രണ്ടാം വരവിലെ ആശങ്കകൾ
റ്റി.സി. മാത്യു
Saturday, November 9, 2024 11:59 PM IST
ഡോണൾഡ് ട്രംപിനെ 47-ാമത്തെ പ്രസിഡന്റായി യുഎസ് ജനത തെരഞ്ഞെടുത്തു. രണ്ടു ദശകത്തിനു ശേഷം ജനകീയ വോട്ടിൽ ഭൂരിപക്ഷമുള്ള ആദ്യത്തെ റിപ്പബ്ലിക്കൻ പ്രസിഡന്റ്. യുഎസ് കോൺഗ്രസിന്റെ ഇരു സഭകളിലും ട്രംപിന്റെ പാർട്ടിക്കു ഭൂരിപക്ഷവും ഉണ്ട്. സുഗമമായ ഭരണം ഉറപ്പ്. അമേരിക്കക്കാർക്കു സന്തോഷം. ജീവിതച്ചെലവ് കുത്തനേ കൂടുകയും അതനുസരിച്ച് വരുമാനം കൂടാതിരിക്കുകയും ചെയ്ത നാലു വർഷം അവസാനിക്കുന്നു എന്ന് അവർ കരുതുന്നു. അതിനാണല്ലോ അവർ വോട്ട് ചെയ്തത്.
എന്നാൽ, മറ്റു രാജ്യങ്ങൾ അങ്ങനെയല്ല ട്രംപിന്റെ വിജയത്തെ കാണുന്നത്. പ്രത്യേകിച്ചും സാമ്പത്തിക, വാണിജ്യ വിഷയങ്ങളിൽ. അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ (MAGA - Make America Great Again) ആണ് ട്രംപ് പ്രസിഡന്റാകുന്നത്. അതിന് അദ്ദേഹം ഒരു വഴി കണ്ടിട്ടുണ്ട്. ഒന്നാമത് അമേരിക്ക (America First). എല്ലാ കാര്യത്തിലും ഒന്നാമത് അമേരിക്ക ആകണം. അതിന് അമേരിക്കക്കാർ കഴിക്കുന്നതും ഉപയോഗിക്കുന്നതുമായ സാധനങ്ങൾ സ്വദേശിയാകണം. അതാണു ട്രംപ് പറയുന്നത്. 2017-21 കാലത്ത് പ്രസിഡന്റായിരുന്നപ്പോൾ ട്രംപ് എടുത്ത നടപടികൾ അതിനുവേണ്ടി ആയിരുന്നു. ഇനി ചെയ്യാൻ പോകുന്നതും അതുതന്നെയാണ്. അതത്ര നല്ല കാര്യമല്ലെന്നു മറ്റു രാജ്യങ്ങൾ ഭയപ്പെടുന്നു.
ആശങ്ക വാണിജ്യക്കമ്മിയിൽ
ട്രംപിന്റെ ഏറ്റവും വലിയ ആകുലത അമേരിക്കയുടെ വാണിജ്യക്കമ്മിയാണ്. അമേരിക്കക്കാർ കയറ്റുമതി ചെയ്യുന്നതിലും വളരെ കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നു. കഴിഞ്ഞ വർഷം 2.05 ലക്ഷം കോടി ഡോളറിന്റെ സാധനങ്ങൾ കയറ്റുമതി ചെയ്തു. ഇറക്കുമതി 3.8 ലക്ഷം കോടി ഡോളറിന്റെ വക. കമ്മി 1.3 ലക്ഷം കോടി ഡോളർ. മുൻ വർഷങ്ങളിലും ഇതുപോലെതന്നെ കാര്യങ്ങൾ. എന്നാൽ, സേവനമേഖലയിലെ കയറ്റുമതിയും ഇറക്കുമതിയും കണക്കിലെടുത്താൽ അമേരിക്കയ്ക്കു വാണിജ്യമിച്ചം ഉണ്ട്. ട്രംപ് അതു പറയുന്നില്ല.
തൊഴിലിന്റെ രാഷ്ട്രീയം
അതിലൊരു രാഷ്ട്രീയമുണ്ട്. ട്രംപിന്റെ ജനകീയ അടിത്തറയുടെ വലിയ ഭാഗം വെള്ളക്കാരായ തൊഴിലാളികളാണ്. ഭൂരിപക്ഷവും കോളജ് വിദ്യാഭ്യാസം ഇല്ലാത്തവർ. വാഹന ഫാക്ടറികളിലും മറ്റും ജോലി ചെയ്തവർ. കഴിഞ്ഞ രണ്ടു ദശകങ്ങളിൽ ഇവരിൽ ഏറെപ്പേർക്ക് പണി നഷ്ടമായി. ഫാക്ടറികൾ പൂട്ടി ചൈനയിലേക്കു വാഹനക്കമ്പനികൾ പോയി.
മറ്റു വ്യവസായ മേഖലകളിലും സമാന മാറ്റം ഉണ്ടായി. മറ്റു ചില മേഖലകളിൽ അമേരിക്കയെ അപേക്ഷിച്ചു കുറഞ്ഞ ഉത്പാദനച്ചെലവുള്ള രാജ്യങ്ങളിൽനിന്നുള്ള സാധനങ്ങൾ വിപണി പിടിച്ചു. വസ്ത്രങ്ങൾ, ഔഷധങ്ങൾ, രാസവസ്തുക്കൾ, ലോഹസാമഗ്രികൾ, വാഹനഭാഗങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയിലൊക്കെ വിദേശികൾ മേൽക്കൈ നേടി. യുഎസ് കമ്പനികൾ അടച്ചുപൂട്ടുകയോ നാടുവിടുകയോ ചെയ്തു. ഫലം തൊഴിലാളികൾക്കു പണിയില്ലാതായി.
ഈ തൊഴിൽനഷ്ടത്തിനു കാരണക്കാരായി ചൈന, മെക്സിക്കോ, കാനഡ, ബ്രസീൽ, ഇന്ത്യ, യൂറോപ്യൻ യൂണിയൻ തുടങ്ങിയവയെ ട്രംപ് എടുത്തുപറയുന്നു. ഉത്പന്നങ്ങൾക്ക് കൂടുതൽ ഇറക്കുമതിച്ചുങ്കം ചുമത്തിയാൽ ഇറക്കുമതി കുറയും, യുഎസ് ഫാക്ടറികൾ പ്രവർത്തിക്കും, തൊഴിൽ ഉണ്ടാകും. ഇതാണു ട്രംപ് പറഞ്ഞത്. അതാണു ലോക സമ്പദ്ഘടന ട്രംപിൽനിന്നു നേരിടുന്ന ആദ്യ വെല്ലുവിളി.
ചുങ്കം കുത്തനേ കൂട്ടും
എല്ലാ ഇറക്കുമതിക്കും 10 ശതമാനം ചുങ്കം. (പ്രായോഗിക ചുങ്കം 17.7 ശതമാനമാകും). ചൈനയിൽനിന്നുള്ളവയ്ക്ക് 60 ശതമാനം. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഉയർന്ന ചുങ്കം ചുമത്തുന്ന രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്കും കൂടിയ ചുങ്കം. ഇതാണു ട്രംപ് പറഞ്ഞിട്ടുള്ളത്.
പറഞ്ഞാൽ വാക്കു പാലിക്കുന്നയാളാണു ട്രംപ്. 2017-21 കാലത്തു ട്രംപ് ഇന്ത്യയിൽനിന്നുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്ക് പിഴച്ചുങ്കം ചുമത്തിയത് മറക്കാറായിട്ടില്ല. നരേന്ദ്ര മോദിയോടുള്ള അടുപ്പമൊന്നും അന്നു ട്രംപിനെ തീരുമാനത്തിൽനിന്നു മാറ്റിയില്ല. പകരം, അമേരിക്കയിൽനിന്നുള്ള ആപ്പിൾ, ആൽമണ്ട്, കടല, പരിപ്പ്, പയർ, വോൾനട്ട് തുടങ്ങിയവയ്ക്ക് ഇന്ത്യയും പിഴച്ചുങ്കം ചുമത്തി. ബൈഡൻ ഭരണകൂടമാണ് പിഴച്ചുങ്കം നീക്കി പ്രശ്നം തീർത്തത്. ഫ്രഞ്ച് ഷാംപെയ്നും ജർമൻ ബിഎംഡബ്ല്യുവും ഒക്കെ വിലക്കാൻ ട്രംപ് മടിക്കില്ല. യൂറോപ്പ് അമേരിക്കൻ മദ്യത്തിനും കാറുകൾക്കും കൂടുതൽ ചുങ്കം ചുമത്തി തിരിച്ചടിച്ചേക്കാം.
വിലക്കയറ്റം, പലിശ, വളർച്ച
എല്ലാ ഇറക്കുമതിക്കും 10 ശതമാനം ചുങ്കം വന്നാൽ അമേരിക്കയിൽ വിലക്കയറ്റം കൂടും. അതു പലിശനിരക്ക് കൂടാൻ വഴിതെളിക്കും. പലിശ കൂട്ടുന്ന ഫെഡറൽ റിസർവ് ബോർഡിനെ പിരിച്ചുവിടാൻ ട്രംപ് മടിച്ചെന്നു വരില്ല. അങ്ങനെ വന്നാൽ യുഎസ് ബാങ്കിംഗ് സംവിധാനം താറുമാറാകും. അതിന്റെ പ്രത്യാഘാതം വിനാശകരമാകും.
പലിശ കൂട്ടുമ്പോൾ വളർച്ച കുറയും. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിലെ വളർച്ച കുറഞ്ഞാൽ മറ്റിടങ്ങളിലും വളർച്ച താഴും. ചൈനീസ് ഉത്പന്നങ്ങൾക്കു ചുങ്കം കൂട്ടിയാൽ അവർ മറ്റു രാജ്യങ്ങളിൽ തങ്ങളുടെ ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്കു വിൽക്കും. യൂറോപ്പും ബ്രസീലും ദക്ഷിണ-പൂർവ ഏഷ്യയും മറ്റുമാകും വലിയ വിപണികൾ. അവിടങ്ങളിലെ വ്യവസായങ്ങൾക്കു നിലനിൽപ് പ്രയാസമാകും. ജർമനിപോലെ മാന്ദ്യത്തിന്റെ വഴിയേ ഇപ്പോൾ നീങ്ങുന്ന രാജ്യങ്ങളെ അത് വലിയ തകർച്ചയിലേക്കു തള്ളിവിടും.
ഹാർലി ഡേവിഡ്സണും ഇന്ത്യയും
അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഉയർന്ന ചുങ്കം ചുമത്തുന്ന രാജ്യങ്ങളിൽ ഇന്ത്യയും പെടുന്നു. ട്രംപിന്റെ മുൻഭരണകാലത്തും ആ വിഷയത്തിൽ ഇന്ത്യയുമായി ഗുസ്തി നടന്നതാണ്. ഹാർലി ഡേവിഡ്സൺ ബൈക്കുകളുടെ ചുങ്കം 150 ശതമാനത്തിൽനിന്നു കുറയ്ക്കാൻ നാലു വർഷം ട്രംപ് ശ്രമിച്ചിട്ടും സാധിച്ചില്ല.
അദ്ദേഹം പറയുന്നത് ഇന്ത്യ ചുമത്തുന്നതിലധികം ചുങ്കം താനും ചുമത്തും എന്നാണ്. ട്രംപ് പറയുന്നതിൽ കാര്യമുണ്ട്. യുഎസുമായി ഇന്ത്യക്കു വലിയ വ്യാപാരമിച്ചമുണ്ട്. ഇങ്ങോട്ട് വാങ്ങുന്നതിൽ കൂടുതൽ വിലയ്ക്കുള്ള സാധനങ്ങൾ ഇന്ത്യ അങ്ങോട്ട് വിൽക്കുന്നു. ഇങ്ങോട്ടു വാങ്ങുന്നവയ്ക്കു ശരാശരി ചുങ്കം 18 ശതമാനമുണ്ട്. 2014ൽ 13 ശതമാനമായിരുന്നത് 2022 ആയപ്പോഴേക്ക് 18 ശതമാനമാക്കിയതാണ്. ഇന്ത്യ നിരക്ക് കുറച്ചില്ലെങ്കിൽ ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് 20 ശതമാനം ചുങ്കം ചുമത്തും എന്നാണു ട്രംപിന്റെ ഭീഷണി. മോദിയുമായുള്ള അടുപ്പം അതിൽ എത്ര കുറവ് വരുത്തും എന്നു കാത്തിരുന്നു കാണാം.
ആപ്പിളിനു പിന്നാലെ
ഇന്ത്യയിൽനിന്നുള്ള ഔഷധ കയറ്റുമതിക്കും ട്രംപ് ഭരണകൂടം വിലങ്ങുതടികൾ തീർക്കും. 2017-21 കാലയളവിൽ ജനറിക് (പേറ്റന്റ് കഴിഞ്ഞ ശേഷം മറ്റു കമ്പനികൾ നിർമിക്കുന്ന ഔഷധങ്ങൾ) മരുന്നുകളുടെ വില കുറയ്ക്കാൻ ട്രംപ് നിയമനിർമാണം നടത്തി. അവശ്യ ജീവരക്ഷാ മരുന്നുകൾ അമേരിക്കയിൽതന്നെ നിർമിക്കാൻ നിർബന്ധിക്കുന്ന നിയമവും തയാറാക്കി. അവ കർശനമായി നടപ്പാക്കാൻ ട്രംപ് ശ്രമിച്ചാൽ ഇന്ത്യൻ ഫാർമ കമ്പനികൾ ബുദ്ധിമുട്ടിലാകും.
ഇന്ത്യയുടെ ഏക ആശ്വാസം ചൈനയുടേതിലും വളരെ കുറവാകും ഇന്ത്യൻ ഉത്പന്നങ്ങൾക്കുള്ള ചുങ്കം എന്നതാണ്. അത് ചൈനയിലുള്ള വിദേശ കമ്പനികളെ ഇന്ത്യയിലേക്കു മാറാൻ പ്രേരിപ്പിക്കും എന്ന പ്രതീക്ഷ വളർത്തുന്നു. ആപ്പിൾ ഇന്ത്യയിൽ ഐ ഫോൺ നിർമാണ യൂണിറ്റുകൾ തുടങ്ങിയതുപോലെ കൂടുതൽ കമ്പനികൾ വരും എന്ന്.
ഡോളർ കുതിച്ചാൽ
ട്രംപിന്റെ നയങ്ങൾ യുഎസ് ഡോളറിനെ ശക്തമാക്കും. ഉത്പന്ന കയറ്റുമതിയിലെ കമ്മി കുറയ്ക്കുമ്പോഴും ഡോളർ കരുത്തു നേടും. ട്രംപ് ജയിച്ച ദിവസം തന്നെ ഡോളർ ഒന്നര ശതമാനത്തിലധികം കയറിയതു സൂചന മാത്രം. ഡോളർ കരുത്തു നേടുമ്പോൾ വികസ്വര, അവികസിത രാജ്യങ്ങൾ വിഷമിക്കും. അവരുടെ കടത്തിൽ 60 ശതമാനവും ഡോളറിലാണ്. ഡോളറിനു നിരക്ക് കൂടുമ്പോൾ ആ രാജ്യങ്ങൾ കൂടുതൽ പണം ഉണ്ടാക്കിയാലേ കടം വീട്ടാനാകൂ. പലർക്കും അതു സാധിക്കാതെവരും. ഇന്ത്യക്കാർക്കു വിദേശ യാത്രയും വിദേശപഠനവും വിദേശ ഉത്പന്നങ്ങളും കൂടുതൽ ചെലവേറിയതാകും. അമേരിക്കയിലേക്കു പോകുന്നതിനു മാത്രമല്ല, എല്ലായിടത്തേക്കും യാത്രയ്ക്കു ചെലവ് കൂടും. കാരണം ഡോളറിലാണല്ലോ വിനിമയം.
ഐക്യരാഷ്ട്ര സഭയെയും ലോക വ്യാപാര സംഘടന (ഡബ്ള്യുടിഒ) അടക്കം ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളെയും അവ ഉണ്ടാക്കുന്ന നിയമങ്ങളെയും ബഹുമാനിക്കില്ല എന്നു ട്രംപ് കഴിഞ്ഞ ഭരണകാലത്തു തെളിയിച്ചതാണ്. ഐക്യരാഷ്ട്രസഭയ്ക്കുള്ള വിഹിതം അദ്ദേഹം മുടക്കി. ഡബ്ള്യുടിഒ നിബന്ധനകൾ അവഗണിച്ചു.
കമ്മി എങ്ങോട്ട്?
ട്രംപിന്റെ ആഭ്യന്തര, ധനകാര്യ നയങ്ങൾ ആഗോള സമ്പദ്ഘടനയ്ക്കു വേറൊരു ഭീഷണി സൃഷ്ടിക്കുന്നു. കമ്പനികളുടെയും വ്യക്തികളുടെയും നികുതിനിരക്ക് കുറയ്ക്കും എന്നു ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 2017ൽ നടപ്പാക്കിയതും അടുത്ത വർഷം അവസാനിക്കുന്നതുമായ കുറവുകൾക്കു പുറമേ ചില കുറയ്ക്കലുകൾ കൂടി ട്രംപ് പറഞ്ഞിട്ടുണ്ട്. നികുതി കുറയ്ക്കുന്നതിനനുസരിച്ചു ചെലവ് കുറയാനിടയില്ല. ചെലവ് കുറയ്ക്കാൻ കോൺഗ്രസ് സമ്മതിക്കുകയില്ല. അപ്പോൾ കമ്മി കൂടും. ഇപ്പോൾ തന്നെ അതിഭീമമാണു യുഎസ് കമ്മി. കഴിഞ്ഞ ഡിസംബർ 31ന് 26 ലക്ഷം കോടി ഡോളർ. നികുതിയിളവ് നടപ്പാക്കിയാൽ കമ്മി നാലര ലക്ഷം കോടി ഡോളർ വർധിക്കും.
ഇങ്ങനെ കൂടുന്ന കമ്മി എങ്ങനെ കൈകാര്യം ചെയ്യും, എവിടെയാണ് അവസാനം എന്നൊക്കെ ചോദിച്ചാൽ ട്രംപും ഉപദേഷ്ടാക്കളും കേട്ടതായി ഭാവിക്കില്ല.
ആഗോള വളർച്ചയും ട്രംപ് ഭരണവും
ട്രംപിന്റെ നയങ്ങൾ വിലയിരുത്തിയ ഓക്സ്ഫഡ് ഇക്കണോമിക്സ് എന്ന നിക്ഷേപ ഉപദേശക സ്ഥാപനം ആഗോള സാമ്പത്തികവളർച്ചയിൽ വരുന്ന മാറ്റം കണക്കാക്കുന്നത് ഇങ്ങനെയാണ്:
2025: വളർച്ച ഈ വർഷത്തേതുപോലെ തുടരും.
2026: വളർച്ച നാമമാത്രമായി കൂടും.
2027: വളർച്ച മൂന്നിൽനിന്നു രണ്ടര ശതമാനമായി കുറയും.
2028: വീണ്ടും കുറയും.
ട്രംപ് നയങ്ങളും വിവിധ രാജ്യങ്ങളും
ഇന്ത്യ: ഇന്ത്യൻ ഉത്പന്നങ്ങൾക്കു ചുങ്കം വർധിപ്പിച്ചാൽ കയറ്റുമതി വളർച്ച കുറയും. ഇന്ത്യക്കാർക്കു വീസ കുറച്ചാൽ ഇന്ത്യൻ ഐടി കമ്പനികൾക്കു ക്ഷീണം വരാം. ഡോളറിന്റെ നിരക്കു കൂടുന്നത് മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി കൂട്ടാൻ സഹായിക്കും. ചൈനീസ് ഉത്പന്നങ്ങൾക്കു ചുങ്കം 60 ശതമാനമാക്കിയാൽ അവിടെനിന്ന് കുറേ ഫാക്ടറികളും അസംബ്ലിംഗ് പ്ലാന്റുകളും ഇന്ത്യയിലേക്കു വന്നേക്കാം. അത് തൊഴിലും വരുമാനവും കൂട്ടും.
ചൈന: അഞ്ചു ശതമാനമെങ്കിലും വളർച്ച എന്ന ലക്ഷ്യം നേടാനാവില്ല. വളർച്ച കുറയുന്നത് തൊഴിലില്ലായ്മ കൂട്ടും, യുവാക്കൾ അസ്വസ്ഥരാകും. ഷി ചിൻപിംഗിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടാം.
മെക്സിക്കോ: അമേരിക്കയിൽനിന്ന് അനധികൃത കുടിയേറ്റക്കാരെ തിരിച്ചുവിട്ടാൽ മെക്സിക്കോയിലേക്ക് അനേക ലക്ഷം പേർ എത്തും. അവർ ഇപ്പോൾ അയയ്ക്കുന്ന പണം നിലയ്ക്കും. അവർക്കു പണി കണ്ടെത്തേണ്ടിയും വരും. മെക്സിക്കോ അരാജകത്വത്തിലേക്കു വീഴാനുള്ള സാധ്യത തള്ളാനാവില്ല.
കാനഡ: കനേഡിയൻ ഉത്പന്നങ്ങൾക്കു ചുങ്കം കൂട്ടിയാൽ യുഎസ് വിപണി ലക്ഷ്യമാക്കിയുള്ള ഫാക്ടറികളും കൃഷിയിടങ്ങളും നഷ്ടത്തിലാകും.
യൂറോപ്പ്: യൂറോപ്യൻ ഉത്പന്നങ്ങൾക്കു ചുങ്കം കൂടിയാൽ ഘന വ്യവസായങ്ങൾക്കും ഔഷധ, രാസ, മദ്യ വ്യവസായങ്ങൾക്കും ക്ഷീണമാകും. തൊഴിലില്ലായ്മ വർധിക്കും. ജർമനി അടക്കം പല രാജ്യങ്ങളും കടുത്ത മാന്ദ്യത്തിലാകും.