മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ ഇന്നു ഷംഷാബാദ് രൂപതാധ്യക്ഷനായി സ്ഥാനമേൽക്കും
ഡേവിസ് പൈനാടത്ത്
Saturday, November 9, 2024 11:49 PM IST
ഒന്പതു വർഷം. ഓരോ കുടുംബത്തിലും കയറിയിറങ്ങി അദിലാബാദിന്റെ ഹൃദയം കവർന്ന വ്യത്യസ്തനായ ഇടയൻ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ, പുതുനിയോഗത്തിലേക്ക് ഇന്നു പദമൂന്നുന്നു. വിസ്തൃതിയിൽ ഇന്ത്യയിലെ കത്തോലിക്കാ രൂപതകളിൽതന്നെ ഏറ്റവും വലിയ ഷംഷാബാദിന്റെ മേൽപ്പട്ട ശുശ്രൂഷയിലേക്ക്. രൂപതയുടെ പ്രഥമ മെത്രാനും ഇപ്പോൾ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പുമായ മാർ റാഫേൽ തട്ടിലിന്റെ പിൻഗാമിയായാണ് ഈ തൃശൂരുകാരന്റെ പുതുനിയോഗം.
നല്ലയിടയന്റെ മാതൃക സ്വജീവിതത്തിൽ പകർത്തിക്കാട്ടി, വിശ്വാസികളുടെ ചങ്കിൽ ഇടംനേടിക്കഴിഞ്ഞ മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ ദീപികയോടു സംസാരിക്കുന്നു:
അദിലാബാദ് പോലെ പാവപ്പെട്ടവർ ഏറെയുള്ള രൂപതയിൽനിന്ന് വിശാലമായ ഷംഷാബാദിലേക്ക്... പ്രതീക്ഷകൾ?
ഷംഷാബാദിലേക്കു പോകുന്പോൾ ആദ്യം ചിന്തിക്കുന്നത്, ഇനിയും സുവിശേഷമെത്താത്ത ഇടങ്ങളിൽ സുവിശേഷം എത്തിക്കുക എന്നതാണ്. രാജ്യത്തോളം വിസ്തൃതമാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും അതു വിസ്തീർണത്തിന്റെ കാര്യത്തിൽ മാത്രമാണ്. മറ്റു പല കാര്യങ്ങളിലും ഈ രൂപത ആരംഭദശയിൽ മാത്രമാണ്. അവിടെയിനിയും അനേകം സ്ഥലത്തു സുവിശേഷവേല നടക്കണം. പ്രവാസിവിശ്വാസികൾക്കായി ബലിയർപ്പണവും ആധ്യാത്മിക ശുശ്രൂഷയും മാത്രമല്ല, രൂപതയുടെ ലക്ഷ്യമെന്നു ഞാൻ വിശ്വസിക്കുന്നു. രൂപതയുടെ കീഴിൽ ഇനിയും സുവിശേഷം കേൾക്കാത്തവരിലേക്കുകൂടി സുവിശേഷം എത്തിക്കുകയാണ്. അതിനുവേണ്ടിയുള്ള പ്രയത്നങ്ങളാണ് തുടങ്ങേണ്ടതെന്നും വിശ്വസിക്കുന്നു.
അദിലാബാദുമായി 23 വർഷത്തെ ഹൃദയബന്ധം. വൈദികവിദ്യാർഥിയായിരിക്കുന്പോൾതന്നെ അവിടെയെത്തി. വിട്ടുപോരുന്പോൾ എന്തു തോന്നുന്നു ?
അദിലാബാദ് രൂപതയിലെ 23 വർഷത്തെ പ്രവർത്തനം തീർച്ചയായും പ്രേഷിതപ്രവർത്തനം മനസിലാക്കാൻ എന്നെ സഹായിച്ചിട്ടുണ്ട്. കുറച്ചൊക്കെ പ്രേഷിതാനുഭവങ്ങളും ലഭിച്ചു. അതെനിക്കു കൈമുതലാവുമെന്നു വിശ്വസിക്കുന്നു. ഇവിടെനിന്നു പോവുക എന്നതു വളരെ വേദനാജനകമായ, പ്രയാസമുള്ള കാര്യമാണ്. ഞാനെന്റെ ജീവനു തുല്യം സ്നേഹിക്കുന്ന രൂപത. എന്നെ ഞാനാക്കിയ രൂപത. എന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ചിട്ടുള്ളതും ഈ രൂപതതന്നെയാണ്. ഇവിടത്തെ ജനങ്ങളുമായും വലിയ ആത്മബന്ധമുണ്ട്. പക്ഷേ, ജെറമിയാ പ്രവാചകനോടു കർത്താവു പറഞ്ഞ “ഞാൻ അയയ്ക്കുന്നിടത്തേക്കു നീ പോകണം’’ എന്ന വചനം ഞാനൊരുപാടുപ്രാവശ്യം പ്രസംഗിച്ചിട്ടുണ്ട്. ഒരുപാടുപേരെ അതു പറഞ്ഞുമനസിലാക്കിയിട്ടുമുണ്ട്. ഇന്ന് തന്പുരാൻ എന്നോട് അതാവശ്യപ്പെടുന്പോൾ, വളരെയധികം വേദനയുണ്ടെങ്കിലും, സന്തോഷപൂർവം കർത്താവിന്റെ വാക്ക് സ്വീകരിക്കുന്നു. അദിലാബാദിൽനിന്നു പറിച്ചുമാറ്റപ്പെടുന്നതിന്റെ വേദന, വേരുകളൊക്കെ അറ്റുപോകുന്നതിന്റെ വേദന, ശരിക്കും അനുഭവിക്കുന്നുണ്ട്.
അദിലാബാദിലെ ഒന്പതുവർഷം വലിയ മിഷൻ അനുഭവങ്ങളുടെ ഇടമായിരുന്നെന്നു പിതാവ് പറഞ്ഞിരുന്നു?
അദിലാബാദ് രൂപതയെ ഞാൻ ഏറ്റവും കൂടുതൽ മനസിലാക്കിയതു ഭവനസന്ദർശനവും ഗ്രാമസന്ദർശനവും വഴിയാണ്. 80 ശതമാനം കുടുംബങ്ങളും ഞാൻ സന്ദർശിച്ചിട്ടുണ്ട്. എല്ലാ കുടുംബങ്ങളും സന്ദർശിക്കണം എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്. കൊറോണ വന്ന രണ്ടുവർഷത്തോളം പോകാൻ സാധിച്ചില്ല. ഉടനെ സന്ദർശനം പൂർണമാക്കാനാകും എന്നു കരുതിയിരിക്കുന്പോഴാണ് ഈ മാറ്റം. കുടുംബസന്ദർശനം വഴിയാണ് എന്താണ് ജനം ഒരു ബിഷപ്പിൽനിന്ന്, വൈദികരിൽനിന്ന്, സഭയിൽനിന്നു പ്രതീക്ഷിക്കുന്നത് എന്നു മനസിലാക്കാൻ സാധിച്ചിട്ടുള്ളത്.
അതുപോലെ പുതിയ ഗ്രാമങ്ങളിൽ സുവിശേഷം പ്രസംഗിക്കാൻ പോകുന്നതുവഴി ഗ്രാമങ്ങളെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും വളരെ സന്തോഷപൂർവം ജനം സുവിശേഷം സ്വീകരിക്കുന്നതു കണ്ടിട്ടുണ്ട്. പ്രസംഗം കഴിഞ്ഞിട്ടും എഴുന്നേറ്റു പോകാതെ ഇനിയും എന്തെങ്കിലും പറയാൻ ആവശ്യപ്പെട്ട, വളരെ സന്തോഷം പകർന്ന അനുഭവങ്ങളുമുണ്ട്. വചനത്തിനായി ദാഹിക്കുന്ന ജനത്തെ കാണാനായിട്ടുണ്ട്.
അവർക്കു ജീവൻ ഉണ്ടാകുവാനും അതു സമൃദ്ധമായി ഉണ്ടാകുവാനും- പിതാവിന്റെ ആപ്തവാക്യം. ഒന്നു വിശദീകരിക്കാമോ ?
യോഹന്നാന്റെ സുവിശേഷം പത്താം അധ്യായത്തിലെ പത്താം വാക്യമാണത്. ആ വചനത്തിന്റെ മുൻഭാഗവും പിൻഭാഗവുമൊക്കെ വായിച്ചുനോക്കിയാൽ മനസിലാക്കാൻ സാധിക്കും. ഞാൻ നല്ല ഇടയനാണ്, ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്ന നല്ലയിടയൻ എന്നാണ് യേശു പറയുന്നത്. അപ്പോൾ അവർക്കു ജീവൻ സമൃദ്ധമായി ഉണ്ടാകണമെങ്കിൽ ഞാനെന്റെ ജീവൻ അർപ്പിക്കണം, ത്യാഗം ചെയ്യണം, ജീവൻ പകർന്നുകൊടുക്കണം എന്ന ചിന്തയാണ് എന്നെ നയിക്കുന്നത്.
ഞാൻ എപ്പോഴും പറയാറുള്ളതുപോലെ, ഒരു നല്ല ഇടയൻ ആകണമെങ്കിൽ നല്ല ഒരു കുഞ്ഞാടുമാകണം. ഈശോ നല്ല കുഞ്ഞാടുമായിരുന്നു. കുഞ്ഞാടായി മറ്റുള്ളവർക്കുവേണ്ടി മുറിക്കപ്പെടാനും ബലിയർപ്പിക്കപ്പെടാനും ഈശോയ്ക്കു സാധിച്ചതുകൊണ്ടാണ് ഈശോ നല്ലയിടയനായത്. ആ മാതൃക തുടരാനാണ് ശ്രമം. എന്റെ സമയവും ആരോഗ്യവും മിഷനിലെ കുടുംബങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതിൽ ആനന്ദം തോന്നാറുണ്ട്.
സഭയുടെ പ്രേഷിതദൗത്യം ശക്തമാക്കണമെന്നു പ്രഖ്യാപനവേളയിൽ പ്രതികരിച്ചിരുന്നു. ഷംഷാബാദിന്റെ ഇടയനാകുന്പോൾ പ്രേഷിതദൗത്യത്തിനു നേതൃത്വം വഹിക്കാൻ വലിയ സാധ്യതകളാണ് മുന്നിലുള്ളത്?
ഇത്രയും നാൾ ദക്ഷിണേന്ത്യയിലായിരുന്നു എന്റെ ശുശ്രൂഷ. ഉത്തരേന്ത്യയിലെ സാഹചര്യം കുറച്ചുകൂടി പ്രയാസമുള്ളതാണ്. കഠിനമാണ് എന്നറിയാം. എങ്കിലും ഞാൻ വിശ്വസിക്കുന്നു, സുവിശേഷപ്രസംഗം കർത്താവിന്റെ പ്രവൃത്തിയാണ്. ഏതു പ്രതിസന്ധിയിലും സുവിശേഷവേല നടത്താൻ കർത്താവ് സഹായിക്കും. പ്രതിസന്ധികൾ സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടല്ല. ഏതു സാഹചര്യത്തിലും സുവിശേഷപ്രവർത്തനം തുടരേണ്ടതുണ്ട്. ഓരോ സാഹചര്യത്തിനും ഓരോ കാലഘട്ടത്തിനും ഉചിതമായ പദ്ധതികൾ കണ്ടെത്താൻ കഴിയണം. സുവിശേഷപ്രവർത്തനം ഒരു പ്രായോഗികശാസ്ത്രമാണ്. എന്നുവച്ചാൽ, ചെയ്താണ് പഠിക്കുക, പഠിച്ചിട്ടു ചെയ്യാനാവില്ല. പുതിയ സാഹചര്യങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ളവർക്കൊപ്പം പുതിയ ശൈലികൾ രൂപപ്പെടുത്തേണ്ടിവരും. അതിനായിരിക്കും ശ്രമം.
അദിലാബാദിലെ മുൻഗാമി മാർ ജോസഫ് കുന്നത്തിനെപ്പറ്റി... വൈദികവിദ്യാർഥിയായിരിക്കുന്പോൾതന്നെ അങ്ങോട്ടു പോയതാണല്ലോ?
ജോസഫ് കുന്നത്തു പിതാവാണ് എന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ വ്യക്തി. എന്റെ ദൈവവിളി തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചു. എനിക്കു പ്രേഷിതദൈവവിളിയെക്കുറിച്ച് ബോധ്യങ്ങൾ തന്ന, ജീവിതകാലം മുഴുവൻ മിഷനറിയായി പ്രേഷിതഭൂമിയിൽ വേലചെയ്ത വലിയ വ്യക്തി. അദ്ദേഹത്തിന്റെ പിൻഗാമിയായി ശുശ്രൂഷചെയ്യാൻ അവസരം കിട്ടിയതു വലിയ ഭാഗ്യമായി കരുതുന്നു. പിതാവിനോട് ഏറെ കടപ്പെട്ടിരിക്കുന്നു.
അഞ്ചാംക്ലാസിൽ പഠിക്കുന്പോൾ ആരാവാനാണ് ആഗ്രഹമെന്ന ചോദ്യത്തിന്, വൈദികനാകണം എന്ന് എഴുതിക്കൊടുത്തയാളാണ്. അത്ര ചെറുപ്പത്തിലേ അങ്ങനെ എഴുതാനുള്ള കാരണം?
ചെറുപ്പംമുതൽ വൈദികനാകാനുള്ള ആഗ്രഹം എനിക്കുണ്ടായിരുന്നു. അൾത്താരശുശ്രൂഷിയായിരുന്നു. കുടുംബത്തിൽ അടുത്ത ബന്ധുക്കളായ രണ്ടു വൈദികരുണ്ടായിരുന്നു. ഫാ. ആന്റണി പാണേങ്ങാടനും ഫാ. ജോണ് കൊള്ളന്നൂർ സിഎംഐയും. ഇവർ രണ്ടുപേരും ചെറുപ്പത്തിൽ വീട്ടിൽ വരുമായിരുന്നു. ഇവരുമായുള്ള ബന്ധം പ്രചോദനമായിട്ടുണ്ട്. അതിനേക്കാളുഉപരി അൾത്താരശുശ്രൂഷിയായ കാലമാണ് വൈദികനാകാനുള്ള സ്വപ്നം എന്നിൽ വളർത്തിയത്. കൊച്ചുകുട്ടിയായിരിക്കുന്പോൾതന്നെ അൾത്താര എന്നെ ആകർഷിച്ചിരുന്നു.
കുടുംബം, ബാല്യം... ഓർമകൾ...?
തൃശൂർ ജില്ലയിലെ അരിന്പൂർ മനക്കൊടി ഗ്രാമത്തിലെ ഒരു സാധാരണ കുടുംബം. അപ്പൻ സർക്കാരുദ്യോഗസ്ഥൻ, അമ്മ വീട്ടമ്മ. അപ്പാപ്പനും മറ്റുള്ളവരുമൊക്കെ കർഷകപാരന്പര്യമുള്ളവരായിരുന്നു. ഞങ്ങൾ നാലു മക്കൾ. ചേട്ടൻ, അനിയൻ, അനുജത്തി. വളരെ അച്ചടക്കത്തിൽ പോകുന്ന കുടുംബം. അതുകൊണ്ടുതന്നെ ദൈവവിളിയിൽ വളരാനായി ആ അച്ചടക്കവും വീട്ടിലെ സാഹചര്യങ്ങളും സഹായിച്ചിട്ടുണ്ട്.
ഒരു കൗതുകചോദ്യം. പ്രിന്സ് എന്ന പേര്? ബിഷപ്പുമാർക്ക് ആർക്കും പ്രിന്സ് എന്നു പേരില്ലല്ലോ.
പ്രിൻസ് എന്ന പേര് മാതാപിതാക്കൾ എനിക്കിട്ട പേരാണ്. ഈ പേര് എനിക്കു വളരെ ഇഷ്ടമാണ്. അധികം പേർക്കില്ല. ബിഷപ്പുമാർക്കുമില്ല. വ്യത്യസ്തനായി ജീവിക്കാൻ ഇഷ്ടമുള്ളയാളാണ് ഞാൻ. വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹമുള്ളയാളാണ്. അനുകരിക്കാൻ അധികം ഇഷ്ടമില്ല. പേരിൽതന്നെ വ്യത്യാസമുള്ളതുപോലെ വ്യത്യസ്തത ജീവിതത്തിൽ കൊണ്ടുനടക്കാനും ആഗ്രഹിക്കുന്നു.