ക്ലാസ് മുറികളിലെ നിർമിതബുദ്ധിയുടെ ധാർമികത
ഡോ. ജൂബി മാത്യു
Sunday, November 10, 2024 11:54 PM IST
സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച്, നിര്മിതബുദ്ധിയുടെ (ആർട്ടിഫിഷൽ ഇന്റലിജൻസ്-എഐ) വിദ്യാഭ്യാസ മേഖലയിലുള്ള സ്വാധീനത്തെപ്പറ്റിയുള്ള ചര്ച്ചകളും സജീവമാവുകയാണ്. ക്ലാസ് മുറികളിൽ സാങ്കേതികവിദ്യയുടെ വരവ് അധ്യാപന രീതികളിലും പഠന അനുഭവങ്ങളിലും വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു.
ഈ മേഖലയിലെ ഏറ്റവും പുതുമകളിൽ ഒന്നായ ജനറേറ്റീവ് എഐ സാങ്കേതികവിദ്യ, പഠനപ്രക്രിയ മെച്ചപ്പെടുത്തുന്നതിന് നിരവധി അവസരങ്ങൾ തുറന്നുകൊടുക്കുന്നു. ഗൃഹപാഠങ്ങൾ, ഉപന്യാസങ്ങൾ, അസൈൻമെന്റുകൾ, പ്രോജക്ട് വർക്കുകൾ, സെമിനാറുകൾ, കോഡിംഗ് എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നിർമിതബുദ്ധിയെ ആശ്രയിക്കുന്ന പ്രവണത കൂടിവരുന്നു. ചോദ്യങ്ങളോ ഗണിത പ്രശ്നങ്ങളോ എഐക്ക് കൊടുത്താൽ, വിദ്യാർഥികൾക്ക് എളുപ്പത്തിൽ മറുപടികളും മാർഗനിർദേശങ്ങളും ലഭ്യമാക്കാനാകും. ചുരുക്കത്തിൽ, എഐ, വിദ്യാർഥികൾക്ക് ഒരു വിക്കിപീഡിയ സമാനമായ വഴികാട്ടിയെന്ന നിലയിൽ മാറിയിരിക്കുന്നു.
പ്രതികൂല സ്വാധീനം
എഐയുടെ ഉപയോഗം പഠനത്തിൽ ഗുണനിലവാരം വർധിപ്പിക്കുന്നതിനൊപ്പം, വിദ്യാർഥികളുടെ ആത്മവിശ്വാസവും സൃഷ്ടിപരമായ കഴിവുകളുടെ വളർച്ചയും ഇല്ലാതാക്കാനുള്ള സാധ്യതകളും ഉയർത്തുന്നു. സ്വന്തം കഴിവുകൾ ഉപയോഗിക്കാതെ, എഐൽനിന്നുള്ള ഉത്തരങ്ങൾക്കായി പതിവായി ആശ്രയിക്കുന്ന വിദ്യാർഥികൾ, സ്വതന്ത്രമായ പഠനശേഷിയും വിമർശനാത്മക ചിന്താശേഷിയും നഷ്ടപ്പെടുത്തുന്നതിലേക്കാണ് നയിക്കപ്പെടുന്നത്. ഇത് വെല്ലുവിളികൾ ഉണ്ടാകുമ്പോൾ അവരെ മാനസിക സംഘർഷത്തിന് അടിമപ്പെടുന്നതിന് ഇടയാക്കുന്നു.
എഐയുടെ അമിത ഉപയോഗം, പഠനരംഗത്ത് ഡിജിറ്റൽ വിഭജനത്തിനും പക്ഷപാതപരമായ തീരുമാനങ്ങൾക്കും കാരണമാകും. സാമ്പത്തികമോ സാമൂഹികമോ ആയ സാഹചര്യങ്ങളാൽ എല്ലാ കുട്ടികൾക്കും എഐ ടൂളുകൾ ഉപയോഗിക്കാനുള്ള അവസരം ഒരുപോലെ ലഭിക്കണമെന്നില്ല.
എഐയുടെ ചില അൽഗോരിതങ്ങൾക്ക് പരമ്പരാഗത സാമൂഹിക അസമത്വങ്ങൾ മാറ്റിനിർത്താതെ, ക്ലാസ് മുറികളിൽതന്നെ വിഭജനങ്ങളുണ്ടാക്കാൻ കഴിയും. ഇത് അക്കാദമിക് നേട്ടങ്ങളിലും ആത്മവിശ്വാസത്തിലും വീഴ്ച വരുത്തുകയും വിദ്യാർഥികളുടെ ഭാവി ലക്ഷ്യങ്ങൾക്കുമേൽ പ്രതികൂല സ്വാധീനം ചെലുത്തുകയും ചെയ്യാം. സൈബർ സുരക്ഷ, ഡാറ്റ സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. കൃത്യവും വ്യക്തവുമായ മാർഗനിർദേശങ്ങളുടെ അഭാവത്തിൽ ഓൺലൈൻ ഉള്ളടക്കത്തിന്റെ ഗുണനിലവാരവും വിശ്വാസ്യതയും വ്യാപകമായി വ്യത്യാസപ്പെടാം. ഈ വ്യത്യാസങ്ങൾ ഉള്ളടക്കങ്ങളുടെ ആധികാരികതയെക്കുറിച്ചും വിദ്യാഭ്യാസ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടുള്ളവയാണ് എന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഉയർത്തുന്നു.
എഐയുടെ കഴിവുകളെയും പരിമിതികളെയും കുറിച്ച് അവരെ ബോധവത്കരിക്കുന്നതിലൂടെ, എഐ സൃഷ്ടിച്ച ഉള്ളടക്കം എപ്പോൾ, എങ്ങനെ സംയോജിപ്പിക്കണം എന്നതിനെക്കുറിച്ച് വിദ്യാർഥികൾക്ക് മനസിലാക്കാൻ സാധിക്കും. കൂടാതെ, വിദ്യാർഥികൾക്ക് അവരുടെ ഡാറ്റ എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് സുതാര്യമായ ധാരണ ഉണ്ടായിരിക്കണം.
എഐ കൂടുതലായി ഉപയോഗിക്കുന്നതോടെ വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാകാനും ആശയവിനിമയം കുറയാനും സാധ്യതയുണ്ട്. മനുഷ്യബന്ധങ്ങളുടെ അഭാവം അവരിൽ ഒറ്റപ്പെട്ടതായ വികാരങ്ങളും മാനസികപ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം. നിർമിതബുദ്ധിയുടെയും അനുബന്ധ ടൂളുകളുടെയും വ്യാപനം വർധിക്കുന്നതോടെ വിദ്യാർഥികളുടെ വിവരങ്ങളുടെ സ്വകാര്യതയും സംരക്ഷണവും ഉറപ്പാക്കേണ്ടതാണ്. വിവരശേഖരത്തിന്റെ ദുരുപയോഗം ഐഡന്റിറ്റി മോഷണം, സൈബർ ഭീഷണി, തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിലേക്കും നയിച്ചേക്കാം.
അധ്യാപനത്തിൽ അത്യന്താപേക്ഷിതം
നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായതടക്കമുള്ള വിവിധ സാങ്കേതിക സൗകര്യങ്ങൾ പഠിക്കുകയും അവയെ ക്ലാസ് മുറികളിൽ ഉപയോഗിക്കുകയും ചെയ്യുക എന്നത് അധ്യാപനത്തിൽ അത്യന്താപേക്ഷിതമാണ്.
വിദ്യാഭ്യാസ രംഗത്ത് ജനറേറ്റീവ് എഐ ഉപയോഗം വ്യാപകമാകുന്നതോടെ ഒരു അധ്യാപകന്റെ പങ്ക് അറിവു നൽകുന്നയാൾ എന്നതിൽനിന്ന് അറിവ് ലഭ്യമാക്കുന്ന ഒരാൾ എന്നതിലേക്കു മാറും. എഐ സാങ്കേതികവിദ്യകൾ, അവയുടെ കഴിവുകൾ, പരിമിതികൾ എന്നിവയെക്കുറിച്ച് സമഗ്രമായ ധാരണയോടെ അധ്യാപകർ സജ്ജരായിരിക്കണം. അധ്യാപനത്തിന്റെ അവശ്യ മാനുഷികവശങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ എഐ ടൂളുകൾ എങ്ങനെ ഫലപ്രദമായി ക്ലാസ് മുറിയിലേക്ക് സമന്വയിപ്പിക്കാം എന്നതിൽ അധ്യാപകർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
വിവരങ്ങൾ മാത്രം നൽകുന്ന അധ്യാപകർക്ക് എഐ കാലത്ത് നിലനിൽക്കാൻ സാധിക്കില്ല. പകരം അനുഭവങ്ങളിലൂടെയും അറിവുകളിലൂടെയും അധ്യാപനം കൂടുതൽ ആസ്വാദ്യകരമാക്കണം. യൂട്യൂബ് വീഡിയോ നോക്കിയാലോ എഐ ടൂളുകൾ ഉപയോഗിച്ചാലോ കിട്ടാത്ത അനുഭവങ്ങൾ നൽകാൻ അധ്യാപകർക്ക് കഴിയണം. ആവർത്തനവിരസമായ ക്ലാസ് മുറികളെ മാറ്റിസ്ഥാപിച്ച അനുഭവങ്ങളാൽ സമ്പുഷ്ടമായ ക്ലാസ് മുറികൾ സജ്ജമാക്കണം.
ഓരോ കുട്ടിയും വ്യത്യസ്തമായിരിക്കുന്നതുപോലെ ഓരോ കുട്ടിയുടെയും പഠന രീതിയും വ്യത്യസ്തമായിരിക്കും എന്നുള്ള തിരിച്ചറിവ് അധ്യാപകർക്ക് ഉണ്ടാവണം. വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഏൽപ്പിക്കാത്ത തരത്തിൽ സാങ്കേതിക സമ്പന്നമായ അന്തരീക്ഷം നൽകുന്നതിന് ഭാവി വിദ്യാഭ്യാസം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. സാങ്കേതിക നവീകരണം ഒരിക്കലും ഗുരുശിഷ്യ ബന്ധത്തിനു പകരമാവില്ല എന്നതും ഒരു വസ്തുതയാണ്.
നിർമിതബുദ്ധിയുടെ കാലത്ത് വിദ്യാഭ്യാസരംഗത്തിന്റെ സംശുദ്ധി, അധ്യാപകപരിശീലനം, വിദ്യാർഥികളെ വിലയിരുത്തൽ, വിദ്യാഭ്യാസ മൂല്യങ്ങൾ കാത്തുസൂക്ഷിക്കൽ, ജനറേറ്റീവ് എഐയുടെ ഉപയോഗമാതൃകകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുകയും ധാർമിക ഉപയോഗത്തിന്റെ രൂപരേഖ നൽകുന്ന സമഗ്രമായ മാർഗനിർദേശങ്ങൾ ഉണ്ടാവുകയും ചെയ്യണം.
(കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ കംപ്യൂട്ടർ സയൻസ് & എൻജിനിയറിംഗ് വിഭാഗം മേധാവിയാണ് ലേഖകൻ)