നമ്മുടെ കുട്ടികൾ എങ്ങോട്ട്?
മജീഷ്യൻ നാഥ്
Friday, November 8, 2024 12:38 AM IST
ലോകജനസംഖ്യയിൽ ഏകദേശം 210 കോടി ജനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ലഹരിവസ്തുക്കൾ കഴിച്ചിട്ടുള്ളവരാണെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു. ലഹരിയെക്കുറിച്ചുള്ള പൊതുസ്വഭാവമാണിത്.
ലേഖകൻ 44 വർഷമായി കോളജുകളിലും സ്കൂളുകളിലും ജയിലുകളിലും ലഹരിവിരുദ്ധ ബോധവത്കരണ മാജിക്ഷോ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നും നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ശിക്ഷ നടപ്പാക്കേണ്ടവരുടെ ഭാഗത്തുനിന്നും ലഹരിക്കെതിരേ മൃദുസമീപനമല്ലേ ഉണ്ടാകുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
എത്ര കിലോഗ്രാം ലഹരിവസ്തു കൈവശം വച്ചാലും എഫ്ഐആറിൽ 900 ഗ്രാം എന്നു രേഖപ്പെടുത്തിയാൽ ശിക്ഷയിൽ അയവു വരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റമായി മാറുന്നു. ലഹരി വിൽപനയിൽ പ്രവർത്തിക്കുന്നവർ തുടർന്നും അതുതന്നെ ചെയ്യുന്നു. അതിലൂടെ തകർന്നടിയുന്നത് ഒരു തലമുറയാണ്. ഇത്തരം സാഹചര്യം നിലനിൽക്കുന്നിടത്താണ് പുതുതലമുറയെ കൊന്നൊടുക്കുന്ന മാരക ലഹരിയായ എംഡിഎംഎ വലിയതോതിൽ ഉപയോഗിക്കപ്പെടുന്നത്.
മെത്തലിൻ ഡൈയോക്സി മെത്തഫിറ്റലിൻ എന്ന സിന്തറ്റിക് ഡ്രഗ് മനുഷ്യരിൽ ഒരുതരം ഉൻമേഷവും വിഭ്രാന്തിയും ഉണ്ടാക്കുന്നു. എംഡിഎംഎ ആദ്യകാലങ്ങളിൽ നിർമിക്കപ്പെട്ടത് ചികിത്സാ ആവശ്യത്തിനായിരുന്നു. 1912ൽ ജർമനിയിലെ മെർക്ക് ഫാർമസ്യൂട്ടിക്കിൽസാണ് എംഡിഎംഎ ആദ്യം നിർമിച്ചത്. പിന്നീട് ഇവ ദുർവിനിയോഗം ചെയ്യുന്നു എന്ന് മനസിലാക്കി എംഡിഎംഎക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും മനഃശാസ്ത്രജ്ഞർക്കിടയിൽ ചെറിയ തോതിൽ പ്രചാരം ലഭിക്കാൻ തുടങ്ങി. എംഡിഎംഎയ്ക്ക് ഒരു ലഹരിവസ്തുവെന്ന തരത്തിൽ വൻ പ്രചാരം ലഭിക്കാൻ തുടങ്ങി.
1985ൽ അമേരിക്കൻ ഡ്രഗ്സ് എൻഫോസ്മെന്റ് ആൻഡ് അഡ്മിനിസ്ട്രേഷൻ ലഹരികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. യുഎസിൽ എംഡിഎംഎയ്ക്ക് ഒരുതരത്തിലുള്ള മെഡിസിനൽ ഉപയോഗവും ഇല്ലെന്നും ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെയേറെയാണെന്നും കണ്ടെത്തിയാണ് നിരോധനം ഏർപ്പെടുത്തിയത്. നിരോധിത പട്ടികയിലാണ് ഇപ്പോൾ എംഡിഎംഎ. ഇത് തലച്ചോറിൽ എത്തിയാൽ ഗുരുതര പ്രത്യാഘാതമാണ് സംഭവിക്കുന്നത്.
നമ്മുടെ ആശയവിനിമയം നടക്കുന്നത് ന്യൂറോ ട്രാൻസ്മിറ്റർ വഴിയാണ്. പ്രധാനമായും ഏഴ് ന്യൂറോ ട്രാൻസ്മിറ്ററുകളാണുള്ളത്. നമ്മുടെ സന്തോഷം, വിശപ്പ്, ലൈംഗിക പ്രചോദനം, ശ്രദ്ധ, സഹാനുഭൂതി, സ്നേഹം തുടങ്ങിയ വ്യത്യസ്ത വികാരങ്ങളെ പ്രവർത്തിപ്പിക്കുന്നത് ഈ ന്യൂറോ ട്രാൻസ്മിറ്ററുകളാണ്. എംഡിഎംഎ തലച്ചോറിൽ എത്തിയാൽ, 30 മുതൽ 45 മിനിറ്റുകൾ കഴിയുമ്പോൾ ഈ ന്യൂറോ ട്രാൻസ്മിറ്ററുകൾ പ്രവർത്തിച്ചു തുടങ്ങും. മേൽ വിവരിച്ച വികാരങ്ങളെല്ലാം സാധാരണയിൽ അധികമായി നമുക്ക് അനുഭവപ്പെടും. ഏതാണ്ട് എട്ട് മണിക്കൂർ വരെ ഇതിന്റെ സ്വാധീനം നിലനിൽക്കുന്നു. ഈ സമയം കഴിയുന്പോൾ കാര്യങ്ങൾ എല്ലാം നേരേ തിരിച്ചാകും.
ശരീരംതന്നെ ഇതിനെ പുറംതള്ളാൻ ശ്രമിക്കും. അതോടെ ഊർജം നഷ്ടപ്പെട്ട് കടുത്ത തളർച്ച അനുഭവപ്പെടാം. ഗ്യാസ്ട്രബിൾ, അമിതമായ ദാഹം എന്നിവയൊക്കെ ഇതിന്റെ ഭാഗമായി വരും.എംഡിഎംഎ ശരീരത്തിലെത്തുന്പോൾ വിശപ്പില്ലായ്മ, ഉറക്കമുല്ലായ്മ ഇവ അനുഭവപ്പെടുന്നു.
ശരീര താപം വളരെ കൂടുന്നു. അമിതമായി വിയർക്കുകയും ചെയ്യുന്നു. ഹൃദയമിടിപ്പ് ക്രമാതീതമായി കൂടുന്നു. ഇത് കാർഡിയാക് അറസ്റ്റിന് വരെ കാരണമാകുന്നു. പെട്ടെന്നുണ്ടാകുന്ന മൂഡ് ചേഞ്ച് ഡിപ്രഷൻ, ആത്മഹത്യാ പ്രവണത, ബൈപോളാർ, സ്ക്രിസോഫ്രീനിയ തുടങ്ങിയ മാനസിക രോഗങ്ങൾക്ക് കാരണമാകുന്നു.
ലൈംഗികശേഷിയെ എംഡിഎംഎ വളരെയധികം ബാധിക്കുന്നു. പല്ലുകൾ ദ്രവിക്കുവാൻ തുടങ്ങുന്നു. പല്ലുകൾ കൂട്ടി അമർത്തി ശബ്ദം പുറപ്പെടുവിക്കുന്നു. എംഡിഎംഎയുടെ നിയന്ത്രണത്തിൽനിന്നു പുറത്തുകടക്കാൻ തോന്നിയാലും രക്ഷപ്പെടണമെന്നില്ല. അത്രയ്ക്ക് വിത്ഡ്രോവൽ അടയാളങ്ങളാണ് ഇതിനുള്ളത്. ശക്തമായ ആത്മഹത്യാപ്രവണതയാണ് എംഡിഎംഎ ഉളവാക്കുന്നത്. ഒരിക്കൽ ഉപയോഗിച്ചാൽ ഒരിക്കലും ഇതിൽനിന്ന് മോചനം സാധ്യമല്ല. സർക്കാരും ബന്ധപ്പെട്ട അധികൃതരും ശ്രദ്ധിച്ചാൽ മാത്രമേ വരും തലമുറയെ ഈ വിപത്തിൽനിന്ന് രക്ഷിക്കാൻ കഴിയൂ.