വ്യവസായികളിലെ ജീവകാരുണ്യമുഖം
ടി.എ. ജോർജ്
Friday, October 11, 2024 2:09 AM IST
രത്തൻ ടാറ്റ ഒരു ബിസിനസ് ഐക്കൺ മാത്രമല്ല, ദയയുടെയും ജീവകാരുണ്യത്തിന്റെയും പ്രതീകമായിരുന്നു. സന്പത്തിന്റെ ഔന്നത്യത്തിലും എളിമയുടെ പ്രതിരൂപമായി ജനമനസുകളിൽ ഇടംപിടിച്ച മഹാനായ മനുഷ്യനായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ ട്രസ്റ്റാണ് ടാറ്റയുടേത്.
ലാഭത്തിന്റെ 60 ശതമാനവും ജീവകാരുണ്യ, സന്നദ്ധ പ്രവർത്തനങ്ങൾക്കു മാറ്റിവയ്ക്കുന്ന കാരുണ്യം, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ പുതിയ ആശയങ്ങൾ, ഗ്രാമീണ വികസനത്തിനു നൽകുന്ന അളവറ്റ പിന്തുണ, മൃഗങ്ങൾ ഉൾപ്പെടെയുള്ള സഹജീവികളോടുള്ള കരുതലും സ്നേഹവും, ജീവിക്കുന്ന പ്രകൃതിയോടുള്ള പ്രണയം, ലളിതമായ ജീവിതം തുടങ്ങി നിരവധി സവിശേഷ നന്മകളാണ് ഈ വ്യവസായ കുലപതിയെ വേറിട്ടു നിർത്തുന്നത്. സംരംഭത്തിന്റെ വിജയം എന്നത് ബാങ്ക് ബാലൻസിലല്ല, സമൂഹത്തിലേക്കു പകരുന്ന കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും അളവിലാണെന്ന് രത്തൻ ടാറ്റയുടെ ജീവിതം പഠിപ്പിക്കുന്നു.
ഒരു സാധാരണക്കാരന് ടാറ്റയുടെ ബസും കാറുമാണ് ടാറ്റയെക്കുറിച്ചുള്ള ഏകദേശ അറിവ്. അതിലുപരി, ഇന്ത്യയുടെ പുരോഗതിക്ക് ഇത്രമാത്രം പങ്കു വഹിച്ച മറ്റൊരു കമ്പനി ചരിത്രത്തിൽ ഇല്ല എന്നതാണു സത്യം. കൈക്കൂലിയും അവിഹിത രാഷ്ട്രീയ ഇടപാടുകളും വഴി ഒരിക്കലും ബിസിനസ് വളർത്താൻ ഉപയോഗിക്കില്ല എന്നത് ഒരു അടിസ്ഥാന നയമായി സ്വീകരിച്ചതിനാൽ ടാറ്റ ഗ്രൂപ്പ് രാഷ്ട്രീയക്കാർക്കും മീഡിയകൾക്കും അത്ര പ്രിയപ്പെട്ടവരല്ല.
വേറിട്ടു നിർത്തുന്ന നന്മകൾ
ഇന്ത്യയിലാദ്യമായി ഡേ കെയർ, പ്രസവ അവധി, പ്രോവിഡന്റ് ഫണ്ട് എന്നിവ ജീവനക്കാർക്കായി നടപ്പിലാക്കിയതു ടാറ്റയാണ്. പിന്നീടാണ് സർക്കാരുകൾപോലും നടപ്പിലാക്കിത്തുടങ്ങിയത്. കൈക്കൂലി കൊടുക്കുകയും വാങ്ങുകയുമില്ല എന്നതു ടാറ്റയുടെ പ്രഖ്യാപിത നയമാണ്. നിരവധി കരാറുകൾ ടാറ്റ അതുമൂലം വേണ്ടെന്നു വച്ചിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് തുടങ്ങി അനവധി രാജ്യാന്തര നിലവാരമുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങൾ, നിരവധി ആശുപത്രികൾ, ഗവേഷണകേന്ദ്രങ്ങൾ, കായിക കേന്ദ്രങ്ങൾ തുടങ്ങിയവ ടാറ്റ രാജ്യത്തിനു നൽകി.
ലോകത്ത് ആദ്യമായി 1912ൽ ജോലിസമയം എട്ടു മണിക്കൂറാക്കി നിജപ്പെടുത്തിയ കന്പനിയാണ് ടാറ്റ ഗ്രൂപ്പ്. സിഎസ്ആർ (കോർപറേറ്റ് സോഷ്യൽ റസ്പോൺസിബിലിറ്റി) പ്രവർത്തനങ്ങൾ ലോകത്ത് ആദ്യമായി നടപ്പിലാക്കിയ കമ്പനിയും ടാറ്റയാണ്. പിന്നീട് ലോകം അത് അനുകരിച്ചു, രാജ്യങ്ങൾ നിയമമാക്കി.
ആതുരശുശ്രൂഷ
ഒന്നാം ലോകമഹായുദ്ധ കാലത്ത് മുംബൈ താജ് ഹോട്ടൽ 600 ബെഡുള്ള ആശുപത്രിയാക്കിയ തീരുമാനം മുതൽ കോവിഡ് കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക ആശുപത്രികൾ സ്ഥാപിച്ചും ഓക്സിജൻ ലഭ്യമാക്കിയും നൽകിയ സേവനങ്ങൾ വരെ ടാറ്റ ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധത അടിവരയിടുന്നു. കോവിഡ് കാലത്ത് ബുദ്ധിമുട്ടിയ തന്റെ കന്പനിയിലെ മുൻ ജീവനക്കാരെ രത്തൻ ടാറ്റ പൂനയിൽ സന്ദർശിച്ചു സഹായിച്ചത് ലോകമാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കോവിഡ് മഹാമാരിയുടെ കാലത്ത് തന്റെ കന്പനികളിലെ ജീവനക്കാരെ ചേർത്തുപിടിച്ച അദ്ദേഹം പ്രത്യേക കോവിഡ് ആശുപത്രികൾ സ്ഥാപിച്ചും ഓക്സിജൻ ലഭ്യമാക്കിയും പലപ്പോഴായി 2500 കോടിയുടെ സഹായമാണു ഇന്ത്യയിലെ പൊതുസമൂഹത്തിനു ചെയ്തുകൊടുത്തത്.
രാജ്യത്ത് ആദ്യമായി വിദഗ്ധ കാൻസർ ചികിത്സയ്ക്കായി സ്ഥാപിതമായ മുംബൈയിലെ ടാറ്റ മെമ്മോറിയൽ കാൻസർ സെന്റർ (ടിഎംസി), കോൽക്കത്തയിലെ കാൻസർ ആശുപത്രിയായ ടാറ്റ മെഡിക്കൽ സെന്റർ (ടിഎംസി), ജംഷഡ്പുരിലെ ടാറ്റ മെയിൻ ആശുപത്രി (ടിഎംഎച്ച്) എന്നിവ ടാറ്റ ഗ്രൂപ്പിന്റെ ആശുപത്രികളിൽ ചിലതാണ്. ഇതു കൂടാതെ ടാറ്റ ട്രസ്റ്റിന്റെ കാൻസർ സെന്ററുകൾ ആന്ധ്രപ്രദേശ്, ആസാം, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഒഡീഷ, ഗുജറാത്ത് സംസ്ഥാനങ്ങളിലുണ്ട്.
സാംക്രമികേതര രോഗങ്ങൾ നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി ടാറ്റ ട്രസ്റ്റ് വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ ടെലിമെഡിസിൻ സേവനങ്ങളും നൽകുന്നു.
ഗ്രാമീണ വികസനം
ഗ്രാമങ്ങളിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്രവളർച്ച ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണു ടാറ്റ ട്രസ്റ്റ് നടത്തുന്നത്. ഇതുകൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗ്രാമീണ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു സഹായം, പിന്നാക്കം നിൽക്കുന്ന 50,000 കുട്ടികൾക്കും കുടുംബങ്ങൾക്കും പ്രതിമാസ സഹായം, ഗ്രാമീണമേഖലയിൽ സുരക്ഷിത കുടിവെള്ളം ലഭ്യമാക്കൽ, നൂതന കാർഷിക രീതികൾ പരിചയപ്പെടുത്തൽ എന്നിവയും ടാറ്റ ട്രസ്റ്റ് നടത്തിവരുന്നു.
നൈപുണി വികസനം, പരിശീലനം, അത്യാധുനിക കാർഷിക സാങ്കേതികവിദ്യകൾ എന്നിവയിലൂടെ ഗ്രാമീണ കർഷകരെ ശക്തീകരിക്കുന്ന ടാറ്റ ട്രസ്റ്റ് ഇതിനായി ആവ്ഷ്കരിച്ചതാണ് കിസാൻ സൻസാർ പദ്ധതി. എൻജിഒകൾ മുഖേന സ്റ്റോറേജ് ടാങ്കുകൾ, ജലവിതരണ പൈപ്പ് ലൈനുകൾ, മരംനടീൽ, പാർക്കുകൾ, ശ്മശാനങ്ങൾ എന്നിവയും ടാറ്റ ട്രസ്റ്റ് ഗ്രാമങ്ങളിൽ നടപ്പാക്കുന്നു.
പരിസ്ഥിതി സംരക്ഷണം
ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ടാറ്റ ട്രസ്റ്റ് കർഷകർക്കായി മിതമായ നിരക്കിൽ സോളാർ പന്പുകൾ നൽകുന്നുണ്ട്. ഇതുവഴി ചെലവ് കുറഞ്ഞ ജലസേചനസൗകര്യം കർഷകർക്ക് പ്രാപ്യമാകുന്നു. ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ സൗരോർജ കന്പനിയാണ് ടാറ്റ പവർ സോളാർ. രാജ്യത്തെ 13 സംസ്ഥാനങ്ങളിലായി 17 വൻകിട സൗരോർജ പദ്ധതികളാണ് കന്പനിക്കുള്ളത്. ഇതുകൂടാതെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ടാറ്റ പവർ സോളാർ വൻകിട സൗരോർജ പദ്ധതികൾ നടപ്പിലാക്കിവരുന്നുണ്ട്.