മരണ അവബോധസാക്ഷരതയും സാന്ത്വനചികിത്സയും
ഇന്ന് ലോക പാലിയേറ്റീവ് കെയർ ദിനം/ ജോബി ബേബി
Friday, October 11, 2024 11:59 PM IST
എല്ലാ വർഷവും ലോക പാലിയേറ്റീവ് കെയർ ദിനം ആചരിക്കുന്നത് ഒക്ടോബർ മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ്. ‘പ്രഖ്യാപനത്തിന്റെ പത്താം വർഷം; നാം എവിടെ എത്തി?’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ആരോഗ്യപരിപാലനത്തിന്റെ എല്ലാ അംശത്തിലും പാലിയേറ്റീവ് കെയർ ഉൾപ്പെടുത്തണം എന്നതായിരുന്നു 2014ലെ പ്രമേയം.
അത് എല്ലാത്തരം ആരോഗ്യസ്ഥാപനങ്ങളുടെയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, താലൂക്ക്, ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളജുകൾ മറ്റ് വലിയ ആരോഗ്യസ്ഥാപനങ്ങൾ എന്നിവയിലൊക്കെ രോഗത്തിന്റെ എല്ലാ അവസ്ഥകളിലും ലഭ്യമാകണം. എല്ലാ അവസ്ഥകളിലും എന്നാൽ, തുടക്കം മുതൽ രോഗിയുടെ ആരോഗ്യപ്രശ്നം മാറുകയോ രോഗിയുടെ മരണത്തിനുശേഷം കുടുംബത്തിന്റെ തീവ്രമായ ദുരിതം അവസാനിക്കുന്നതുവരെയോ എന്നതാണ്. പ്രമേയത്തിലുണ്ടായിരുന്ന എല്ലാ കാര്യങ്ങളുടെയും ഒരു വിലയിരുത്തലാണ് ഈ വർഷം ലക്ഷ്യമിടുന്നത്.
രോഗകേന്ദ്രിതമായ ചികിത്സ രോഗീകേന്ദ്രിതമാകുമ്പോൾ പാലിയേറ്റീവ് കെയറായി എന്ന് എളുപ്പത്തിൽ പറയാം. ഇന്ന് ചികിത്സയുടെ ഊന്നൽ രോഗം മാറ്റിയെടുക്കുന്നതിലാണ്. രോഗം മാറുന്നതോടെ രോഗിയുടെ രോഗാനുഭവത്തിലും മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ രോഗി അനുഭവിക്കുന്ന നാനാതരത്തിലുള്ള വിഷമതകൾ അഭിസംബോധന ചെയ്യപ്പെടാതെ പോകുന്നു. മാത്രമല്ല, രോഗം മാറ്റിയെടുക്കാൻ പറ്റാത്ത ഘട്ടത്തിലെത്തിയാൽ പിന്നെ എന്തു ചെയ്യണമെന്നറിയാതെ ചികിത്സകൻ രോഗിയെ കൈയൊഴിയുന്ന അവസ്ഥയും വരുന്നു. എന്നാൽ, പാലിയേറ്റീവ് കെയർ, രോഗിയുടെ രോഗാനുഭവത്തെത്തന്നെയാണ് അഭിസംബോധന ചെയ്യുന്നത്. അതുകൊണ്ടുതന്നെ, രോഗം മാറില്ല എന്ന അവസ്ഥയിലും രോഗിയെ കൈയൊഴിയുന്ന സാഹചര്യം ഉണ്ടാവുന്നില്ല. ഇത്തരത്തിൽ രോഗാനുഭവത്തെ അഭിസംബോധന ചെയ്യുന്പോൾ രോഗിയുടെ ശാരീരിക പ്രശ്നങ്ങൾക്കൊപ്പം സാമൂഹികവും മാനസികവും ആധ്യാത്മികവുമായ പ്രശ്നങ്ങളെക്കൂടി സ്പർശിച്ചുകൊണ്ടു വേണ്ടിവരും പരിചരണം. ഇതിനെയാണ് സമ്പൂർണ പരിചരണം എന്നു പറയുന്നത്.
പലരും പാലിയേറ്റീവ് കെയറിനെ മനസിലാക്കുന്നത് ഒരു അടിയറവ് പറയലായോ പിൻവാങ്ങലായോ നിഷ്ക്രിയമായ ഒന്നായോ ഒക്കെയാണ്. ഇത് തീർത്തും തെറ്റാണ്. ലോകാരോഗ്യ സംഘടന പാലിയേറ്റീവ് കെയറിനെ നിർവചിക്കുന്നതുതന്നെ ‘സമ്പൂർണവും ക്രിയാത്മകവുമായ പരിചരണം’ എന്നാണ്. ദുരിതത്തിൽനിന്നു മോചനം നേടാൻ ഒരു രോഗിക്ക് അവകാശമുണ്ടെന്നും അതു നേടിക്കൊടുക്കാൻ സമൂഹത്തിന് ബാധ്യതയുണ്ടെന്നും പാലിയേറ്റീവ് കെയർ കരുതുന്നു. ഇതിനായി ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളെയും പരമാവധി ഉപയോഗിക്കുന്നുണ്ട്. രോഗി അനുഭവിക്കുന്ന വിഷമതകളെ കാലേക്കൂട്ടി കണ്ടെത്തുകയും കണിശമായി വിലയിരുത്തുകയും ഫലപ്രദമായി ചികിത്സിക്കുകയും ചെയ്യുന്നു.
പാലിയേറ്റീവ് മേഖലയിലെ നാഴികക്കല്ലുകൾ
2008ൽ കേരളത്തിൽ നടപ്പിൽ വന്ന സംസ്ഥാന ആരോഗ്യ പാലിയേറ്റീവ് കെയർ നയത്തിന്റെ ഭാഗമായി എല്ലാ ജില്ലാ, താലൂക്ക്, പ്രാഥമികാരോഗ്യസ്ഥാപനങ്ങളിലും പാലിയേറ്റീവ് കെയർ ഉൾപ്പെടുത്തി.
2012 നാഷണൽ പ്രോഗ്രാം ഫോർ പാലിയേറ്റീവ് കെയർ തുടങ്ങി
►2012ൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പാലിയേറ്റീവ് കെയറിനെ സ്പെഷ്യാലിറ്റിയായി അംഗീകരിക്കുകയും ബിരുദാനന്തര പഠനം നടത്താനുള്ള തീരുമാനം എടുക്കുകയും ചെയ്തു.
►2014ൽ രാജ്യത്ത് ആദ്യത്തെ എംഡി പാലിയേറ്റീവ് കെയർ മെഡിസിൻ കോഴ്സ് ആരംഭിച്ചു.
മോർഫിൻ ഉൾപ്പെടെയുള്ള ഒപ്പിയോയിഡ് മരുന്നുകളുടെ ലഭ്യതയ്ക്ക് വിഘാതം നിന്ന നിയമം
►2014ൽ ഇന്ത്യൻ പാർലമെന്റ് പുതുക്കി പല തടസങ്ങളും നീക്കി.
►2017ലെ ആരോഗ്യനയത്തിൽ പ്രാഥമിക തലത്തിലെ പാലിയേറ്റീവ് കെയർ ഉൾപ്പെടുത്തി.
►2019 മുതൽ എംബിബിഎസ് പാഠ്യപദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് കെയർ ഉൾപ്പെടുത്തി.
►2021 മുതൽ നഴ്സിംഗ് പാഠ്യപദ്ധതിയിലും പാലിയേറ്റീവ് കെയർ ഉൾപ്പെടുത്തി
മരണ അവബോധസാക്ഷരത
മരണ അവബോധസാക്ഷരത കേവലം അറിവ് മാത്രമല്ല; അത് സ്വീകാര്യത, അനുകമ്പ, മരണത്തിനുള്ള തയാറെടുപ്പ് എന്നിവയൊക്കെയാണ്. ജീവിതാവസാന പരിചരണത്തിന്റെ വൈദ്യശാസ്ത്രപരവും നിയമപരവുമായ വശങ്ങൾ മനസിലാക്കൽ, വൈകാരികവും ആത്മീയവുമായ മാനങ്ങൾ തിരിച്ചറിയൽ എന്നിവയൊക്കെ അതിലുൾപ്പെടുന്നു. ഈ അവബോധം വ്യക്തികളെ അവരുടെ ജീവിതത്തെ ബഹുമാനിക്കുന്ന തീരുമാനങ്ങളെടുക്കാൻ പ്രാപ്തരാക്കുകയും പ്രിയപ്പെട്ടവരുടെ അവസാന യാത്രയിൽ അനാവശ്യമായ കഷ്ടപ്പാടുകളില്ലാതെ, വേദനകളില്ലാതെ, സമാധാനത്തോടെ, ആഗ്രഹങ്ങൾ നിറവേറ്റി നൽകാൻ കുടുംബങ്ങളെ അനുവദിക്കുകയും ചെയ്യുന്നു.
വൈദ്യശാസ്ത്ര പ്രവർത്തകരാണ് ഈ മാറ്റങ്ങൾക്ക് മുൻനിരയിൽ ഉണ്ടാകേണ്ടത്. ചികിത്സിച്ചു ഭേദമാകാൻ സാധ്യതയില്ലാത്ത രോഗങ്ങൾ ബാധിച്ചവരോടും കോമയിൽ ആയവരുടെയും പ്രായാധിക്യത്തിന്റെ ദൈന്യതയിൽ വിഷമിക്കുന്നവരുടെയും ബന്ധുക്കളോടും അവർ സത്യസന്ധമായ സംഭാഷണങ്ങളിൽ ഏർപ്പെടണം. പാലിയേറ്റീവ് കെയർ ചികിത്സകളുടെ സാധ്യതകളും തീവ്ര ചികിത്സയുടെ ഭാരങ്ങളും ചർച്ച ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു. ചിലപ്പോൾ, സ്വാഭാവിക മരണം അനുവദിക്കുക എന്നതാണ് ഏറ്റവും അനുകമ്പയുള്ള തെരഞ്ഞെടുപ്പ്. ആ തെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ മരണ അവബോധസാക്ഷരത അനിവാര്യമാണ്.
മരണ അവബോധസാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിന് മരണം ഒരു പരാജയമായിട്ടല്ല ജീവിതത്തിന്റെ സ്വാഭാവികമായ ഒരു പരിസമാപ്തിയായി കാണുന്ന ഒരു സംസ്കാരം വളർത്തിയെടുക്കാൻ മെഡിക്കൽ പ്രഫഷണലുകൾ, നയരൂപകർത്താക്കൾ, പൊതുപ്രവർത്തകൾ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ ശ്രമങ്ങളെ സംയോജിപ്പിച്ച് ഒരു ബഹുമുഖ സമീപനം ആവശ്യമാണ്. മരണത്തെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ വളർത്തിയെടുക്കുന്നതിലൂടെയും ആരോഗ്യ സംരക്ഷണ ദാതാക്കളെ ബോധവത്കരിക്കുന്നതിലൂടെയും കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിലൂടെയും ജീവിതാവസാന അനുഭവങ്ങളെ ഭയത്തിൽനിന്നും അനിശ്ചിതത്വത്തിൽനിന്നും സമാധാനത്തിന്റെയും അന്തസിന്റെയും ഒന്നാക്കി മാറ്റാൻ നമുക്കു കഴിയും. ജീവിതത്തിന്റെ മനോഹരമായ യാത്രയെ അവസാനം വരെ ആദരിച്ചുകൊണ്ട് മാന്യവും സമാധാനപരവുമായി കടന്നു പോകാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നിർണായക ചുവടുവയ്പാണ് മരണ അവബോധസാക്ഷരത സ്വീകരിക്കുന്നത്.
ദയാവധം പാടുള്ളതല്ല
ഒരു വ്യക്തി തന്റെ സ്വതന്ത്രമായ തീരുമാനഫലമായി രൂപപ്പെടുത്തിയതല്ല അവന്റെ ജീവൻ. അതുകൊണ്ടുതന്നെ ഒരു കാരണവശാലും അതിന് വിരാമമിടാനും അവനു സാധിക്കില്ല. ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്നവരുടെ കടമ ജീവൻ രക്ഷിക്കലും ജീവൻ നീട്ടികൊണ്ടുപോകലും മാത്രമല്ല, രക്ഷിക്കാൻ കഴിയാത്തവരെ മരണം വരെ സ്നേഹനിർഭരമായി പരിചരിക്കുക എന്നതും അത്രയുംതന്നെ പ്രാധാന്യമർഹിക്കുന്ന കർത്തവ്യമാണ്. ഉപകാരപ്രദമല്ലാത്ത ചികിത്സ ഉപേക്ഷിക്കാനും വേദനയിൽ നിന്നും സഹനത്തിൽനിന്നും ശമനം ലഭിക്കാനും മറ്റുള്ളവരുടെ സ്നേഹനിർഭരമായ സാമീപ്യവും ശ്രദ്ധയും ലഭിക്കാനും രോഗിക്ക് അവസരമുണ്ടാക്കണം.
രോഗാവസ്ഥയിലും താൻ സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന അനുഭവം രോഗിക്ക് ലഭിക്കണം. ദയാവധം, കാരുണ്യവധം എന്നിങ്ങനെ ആകർഷകമായ വിവിധ പേരിൽ വിളിക്കുമ്പോൾതന്നെ അത് ആത്മഹത്യയോ കൊലപാതകമോ തന്നെയാണ്. പ്രതീക്ഷയറ്റ മാറാരോഗികൾ ദയാവധം ആവശ്യപ്പെടുന്നുവെങ്കിൽ യഥാർഥത്തിൽ അവർ തേടുന്നതും ക്രൂരമായ വധമല്ല, മറിച്ച് അവർ നിരാശയിൽ സ്നേഹത്തിനും കരുതലിനും വേണ്ടി നിലവിളിക്കുകയാണന്ന് സമൂഹം തിരിച്ചറിയണം. സ്നേഹോഷ്മളമായ പരിചരണം രോഗികൾക്ക് നൽകുന്നതിനുള്ള കടമയുണ്ടെന്ന സങ്കല്പമാണ് ദയാവധ ചിന്തകൾ വഴി തകരുന്നത്.
പ്രതിസന്ധികൾ പരിഹരിക്കപ്പെടണം
രാജ്യത്തെ ആരോഗ്യ പരിപാലനത്തിൽ വലിയൊരു പങ്കും സ്വകാര്യമേഖലയിലാണുള്ളത്. അവിടെ പാലിയേറ്റീവ് കെയർ ചെന്നെത്തണം. രോഗചികിത്സയോടൊപ്പം സാന്ത്വനപരിചരണവും ലഭിക്കണം. അത് ഇനിയും പൂർണമായും യാഥാർഥ്യമായിട്ടില്ല. പ്രയാസം അനുഭവപ്പെടുന്ന എല്ലാവർക്കും കിട്ടേണ്ടതാണ് സാന്ത്വനപരിചരണം. വലിയ ആരോഗ്യസ്ഥാപനങ്ങളിൽ ഇത് എത്തിയിട്ടുമില്ല. അതുകൊണ്ടുള്ള ബുദ്ധിമുട്ടുകൾ ധാരാളമുണ്ട്. പലപ്പോഴും രോഗികളെ മാസത്തിലൊരിക്കലോ മറ്റോ ആണ് നേരിട്ടു പോയി കാണാൻ കഴിയുന്നത്. അതു പോരാ. അവർക്ക് നിരന്തരം സാന്ത്വനം എത്തിക്കാൻ കഴിയുംവിധം സംവിധാനം വളരണം. പൊതുജനങ്ങളിലെ ബോധവത്കണം തുടരണം. പാലിയേറ്റീവ് രംഗത്തേക്ക് കൂടുതൽ പ്രഫഷണലുകളുടെ പങ്കാളിത്തം വരണം. ഫിസിയോതെറാപ്പിസ്റ്റുകൾ, മെഡിക്കൽ സോഷ്യൽ വർക്കേഴ്സ് തുടങ്ങിയവരുടെയെല്ലാം സേവനം പാലിയേറ്റീവ് കെയറിന് മുന്നോട്ടുപോകാൻ ആവശ്യമാണ്.
സാന്ത്വന പരിചരണത്തിന് നഴ്സുമാരുടെ എണ്ണം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഒരു പഞ്ചായത്തിൽ ഒരു നഴ്സിന്റെ സേവനമേ ഇപ്പോഴുള്ളൂ. കിടപ്പുരോഗിക്ക് ആഴ്ചയിൽ ഒരിക്കലെങ്കിലും മുടങ്ങാതെ സേവനം ആവശ്യമാണ്. പഞ്ചായത്തുതലത്തിൽ നഴ്സുമാരുടെ എണ്ണം രണ്ടാക്കണം. 2019ൽ പുതുക്കിയ പാലിയേറ്റീവ് കെയർ നയത്തിൽ സർക്കാരും സന്നദ്ധസംഘടനകളും കൈകോർത്തു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നു. ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളിലെ സന്നദ്ധ സംഘടനകൾക്കു സർക്കാർ രജിസ്ട്രേഷനും അക്രഡിറ്റേഷനും നൽകണം.