കുഴിയാനയല്ല ഹരിയാന!
ജോർജ് കള്ളിവയലിൽ / ഡൽഹിഡയറി
Saturday, October 12, 2024 12:05 AM IST
“വിജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണ്. സമചിത്തതയോടെ അവയെ കാണണം. പ്രാദേശിക പാർട്ടികൾ നിർണായക ശക്തിയായി ഉയർന്നുവന്നു. ദേശീയ രാഷ്ട്രീയത്തിൽ അവർക്കും സ്ഥാനമുണ്ട്’’- മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പറഞ്ഞതാണിത്. ജമ്മു-കാഷ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളുടെ പശ്ചാത്തലത്തിൽ വാജ്പേയിയുടെ ഈ വാക്കുകൾക്കു പ്രധാന്യമുണ്ട്.
ആരും പ്രവചിക്കാത്ത ജയം
ഹരിയാനയിലെ എക്സിറ്റ് പോളുകളിൽ ഒന്നുപോലും ബിജെപി വിജയിക്കുമെന്നു പ്രവചിച്ചിരുന്നില്ല. ബിജെപി അനുകൂല മാധ്യമങ്ങളും കോണ്‍ഗ്രസ് ജയിക്കുമെന്നു പ്രവചിച്ചു. എല്ലാവർക്കും ഒരുപോലെ മുന്‍പൊരിക്കലും തെറ്റിയിട്ടില്ല. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ ചിലതിൽ 99 ശതമാനം ചാർജ് ഉണ്ടായതിൽ കോണ്‍ഗ്രസിന്റെ സംശയം തള്ളാനാകില്ല. ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യാതെ മുഴുവൻ ചാർജ് ഉണ്ടാകില്ലെന്നാണു പരാതി. പത്തു മണ്ഡലങ്ങളെക്കുറിച്ചു തെരഞ്ഞെടുപ്പു കമ്മീഷനു കോണ്‍ഗ്രസ് പരാതി എഴുതി നൽകിയിട്ടുണ്ട്.
ജനവിധിയിൽ അട്ടിമറി ഉണ്ടായെന്ന കോണ്‍ഗ്രസിന്റെ പരാതി തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യതയ്ക്കു നേർക്കുള്ള ചോദ്യചിഹ്നമാണ്. നവംബർ 26നു കാലാവധി അവസാനിക്കുന്ന മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം നീട്ടിക്കൊണ്ടുപോകുന്ന തെരഞ്ഞെടുപ്പു കമ്മീഷൻ നടപടിയെയും പ്രതിപക്ഷം സംശയത്തോടെയാണു വീക്ഷിക്കുന്നത്.
സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി നിയമഭേദഗതി പാസാക്കിയതോടെ പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യം വ്യക്തമായിരുന്നു. നരേന്ദ്ര മോദിയും അമിത് ഷായും കൂടി തെരഞ്ഞെടുപ്പു കമ്മീഷണർമാരെ തെരഞ്ഞെടുത്തതോടെ കമ്മീഷന്റെ നിഷ്പക്ഷത ഇല്ലാതായി.
ഹരിയാനയിലെ അപ്രതീക്ഷിത തോൽവി പരിശോധിക്കാൻ പ്രത്യേക സമിതിയെ കോണ്‍ഗ്രസ് നിയോഗിച്ചതു നന്നായി. അടുത്ത വ്യാഴാഴ്ച ചേരുന്ന കോണ്‍ഗ്രസ് പ്രവർത്തകസമിതിയിൽ പ്രാഥമിക വിലയിരുത്തൽ പരിഗണിച്ചേക്കും.
നിഴലിലായ കമ്മീഷൻ
എല്ലാം സംശയരഹിതവും നീതിപൂർവവും ആയിരുന്നോ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് എന്ന സംശയം രാജ്യത്തെ സാധാരണക്കാരിൽപോലും പ്രബലമാണ്. ബിജെപിക്കും കോണ്‍ഗ്രസിനും കിട്ടിയ വോട്ടുവിഹിതത്തിലെ ഒരു ശതമാനത്തിൽ താഴെ വ്യത്യാസം പ്രശ്നം സങ്കീർണമാക്കുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കനുസരിച്ചു ബിജെപിക്ക് 39.94 ശതമാനം വോട്ടും കോണ്‍ഗ്രസിന് 39.09 ശതമാനം വോട്ടുമാണു കിട്ടിയത്. പക്ഷേ 90 അംഗ നിയമസഭയിൽ ബിജെപിക്ക് 48 സീറ്റും കോണ്‍ഗ്രസിന് 37 സീറ്റും കിട്ടി. ചെറിയ സംസ്ഥാനമായ ഹരിയാനയിൽ ഒരു ശതമാനത്തിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിൽ ബിജെപിക്ക് 11 എംഎൽഎമാരെ കൂടുതൽ നേടാനായി.
2019നെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെ വോട്ട് 28ൽനിന്ന് 39 ശതമാനമായി കൂടി. വോട്ടുവിഹിതത്തിൽ 11 ശതമാനം വർധന വലുതാണ്. ബിജെപിക്കും 3.5 ശതമാനം വോട്ടു കൂടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ പത്തിൽ അഞ്ചു വീതം സീറ്റുകളാണു ബിജെപിയും കോണ്‍ഗ്രസും നേടിയത്. 2014ലും 2019ലും മുഴുവൻ സീറ്റും തൂത്തുവാരിയ ബിജെപിയിൽനിന്നു പകുതി കോണ്‍ഗ്രസ് പിടിച്ചെടുത്തതു നിസാരമല്ല. ബിജെപിക്ക് 46.11 ശതമാനവും കോണ്‍ഗ്രസിനു 43.67 ശതമാനവും വോട്ടാണ് അന്നു കിട്ടിയത്. ലോക്സഭയിലേക്കു കിട്ടിയതിനേക്കാൾ ബിജെപിക്ക് 6.17 ശതമാനവും കോണ്‍ഗ്രസിന് 4.5 ശതമാനവും വോട്ടുകളാണു നിയമസഭാ തെരഞ്ഞെടുപ്പിൽ കുറവ്.
ആം ആദ്മി പാർട്ടിക്ക് 1.79 ശതമാനവും സിപിഎമ്മിന് 0.25 ശതമാനവും സിപിഐക്ക് 0.01 ശതമാനവും വോട്ടാണു ഹരിയാനയിൽ കിട്ടിയത്. ഐഎൻഎൽഡി 4.14 ശതമാനം വോട്ട് നേടിയപ്പോൾ, പത്തു സിറ്റിംഗ് എംഎൽഎമാരിൽനിന്നു പൂജ്യത്തിലേക്കു തകർന്നടിഞ്ഞ ജെജെപിക്ക് 0.90 ശതമാനം മാത്രമേ ലഭിച്ചുള്ളൂ. ബിഎസ്പിക്ക് 1.82 ശതമാനം വോട്ടു കിട്ടി. ബിജെപിയുമായി ചേർന്ന് അധികാരം നുണഞ്ഞ ശേഷം പുറത്തിറങ്ങി മത്സരിച്ച ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയുടെ ഗതി മറ്റു പലർക്കും പാഠമാകും.
മാറിയ ദളിത്, പിന്നാക്ക വോട്ടുകൾ
ഹരിയാനയിലെ 22 ശതമാനത്തോളം വരുന്ന ദളിത് വോട്ടർമാരായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ വിജയത്തിൽ നിർണായകമായത്. ഭരണഘടന അപകടത്തിലാണ് (സംവിധാൻ ഖത്രേ മെ ഹെ) എന്ന കോണ്‍ഗ്രസിന്റെ പ്രചാരണം ദളിതരെ സ്വാധീനിച്ചു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണഘടന അടക്കമുള്ള പ്രശ്നങ്ങൾ വലിയ വിഷയമായില്ല. ദളിത് വോട്ടുകൾ ഇക്കുറി ഭിന്നിച്ചു. ഭൂപീന്ദർ ഹൂഡയുടെ മകൻ ദീപേന്ദർ ഹൂഡ 3.45 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച റോത്തക് ലോക്സഭാ സീറ്റിലെ മണ്ഡലങ്ങളിലും കോണ്‍ഗ്രസിനു വലിയ വോട്ടു ചോർച്ചയുണ്ടായി.
പിന്നാക്കക്കാരനായ നയാബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കിയ ബിജെപിയുടെ ഗെയിം പ്ലാൻ വിജയിച്ചു. ഒരു വെടിക്കു രണ്ടു പക്ഷിയാണ് ഇതുവഴി കിട്ടിയത്. ശക്തമായിരുന്ന ഭരണവിരുദ്ധ വികാരം മയപ്പെടുത്താനും പിന്നാക്ക വിഭാഗങ്ങളെ ആകർഷിക്കാനും സൈനിയുടെ നിയമനം ഉപകരിച്ചു. പിന്നാക്കക്കാരുടെ ക്രീമിലെയർ പരിധി ഉയർത്തുമെന്ന പ്രഖ്യാപനവും ബിജെപിക്കു ഗുണകരമായി. ജാതി സെൻസസ് വിഷയം ഉയർത്തി പിന്നാക്ക വിഭാഗങ്ങളെ സ്വാധീനിക്കാൻ രാഹുൽ ഗാന്ധി നടത്തിയ ശ്രമങ്ങളെ മറികടക്കാൻ പിന്നാക്ക വിഭാഗക്കാരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി സൈനിയും മതിയായിരുന്നു.
പണത്തിനു മീതെ പരുന്തും...
കോണ്‍ഗ്രസിനു ഭരണം നഷ്ടമാക്കിയതിൽ വിമത, സ്വതന്ത്ര സ്ഥാനാർഥികളുടെ പങ്കു നിർണായകമാണ്. ഏഴു സിറ്റിംഗ് സീറ്റുകളിലടക്കം കോണ്‍ഗ്രസ് തോൽക്കാൻ ഇതു കാരണമായി. ഐഎൻഎൽഡി, ബിഎസ്പി, ഹരിയാന ലോക്ഹിത് പാർട്ടി (എച്ച്എൽപി) സഖ്യവുമായി പല മണ്ഡലങ്ങളിലും ബിജെപി രഹസ്യധാരണ ഉണ്ടാക്കിയിരുന്നുവെന്നു റിപ്പോർട്ടുകളുണ്ട്. വോട്ടു ഭിന്നിപ്പിക്കാൻ ചെറുപാർട്ടികൾക്കും സ്വതന്ത്രന്മാർക്കും ബിജെപി പണം നൽകിയെന്നും ആരോപണമുണ്ട്. രണ്ടു ഡസൻ സീറ്റുകളിലെങ്കിലും ജനവിധി ബിജെപിക്ക് അനുകൂലമാക്കാൻ ഇതു കാരണമായി. തെരഞ്ഞെടുപ്പിലെ പണത്തിന്റെ സ്വാധീനം ഇല്ലാതാക്കുമെന്നു വീന്പിളക്കുന്ന തെരഞ്ഞെടുപ്പു കമ്മീഷന്, തെളിവുകളില്ലെന്ന ന്യായമാകും ബാക്കി.
കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്ന കൽക്കയിൽ കോണ്‍ഗ്രസ് വിമതൻ 31,688 വോട്ട് പിടിച്ചപ്പോൾ ബിജെപി ജയിച്ചു. അന്‍പതു ശതമാനം ജാട്ട് വോട്ടുകളുള്ള ഉചന കലാൻ സീറ്റിൽ വെറും 32 വോട്ടുകൾക്കാണ് ബിജെപിയുടെ ദേവേന്ദ്ര ആട്രിയോട് കോണ്‍ഗ്രസിന്റെ ബ്രിജേന്ദ്ര സിംഗ് തോറ്റത്. കോണ്‍ഗ്രസ് റിബലായ വിരേന്ദറിന് 31,456 വോട്ടുകളാണ് ഇവിടെ ലഭിച്ചത്. സ്വതന്ത്രരിൽ ഒരാൾക്ക് 13,458 വോട്ടുകളും മറ്റൊരാൾക്ക് 7,950 വോട്ടുകളും കിട്ടി. മഹേന്ദ്രഗഡിലും സംലാഖയിലും മൂന്നാമതും നാലാമതുമെത്തിയ സ്വതന്ത്രന്മാർ യഥാക്രമം 20,834 വോട്ടുകളും 21,132 വോട്ടുകളും സ്വന്തമാക്കിയപ്പോൾ, കോണ്‍ഗ്രസിന് സിറ്റിംഗ് സീറ്റുകളിൽ ബിജെപിയോട് അടിയറവു പറയേണ്ടി വന്നു.
തിരിച്ചടിയാകുന്ന വിഭാഗീയത
കോണ്‍ഗ്രസിലെ ദളിത് മുഖമായ കുമാരി സെൽജയെ ഒതുക്കിയ ഹൂഡയുടെ കളികൾ പാർട്ടിക്കു വിനയായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു വോട്ട് ചെയ്ത ദളിത് വോട്ടർമാരിൽ ഒരുവിഭാഗം ഇത്തവണ മാറി വോട്ട് ചെയ്തു. ഹൂഡയുടെ നേതൃത്വത്തിലുള്ള ജാട്ട് ലോബിയുടെ മേധാവിത്വത്തിനെതിരേ തിരിയാൻ ദളിത്, പിന്നാക്ക വോട്ടർമാരിൽ ഒരു വിഭാഗമെങ്കിലും തീരുമാനിച്ചതു സ്വാഭാവികം.
ഹൂഡയുമായുള്ള കുമാരി സെൽജയുടെയും രണ്‍ദീപ് സുർജേവാലയുടെയും ഭിന്നത മറനീക്കിയപ്പോൾ കോണ്‍ഗ്രസ് പ്രവർത്തകരിലും അതു ബാധിച്ചു. വിമത സ്ഥാനാർഥികളിൽ ചിലർക്കെങ്കിലും കോണ്‍ഗ്രസിലെ വിഭാഗീയതയും അതൃപ്തരായ നേതാക്കളുടെ രഹസ്യ പിന്തുണയും സഹായകമായി. ബിജെപിക്കും വിമതശല്യം ഉണ്ടായിരുന്നെങ്കിലും അവ പരിഹരിക്കാനും ബദൽ വഴികൾ തേടാനും പാർട്ടിയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ ശ്രമിച്ചു.
പ്രബലമായ ജാട്ട് വോട്ടുകളുടെ ധ്രുവീകരണത്തിന് ജാട്ട് നേതാവായ ഹൂഡയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് ശ്രമിച്ചപ്പോൾ മഹാഭൂരിപക്ഷം വരുന്ന ജാട്ട് ഇതര വോട്ടുകൾ അനുകൂലമാക്കി മാറ്റാൻ ബിജെപി ശ്രമിച്ചു. 25 ശതമാനം വരുന്ന ജാട്ടുകളെ മറികടക്കാനായി 40 ശതമാനമുള്ള പിന്നാക്ക വിഭാഗങ്ങളെ സ്വാധീനിക്കാൻ പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രി സൈനിയുടെയും പ്രചാരണത്തിനു കഴിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം ശ്രദ്ധിക്കാതെ പോയ നിശബ്ദ ഘടകമായിരുന്നു ഇത്. സവർണ മേധാവിത്വമുള്ള ആർഎസ്എസിന്റെ നിയന്ത്രണത്തിലുള്ള ബിജെപിയുടെ രാജ്യത്തെ പ്രധാന വോട്ടുബാങ്കാണു പിന്നാക്കക്കാർ.
ഒറ്റാലിൽ കിടന്നതുമില്ല...
ഉറപ്പായും ലഭിക്കുമായിരുന്ന ഭരണമാണ് കോണ്‍ഗ്രസിനു നഷ്ടമായത്. ഒറ്റാലിൽ കിടന്നതുമില്ല, കിഴക്കുനിന്നു വന്നതുമില്ല എന്ന പഴഞ്ചൊല്ല് അന്വർഥമായി. അമിത ആത്മവിശ്വാസവും വിഭാഗീയതയുമാണു കോണ്‍ഗ്രസിന്റെ കുഴിതോണ്ടിയ മറ്റു രണ്ടു കാരണങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും മോദിക്കും ആയിരുന്നു അമിത ആത്മവിശ്വാസമെങ്കിൽ, ഹരിയാനയിൽ അതു കോണ്‍ഗ്രസിനും ഭൂപീന്ദർ സിംഗ് ഹൂഡയ്ക്കുമായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽനിന്നു പാഠം ഉൾക്കൊണ്ടു തിരുത്തലുകൾ വരുത്താനും പുതുതന്ത്രങ്ങൾ ആവിഷ്കരിക്കാനും ബിജെപി ശ്രമിച്ചു. എന്നാൽ, ഭരണവിരുദ്ധ വികാരം, കർഷകസമരം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവയിൽ ജനം ബിജെപിയെ തിരസ്കരിക്കുമെന്ന അമിതവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ചെറുനേട്ടങ്ങളിൽ മതിമറന്ന അഹന്തയിൽനിന്ന് ഇനിയെങ്കിലും കോണ്‍ഗ്രസ് പാഠം പഠിക്കേണ്ടതുണ്ട്. ചെറിയ സംസ്ഥാനമെങ്കിലും ഹരിയാന നൽകുന്ന പാഠം വലുതാണ്.