ട്രംപ് ഗാരു
സെബിന് ജോസഫ്
Wednesday, November 6, 2024 11:44 PM IST
അതേ, അയാള്‍ ഒരു വിശ്വാസമായിരുന്നു. അതിലപ്പുറം ഒരു പ്രതീക്ഷയും. 2016 നവംബറിലെ തെരഞ്ഞെടുപ്പില്‍ ഹിലാരി ക്ലിന്റണ് എന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദത്തിലെത്തി. ശതകോടീശ്വരനും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമായ ഒരാള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി പ്രസിഡന്റ് പദത്തില്‍ എത്തുന്നതിനെ അമേരിക്കന്‍ ബുദ്ധിജീവികളും ലോകവും വിമര്‍ശിച്ചു.
2017 ജനുവരി മുതല്‍ 2021 ജനുവരി വരെ നീളുന്ന ട്രംപ് ഭരണം അബദ്ധങ്ങളുടെ കൂടാരമായിരുന്നു. ലോകം സാമ്പത്തികമാന്ദ്യത്തില്‍നിന്ന് കരകയറുന്ന സമയത്താണ് ട്രംപ് ഭരണത്തില്‍ എത്തിയത്. കടുത്ത ചൈനാവിരുദ്ധതയും ഉപരോധങ്ങളും അക്കാലത്ത് അമേരിക്കയെ പിന്നോട്ടടിച്ചു. എങ്കിലും, ജോര്‍ജ് ബുഷും ബറാക് ഒബാമയും തോറ്റുപിന്മാറിയ യുദ്ധങ്ങള്‍ തുടരേണ്ടതില്ലെന്ന് ട്രംപ് തീര്‍ത്തുപറഞ്ഞു. ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്നുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയും ട്രംപ് ചരിത്രം സൃഷ്ടിച്ചു.
അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യം ഉയര്‍ത്തി 2016 തെരഞ്ഞെടുപ്പിനെ നേരിട്ട ട്രംപ് പക്ഷേ ഭരണത്തില്‍ പാളി. പിന്നീട്, നടന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനോട് തോറ്റെങ്കിലും ട്രംപിന്റെ തോല്‍വി അംഗീകരിക്കാന്‍ അനുയായികള്‍ തയാറായില്ല. അമേരിക്കന്‍ പാര്‍ലമെന്റ് സ്ഥിതിചെയ്യുന്ന കാപ്പിറ്റോള്‍ മന്ദിരത്തിലേക്ക് ട്രംപിന്റെ ചാവേര്‍ കൂട്ടം പാഞ്ഞെത്തി.
കാപ്പിറ്റോള്‍ കാലാപത്തിലും പിന്നീട് വന്ന ലൈംഗികാരോപണ കേസിലും ട്രംപ് സുപ്രീംകോടതിയില്‍ മറുപടി പറയേണ്ടി വന്നു. രണ്ടു തവണ ഇംപീച്ച്മെന്റിനെ നേരിടേണ്ടിവന്നു.
കോവിഡ് മഹാമാരിയാണ് ട്രംപിനെ ഭരണത്തില്‍നിന്ന് താഴെ ഇറക്കിയത്. ഫലപ്രദമായി കോവിഡിനെ നേരിടാന്‍ ട്രംപിനു സാധിച്ചില്ല എന്ന ആരോപണം ഉന്നയിച്ചാണ് ജോ ബൈഡനും കമല ഹാരിസും നയിച്ച ഡൊമോക്രാറ്റിക് സംഘം അധികാരത്തില്‍ എത്തിയത്. ലോകത്തെ ആദ്യ ജനാധിപത്യ രാജ്യത്തിന് കളങ്കമായി മാറിയ കാപ്പിറ്റോള്‍ കലാപവും ട്രംപിനെ തോല്‍പ്പിച്ചു.
തോല്‍വികള്‍ ഏറ്റുവാങ്ങി നിരാശനായി ഓവല്‍ ഓഫീസ് വിട്ടിറങ്ങിയ ട്രംപ് ജനുവരിയില്‍ വീണ്ടും അവിടേക്ക് എത്തും. മാറിയ ലോകക്രമത്തില്‍ ട്രംപിന്റെ വിജയം അനിവാര്യമാണെന്ന് അമേരിക്കന്‍ ജനത വീണ്ടും തെളിയിച്ചു.
യുദ്ധത്തിനും ഭ്രൂണഹത്യക്കും എതിരേ ശബ്ദിക്കുന്ന റിപ്പബ്ലിക്കന്‍ ആദര്‍ശത്തിന്റെ പുതിയ മുഖമായിരിക്കും അയാള്‍. അമ്പതംഗ ഐക്യനാടുകളിലെ പകുതിയിലേറെ സംസ്ഥാനങ്ങളും പ്രസിഡന്റിനെ നിര്‍ണയിക്കുന്ന ബാറ്റില്‍ ഗ്രൗണ്ട് സംസ്ഥാനങ്ങളായ ജോര്‍ജിയയും നോര്‍ത്ത് കരോളൈനയും പെന്‍സില്‍വേനിയയും വിജയിച്ചാണ് ട്രംപ് ഇത്തവണ അധികാരത്തില്‍ എത്തുന്നത്.
പഴയ ട്രംപ് ആയിരിക്കില്ലെന്ന് ഫലപ്രഖ്യാപനത്തിനുശേഷം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. വൈസ് പ്രസിഡന്റ് ജെ.ഡി. വാസിനെയും അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷയെയും ട്രംപ് പുകഴ്ത്തി. വിജയാഘോഷ വാര്‍ത്താസമ്മേളനത്തില്‍ മകള്‍ ഇവാങ്കയെയും മരുമകന് ജെറാള്‍ഡ് കുഷ്നറെയും ആരും കണ്ടില്ല. ഒന്നാം ട്രംപ് ഭരണകൂടത്തിന്റെ ചുക്കാന്‍ കുഷ്നര്‍ക്കും ഇവാങ്കയ്ക്കുമായിരുന്നു. ഇത്തവണ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇരുവരെയും ട്രംപ് അടുപ്പിച്ചില്ല. കടുത്ത ചൈനാവിരുദ്ധത പറയുമ്പോഴും കുഷ്നറുടെ കമ്പനികള്‍ക്കു ചൈനാ ബന്ധമുണ്ടെന്ന ആരോപണം നേരിട്ടിരുന്നു.
ഭാര്യ മെലാനിയയും ഇളയമകന് ബാരണും ട്രംപിനൊപ്പമുണ്ടായിരുന്നു. ഒരിക്കൽ കടുത്ത ട്രംപ് വിരോധിയായിരുന്ന ജെ.ഡി. വാൻസിനെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ആന്ധ്രപ്രദേശില്‍നിന്ന് കുടിയേറിയതാണ് വാൻസിന്റെ പത്നി ഉഷയുടെ കുടുംബം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഷ്മളബന്ധം നിലനിര്‍ത്തുന്ന ട്രംപിന്റെ വിജയം ഇന്ത്യക്കും മെച്ചമാണ്.
കുടിയേറ്റക്കാര്‍ക്കെതിരേ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് തോറ്റ പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ് പ്രചാരണത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, കുടിയേറ്റക്കാരോട് മൃദുസമീപനാണ് ആദ്യ ഭരണത്തില്‍ ട്രംപ് സ്വീകരിച്ചത്. ഇന്ത്യക്കാര്‍ അധികം അപേക്ഷിക്കുന്ന എച്ച്1ബി വീസയ്ക്കും അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്.
പാരീസ് കാലാവസ്ഥ ഉച്ചകോടിയില്‍നിന്ന് ഉടക്കിപ്പിരിഞ്ഞ ട്രംപ് ആഗോളതാപനത്തിനു കാരണമാകുമെന്നാണ് പരിസ്ഥിതി വാദികളുടെ വാദം. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുവാന്‍ ലോകരാജ്യങ്ങള്‍ ഒപ്പുവച്ച പാരീസ് ഉച്ചകോടിയില്‍നിന്ന് ട്രംപിന്റെ കാലത്ത് അമേരിക്ക പിന്മാറിയിരുന്നു.
ഹരിത ഊര്‍ജത്തിന് അമേരിക്ക നല്‍കിയിരുന്ന സബ്സിഡികള്‍ പിന്‍വലിക്കുമെന്നും പാരമ്പര്യ ഊര്‍ജ ഉത്പാദനത്തിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ആശങ്ക. കാലാവസ്ഥയ്ക്കും ജനക്ഷേമ പദ്ധതികള്‍ക്കും ട്രംപിന്റെ ഭരണത്തിന്റെ കീഴില്‍ തിരിച്ചടി നേരിടേണ്ടിവരുമെങ്കിലും യുദ്ധമില്ലാതെ ലോകത്തു സമാധാനം ഉണ്ടാക്കാന്‍ ഈ എഴുപത്തിയെട്ടുകാരന് കഴിയുമെന്നാണ് പ്രതീക്ഷ.