖ്യം 15 വർഷം തുടർച്ചയായി മഹാരാഷ്ട്ര ഭരിച്ചു.
2014ൽ എല്ലാ പാർട്ടികളും വെവ്വേറെയാണു മത്സരിച്ചത്. നരേന്ദ്ര മോദി തരംഗത്തിൽ ബിജെപി 122 സീറ്റ് നേടി. ശിവസേന 63 സീറ്റോടെ രണ്ടാമത്തെ വലിയ കക്ഷിയായി. ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ ബിജെപി-ശിവസേന സഖ്യം അഞ്ചു വർഷം ഭരിച്ചു. 2019ൽ ബിജെപിയും ശിവസേനയും സഖ്യത്തിൽ മത്സരിച്ചു. ബിജെപി 105 സീറ്റും ശിവസേന 56 സീറ്റും നേടി. ഒരുമിച്ചു മത്സരിച്ച കോൺഗ്രസും എൻസിപിയും യഥാക്രമം 44ഉം 54ഉം സീറ്റ് നേടി.