സിനഡും സിനഡാലിറ്റിയും സഭാജീവിതവും കാലഘട്ടത്തിന്റെ പ്രഖ്യാപനം
റവ. ഡോ. അരുൺ കലമറ്റത്തിൽ
Monday, November 4, 2024 12:52 AM IST
ലോകം ഉറ്റുനോക്കിയിരുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ് സമാപിക്കുന്നത് വ്യക്തമായ മാർഗനിർദേശങ്ങളും കൃത്യമായ സഭാത്മകമായ സാമൂഹിക വിശകലനങ്ങളുമായാണ്. ഫ്രാൻസിസ് മാർപാപ്പ സിനഡാലിറ്റിയെക്കുറിച്ചുതന്നെ ചർച്ച ചെയ്യുന്ന സിനഡ് വിളിച്ചുകൂട്ടുന്നുവെന്ന് പ്രഖ്യാപിച്ച നാൾമുതൽ സഭയും ലോകവും വലിയ ആകാംക്ഷയിലായിരുന്നു.
പൗരോഹിത്യവും സ്ത്രീത്വവും സഭാഭരണത്തിന്റെ സുതാര്യതയും സ്വവർഗാനുരാഗത്തിന്റെ ധാർമികപ്രശ്നങ്ങളും മുതൽ അല്മായ പങ്കാളിത്തത്തിന്റെ അനന്തസാധ്യതകളിലേക്ക് കവാടങ്ങൾ തുറക്കുന്നതുവരെയുള്ള കാലികപ്രസക്തവും അജപാലനപരവും പ്രായോഗികവുമായ ചർച്ചകളുടെ സമാപന പ്രഖ്യാപനമായിരുന്നു കഴിഞ്ഞ 26ന് ലോകം വത്തിക്കാനിൽ കണ്ടത്.
സമാപനരേഖയുടെ അസാധാരണത്വം
സിനഡുകൾ സമാപിക്കുന്പോൾ സാധാരണയായി അതിന്റെ സമാപനരേഖയ്ക്കു പുറമേ മാർപാപ്പമാർ പ്രബോധനസ്വഭാവമുള്ള ഒരു അപ്പസ്തോലിക ആഹ്വാനം പ്രസിദ്ധീകരിച്ച് സിനഡിന്റെ കാഴ്ചപ്പാടുകൾ ലോകത്തെ അറിയിക്കുന്ന പതിവുണ്ട്.
എന്നാൽ, പതിവിനു വിപരീതമായി 355 സിനഡ് അംഗങ്ങൾ ഒപ്പുവച്ച 155 ആർട്ടിക്കിളുള്ള സമാപന റിപ്പോർട്ടുതന്നെ പ്രബോധനാധികാരത്തിന്റെ മൂല്യം നൽകി പ്രസിദ്ധീകരിക്കാനാണ് മാർപാപ്പ തീരുമാനിച്ചത്. ഈ സമാപനരേഖ പ്രബോധനമൂല്യ(Magisterial Value)മുള്ള മാർഗനിർദേശക രേഖ (serves as a guide)യായി പരിഗണിക്കണമെന്ന് മാർപാപ്പ വ്യക്തമാക്കി. സിനഡ് അംഗങ്ങളുടെ പങ്കാളിത്തം അതിന്റെ സമാപനരേഖയുടെ പ്രസിദ്ധീകരണത്തിൽപ്പോലും ഒട്ടും കുറഞ്ഞുപോകരുതെന്ന സുന്ദരമായ നിർബന്ധം ഈ തീരുമാനത്തിൽപോലും കാണാം.
സിനഡാലിറ്റിയും പങ്കാളിത്ത സഭയും
സത്യത്തിൽ പലരും കരുതുന്നതുപോലെ സിനഡാലിറ്റി സഭയുടെ പുതിയൊരു ദർശനമല്ല. ആദിമസഭമുതൽ സഭ തന്റെ പങ്കാളിത്ത സ്വഭാവത്തെക്കുറിച്ച് വ്യക്തമായ ബോധ്യങ്ങൾ പുലർത്തിയിട്ടുണ്ട്. സിനഡ് (സൂനഹദോസ്) എന്ന പദത്തിന് ഒരുമിച്ചുനടക്കുക എന്നാണല്ലോ അർഥം. സഭ സിനഡുകളിൽ മാത്രമല്ല എല്ലാ അജപാലന-വിശ്വാസ-സാമൂഹിക മേഖലകളിലും എന്നും ഒരുമിച്ചു നടക്കുന്നതിന്റെ വ്യക്തിത്വം സൂക്ഷിക്കാൻ പരിശ്രമിച്ചിട്ടുണ്ട്. ഈ ആധുനിക കാലഘട്ടത്തിന്റെ നവീന സാഹചര്യങ്ങളിലും പ്രത്യേകതകളിലും എങ്ങനെ ഒരുമിച്ചു നടക്കലിന്റെ കാലികമായൊരു ശൈലി രൂപപ്പെടുത്താമെന്നാണു പങ്കാളിത്ത സ്വാഭാവത്തോടുകൂടിത്തന്നെ ഈ സിനഡ് ചർച്ച ചെയ്തത്. പതിവിൽ കൂടുതൽ പങ്കാളിത്തവും വിഷയങ്ങളുടെ വൈവിധ്യവും തുറവിയും ഈ സിനഡിനെ വ്യത്യസ്തവും നവീനവുമാക്കി.
തെറ്റിദ്ധാരണകൾക്ക് വിരാമം
പലതരത്തിലുള്ള ആശങ്കകളും തെറ്റിദ്ധാരണയ്ക്കും ഈ സിനഡ് ആരംഭിക്കുന്പോൾ മുതൽ സഭയിലും സഭയ്ക്ക് പുറത്തുമുണ്ടായിരുന്നു. ഇനിമുതൽ ഹയരാർക്കിക്ക് പ്രസക്തിയില്ല; സ്വവർഗാനുരാഗികളുടെ സഹവാസം അംഗീകരിച്ചേക്കും; വനിതാ പൗരോഹിത്യത്തിന് സാധ്യതയുണ്ട് എന്നുതുടങ്ങി മെത്രാൻ ശുശ്രൂഷയുടെ പ്രസക്തിപോലും ഒരു ജനാധിപത്യ വ്യവസ്ഥയ്ക്ക് വഴിമാറുന്നു എന്നുവരെയുള്ള ഊഹാപോഹങ്ങൾ ശക്തമായി പ്രചരിച്ചിരുന്നു.
എന്നാൽ, സിനഡാലിറ്റിയെയും സഭയുടെ പങ്കാളിത്ത സ്വഭാവത്തെയും ഉജ്വലമായും സമതുലിതമായും നോക്കിക്കാണാനുണ്ടായ പക്വതയും ദീർഘവീക്ഷണവുമാണ് സിനഡിന്റെ സമാപനരേഖയിൽ തെളിഞ്ഞുനിൽക്കുന്നത്. അല്മായരെയും വൈദികരെയും മെത്രാൻമാരെയും തുല്യരാക്കുന്നതും നിരപ്പാക്കുന്നതുമല്ല, പ്രത്യുത എല്ലാവരും അവരവരുടെ ദൗത്യങ്ങളിൽ നിലനിൽക്കുകയും അതേസമയം ഒരുമിച്ച് ഒരേ ദിശയിലേക്കു നടക്കുകയും ചെയ്യുന്നതാണ് സിനഡൽ സ്വഭാവമുള്ള സഭ എന്നുതന്നെയാണ് സമാപനരേഖയുടെ ദർശനം.
സഭ ഒരു കോർപറേഷനല്ല, കൂട്ടായ്മയാണ്
സഭ ഏറ്റവും ഉചിതമായി നിർവചിക്കപ്പെടേണ്ടത് കൂട്ടായ്മ (Communion) എന്നാണ്. തിരുസഭ ഒരിക്കലും സഭകളുടെ ഒരു കോൺഫെഡറേഷനോ കോർപറേഷനോ അല്ല, ഒരുമിച്ച് സഞ്ചരിക്കുന്ന കൂട്ടായ്മയാണ്. അതുകൊണ്ടുതന്നെ ശൈലി പങ്കാളിത്തത്തിന്റേതാണ്. റോമിന്റെ മെത്രാനുമായുള്ള മെത്രാൻമാരുടെ കൂട്ടായ്മ സഭയുടെ സാർവത്രിക പങ്കാളിത്ത സ്വഭാവത്തെത്തന്നെ വ്യക്തമാകുന്നു.
സഭകളുടെ കൂട്ടായ്മയായി സാർവത്രികസഭയെ മനസിലാക്കുന്നത് വ്യക്തിസഭകളുടെ പങ്കാളിത്ത ബന്ധത്തെ വിപുലപ്പെടുത്തുന്നുണ്ട്. പൗരസ്ത്യ സഭകളുമായുള്ള പശ്ചാത്യസഭയുടെ മെച്ചപ്പെട്ട ബന്ധവും പൗരസ്ത്യ സഭകൾ തമ്മിലുള്ള ബന്ധവും കൂടുതൽ പങ്കാളിത്ത സ്വഭാവമുള്ളതായിത്തീരാനുള്ള പ്രായോഗിക നിർദേശങ്ങളും സിനഡ് മുന്നോട്ടുവയ്ക്കുന്നു.
പൗരസ്ത്യസഭകളുടെ പാത്രിയാർക്കീസുമാരുടെയും മേജർ ആർച്ച്ബിഷപ്പുമാരുടെയും മെത്രാപ്പോലീത്തമാരുടെയും ഒരു കൗൺസിൽ മാർപാപ്പയുടെ നേതൃത്വത്തിൽ രൂപീകരിക്കണമെന്ന് നിർദേശിക്കപ്പെട്ടു. പൗരസ്ത്യസഭകളിൽനിന്നു ധാരാളമാളുകൾ പാശ്ചാത്യ സഭയിലേക്ക് വിവിധ കാരണങ്ങളാൽ ചേക്കേറുന്നത് പൗരസ്ത്യസഭകളുടെ അസ്തിത്വത്തെത്തന്നെ ബാധിക്കുമെന്നും വിലയിരുത്തപ്പെട്ടു.
നേതൃത്വത്തിൽ സ്ത്രീകളുടെ പങ്കാളിത്തം
നേതൃത്വത്തിന്റെ ശുശ്രൂഷകൾ നിർവഹിക്കുന്നതിൽനിന്ന് സ്ത്രീകളെ മാറ്റിനിർത്തുന്നതൊന്നും സഭയിലില്ല എന്ന് സിനഡ് വ്യക്തമാക്കി. സഭയുടെ തീരുമാനമെടുക്കൽ പ്രക്രിയകളിൽ സ്ത്രീകൾക്കു വേണ്ടത്ര പ്രാധാന്യമുണ്ടെന്ന് ഉറപ്പാക്കണമെന്നും വൈദിക പരിശീലനത്തിൽപോലും അവരുടെ പങ്കാളിത്തം സാധ്യമാണെന്നുമാണ് സിനഡിന്റെ നിലപാട്. മാമ്മോദീസയാൽ സ്ത്രീക്കും പുരുഷനും സഭയിൽ തുല്യ ബഹുമാനവും സ്ഥാനവുമാണുള്ളത്. നിലവിലുള്ളതും സഭാനിയമം അനുവദിക്കുന്നതുമായ മുഴുവൻ അവസരങ്ങളും യാഥാർഥ്യമാക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു (No.60).
വനിതകളെ ഡീക്കൻ ശുശ്രൂഷയ്ക്കായി നിയമിക്കുന്നതു സംബന്ധിച്ച ചർച്ചകൾ പരിശുദ്ധാത്മാവിന്റെ സഹായത്തോടെയുള്ള പ്രചോദനങ്ങൾക്കായി തുറന്നിടുക മാത്രമാണു ചെയ്തത്. സ്ത്രീകളായ വിശുദ്ധർക്കും ദൈവശാസ്ത്രജ്ഞർക്കും മിസ്റ്റിക്കുകൾക്കും കൂടുതൽ ഊന്നൽ നൽകിക്കൊണ്ടുള്ള സമീപനം സുവിശേഷ പ്രഘോഷണങ്ങളിലും പ്രബോധനത്തിലും വിശ്വാസ പരിശീലനത്തിലും സഭയിലുണ്ടാകണമെന്നും സിനഡ് വിഭാവനം ചെയ്യുന്നു.
അല്മായരുടെയും പൗരോഹിത്യ ശുശ്രൂഷകരുടെയും സംയോജിത പങ്കാളിത്തം
വൈദികരുടെയും അല്മായരുടെയും ദൗത്യങ്ങൾ പരസ്പര വിരുദ്ധങ്ങളല്ല പരസ്പര പൂരകങ്ങളാണെന്ന് സിനഡ് ആവർത്തിച്ചു വ്യക്തമാക്കി. അല്മായർ വൈദികരുടെ അഭാവത്തെ പരിഹരിക്കുന്നവർ മാത്രമല്ല, പങ്കാളിത്ത ദൗത്യത്തിന്റെ സഹകാരികൾ തന്നെയാണ്. സഭയുടെ ഭരണഘടന നിലവിലില്ലാത്ത മതരഹിത ദേശങ്ങളിൽ പ്രത്യേകിച്ചും അല്മായരുടെ നേതൃത്വ ദൗത്യം അതീവ പ്രാധാന്യം അർഹിക്കുന്നു.
സുതാര്യതയുടെയും കടപ്പാടിന്റെയും ഒരു സംസ്കാരം പരസ്പരം വളർത്തിയെടുക്കാൻ ആവശ്യമായ പരിശീലനംകൂടി സഭയിൽ ഉണ്ടാകേണ്ടതുണ്ട്. അല്മായരുടെ ശുശ്രൂഷ ഫലപ്രദമാകാൻ അവർക്കും പരിശീലനം ആവശ്യമുണ്ട്. അത് വെറും സാങ്കേതിക പരിശീലനം മാത്രമായിരിക്കരുത്. ദൈവശാസ്ത്രപരവും വിശുദ്ധ ഗ്രന്ഥപരവും ആധ്യാത്മികവുമായ പരിശീലനം എല്ലാവർക്കും ആവശ്യമുണ്ടെന്ന് സിനഡ് പ്രഖ്യാപിച്ചു(No. 80).
മെത്രാൻമാരും വൈദികരും
ആത്മാവിന്റെ ഫലങ്ങളെ ഐക്യത്തിൽ സമന്വയിപ്പിക്കുകയെന്നതാണ് മെത്രാൻ ശുശ്രൂഷയുടെ ദൗത്യം. പ്രാദേശിക സഭയുടെ ഐക്യത്തിന്റെ അടയാളമാണു മെത്രാൻ. മെത്രാൻസ്ഥാനം ദൗത്യപരമയ വെറും അധികാരസ്ഥാനമല്ല, അത് കൗദാശിക പൗരോഹിത്യ പൂർണതയാണ് (No. 69). എന്നാൽ, അദ്ദേഹത്തിന്റെ ദൗത്യം തനിയേ ചെയ്തുതീർക്കേണ്ടവയല്ല. തന്റെ സഹമെത്രാൻമാരോടും സഹശുശ്രൂഷകരായ വൈദികരോടും അല്മായ സഹോദങ്ങളോടുമുള്ള പങ്കാളിത്ത സഹകരണ ശൈലിയിൽ മെത്രാൻ തന്റെ ദൗത്യം നിർവഹിക്കേണ്ടതുണ്ട്. അദ്ദേഹം തന്റെ സഹകാരികളിൽ പ്രവർത്തിക്കുന്ന കൃപാവരങ്ങളെ തിരിച്ചറിയുകയും വേണം (No. 69). വൈദികരും ഡീക്കൻമാരുമായി മെത്രാൻമാർക്ക് കൗദാശികബന്ധമുണ്ട്.
തന്റെ അജപാലന സന്ദർശനങ്ങളിൽ മെത്രാൻ ജനത്തെ കേൾക്കാൻ സമയം ചെലവഴിക്കണമെന്നുമുള്ള ആഹ്വാനം സിനഡിന്റെ പങ്കാളിത്ത ദർശനത്തെ എടുത്തുകാട്ടുന്നുണ്ട്.
പങ്കാളിത്ത സ്വഭാവമുള്ള സംവിധാനങ്ങൾ
രൂപതാതലങ്ങളിലും മറ്റു സഭാഘടകങ്ങളിലും പങ്കാളിത്തസ്വഭാവമുള്ള അജപാലന കൗൺസിലുകൾ നിർബന്ധപൂർവം നിലനിർത്തേണ്ടതുണ്ട്. അവ പ്രത്യേകിച്ചും സാന്പത്തിക സുതാര്യത കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധവയ്ക്കേണ്ടതുണ്ട്. അത്തരം കൗൺസിലുകൾ അജപാലന പദ്ധതികൾ വിഭാവനം ചെയ്യുകയും രൂപതയുടെ അജപാലന ദൗത്യത്തിന്റെ വാർഷിക റിപ്പോർട്ട് തയാറാക്കി പ്രസിദ്ധീകരിക്കുകയും കുട്ടികളുടെയും ദുർബലരുടെയും സുരക്ഷ ഉറപ്പുവരുത്തുകയും സഭാശുശ്രൂഷകളെയും ദൗത്യങ്ങളെയും കാലാകാലങ്ങളിൽ വിലയിരുത്തുകയും ചെയ്യണമെന്ന് സിനഡ് നിർദേശിച്ചു.
രൂപതാ സിനഡ്, രൂപത, ഇടവകതലങ്ങളിലെ പാസ്റ്ററൽ കൗൺസിൽ, വൈദിക സമിതി, സാന്പത്തിക കാര്യങ്ങൾക്കായുള്ള കൗൺസിൽ തുടങ്ങിയവ ക്രിയാത്മകമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അത്തരം സംവിധാനങ്ങൾ പരിശോധനയ്ക്കും വിലയിരുത്തലിനുംകൂടി വിധേയമാകുന്ന വിധത്തിൽ സുതാര്യമായിരിക്കണമെന്നുകൂടി സിനഡ് നിർദേശിച്ചു.
സ്വവർഗാനുരാഗികളെക്കുറിച്ച്
ലോകം മുഴുവൻ വലിയ ജിജ്ഞാസയോടെ ഉറ്റുനോക്കിയിരുന്ന LGBTQ+ വിഭാഗത്തെക്കുറിച്ച് നേരിട്ടുള്ള പരാമർശങ്ങളൊന്നും ഈ സിനഡ് നടത്തിയില്ല എന്നതു ശ്രദ്ധേയമാണ്. സഭയ്ക്ക് വിവാഹത്തെക്കുറിച്ചും ലൈംഗിക ധാർമികതയെക്കുറിച്ചും എക്കാലവും പറയാൻ കഴിയുന്നത് ഒരേ കാര്യമാണെന്ന് വീണ്ടും വ്യക്തമാക്കപ്പെട്ടു.
എല്ലാ വ്യക്തികളോടും തുല്യമായ മാനുഷിക പരിഗണനയും സ്നേഹവും പുലർത്തിക്കൊണ്ടുതന്നെ വിവാഹത്തിന്റെയും ലൈംഗികതയുടെയും ധാർമിക മൂല്യങ്ങളെക്കുറിച്ചുള്ള നിലപാടുകളിൽ ഉറച്ചുനിൽക്കാൻ സഭയ്ക്ക് കഴിയുന്നുവെന്നത് ശ്രദ്ധേയമാണ്. മനുഷ്യന്റെ ഉന്നത മഹത്വത്തിനും മനുഷ്യവംശത്തിന്റെ നിലനിൽപ്പിനും ചേരാത്ത വിധത്തിലുള്ള ലൈംഗിക വ്യതിചലനങ്ങളുടെ പ്രവൃത്തികളെ ശക്തമായി അപലപിക്കുകയും എന്നാൽ, അതേസമയം അത്തരം മനുഷ്യരെ സ്നേഹത്തോടെ ചേർത്തുനിർത്തുകയും വിശുദ്ധീകരിക്കുകയും ചെയ്യുകയെന്നത് സഭയുടെ ക്രിസ്തുമുഖമാണെന്ന് സിനഡ് വീണ്ടും ബോധ്യപ്പെടുത്തി.
ചൂഷണങ്ങൾക്കും ദുരുപയോഗങ്ങൾക്കുമെതിരേ
ലോകത്തിൽ നിലനിൽക്കുന്ന എല്ലാ തിന്മകളും സഭയിലും ദൃശ്യമാകാനുള്ള സാധ്യതയുണ്ടെന്ന് സഭയ്ക്ക് ബോധ്യമുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങളിൽ മുതൽ വ്യക്തിബന്ധങ്ങളിൽവരെ അനീതിയും ചൂഷണവും നിലനിൽക്കുന്നുണ്ട്. ലൈംഗിക, സാന്പത്തിക, ആധ്യാത്മിക, സ്ഥാപനപരമായ മേഖലകളിൽ ഈ ചൂഷണം നിലനിൽക്കുന്നുണ്ട്.
സഭയുടെ ദൗത്യം സൗഖ്യത്തിലേക്കും പശ്ചാത്താപത്തിലേക്കും നീതിയിലേക്കും അനുരഞ്ജനത്തിലേക്കും ലോകത്തെ നയിക്കുകയെന്നതാണ്. അവിശ്വസ്തതയും സംശയവും ഒരു ആഗോള പ്രതിഭാസമായി മാറിയിരിക്കുന്നു. ചൂഷണം ചെയ്യപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുകയും അവരോട് പക്ഷംചേരുകയും ചെയ്യാൻ സിനഡ് സഭാംഗങ്ങളെ ആഹ്വാനം ചെയ്യുന്നു.
വൈവിധ്യങ്ങളോട് വിവേചനമില്ലാതെ
മതസാംസ്കാരിക വൈവിധ്യങ്ങളോടുള്ള എക്കാലത്തെയും തുറവി ഈ സമാപനരേഖയുടെയും മുഖമുദ്രയാണ്. വ്യത്യസ്തതയാർന്ന മതങ്ങളുടെയും സംസ്കാരങ്ങളുടെയും മധ്യേ ജീവിക്കുന്ന സഭ എല്ലാ വൈവിധ്യങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പ്രായ-ലിംഗ-സാമൂഹിക ഭേദമില്ലാതെ ഓരോരുത്തരും സഭയിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും കാഴ്ചപ്പാടുകളെയും ആദരവോടെ പരിഗണിക്കാൻ പ്രാപ്തരായിത്തീരേണ്ടതുണ്ട്. സ്വയം എല്ലാത്തിന്റെയും കേന്ദ്രമായിരിക്കാനുള്ള പ്രലോഭനത്തെ ഓരോരുത്തരും അതിജീവിക്കണം. സിനഡൽ സ്വഭാവമുള്ള സഭ ഒരു ഓർക്കസ്ട്ര പോലെയാണെന്ന് സിനഡ് വിലയിരുത്തി. അവിടെ സംഗീതത്തിന്റെ സമന്വയ സൗന്ദര്യത്തിനാണു പ്രാധാന്യം. ഏതെങ്കിലും പ്രത്യേക സംഗീതോപകരണത്തിനല്ല (No. 42).
ഇനിയെന്ത്?
“സിനഡ് പൂർത്തിയായിരിക്കുന്നു’’ എന്ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിക്കുന്പോൾ മറ്റൊരു കവാടം തുറക്കപ്പെടുകയാണ്. Implimentation Phase എന്നു വിളിക്കുന്ന പ്രാവർത്തികമാക്കലിന്റെ ഘട്ടമാണത്. സിനഡിന്റെ അർഥപൂർണതയും ഫലപ്രാപ്തിയും വിജയകരമായി ഏകോപിപ്പിച്ചു നടത്തിയ സിനഡിലല്ല സഭയുടെ തുടർജീവിതത്തിലാണു ദൃശ്യമാകേണ്ടത്. അതുവരെ സിനഡിന്റെ വിജയം അളക്കാനോ തിട്ടപ്പെടുത്താനോ സഭയ്ക്കു കഴിയില്ല. അതു വ്യക്തമാകേണ്ടത് സിനഡിന്റെ ക്രിയാത്മക നിർദേശങ്ങളുടെ സ്വീകാരം എന്തുമാത്രം സഭയിലുണ്ടായിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്.
സിനഡിന്റെ നിർദേശങ്ങളെല്ലാം സഭയിൽ ഇപ്പോൾ നിലവിലില്ലാത്തവയാണെന്നും ധരിക്കേണ്ടതില്ല. പങ്കാളിത്തത്തിന്റെയും കൂട്ടായ്മയുടെയും ദർശനവും ശൈലിയും സംവിധാനങ്ങളും സഭയിലുണ്ട്. അവയെ കാലോചിതമായി പരിഷ്കരിക്കുകയും ദുർബലമായവയെ ശക്തിപ്പെടുത്തുകയും വിവേചനാശേഷിയോടെ നടപ്പിൽ വരുത്തുകയും മാത്രമാണു ചെയ്യാനുള്ളത്.