Friday, November 1, 2024 12:52 AM IST
പിണറായി വിജയൻ മുഖ്യമന്ത്രി
കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ്. ഇക്കാലയളവിനുള്ളിൽ അനേകം നേട്ടങ്ങൾ കരസ്ഥമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ മേഖലകളിൽ ലോകത്തിനുതന്നെ മാതൃകയായിത്തീർന്ന വിധത്തിൽ വലിയ തോതിലുള്ള മുന്നേറ്റം നമുക്കുണ്ടായി. സന്പൂർണ സാക്ഷരത കൈവരിക്കുന്നതിലും അധികാര വികേന്ദ്രീകരണത്തിലും കുടുംബശ്രീയിലൂടെ സ്ത്രീകളുടെ സാന്പത്തിക സ്വയംപര്യാപ്തത ഉറപ്പുവരുത്തുന്നതിലും നമ്മൾ ലോകരാജ്യങ്ങൾക്ക് മാതൃകയായി.
നമ്മുടെ പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്കുയർത്തി. പൊതുജനാരോഗ്യ സംവിധാനങ്ങളെ രോഗീസൗഹൃദമാക്കി. മുടങ്ങിക്കിടന്ന വികസന പദ്ധതികളെല്ലാം പൂർത്തിയാക്കി. നമ്മുടെ ജലാശയങ്ങളെയും കൃഷിയിടങ്ങളെയുമൊക്കെ വീണ്ടെടുത്തു.
ഭരണത്തിന്റെ നാനാതലങ്ങളിൽ മാതൃകാപരമായ മാറ്റങ്ങൾ കൊണ്ടുവന്ന സർക്കാരാണിത്. പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ ഏതെല്ലാം, അവയിൽ നടപ്പാക്കിയവ ഏതൊക്കെ, നടപ്പാക്കാനുള്ളവ ഏതൊക്കെ എന്ന് ജനങ്ങളെ അറിയിക്കുന്ന പ്രോഗ്രസ് കാർഡുകൾ പുറത്തിറക്കിക്കൊണ്ട് ഒരു പുതിയ ജനാധിപത്യ മാതൃക തീർത്തു. വാതിൽപ്പടി സേവനങ്ങൾ ലഭ്യമാക്കി. ആയിരത്തോളം സേവനങ്ങൾ ഓണ്‍ലൈനായി ലഭ്യമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സേവനങ്ങൾ നൽകുന്നതിന് കെ-സ്മാർട്ട് പോർട്ടലിനു രൂപം നൽകി. ഇ-ഓഫീസ് സംവിധാനങ്ങളെ കാര്യക്ഷമമാക്കി.
പിഎസ്സിയിലൂടെ രണ്ടേമുക്കാൽ ലക്ഷത്തോളം നിയമനങ്ങൾ നടത്തി. 30,000 ത്തോളം തസ്തികകൾ സൃഷ്ടിച്ചു. ഇന്ത്യയിൽ ഏറ്റവുമധികം നിയമനങ്ങൾ നടത്തുന്ന പബ്ലിക്ക് സർവീസ് കമ്മീഷനാണ് കേരളത്തിലേത്. കേന്ദ്ര സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞു കിടക്കുന്പോഴാണ് ഇന്ത്യയിലെ മറ്റൊരു സിവിൽ സർവീസിനും അവകാശപ്പെടാനില്ലാത്ത ഈ നേട്ടം കേരളം കൈവരിച്ചത്.
കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഈ ഘട്ടത്തിൽ കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറാൻ തയാറെടുക്കുകയാണ് നാം. രാജ്യത്തെ ആദ്യത്തെ ജെൻ-എഐ കോണ്‍ക്ലേവിന് കേരളം വേദിയായി. അന്തർദേശീയ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോണ്‍ഫറന്‍സ് കേരളത്തിൽ നടക്കുകയുണ്ടായി.
2025ൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണു നാം. വ്യവസായ സൗഹൃദ സൂചികയിൽ ടോപ് അച്ചീവർ പദവി നേടി കേരളം ഒന്നാമത് എത്തിയിരിക്കുകയാണ്. നമ്മുടെ സംരംഭക വർഷം പദ്ധതിയെ വ്യവസായ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസായാണ് വിലയിരുത്തിയത്. അതിലൂടെ ഇതുവരെ മൂന്ന് ലക്ഷത്തിലേറെ സംരംഭങ്ങൾ ആരംഭിക്കാനും 20,500 കോടിയിൽപ്പരം രൂപയുടെ നിക്ഷേപങ്ങൾ ആകർഷിക്കാനും ഏഴ് ലക്ഷത്തോളം തൊഴിലുകൾ സൃഷ്ടിക്കാനും കഴിഞ്ഞു. സ്റ്റാർട്ടപ്പ് മേഖലയിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ നമുക്കു കഴിഞ്ഞു. പുതുതായി ആരംഭിച്ച സ്റ്റാർട്ടപ്പുകളിലൂടെ 55,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.
അടിസ്ഥാനസൗകര്യവികസന മേഖലയിൽ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് കഴിഞ്ഞു. വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തന സജ്ജമാവുകയാണ്. ദേശീയപാതാ വികസനം പൂർത്തീകരണത്തോടടുക്കുന്നു. തീരദേശ ഹൈവേയുടെയും മലയോര ഹൈവേയുടെയും പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
ഇടമണ്‍-കൊച്ചി പവർ ഹൈവേ പൂർത്തിയാക്കി. കാസർഗോട്ടെ ബേക്കലിനെയും തിരുവനന്തപുരത്തെ കോവളത്തെയും ബന്ധിപ്പിക്കുന്നതാണ് 616 കിലോമീറ്റർ ദൈർഘ്യമുള്ള വെസ്റ്റ് കോസ്റ്റ് കനാൽ. ജലപാതയുടെ വശങ്ങളിലായി സാന്പത്തിക വികസന സാധ്യതകളുള്ള ഭൂമി ഏറ്റെടുക്കലിനായി 300 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.
ശാസ്ത്രസാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളെ വ്യവസായ മേഖലയുടെ വളർച്ചയ്ക്കായി ഉപയോഗിക്കാൻ കഴിയുന്ന നാലു സയൻസ് പാർക്കുകൾ 1,000 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുകയാണ്. ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനങ്ങൾ തിരുവനന്തപുരത്ത് ആരംഭിച്ചുകഴിഞ്ഞു.
ക്ഷേമ മേഖലയിലും കാര്യക്ഷമമായ ഇടപെടലുകൾ നടത്തുകയാണ്. ഭവനരഹിതരില്ലാത്ത, ഭൂരഹിതരില്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ.
2016 മുതൽക്കിങ്ങോട്ട് ആകെ 3,57,000 പട്ടയങ്ങളാണ് വിതരണം ചെയ്തിരിക്കുന്നത്. ഭവനരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ആവിഷ്്കരിച്ച ‘ലൈഫ് മിഷൻ’ മുഖേന 2016നു ശേഷം 4,03,811 വീടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പുനർഗേഹം പദ്ധതി മുഖേന 2,300ഓളം കുടുംബങ്ങൾക്ക് വീടുകൾ ലഭ്യമാക്കിയിട്ടുണ്ട്. 390 ഫ്ളാറ്റുകളും കൈമാറി. 944 ഫ്ളാറ്റുകളുടെ നിർമാണം പുരോഗമിക്കുകയാണ്. 2025 നവംബർ ഒന്നോടുകൂടി അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തിൽ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുകയാണ്.
ഇത്തരം നേട്ടങ്ങൾ കൈവരിക്കുന്ന കേരളത്തെ സാന്പത്തികമായി ഞെരുക്കാനുള്ള നടപടികളുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ടുപോവുന്നത്. ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന് കാര്യമായൊന്നും ലഭിച്ചില്ല.
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധന കമ്മീഷൻ ഗ്രാന്റിൽ കേന്ദ്രം വലിയ കുറവ് വരുത്തി. പന്ത്രണ്ടാമത് ധന കമ്മീഷന്റെ കാലത്ത് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം 4.54 ശതമാനമായിരുന്നത് പതിനഞ്ചാം ധന കമ്മീഷൻ ആകുന്പോഴേക്കും 2.68 ശതമാനമായാണ് കുറഞ്ഞത്.
ജൂലൈ 30ന് പുലർച്ചെയാണ് വയനാട് മേപ്പാടി പഞ്ചായത്തിൽ മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമട്ടം, കുഞ്ഞോം എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളുടെ പട്ടികയിൽ ഒന്നാണിത്. മുണ്ട ക്കൈയിൽ ഉണ്ടായ നഷ്ടവും ദേശീയ ദുരന്ത പ്രതികരണനിധിയുടെ (എൻഡിആർഎഫ്) മാനദണ്ഡങ്ങൾക്ക് അനുസൃതമായി കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഇനംതിരിച്ച് തയാറാക്കി സംസ്ഥാന സർക്കാർ ഓഗസ്റ്റ് 17ന് കേന്ദ്രത്തിന് നിവേദനം നൽകി. ദുരന്തമുണ്ടായിട്ട് 90 ദിവസം കഴിഞ്ഞിട്ടും ഒരു പൈസ പോലും കേന്ദ്രത്തിന്റെ സഹായമായി അനുവദിച്ചിട്ടില്ല എന്നത് ക്രൂരമായ അവഗണനയാണ്.
ഇത്തരം പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോവുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. നേട്ടങ്ങൾ പലതും കൈവരിച്ചെങ്കിലും ഇനിയും പല മേഖലകളിലും മുന്നേറാനുണ്ടെന്ന ഉത്തമ ബോധ്യത്തോടെ നവകേരള നിർമിതിക്കായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.