ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഭയക്കുന്നതാര്? എതിര്‍ക്കുന്നതെന്തിന്?
അഡ്വ. വി.സി. സെബാസ്റ്റ്യന്‍
Tuesday, November 5, 2024 11:54 PM IST
2014ല്‍ അധികാരമേറ്റ് മൂന്നാമൂഴത്തില്‍ മുന്നോട്ടു പോകുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ഒട്ടേറെ പുതിയ നിയമനിര്‍മാണങ്ങള്‍ക്കും നിയമ ഭേദഗതികള്ക്കുംശേഷം ഇപ്പോള്‍ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പി’ല്‍ എത്തിനില്‍ക്കുന്നു. ഒരു രാജ്യം ഒരു വോട്ടെടുപ്പ് - കേള്‍ക്കാന്‍ വളരെ ഇമ്പമുള്ള പ്രയോഗവും ലളിതമായി ചിന്തിച്ചാല്‍ ഏറെ സ്വീകാര്യത തോന്നുന്നതുംതന്നെ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ കാടടച്ച് എതിര്‍ക്കാതെ അതിനു പിന്നിലെ നാള്‍വഴികളും ചരിത്രപശ്ചാത്തലങ്ങളെക്കുറിച്ചുമുള്ള അന്വേഷണവും വിശകലനവും കാഴ്ചപ്പാടും പഠനവിഷയമാക്കാന്‍ ശ്രമിക്കണം.
ചരിത്ര പശ്ചാത്തലം
1951നും 1967നുമിടയ്ക്ക് ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ണമായും ഭാഗികമായും ഒരുമിച്ചു നടന്നു. 1957ല്‍ കേരളത്തില്‍ ഇഎംഎസ് മന്ത്രിസഭ അധികാരത്തിലേറിയെങ്കിലും 1959ല്‍ പിരിച്ചുവിട്ടു. 1959 ജൂലൈ 31 മുതല്‍ 1960 ഫെബ്രുവരി 22 വരെ രാഷ്ട്രപതിഭരണവും തുടര്‍ന്ന് 1960ല്‍ നിയമസഭാ തെരഞ്ഞെടുപ്പും നടന്നു. 1951-52ല്‍ സ്വതന്ത്ര ഭാരതത്തില്‍ അന്നു നിലവിലുണ്ടായിരുന്ന എല്ലാ സംസ്ഥാനങ്ങളിലും നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടന്നു. എന്നാല്‍, പല സംസ്ഥാനങ്ങളിലും ഭരണ-രാഷ്ട്രീയ അസ്ഥിരത രൂപപ്പെട്ടതോടെ 1970 മുതല്‍ ഈ സംവിധാനം തകര്‍ന്നു. 1997 മാര്‍ച്ച് 24ന് അധികാരമേറ്റ മൊറാര്‍ജി ദേശായിയും പിന്നീടു വന്ന ചരണ്‍സിംഗും 1989ല്‍ വി.പി. സിംഗും തുടര്‍ന്ന് 1990ല്‍ ചന്ദ്രശേഖറും പ്രധാനമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ മുതല്‍ തുടര്‍ച്ചയായി അസ്ഥിര സര്‍ക്കാരുകളായിരുന്നു.
1991ല്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയ പി.വി. നരസിംഹറാവു സര്‍ക്കാരാകട്ടെ വ്യക്തമായ ഭൂരിപക്ഷമില്ലാതെ ഉലയുകയായിരുന്നു. ദേവഗൗഡയുടെയും ഐ.കെ. ഗുജ്റാളിന്റെയും; എന്തിനേറെ, 1996 മേയ് 16 മുതല്‍ ജൂണ്‍ ഒന്നു വരെ 16 ദിവസം മാത്രം ഭരിച്ച ഒന്നാം വാജ്പേയി സര്‍ക്കാരിന്റെയും പതനങ്ങള്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥ ചെറുതൊന്നുമല്ല. 2004ല്‍ മന്മോഹന് സിംഗിന്റെ യുപിഎ സര്‍ക്കാര്‍ പത്തു വര്‍ഷം ഭരിച്ചെങ്കിലും ഭരണസ്ഥിരത നൂല്പ്പാലത്തിലൊതുങ്ങി.
നിയമ കമ്മീഷന് ശിപാര്‍ശകള്‍
1999ലും 2018ലുമായി രണ്ടുതവണ കേന്ദ്ര നിയമ കമ്മീഷന് ‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’ സംബന്ധിച്ച് ശിപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. 1999 മേയില്‍ ജസ്റ്റീസ് ബി.പി. ജീവന് റെഡ്ഢിയുടെ നേതൃത്വത്തിലുള്ള നിയമ കമ്മീഷന് ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്ന കാലത്തേക്കു മടങ്ങണമെന്നു നിര്‍ദേശിക്കുന്നു. തെരഞ്ഞെടുപ്പ് നിയമങ്ങളുടെ പരിഷ്കരണത്തെക്കുറിച്ചുള്ള 170-ാമത് റിപ്പോര്‍ട്ടില്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രമായി ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടത്തുന്ന സ്ഥിതിയുണ്ടാകണമെന്നു നിര്‍ദേശിച്ചു.
2018 ഓഗസ്റ്റ് 30ന് ജസ്റ്റീസ് ബി.എസ്. ചൗഹാന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ച നിയമ കമ്മീഷന് റിപ്പോര്‍ട്ടിലും ഒറ്റ തെരഞ്ഞെടുപ്പിന്റെ പ്രായോഗികത നിര്‍ദേശിക്കുന്നു. ഭരണഘടന ജനങ്ങള്‍ക്ക് നല്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണം. ഏഴാം ഷെഡ്യൂള്‍ വ്യവസ്ഥ ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സമവര്‍ത്തി പട്ടികകളെ ബാധിക്കരുത്. ഒറ്റത്തെരഞ്ഞെടുപ്പിനായി പ്രായോഗിക സമവാക്യം രൂപപ്പെടുത്തണം. ഭരണഘടനയുടെ എഴാം പട്ടികയില്‍ പറയുന്ന ഫെഡറലിസത്തെ ബാധിക്കരുത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സ്ഥിരത ഉറപ്പുവരുത്തണം. ഭരണഘടനാപരവും നിയമപരവുമായ ഭേദഗതികളുണ്ടാകണം. ഭരണഘടനയും ജനപ്രാതിനിധ്യനിയമവും ലോക്സഭാ, നിയമസഭാ ചട്ടങ്ങളും ഭേഗഗതി ചെയ്യണം. രാജ്യത്തെ 50 ശതമാനം സംസ്ഥാനങ്ങളെങ്കിലും ഈ ഭേദഗതികള്‍ അംഗീകരിക്കണം.
പാര്‍ലമെന്ററി കമ്മിറ്റി
പാര്‍ലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ഓഫ് പേഴ്സണല്‍, പബ്ലിക് ഗ്രീവന്‍സ്, ലോ ആൻഡ് ജസ്റ്റീസ്, രാജ്യസഭയുടെ 2015ലെ 79-ാമത് റിപ്പോര്‍ട്ടിലും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയും സാഹചര്യവും നിര്‍ദേശിച്ചു. ഇ.എം. സുദര്‍ശന നാച്ചിയപ്പന്‍ അധ്യക്ഷനായ സമിതി, ജനസഭകളിലേക്കും (ലോക്സഭ) സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത എന്ന റിപ്പോര്‍ട്ട് 2015 ഡിസംബറില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 1999ലെ ലോ കമ്മീഷന് റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പ്രകാരം ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനും ചില നിയമസഭകളിലേക്ക് ലോക്സഭയുടെ മധ്യകാലഘട്ടത്തിലും ബാക്കിയുള്ളവ കാലാവധി അവസാനിക്കുമ്പോഴും നടത്താനും പാര്‍ലമെന്ററി കമ്മിറ്റി ശിപാര്‍ശ ചെയ്തു.
പഠനസമിതി റിപ്പോര്‍ട്ട്
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2023 സെപ്റ്റംബര്‍ രണ്ടിന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. സമിതി 191 ദിവസത്തെ ചര്‍ച്ചകള്‍ക്കും പഠനത്തിനുംശേഷം 2024 മാര്‍ച്ച് 14ന് 18,626 പേജുള്ള വിശദമായ റിപ്പോര്‍ട്ട് രാഷ്ട്രപതിക്കു സമര്‍പ്പിച്ചു. 47 രാഷ്ട്രീയ പാര്‍ട്ടികള്‍ സമിതിയെ പ്രതികരണമറിയിച്ചപ്പോള്‍ 32 പാര്‍ട്ടികള്‍ അനുകൂലിച്ചും 15 പാര്‍ട്ടികള്‍ എതിര്‍ത്തും അഭിപ്രായങ്ങള്‍ പറഞ്ഞതായി സൂചിപ്പിക്കുന്ന സമിതിയുടെ പഠനറിപ്പോര്‍ട്ട് 2024 സെപ്റ്റംബര്‍ 18ന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു.
പരിഗണനാ വിഷയങ്ങള്‍
താഴെപ്പറയുന്ന വിഷയങ്ങളാണ് രാംനാഥ് കോവിന്ദ് സമിതിയുടെ പരിഗണനയ്ക്കായി നിര്‍ദേശിക്കപ്പെട്ടത്: ഭരണഘടനയുടെയും നിയമങ്ങളിലെ വ്യവസ്ഥകളുടെയും അടിസ്ഥാനത്തില്‍ ലോക്സഭ-നിയമസഭകള്‍, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവയിലേക്ക് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന് ശിപാര്‍ശ നല്‍കുക. അതിന് ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമങ്ങളിലും (1950-1951) ചട്ടങ്ങളിലും മറ്റു നിയമങ്ങളിലും വേണ്ട ഭേദഗതികള്‍ നിര്‍ദേശിക്കുക. ഭരണഘടനാ ഭേദഗതികള്‍ക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം വേണോയെന്നു പരിശോധിക്കുക. ത്രിശങ്കു സഭ, അവിശ്വാസ പ്രമേയം പാസാകുന്ന സ്ഥിതി, കൂറുമാറ്റം തുടങ്ങിയ സാഹചര്യങ്ങളിലെ പരിഹാരം നിര്‍ദേശിക്കുക. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിന് ചട്ടക്കൂട് നിര്‍ദേശിക്കുക. ഒറ്റ ഘട്ടം സാധ്യമല്ലെങ്കില്‍ എത്ര ഘട്ടമായി എത്ര സമയത്തിനകം നടത്തണമെന്നും ഭരണഘടനയിലും നിയമങ്ങളിലും വേണ്ട ഭേഗദതികള്‍ എന്തൊക്കെയെന്നും നിര്‍ദേശിക്കുക.
ഒരേസമയം തെരഞ്ഞെടുപ്പിന് തുടര്‍ച്ച ഉറപ്പാക്കാനുള്ള മുന്‍കരുതലുകളും ഭരണഘടനാ ഭേദഗതികളും നിര്‍ദേശിക്കുക. വേണ്ടിവരുന്ന വോട്ടിംഗ് യന്ത്രങ്ങള്‍, വിവിപാറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍, ആള്‍ബലം എന്നിവ പരിശോധിക്കുക. ലോക്സഭ മുതല്‍ തദ്ദേശതലം വരെ തെരഞ്ഞെടുപ്പിന് ഒരേ വോട്ടര്‍പട്ടിക ഉപയോഗിക്കാന്‍ ആവശ്യമായ നടപടികള്‍ നിര്‍ദേശിക്കുക.
സമിതിയുടെ നിര്‍ദേശങ്ങള്‍
രാംനാഥ് കോവിന്ദ്, സമിതി 15 ഭരണഘടനാ ഭേദഗതികളാണു നിര്‍ദേശിച്ചിരിക്കുന്നത്. 2029ല്‍ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പിലാക്കണം, ഏക വോട്ടര്‍പട്ടികയും ഒറ്റ വോട്ടര്‍ ഐഡി കാര്‍ഡിനുമായി നിയമ ഭേദഗതി ചെയ്യണം, 2024നുശേഷം തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കുറഞ്ഞ കാലാവധി മാത്രം, പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാംഘട്ടമായി 100 ദിവസത്തിനകം തദ്ദേശ തെരഞ്ഞെടുപ്പ്, തൂക്കുസഭ വന്നാല്‍ വീണ്ടും തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി നിശ്ചിത തീയതി തീരുമാനിച്ച് വിജ്ഞാപനം പുറപ്പെടുവിക്കണം എന്നിവയാണു നിർദേശങ്ങൾ.
ഭരണഘടനാ ഭേദഗതി
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് ഭരണഘടനാ ഭേദഗതി വേണം. രണ്ടു ഭരണഘടനാ ഭേദഗതിയുള്‍പ്പെടെ മൂന്നു ബില്ലുകളാണ് ഇതിനായി നിലവില്‍ ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ലോക്സഭയുടെയും നിയമസഭകളുടെയും തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കുന്നതാണ് ഒരു ബില്ല്. രണ്ടാമത്തേത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തുടര്‍ച്ചയായി നടത്തുന്നതു സംബന്ധിച്ച്. ഇതു പാസാകണമെങ്കില്‍ രാജ്യത്തെ പകുതി സംസ്ഥാനങ്ങളെങ്കിലും അനുമതി നല്‍കണം.
ഭരണഘടനാ അനുച്ഛേദം 82 (എ)യില്‍ പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തുകയും വേണം. ഭരണഘടനയുടെ 324-ാം വകുപ്പ് തെരഞ്ഞെടുപ്പ് മേല്‍നോട്ടവുമായി ബന്ധപ്പെട്ടതാണ്. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുന്നതിന് 324 (എ) എന്നൊരു വകുപ്പും കൊണ്ടുവരണം. 325-ാം വകുപ്പില്‍ ഒറ്റ വോട്ടര്‍പട്ടികയും ഒറ്റ തിരിച്ചറിയല്‍ കാര്‍ഡും പ്രാബല്യത്തിലാക്കാനുള്ള ഭേദഗതിയും വേണം.
ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭേദഗതികള്‍ക്ക് സംസ്ഥാനത്തിന്റെ അനുമതി ആവശ്യമില്ലെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളുടെ അധികാരപരിധിയിലായതുകൊണ്ട് ഭേദഗതിക്ക് സംസ്ഥാനങ്ങളുടെ സമ്മതം വേണം. പാര്‍ലമെന്റിന്റെയും നിയമസഭകളുടെയും കാലാവധി സംബന്ധിച്ച് 83, 172 വകുപ്പുകളുടെ ഭേദഗതി ബില്ലുകളും പാര്‍ലമെന്റ് പാസാക്കണം.
കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണം
ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുവാനും ദേശീയത ഉയര്‍ത്തിപ്പിടിക്കാനും രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കാനും ഒരേസമയമുള്ള തെരഞ്ഞെടുപ്പ് അഭികാമ്യമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എല്ലാ വര്‍ഷവും തുടര്‍ച്ചയായും ഒരു വര്‍ഷത്തില്‍ത്തന്നെ പല തവണകളായും തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് സര്‍ക്കാരിനും സംവിധാനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനജീവിതത്തിനും വലിയ ബാധ്യതകള്‍ സൃഷ്ടിക്കുന്നു.
സുരക്ഷാസേനകളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ജോലികളിലേക്ക് തിരിയേണ്ടിവരുന്നതിനാൽ അവരുടെ പ്രാഥമിക ചുമതലകളില്‍നിന്ന് ദീര്‍ഘകാലം മാറിനില്‍ക്കേണ്ടിവരുന്നു. തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകള്‍ മൂലം ദീഘകാലയളവില്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാൽ രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും വികസനപ്രവര്‍ത്തനങ്ങള്‍ തടസമുണ്ടായി മുരടിക്കുന്നു.
ലോകത്ത് വിവിധ രാജ്യങ്ങളില്‍ ഫെഡറല്‍, സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നുണ്ട്. തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയ അഴിമതിക്കും കാരണമാകുന്നു. തെരഞ്ഞെടുപ്പു ചെലവിന്റെ പേരില്‍ വന്‍തോതില്‍ ധനസമാഹരണം നടക്കുന്നു. തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തിയാല്‍ സ്ഥാനാര്‍ഥികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ചെലവുകള്‍ കുറയും. കൂടാതെ, രാഷ്ട്രീയ കുതിരക്കച്ചവടത്തിനും ഒരു പരിധിവരെ അറുതിയുണ്ടാകും. തെരഞ്ഞെടുപ്പുകള്‍ മുന്‍കൂട്ടി വിജ്ഞാപനം ചെയ്യുന്നതുകൊണ്ട് വോട്ടിംഗ് ശതമാനം ഉയരാനും സാധ്യതയുണ്ട്.
പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍
പ്രതിപക്ഷമുയര്‍ത്തുന്ന പ്രധാന എതിര്‍പ്പുകള്‍ ഇപ്രകാരം: കേന്ദ്രഭരണത്തിലിരുന്ന് പരമാവധി സംസ്ഥാനങ്ങളില്‍ അധികാരം നിയന്ത്രിക്കുകയെന്ന ബിജെപിയുടെ രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടിയാണ് ഒറ്റ തെരഞ്ഞെടുപ്പ്. സംസ്ഥാനങ്ങളില്‍ തൂക്കുസഭ വരികയോ ഭൂരിപക്ഷം നഷ്ടപ്പെട്ട് മന്ത്രിസഭ പുറത്തുപോകുകയോ ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ തെരഞ്ഞെടുപ്പില്ലാതെ രാഷ്ട്രപതിഭരണത്തിലേക്ക് സംസ്ഥാനങ്ങള്‍ മാറും. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വിരുദ്ധമാണ് നിര്‍ദേശങ്ങള്‍. ഫെഡറല്‍ സംവിധാനങ്ങള്‍ അട്ടിമറിക്കപ്പെടും. പ്രാദേശിക വിഷയങ്ങള്‍ ഒറ്റത്തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാതെ പോകും.
ദേശീയതയും അന്തര്‍ദേശീയ പ്രശ്നങ്ങളും ഉയര്‍ത്തിക്കാട്ടി വിഷയവൈവിധ്യങ്ങളും പ്രാദേശിക അജണ്ടകളും താഴെത്തട്ടിലുള്ള ജനങ്ങളുടെ വികാരങ്ങളും പ്രശ്നങ്ങളും തെരഞ്ഞെടുപ്പുവേദിയില്നിന്ന് പുറന്തള്ളപ്പെടും. രാജ്യത്തെ വിവിധ സംസ്ഥാന നിയമസഭകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും കാലാവധി വെട്ടിക്കുറയ്ക്കപ്പെടും. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കോ ദേശീയ പാര്‍ട്ടികള്‍ക്കോ മാത്രമായി തെരഞ്ഞെടുപ്പുവിജയം മാറാനും സാധ്യതകളേറെ.
പ്രാദേശിക പാര്‍ട്ടികള്‍ ദുര്‍ബലമാകും
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് മുന്നോട്ടുവയ്ക്കുന്നത് പ്രധാനമായും ദേശീയ താത്പര്യങ്ങളാകുന്പോൾ സംസ്ഥാനങ്ങളുടെ താത്പര്യങ്ങളെ ഒരു പരിധിവരെ അവഗണിക്കും. അനന്തരഫലം പ്രാദേശിക പാര്‍ട്ടികളുടെ പ്രസക്തി നഷ്ടപ്പെട്ട് കാലക്രമേണ ഇല്ലാതാകും.
കടമ്പകളേറെ
ഭരണഘടനാ ഭേദഗതികള്‍ പാസാക്കാന്‍ 368-ാം അനുച്ഛേദമനുസരിച്ച് ലോക്സഭയിലും രാജ്യസഭയിലും കേവല ഭൂരിപക്ഷത്തോടൊപ്പം സഭയില്‍ സന്നിഹിതരായ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയും വേണം. ഇന്നത്തെ സാഹചര്യത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന് ഈ കടമ്പ കടക്കാനാകില്ല.
ജനാധിപത്യം മുഖമുദ്ര
ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥ ലോകത്തിനു മുഴുവന്‍ മാതൃകയാണ്. ജനാധിപത്യവ്യവസ്ഥയെ വെല്ലുവിളിക്കാനുള്ള തുറുപ്പുചീട്ടായി ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ മാറുമോയെന്ന ആശങ്ക ചെറുതൊന്നുമല്ല.
തെരഞ്ഞെടുപ്പുചെലവ് ചുരുക്കുമെന്ന സാമ്പത്തിക ലാഭത്തേക്കാളുപരി ജനാധിപത്യവ്യവസ്ഥിതിയെ ഒരു പോറലുമേല്‍ക്കാതെ നിലനിര്‍ത്താനായില്ലെങ്കില്‍ ഇന്ത്യന്‍ പൗരന്റെ ആകെ തുറുപ്പുചീട്ടായ സമ്മതിദാനാവകാശത്തിന് ഭാവിയില്‍ പ്രസക്തിയില്ലാതാകും. ഒറ്റ തെരഞ്ഞെടുപ്പിന്റെ മറവില്‍ അഞ്ചുവര്‍ഷം സ്ഥിരനിക്ഷേപമായി ജനപ്രതിനിധികള്‍ മാറുന്ന സാഹചര്യം അപകടകരമാണ്. തെരഞ്ഞെടുത്ത ജനപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ ജനങ്ങള്‍ക്ക് അവകാശം വേണമെന്ന മുദ്രാവാക്യം ഉയരുന്നതും നിസാരവത്കരിക്കരുത്.