ശ്ലൈഹികവിശ്വസ്തതയുടെ തെളിനീരുറവ
ബിഷപ് തോമസ് പാടിയത്ത് (ഷംഷാബാദ് രൂപത സഹായമെത്രാൻ)
Wednesday, October 30, 2024 9:30 PM IST
പൗരോഹിത്യശുശ്രൂഷയിൽ അന്പതാണ്ടും മേല്പട്ടശുശ്രൂഷയിൽ ഇരുപത്തിരണ്ടുവർഷവും സാർഥകമായി പൂർത്തിയാക്കി ജോസഫ് പെരുന്തോട്ടം പിതാവ് വിരമിക്കുകയാണ്. അദ്ദേഹത്തിന്റെ ശ്ലൈഹികമുദ്രാലിഖിതം പോലെ, ആത്മാവിലും സത്യത്തിലും വേരുറപ്പിച്ച ബഹുതലസ്പർശിയായ പ്രവർത്തനങ്ങൾക്കുശേഷമാണ് ഈ പടിയിറക്കം. സഭയിലും സമൂഹത്തിലും കാലാതിവർത്തിയും അനുഗൃഹീതവുമായ ധാരാളം സംഭാവനകൾ മുദ്രപ്പെടുത്തിയതിനു ശേഷമാണ് പിതാവ് ഭരണഭാരമൊഴിയുന്നത് എന്ന് നിസംശയം പറയാം.
വൈദികനും മെത്രാനുമെന്ന നിലയിൽ നാല്പതുവർഷങ്ങളിലധികം പെരുന്തോട്ടം പിതാവ് ചെലവഴിച്ചത് ചങ്ങനാശേരി അതിമെത്രാസന മന്ദിരത്തിലാണ്. 1989ൽ പഠനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ അതിരൂപതാ പാസ്റ്ററൽ സെന്ററിന്റെ ഡയറക്ടറായി നിയമിക്കപ്പെട്ടു. ചെറിയമുറിയിൽ പുസ്തകക്കെട്ടുകളുടെ ഇടയിലിരുന്ന് എഴുതുകയും വായിക്കുകയും ചെയ്യുന്ന പെരുന്തോട്ടമച്ചന്റെ ചിത്രം അന്നൊരു വൈദികവിദ്യാർഥിയായിരുന്ന എന്റെ ഓർമയിലുണ്ട്. 2000ലെ മഹാജൂബിലിക്ക് ഒരുക്കമായി ചങ്ങനാശേരി അതിരൂപതയിൽ പ്രഖ്യാപിച്ച 'സുവിശേഷദശക'ത്തിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. ഇടവകകൾ കേന്ദ്രീകരിച്ച് ഫലപ്രദമായ രീതിയിൽ കുടുംബക്കൂട്ടായ്മകൾ സംഘടിപ്പിക്കപ്പെട്ടത് അക്കാലത്താണ്.
എന്നും എല്ലായ്പ്പോഴും സത്യപ്രബോധനത്തിന്റെ മാർഗത്തിലൂടെ സഞ്ചരിച്ചവരാണ് ചങ്ങനാശേരി അതിരൂപതയുടെ പിതാക്കന്മാരെല്ലാവരും. ഈ മഹിതപൈതൃകം കുറവുകൂടാതെയും തെറ്റുകൂടാതെയും പെരുന്തോട്ടം പിതാവും നെഞ്ചേറ്റി. മതാധ്യാപകർക്കായി ആരംഭിച്ച CLT കോഴ്സും അനുബന്ധകോഴ്സുകളും, അല്മായരുടെ ദൈവശാസ്ത്രപഠനത്തിനു റോമിന്റെ അംഗീകാരമുള്ള ദൈവശാസ്ത്രപഠനകേന്ദ്രം മാർത്തോമ്മാവിദ്യാനികേതന്റെ സ്ഥാപനവും വളർച്ചയും, പൗരസ്ത്യദൈവശാസ്ത്ര പരിപോഷണത്തിന് ആരംഭമിട്ട "സത്യദർശനമാല' പ്രസിദ്ധീകരണം എന്നിവയ്ക്കൊപ്പം അദ്ദേഹം രചിച്ച ദൈവശാസ്ത്ര-ആരാധനക്രമ-ചരിത്രഗ്രന്ഥങ്ങളും ഈ പ്രബോധനദൗത്യനിർവഹണത്തിന് അടിവരയിടുന്നു. ആരാധനക്രമരംഗത്തെ പഠനവും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയ മാർ ജോസഫ് പവ്വത്തിൽ ലിറ്റർജിക്കൽ റിസർച്ച് സെന്റർ, മാർ അപ്രേം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റൽ സ്റ്റഡീസ് (MARIOS), ഫാ. പ്ലാസിഡ് പൊടിപാറ മെമ്മോറിയൽ ലൈബ്രറി തുടങ്ങിയ സംരംഭങ്ങളും ഇവയോടു ചേർത്തുവയ്ക്കേണ്ടതാണ്.
പൗരസ്ത്യപൈതൃകങ്ങളുടെ പ്രചാരകൻ
ചങ്ങനാശേരി അതിരൂപതയുടെ നിലപാടുകളും കാഴ്ചപ്പാടുകളും തലമുറകളുടെ സന്പത്താണ്. പൗരസ്ത്യ സുറിയാനിപൈതൃകം സ്വന്തമായുള്ള ഒരു ശ്ലൈഹികസഭയാണ് സീറോമലബാർ സഭയെന്ന ബോധ്യവും അതിന്റെ മായം കലരാത്ത സാക്ഷ്യവുമാണ് ഈ അതിരൂപത കാലാകാലങ്ങളായി ഉയർത്തിപ്പിടിക്കുന്നതും അഭംഗുരം തുടരുന്നതും. മുൻഗാമികളിൽനിന്ന് സ്വീകരിച്ചതും പഠിച്ചതും, സഭയുടെ അവികലമായ പാരന്പര്യത്തിന്റെ ഭാഗവുമായ പൗരസ്ത്യപൈതൃകത്തിന്റെ ഇക്കാലഘട്ടത്തിലെ ശക്തരായ വക്താക്കളിൽ ഒരാളായിരുന്നു അദ്ദേഹം. സഭയുടെ നിലപാടുകളും ബോധ്യങ്ങളും സുധീരം തുറന്നുപറയാനും അതിനെന്തുമാത്രം വിലകൊടുക്കാനും പിതാവ് തയാറായിരുന്നു. പൗരസ്ത്യ ദൈവശാസ്ത്രത്തിന്റെയും ആധ്യാത്മികതയുടെയും മർമം ആരാധനക്രമമാണെന്നും അതിലൂന്നിയ ആധ്യാത്മികത മാത്രമേ സഭയെ സന്പന്നമാക്കൂ എന്നുമുള്ള നിലപാടായിരുന്നു എന്നും അദ്ദേഹത്തിന്റേത്. ആരാധനാധിഷ്ഠിത അജപാലനമാർഗരേഖയും കുടുംബകേന്ദ്രീകൃത അജപാലനമാർഗരേഖയും പഞ്ചവത്സര അജപാലനമാർഗരേഖയുമെല്ലാം ഇതേ ഉദ്ദേശ്യലക്ഷ്യങ്ങളോടെ സംവിധാനം ചെയ്തവയാണ്.
ഉറങ്ങാത്ത കാവൽക്കാരൻ
അജപാലനശുശ്രൂഷയുടെ നിസ്തന്ദ്രവും അക്ഷീണവുമായ ആഖ്യാനമായിരുന്നു പെരുന്തോട്ടം പിതാവിന്റെ ജീവിതം. ഔദ്യോഗികതയുടെ പരിവേഷങ്ങൾ തെല്ലുമില്ലാതെയുള്ള ഇടപെടലും എത്രസമയം വേണമെങ്കിലും ആരെയും കേൾക്കാനുള്ള ഉദാരതയും അദ്ദേഹത്തിന്റെ നന്മകളായിരുന്നു. ജനങ്ങൾക്കു വേണ്ടിയാണോ, എങ്കിൽ ഏത് അസൗകര്യവും അവഗണിച്ച് "രണ്ടാം മൈൽ' നടക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങും. "അജപാലനശുശ്രൂഷ: ദർശനവും പ്രയോഗവും' എന്ന പിതാവിന്റെ ഗ്രന്ഥം അപൂർവമായ ആ അജപാലനദർശനത്തിന്റെ നേർസാക്ഷ്യമാണ്. അജപാലനത്തിൽ വിജയമല്ല വിശ്വസ്തതയാണ് പ്രതീക്ഷിക്കുന്നത് എന്ന പരാമർശം, ഉന്നതമായ സഭാദർശനത്തിന്റെ അലകും പിടിയുമാണ്.
സഭാവിജ്ഞാനീയത്തിന്റെ അടിത്തൂണുകളിലൊന്നാണ്, സഭ സഭകളുടെ കൂട്ടായ്മയാണ് എന്ന പരികല്പന. ഈ ദർശനത്തിന് പെരുന്തോട്ടം പിതാവ് സവിശേഷസ്ഥാനം നല്കി. മാതൃസഭയുടെ സ്വത്വം അവികലം സംരക്ഷിക്കപ്പെടണമെന്നു വാദിക്കുന്പോഴും സഹോദരസഭകളോട് ആദരവും സ്നേഹവും പുലർത്തുന്ന കാര്യത്തിൽ പിതാവ് എന്നും മുൻപന്തിയിലായിരുന്നു. കേരളമെത്രാൻ സമിതിയും ഭാരതമെത്രാൻസമിതിയും സീറോമലബാർ സിനഡും സഭൈക്യമതാന്തര കമ്മീഷനുകളുടെ ഉത്തരവാദിത്വം പിതാവിനെയാണ് ഏല്പിച്ചത്.
വിവിധ ആവശ്യങ്ങൾക്ക് കേരളത്തിനു പുറത്തും ഭാരതത്തിനു പുറത്തും കഴിയുന്ന അതിരൂപതാംഗങ്ങൾക്ക് സ്വന്തം സഭയുടെ പാരന്പര്യത്തിന് ഇണങ്ങുന്ന അജപാലനം നൽകുന്ന കാര്യത്തിലും ആവേശത്തോടെ യത്നിച്ച സഭാധ്യക്ഷനാണ് പെരുന്തോട്ടം പിതാവ്. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലും സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും സൗത്ത് ആഫ്രിക്കയിലും അജപാലനശുശ്രൂഷയ്ക്ക് സ്വന്തം വൈദികരെ അദ്ദേഹം അയച്ചു. ഹൈദരാബാദിൽ പിതാവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വിശ്വാസികളുടെ കൂട്ടായ്മയാണ് ഇന്ന് ഷംഷാബാദ് രൂപതയുടെ കേന്ദ്രമായിത്തീർന്നത് എന്നതും ചരിത്രം. രാജസ്ഥാനിലെ ജയ്പൂരും തക്കലരൂപതയുടെ ഭാഗമായ വിരുദുനഗറിലും സീറോമലബാർ സഭാകൂട്ടായ്മ രൂപപ്പെടുത്താൻ മാത്രമല്ല, വളർച്ചയുടെ ഓരോ ഘട്ടത്തിലും വെള്ളവും വളവും നല്കാനും അദ്ദേഹം ശ്രദ്ധപുലർത്തി.
സഭയ്ക്കും സമൂഹത്തിനും ഒരുപോലെ നേതൃത്വം കൊടുക്കേണ്ടവരാണ് മെത്രാന്മാർ എന്ന തിരിച്ചറിവ് സേവനരംഗത്ത് ആദ്യന്തം മനസിൽ സൂക്ഷിച്ച ആചാര്യശ്രേഷ്ഠനാണ് പെരുന്തോട്ടം പിതാവ്. ക്രൈസ്തവമൂല്യങ്ങളിലും ധാർമികബോധ്യങ്ങളിലും ചുവടുറപ്പിച്ച് സമുദായത്തിന്റെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി ശക്ത മായ നിലപാടുകൾ സ്വീകരിക്കുന്നത് തന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. കേരള ഗവൺമെന്റിന്റെ മേൽനോട്ടത്തിലുള്ള ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ വിതരണത്തിൽ ക്രൈസ്തവർ വിവേചനം നേരിട്ടപ്പോൾ പിതാവ് നടത്തിയ പരസ്യപ്രഖ്യാപനവും (കോട്ടയം 2019, മാർച്ച് 7), കേരളസർക്കാർ ഇഡബ്ല്യുഎസ് നടപ്പാക്കിയപ്പോൾ ഉയർന്നുപൊന്തിയ പ്രതിഷേധങ്ങളിൽ സർക്കാരിനെ അനുകൂലിച്ചെഴുതിയ ലേഖനവും (ദീപിക, 2019 ഒക്ടോബർ 28) ഇതോടു ചേർത്തുവായിക്കണം. സമുദായശക്തീകരണവും ന്യൂനപക്ഷാവകാശസംരക്ഷണവും ലക്ഷ്യമിട്ട് അതിരൂപതയിൽ ആരംഭിച്ച Community Awareness and Rights Protection (CARP) ഡിപ്പാർട്ട്മെന്റ് കേരളസഭയിൽതന്നെ ഇദംപ്രഥമമായ ചുവടുവയ്പായിരുന്നു. ദളിത് ക്രൈസ്തവർ, നാടാർ-കമ്മാൾ വിഭാഗങ്ങൾ ഇവരുടെ അവകാശസംരക്ഷണത്തിനും പിതാവ് സ്വീകരിച്ച നിലപാടുകൾ അദ്വിതീയങ്ങളാണ്. നാടാർസമുദായത്തിന് ഒബിസി സംവരണം ലഭ്യമാകാൻ പിതാവിന്റെ ഇടപെടലുകളും വഴിയൊരുക്കിയെന്നത് സത്യം.
ദൈവികശാന്തതയുടെ പ്രസാദം
മെത്രാൻസ്ഥാനത്തിന്റെയും ശുശ്രൂഷയുടെയും മഹത്വവും വിശുദ്ധിയും അവികലം കാത്തുസൂക്ഷിച്ച ആചാര്യശ്രേഷ്ഠനാണ് അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത. ദൈവമനുഷ്യരുടെ മാത്രം അടയാളമായാണ് ശാന്തത പൊതുവേ വ്യവഹരിക്കപ്പെടുന്നത്. വിശുദ്ധ യൗസേപ്പിന്റെ സവിശേഷസ്വഭാവവും അതായിരുന്നല്ലോ. പെരുന്തോട്ടം പിതാവിന്റെ ശാന്തതയും ശ്രവണസന്നദ്ധതയും തിടുക്കക്കുറവുമെല്ലാം ദൈവികമായ പരിവേഷത്തിൽ മനസിലാക്കുന്നതാണ് ഉചിതമെന്നു തോന്നുന്നു.
യോഗാത്മകതയാണ് (to be mystical) പൗരസ്ത്യ ആധ്യാത്മികതയുടെ പൊരുൾ. ഇതു കർമംകൊണ്ടു നേടുന്നതല്ല, പ്രാർഥന പ്രസരിപ്പിക്കുന്ന ആന്തരപ്രകാശത്തോട് ജീവിതം സംവദിക്കുന്പോൾ താനേ കൈവരുന്ന ശീലഗുണമാണ്. ജർമൻ ദൈവശാസ്ത്രജ്ഞൻ കാൾ റാനർ പറയുന്നു: The Christian of the future will be a mystic, or he will not exist at all. പ്രാർഥനയിലും ഭക്ഷണത്തിലും വസ്ത്രധാരണത്തിലും സംസാരത്തിലും പ്രകൃതിസ്നേഹത്തിലും അധ്വാനത്തിലും വായനയിലും പഠനത്തിലുമെല്ലാം നിറഞ്ഞുനിൽക്കുന്ന യോഗാത്മകദീപ്തി അദ്ദേഹത്തിന്റെ മിസ്റ്റിക് വ്യക്തിത്വത്തിന്റെ പ്രതിഫലനങ്ങളാണ്.
ദൈവനിയോഗമെന്നോണം തനിക്കു സിദ്ധിച്ച മെത്രാൻശുശ്രൂഷയിൽ തികഞ്ഞ വിശ്വസ്തതയുടെയും ആത്മാർത്ഥതയുടെയും മായാത്ത മുദ്ര പതിപ്പിച്ച് അഭിവന്ദ്യ പെരുന്തോട്ടം പിതാവ് വിരമിക്കുന്പോൾ അതൊരു കാലഘട്ടത്തിന്റെ ഫലപൂർണമായ സമാപ്തിയാണെന്നു പറയാം. ബൃഹത്തായ ചങ്ങനാശേരി അതിരൂപതയുടെ ഭരണഭാരം അദ്ദേഹം കൈയേറ്റ കാലമത്രയും തീർത്തും പ്രശ്നരഹിതമായിരുന്നു എന്നു പറയാനാവില്ല. പക്ഷേ, പ്രാതികൂല്യങ്ങളിലും സമചിത്തതയോടെ ദൈവത്തിൽ ആശ്രയിച്ചും അവിടുത്തോട് ആലോചന ചോദിച്ചും പ്രാർഥനയിൽ അഭയം കണ്ടെത്തിയും സംവാദത്തിന്റെയും സംവേദനത്തിന്റെയും സമവായത്തിന്റെയും വഴികളെ ഉൾക്കൊണ്ടും അദ്ദേഹം തികച്ചും അക്ഷോഭ്യനായി നടന്നുനീങ്ങി. മുഖത്ത് എക്കാലവും പ്രതിഫലിച്ച സാഗരശാന്തതയും സുസ്മേരവും അദ്ദേഹത്തിന്റെ ആത്മീയനിറവിന്റെ സാക്ഷ്യപത്രങ്ങളായി തെളിഞ്ഞുനില്ക്കുന്നു. അഭിവന്ദ്യ പെരുന്തോട്ടം പിതാവിന് ആയുസും ആരോഗ്യവും സമാധാനവും ദൈവം നല്കട്ടെ. Ad Multos Annos!
തോമസ് തറയിൽ പിതാവിന് പ്രാർഥനാശംസകൾ
ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഇന്ന് ഉത്തരവാദിത്വമേൽക്കുന്ന തോമസ് തറയിൽ പിതാവിന് ആശംസകളും പ്രാർഥനകളും. അഭിവന്ദ്യ ജോസഫ് പവ്വത്തിൽ പിതാവും സ്വർഗത്തിലിരുന്ന് അഭിമാനത്തോടെ ഈ നല്ല മുഹൂർത്തത്തിൽ പങ്കുകാരനാകുന്നുണ്ടാകും. ചങ്ങനാശേരി മെത്രാപ്പോലീത്തൻ ദൈവാലയത്തിലെ മദ്ബഹാശുശ്രൂഷിയായിരുന്ന അവസരത്തിലാണ് തോമസ് തറയിൽ എന്ന കൊച്ചുബാലനെ പവ്വത്തിൽ പിതാവ് വൈദികനാകാൻ ക്ഷണിക്കുന്നത്. ആ കൊച്ചുബാലനാണ് ഇന്ന് അതിരൂപതയുടെ മേലധ്യക്ഷനായി പിതാവിന്റെ തന്നെ പിൻഗാമിയാകുന്നത്. തറയിൽ ശെമ്മാശന്റെ സെമിനാരിപരിശീലനത്തിലും വൈദികജീവിതത്തിലും റോമിലെ പഠനത്തിലുമെല്ലാം പിതാവിന്റെ വ്യക്തമായ ദീർഘവീക്ഷണവും നിർദേശങ്ങളും ഉപദേശങ്ങളും ഉണ്ടായിരുന്നു. പിതാവിൽനിന്ന് കൈമാറിക്കിട്ടിയതും സ്വന്തമായി വളർത്തിയതുമായ എല്ലാ സർഗസാധ്യതകളും അതിരൂപതയെ എല്ലാവിധത്തിലും സന്പന്നമാക്കും.
ഒരേസമയം മാതൃസഭയോടുചേർന്ന് ഈ സഭയുടെ ശ്ലൈഹികപാരന്പര്യത്തിന്റെ കാര്യസ്ഥനും കൈമാറ്റക്കാരനുമാകുവാനും അതേസമയം ചങ്ങനാശേരിയാകുന്ന പ്രാദേശികസഭയുടെ മഹത്തായ പാരന്പര്യത്തിന്റെ ഭാഗമാകുവാനുമുള്ള വിളിയും ദൗത്യവുമാണ് പിതാവിനുള്ളത്. പിതാവിന്റെ തികഞ്ഞ സഭാസ്നേഹവും സഭാത്മക കാഴ്ചപ്പാടുകളും ധിഷണാവൈഭവവും വചനപ്രഘോഷണരംഗത്തും അധ്യാപനരംഗത്തുമുള്ള പരിചയവും പുതിയ ശുശ്രൂഷയിൽ കരുത്താകും.അതിരൂപതയുടെ സഹായമെത്രാനെന്നനിലയിൽ രൂപതയെ അറിഞ്ഞും പഠിച്ചുമാണ് പുതിയദൗത്യത്തിലേക്ക് പ്രവേശിക്കുന്നത്.
ചടുലതയോടെ തീരുമാനങ്ങളെടുക്കാനുള്ള കഴിവും എടുത്ത തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനും അവ പ്രവൃത്തിപഥത്തിലെത്തിക്കാനുള്ള സർഗശേഷിയും പിതാവിന്റെ സവിശേഷതകളാണ്. അപകടങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള പിതാവിന്റെ ധിഷണാപാടവവും ശ്ലാഘനീയമാണ്.
Grace is costly എന്നുപറയാറുണ്ട്. അതെ, ചങ്ങനാശേരിയുടെ പിതാക്കന്മാർ തങ്ങളുടെ നിലപാടുകൾക്കും കാഴ്ചപ്പാടുകൾക്കും സഭയോടുചേർന്നുനിന്ന് എന്നും "വില' കൊടുത്തിട്ടുണ്ട്. ഈ പൈതൃകമാണ് പിതാവിനു കൈമാറിക്കിട്ടിയിട്ടുള്ളത്. സ്നേഹമുള്ള പിതാവേ, എല്ലാവിധ നന്മകളും ദൈവാനുഗ്രഹവും പ്രാർഥിക്കുന്നു. കേരള-ഭാരതസഭയിലും പ്രത്യേകിച്ച് സീറോമലബാർ സഭയിലും വലിയ ദൗത്യങ്ങൾ നിറവേറ്റുവാൻ, ഈശോയുടെ മുഖവും സഭയുടെ ശബ്ദവുമാകാൻ അങ്ങേയ്ക്കു സാധിക്കട്ടെ!