ഹാന്‍ കാംഗ്: പൊള്ളിക്കുന്ന, വേട്ടയാടുന്ന എഴുത്ത്
സന്ദീപ് സലിം
Thursday, October 10, 2024 11:45 PM IST
ഒരു പുസ്തകം, അത് സാഹിത്യകൃതി ആണെങ്കില്‍ അത് ഏതു വിഭാഗത്തില്‍പ്പെടുന്നതാണെന്ന് വ്യക്തമാക്കുക എഴുത്തുകാരനാണ്. പക്ഷേ വായിക്കുന്ന പുസ്തകം നോവല്‍ പോലെ, കവിതപോലെ, ആത്മകഥ പോലെ, ജീവചരിത്രം പോലെ, ഉപന്യാസം പോലെ, ചരിത്രം പോലെ... ഓരോ വായനക്കാരനും അവരുടെ സൗകര്യത്തിനു വായിച്ചെടുക്കുകയാണെങ്കില്‍ എഴുത്തുകാരന്റെ ഭാഷ എത്രമാത്രം ഹൃദയസ്പര്‍ശിയായിരിക്കും, എത്രമാത്രം കാവ്യാത്മകമായിരിക്കും. തീര്‍ച്ചയായും ഭ്രമാത്മകം കൂടിയായിരിക്കും ആ ഭാഷ.
അത്യപൂര്‍വമായേ ഇത്തരം ഭാഷ വൈദഗ്ധ്യമുള്ള എഴുത്തുകാരന് ജനിക്കാറുള്ളൂ. ഇത്തരത്തില്‍ അനുപമമായ രചനാശൈലികൊണ്ട് വായനക്കാരെ വിസ്മയിപ്പിച്ച ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാംഗിനെത്തേടി 2024 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരമെത്തിയിരിക്കുന്നു. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുര്‍ബലത തുറന്നുകാട്ടുകയും ചെയ്യുന്ന തീവ്രമായ കാവ്യാത്മക ഗദ്യമാണ് ഹാന്‍ കാംഗിന്റേതെന്ന് നൊബേല്‍ പുരസ്കാര സമിതി വിലയിരുത്തുകയും ചെയ്തു. ദക്ഷിണ കൊറിയയിലേക്കെത്തുന്ന ആദ്യത്തെ സാഹിത്യ നൊബേലാണ് ഹാന്‍ കാംഗിന്റേത്.
കാംഗിന്റെ കൃതികള്‍ വായിക്കുന്ന ഏതൊരാളും നൂറു ശതമാനം യോജിക്കുന്ന നിരീക്ഷണമാണ് നൊബേല്‍ സമിതി നടത്തിയിരിക്കുന്നത്. കാംഗിന്റെ രചനകളില്‍ പുരുഷാധിപത്യം, അക്രമം, ദുഃഖം, മാനവികത തുടങ്ങി വിവിധങ്ങളായ വിഷയങ്ങള്‍ കടന്നുവരുന്നുണ്ട്. കാവ്യാത്മകവും പരീക്ഷണാത്മകവുമായ ശൈലിയിലുള്ള എഴുത്തിലൂടെ ഹാന്‍ കാംഗ് ലോകമെമ്പാടും വായനക്കാരുടെ പ്രിയങ്കരിയായ എഴുത്തുകാരിയായി മാറി.
വര്‍ത്തമാന കാലത്തിന്റെ ആശങ്കകളെയും ജീവിത പ്രതിസന്ധികളെയും അവതരിപ്പിക്കുമ്പോള്‍ എഴുത്തില്‍ ദാര്‍ശനികത്വം ദര്‍ശിക്കാനാവും. തീര്‍ത്തും അസാധാരണമായ ഒന്നാണിത്. ഇത്തരത്തില്‍ കാംഗ് എഴുത്തില്‍ കൊണ്ടുവരുന്ന അനിതരസാധാരണമായ വൈദഗ്ധ്യമാണ് നിരൂപകരെയും വായനക്കാരെയും അവരുടെ കൃതികളെ വാനോളം പുകഴ്ത്താന്‍ പ്രേരിപ്പിക്കുന്നത്.
ഹാന്‍ കാംഗിന്റെ ശ്രദ്ധേയമായ കൃതികളില്‍ പ്രധാനപ്പെട്ടതാണ് 2014ല്‍ പുറത്തിറങ്ങിയ ഹ്യൂമന്‍ ആക്ട്സ്. കാംഗിന്റെ രചനാരീതിയെ ലോകം പ്രകീര്‍ത്തിച്ചു തുടങ്ങിയതും ഈ കൃതി പുറത്തിറങ്ങിയതോടെയാണ്. ഈ നോവല്‍ 1980ലെ ഗ്വാങ്ജു പ്രക്ഷോഭത്തെ അധികരിച്ചാണ് കാംഗ് എഴുതിയത്. നൂറുകണക്കിന് വിദ്യാര്‍ഥികളും നിരായുധരായ സാധാരണക്കാരും കൊല്ലപ്പെട്ട പ്രക്ഷോഭത്തെ കാംഗ് വരച്ചിട്ടത് അക്രമം, പ്രതിരോധം, ഓര്മ തുടങ്ങിയ ഘട്ടങ്ങളിലൂടെയായിരുന്നു. ഈ നോവലിനെ നിരൂപകരും വായനക്കാരും വാനോളം പുകഴ്ത്തി
ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആദ്യ നോവലായ ദ വെജിറ്റേറിയനിലൂടെ ഇന്റര്‍നാഷണല്‍ ബുക്കര്‍ സമ്മാനം കാംഗ് സ്വന്തമാക്കി. വിവര്‍ത്തനം വിമര്‍ശിക്കപ്പെട്ടെങ്കിലും ദ വെജിറ്റേറിയന്‍ ഹാന്‍ കാംഗിനെ സമകാലിക എഴുത്തുകാരുടെ പട്ടികയില്‍ എത്തിച്ചു.
മാംസാഹാരം കഴിക്കാന്‍ വിസമ്മതിക്കുന്ന ഒരു സ്ത്രീ അതുമൂലം സമൂഹത്തില്‍നിന്ന് പ്രശ്നങ്ങള്‍ നേരിട്ട് മാനസിക രോഗത്തിലേക്കു വഴുതിവീഴുന്നതാണ് ദ വെജിറ്റേറിയന്‍ എന്ന നോവലിന്റെ പ്രമേയം.
1970ല്‍ ദക്ഷിണ കൊറിയയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള ഗ്വാങ്ജു എന്ന നഗരത്തിലാണ് ഹാന്‍ കാംഗ് ജനിച്ചത്. കാംഗിന് 10 വയസുള്ളപ്പോള്‍, കുടുംബം സിയോളിലെ സുയു-ഡോംഗിലേക്ക് മാറി. തലസ്ഥാനനഗരത്തിലെ യോന്‍സെ സര്‍വകലാശാലയില്‍ കാംഗ് കൊറിയന്‍ സാഹിത്യം പഠിച്ചു.
1993-ല്‍, കൊറിയന്‍ മാസികയായ ലിറ്ററേച്ചര്‍ ആന്‍ഡ് സൊസൈറ്റിയില്‍ പ്രസിദ്ധീകരിച്ച അഞ്ചു കവിതകളുടെ പരമ്പരയിലൂടെയാണ് ഹാന്‍ കാംഗ് തന്റെ എഴുത്തുജീവിതത്തിന്റെ അരങ്ങേറ്റം നടത്തിയത്. സാള് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍സില്‍ ക്രിയേറ്റീവ് റൈറ്റിംഗ് അധ്യാപികയായ ഹാന്‍ കാംഗ് സംഗീതജ്ഞയും കലാകാരിയും കൂടിയാണ്.