ഇഎസ്എ നിർണയം അവസാനിക്കാത്ത ആശങ്കകൾ
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
Thursday, October 10, 2024 12:17 AM IST
കാൽ നിലത്തുറപ്പിച്ചിട്ടേ ചുവടു വയ്ക്കാൻ കഴിയൂ എന്നത് സാമാന്യയുക്തിയാണ്. അപ്പോൾ നിൽക്കുന്നിടത്തെ മണ്ണൊലിച്ചുപോകുന്ന സ്ഥിതി വന്നാലോ? പരിസ്ഥിതി ലോല പ്രദേശം (ഇഎസ്എ) എന്ന പാരിസ്ഥിതികാവസ്ഥയും അതിനോടനുബന്ധിച്ചുള്ള കേന്ദ്രസർക്കാർ നയരൂപീകരണ കരട് രേഖകളും കേരളത്തിലെ മലയോരപ്രദേശവാസികൾ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ഈ വിഷയത്തിന്റെ സാങ്കേതികതയെക്കുറിച്ചും അപഗ്രഥനമാനദണ്ഡങ്ങളെക്കുറിച്ചും യാതൊരറിവുമില്ലാത്ത വെറും സാധാരണക്കാരാണ് അവരിൽ മഹാഭൂരിപക്ഷവും.
അപ്പോഴും അവർക്കിടയിൽ ഒരു സാമാന്യധാരണയുണ്ട്: ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ന് തങ്ങളുടെതെന്നു രേഖകൾ പ്രകാരം കരുതുന്ന മണ്ണിൽനിന്ന് സ്വാഭാവികമായി തങ്ങൾ കുടിയിറങ്ങേണ്ടിവരും. ഈ ആശങ്ക ദൂരീകരിക്കാൻ സംസ്ഥാന ഗവണ്മെന്റ് ഓഫീസുകൾക്കോ രാഷ്ട്രീയപാർട്ടികൾക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല.
പശ്ചിമഘട്ടത്തിലെ ചില പ്രദേശങ്ങൾ മുഴുവനെയും പരിസ്ഥിതിലോലപ്രദേശം എന്ന ഒറ്റ തലക്കെട്ടിൽ കൊണ്ടുവരുന്പോൾ അത് നോ-മാൻസ് ലാന്ഡ് സങ്കൽപംപോലെ പരിണമിക്കുകയാണ്. രാജ്യങ്ങൾ തമ്മിലുള്ള തർക്കഭൂമിയെ യുദ്ധരഹിതമാക്കാനാണ് നോ-മാൻസ് ലാൻഡ് പ്രഖ്യാപനം നടത്തുന്നത്. പരിസ്ഥിതിസംരക്ഷണം ഇന്ന് എക്കാലത്തേക്കാളും പ്രാധാന്യമർഹിക്കുന്ന വിഷയമാണ്. പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി ഇഎസ്എകളിൽനിന്ന് മനുഷ്യൻ ക്രമേണ പിൻവാങ്ങണം എന്ന് പറയുന്പോൾ തങ്ങളെ ആരു സംരക്ഷിക്കുമെന്ന ചോദ്യമാണ് പ്രദേശവാസികൾ ഉയർത്തുന്നത്. ഈ ജനങ്ങൾക്കും മറ്റുള്ളവരെപ്പോലെ സ്ഥലം, പാർപ്പിടം, വിദ്യാഭ്യാസം, ഉപരിപഠനം, കുടുംബം തുടങ്ങിയ എല്ലാ അവകാശങ്ങളുമുണ്ടെന്ന് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ വിസ്മരിക്കരുത്.
കരടുപ്രഖ്യാപനത്തിൽ ഇഎസ്എ ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ താമസിക്കുന്ന എല്ലാവരും നമ്മുടെ സഹോദരങ്ങളാണ്. പരിഷ്കൃതസമൂഹം എല്ലാവരുടെയും താത്പര്യങ്ങളെ പരിഗണിക്കുന്നതാണ്. ഇഎസ്എ സംരക്ഷണം ഒരു കൂട്ടം ആളുകളുടെ മാത്രം കടമയാണെന്ന് പറഞ്ഞ് നമുക്ക് ഒഴിവായി നിൽക്കാനാവില്ല. ആ പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കകൾ സർക്കാർ തലത്തിൽ ശ്രദ്ധയിൽപെടുത്താനും അവർക്ക് സഹായവും സംരക്ഷണവും ഐക്യദാർഢ്യവും വാഗ്ദാനം ചെയ്യാനും നമുക്കു കഴിയണം.
വേണം, ഉന്നതതല ഏകോപനം
നമ്മുടെ ഭരണസന്പ്രദായത്തിന്റെ പ്രത്യേകത അത് നിരവധി വകുപ്പുകളുടെ ഏകോപനം ആവശ്യപ്പെടുന്നു എന്നതാണ്. ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന വിഷയമായ ഇഎസ്എ നിർണയത്തിൽ കേരളത്തിലെ വിവിധ ഭരണവകുപ്പുകളിൽനിന്ന് നടപടികൾ ഉണ്ടായിട്ടുണ്ട്. കേരളസർക്കാരിന്റെ ഈ മണ്ഡലത്തിലുള്ള പ്രവർത്തനങ്ങൾ ശ്ലാഘനീയം തന്നെയാണ്. എന്നാൽ ഉന്നതതല ഏകോപനംകൂടി ഈ വിഷയത്തിൽ ആവശ്യമാണ്. കേരളഗവണ്മെന്റ് നിയോഗിച്ച കമ്മിറ്റികളുടെ ശിപാർശ കേന്ദ്രഗവണ്മെന്റ് പുറത്തിറക്കിയ കരടുരേഖയിൽ ഇടംപിടിക്കാത്തത് എന്തൊകൊണ്ടാണെന്ന് പഠിക്കാനും അതിന്റെ പോരായ്മകൾ പരിഹരിക്കാനും പ്രവർത്തനങ്ങളുടെ ഉന്നതതല ഏകോപനം ആവശ്യമാണ്.
ജനവാസമേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നതും മനുഷ്യജീവൻ അപഹരിക്കുന്നതും ഗൗരവമുള്ള വിഷയമാണ്. എല്ലാം കാടായിരുന്നു; കാട് മൃഗങ്ങളുടേതായിരുന്നു; മനുഷ്യനത് അപഹരിച്ചതാണ്; ഇപ്പോൾ മൃഗങ്ങളത് തിരിച്ചുചോദിക്കുന്നുവെന്നൊക്കെ എഴുതിവിടുന്ന കാൽപ്പനികചിന്തകരോട് ഭൂമിയിൽ മനുഷ്യനുമില്ലായിരുന്നോ എന്ന മറുവാദം ഉന്നയിക്കേണ്ടിവരുന്നുണ്ട്. വനമധ്യത്തിൽ ജലവും ഭക്ഷണവും കിട്ടാതെ വരുന്നതുകൊണ്ട് മൃഗങ്ങൾ കാടിറങ്ങുന്നുവെന്ന് പറയുന്പോൾ വനത്തിൽ മൃഗങ്ങൾ പെരുകി എന്നാണർഥം. കേരളത്തിലെ വനം-വന്യജീവിസംരക്ഷണ വകുപ്പുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന്റെ തെളിവാണിത്. കൂടാതെ വന്യജീവി സംരക്ഷണ നിയമങ്ങളെക്കുറിച്ച് പൊതു അവബോധം സൃഷ്ടിക്കാനും നമുക്കായി. ഇനി സംരക്ഷണം ഉറപ്പുവരുത്തേണ്ടത് കൃഷിഭൂമിക്കും വിളവുകൾക്കുമാണ്.
സമഗ്രതയാണ് ജനാധിപത്യം ലക്ഷ്യം വയ്ക്കേണ്ടത്. ഒന്ന് ശ്രദ്ധിക്കുന്പോൾ മറ്റൊന്ന് സർക്കാരിന്റെ ശ്രദ്ധയിൽനിന്ന് ഒഴിവാകാൻ പാടില്ല. കാടും മനുഷ്യനും കൃഷിഭൂമിയും വിളകളും മെതിയും കൊയ്ത്തും കൂടുന്പോഴാണ് ഒരു നാട് പൂർണമാകുന്നത്. അയൽ സംസ്ഥാനങ്ങളിൽനിന്നു വിഷലിപ്തമായ പച്ചക്കറി വരുന്നുവെന്ന പത്രവാർത്ത വരുന്ന ആഴ്ചയിൽ മാത്രം സ്വന്തം നാട്ടിൽ കൃഷി ചെയ്ത് വിളവെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചാൽ പോരാ. യഥാർഥ പരിഹാരങ്ങൾക്കുവേണ്ടി ജനം വാതിലുകൾ മുട്ടുകയാണ്. കർഷകർ അസംഘടിതരായതിനാൽ അവരുടെ വിലാപങ്ങൾ പലപ്പോഴും ബധിരകർണങ്ങളിലാണ് പതിക്കുന്നത്. അവരുടെ ലോകത്ത് ശന്പളകമ്മീഷനുകൾക്ക് പ്രസക്തിയില്ല; സ്ഥിരവരുമാനമില്ലാത്ത ഈ അസംഘടിതജനതയ്ക്ക് കുടുംബാരോഗ്യ ഇൻഷ്വറൻസുകളുടെ പ്രമീയം പലപ്പോഴും അചിന്തനീയമാണ്. നഷ്ടസ്വർഗങ്ങളുടെ കഥയാണ് കർഷകർക്ക് പറയാനുള്ളത്. രാഷ്ട്രീയ കക്ഷികളും എൻജിഒകളും പ്രശ്നപരിഹാരങ്ങൾക്കായി മുന്നിട്ടിറങ്ങണം. ജനങ്ങളെ ക്ഷമയോടെ കേൾക്കാനും ആശങ്കകൾ മനസിലാക്കാനും വസ്തുതകൾ അംഗീകരിക്കാനും അവർ മനസുകാണിക്കണം. ഭരണാധികാരികൾ പ്രയോജനമുള്ള കാവൽക്കാരായിത്തീരണം.
ഭരണകൂടത്തിന്റെ ചുമതല
ഒരു പ്രദേശത്തെ ഇഎസ്എ ആയി പ്രഖ്യാപിക്കുന്പോൾ അവിടെ അധിവസിക്കുന്ന ജനതയ്ക്ക് ആ പ്രഖ്യാപനം ഒരു ബാധ്യതയായി മാറുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ്. ഇഎസ്എകളിൽനിന്ന് സ്ഥലം വിറ്റ് മറ്റിടങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് നഷ്ടം വരാത്ത വില നൽകി അവരുടെ ഭൂമി വാങ്ങാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തപദ്ധതികൾ തയാറാക്കിയാൽ വലിയൊരുപരിധിവരെ ആശങ്കൾക്ക് പരിഹാരമാകും. ഇത് ജനങ്ങളുടെ തീർത്തും യുക്തിഭദ്രവും ന്യായവുമായ ആവശ്യമായി കാണാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കഴിയണം. റോഡ് വികസനത്തിനും ഐടി പാർക്കുകൾക്കും വിമാനത്താവളങ്ങൾക്കും സ്ഥലമേറ്റെടുക്കുന്ന നടപടികൾ നമുക്ക് പരിചതമാണല്ലോ. ഇഎസ്എകളിൽ താമസം തുടരുന്നവരെ ആ പ്രദേശത്തിന്റെ സംരക്ഷകരായി മാറ്റുന്ന പദ്ധതികൾ ആസൂത്രണം ചെയ്യണം.
കാടിന്റെ സംരക്ഷകരായി പ്രദേശവാസികളെ ഇൻസെന്റീവുകളോടെ വിജയകരമായി ഇപ്പോൾത്തന്നെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. സംരക്ഷണച്ചുമതല ഒരു വരുമാനമാർഗം കൂടിയാകുന്പോൾ പ്രദേശവാസികളുടെ സഹകരണം ന്യായമായും വർധിക്കും. ഇങ്ങനെ ഭരണകൂടത്തിന്റെ ഇച്ഛാശക്തിവഴി ഇഎസ്എകളിലെ ജനജീവിതത്തിന് സംരക്ഷണവും ആ പ്രദേശങ്ങളിലെ ജൈവവൈവിധ്യത്തിന്റെ സംരക്ഷണത്തിന് വേതനവും ഉറപ്പുനല്കാമെങ്കിൽ ഗ്രാമസഭകൾതന്നെ തങ്ങളെ ഇഎസ്എയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടേക്കാം. എന്നാൽ ഇപ്പോൾ നടക്കുന്ന ഇഎസ്എ നിർണയ യജ്ഞങ്ങളെ ജനങ്ങൾ സംശയത്തോടെയാണ് കാണുന്നത്. യാതൊരു നഷ്ടപരിഹാരവും അനുവദിക്കാതെ വാസമേഖലകളിൽനിന്ന് തങ്ങളെ ക്രമേണ പുകച്ചുപുറത്തുചാടിക്കുന്ന പദ്ധതിയായിട്ടാണ് ജനങ്ങൾ ഇതിനെ വ്യാഖ്യാനിക്കുന്നത്. അതുകൊണ്ടാണ് ഇഎസ്എ ഒരു വിവാദവിഷയമായി ഇപ്പോഴും തുടരുന്നത്.
ആറാം കരടുവിജ്ഞാപനം
2024 ജൂലൈ 31ന് കേന്ദ്രസർക്കാരിന്റെ പരിസ്ഥിതിമന്ത്രാലയം പുറപ്പെടുവിച്ച ആറാം കരടുവിജ്ഞാപനം കേരളത്തിലെ മലയോരമേഖലയിലെ ജനജീവിതത്തെ കൂടുതൽ ആശങ്കയിലാഴ്ത്തി. കാരണം, ജനവാസപ്രദേശങ്ങളും ജലാശയങ്ങളും തോട്ടങ്ങളും പാറപ്രദേശങ്ങളും ഒറ്റപ്പെട്ട വനപ്രദേശങ്ങളും ഒഴിവാക്കി സംരക്ഷിതവനപ്രദേശങ്ങളും റിസർവ് വനങ്ങളും അണക്കെട്ടുകളും ഉൾപ്പെടുന്ന 92 വില്ലേജുകളിലെ (വില്ലേജുകളുടെ അതിർത്തി പുനർനിർണയവും വിഭജനവും വഴി ഇപ്പോഴത് 98 വില്ലേജുകളായി) 8656.46 ചതുരശ്ര കിലോമീറ്റർ ഇഎസ്എ ആയി പ്രഖ്യാപിക്കണമെന്ന കേരളസർക്കാരിന്റെ ശിപാർശ ഈ കരടുവിജ്ഞാപനത്തിൽ ഇടംപിടിച്ചിട്ടില്ല. പകരം 131 വില്ലേജുകളുകളായി (123 വില്ലേജുകളാണ് കേന്ദ്രഗസർക്കാരിന്റെ പ്രാരംഭകണക്കിലുള്ളത്; മുകളിൽപ്പറഞ്ഞിട്ടുള്ള വില്ലേജുകളുടെ വിഭജനം വഴി 123 എന്നത് 131 ആയി ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നു) 9993.7 ചതുരശ്ര കിലോമീറ്റർ കേരളത്തിൽ ഇഎസ്എ ആണെന്ന നിലപാടിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അവസാനം പ്രസിദ്ധീകരിച്ച കരടുവിജ്ഞാപനത്തിലും ഉറച്ചുനിൽക്കുകയാണ്. കൂടാതെ 2018 മുതൽ സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ സമർപ്പിച്ചിട്ടുള്ള പ്രൊപ്പോസലുകൾ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവുകളൊന്നും ഇതുവരെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്കിയിട്ടില്ല. യഥാർഥത്തിൽ ഈ വസ്തുതയാണ് കേരളത്തെ കൂടതൽ ആശങ്കയിലാഴ്ത്തുന്നത്.
കരടുവിജ്ഞാപനത്തിൽ മറ്റെല്ലാ സംസ്ഥാനങ്ങളുടെയും പ്രൊപ്പോസൽ കഡസ്റ്റർ മാപ്പുകളടക്കം കേന്ദ്രസർക്കാരിന്റെ പരിസ്ഥിതിമന്ത്രാലയ വെബ്സൈറ്റ് പ്രസിദ്ധപ്പെടുത്തിയപ്പോൾ കേരളത്തിന്റെ മാപ്പ് നൽകിയില്ല. പകരമായി കേരളത്തിന്റെ മാപ്പ് പ്രൊപ്പോസൽ കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നുള്ള അറിയിപ്പാണ് നൽകിയിരിക്കുന്നത്. ഈ മാപ്പ് പ്രൊപ്പോസൽ കരടുവിജ്ഞാനപത്തിൽ ഉൾപ്പെടുത്തിയാലേ അതിന് പൂർണമായ അംഗീകാരമാകുന്നുള്ളൂ. കൂടാതെ കേരളം സമർപ്പിച്ച മാപ്പ് പ്രൊപ്പോസലിനെ അടിസ്ഥാനപ്പെടുത്തി സംസ്ഥാനം ആവശ്യപ്പെട്ട സ്ഥലങ്ങൾ ഇപ്പോഴും കേന്ദ്രസർക്കാരിറക്കിയ കരടുവിജ്ഞാപനത്തിൽനിന്ന് ഒഴിവാക്കിയിട്ടില്ല. അതിനാലാണ് ഈ വിഷയത്തിന്റെ ഏകോപനച്ചുമതല സംസ്ഥാനസർക്കാർ കൂടുതൽ കാര്യക്ഷമമായി നിർവഹിക്കണമെന്ന് ഇവിടെ നിർദേശിക്കുന്നത്. കരടുവിജ്ഞാപനത്തിൽ ഇഎസ്എയിൽനിന്ന് ഒഴിവാക്കേണ്ടിയിരുന്ന കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര പ്രദേശങ്ങളിലെ ജനങ്ങൾ തങ്ങൾ ഇതുവരെയും ഉയർത്തിയ ഉത്കണ്ഠകളും പരാതികളും തമസ്കരിക്കപ്പെട്ടതിൽ തീർത്തും നിരാശരാണ്. വനഭൂമിയുടെ അംശംപോലുമില്ലാത്ത ഈ പ്രദേശങ്ങളും മറ്റു ജില്ലകളിലെ ഏതാനും പ്രദേശങ്ങളും ഒഴിവാക്കാനുള്ള കേരളത്തിന്റെ നിർദേശം റവന്യു-ഫോറസ്റ്റ് വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള ഫിസിക്കൽ വെരിഫിക്കേഷന് ശേഷമുള്ളതാണ്. എന്നാൽ കേന്ദ്ര കരടുവിജ്ഞാപനത്തിൽ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി സമർപ്പിച്ച ഉപഗ്രഹ മാപ്പിങ്ങിലെ പഴയ രേഖകൾ മാത്രമാണ് ഇപ്പോഴും അടിസ്ഥാനമാക്കിയിരിക്കുന്നത്. ഒരു ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന സർക്കാർ മുന്നിട്ടു നടത്തിയ വിശദമായ പഠനത്തെ ഗൗരവമായി കണക്കിലെടുത്ത് കേന്ദ്ര സർക്കാർ അംഗീകരിക്കേണ്ടതായിരുന്നു.
പരിസ്ഥിതിയുടെ സംരക്ഷകർ
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുക എന്ന സദുദ്ദേശ്യത്തെ എല്ലാവരും പിൻതാങ്ങുന്നുണ്ട്. പരിസ്ഥിതിയെ തകർത്തുകൊണ്ടുള്ള വ്യാപാരനിക്ഷേപങ്ങൾ പരിസ്ഥിതിലോലമേഖലകളിൽ നടത്തിയത് റിയൽ എസ്റ്റേറ്റ്-ക്വാറി മാഫിയകളാണ്. ഇവർക്ക് മൂക്കുകയറിടാനുള്ള ഇച്ഛാശക്തി സർക്കാർ ആദ്യം കാണിക്കണം. വനമേഖല അൽപംപോലുമില്ലാത്ത തീർത്തും ജനവാസമേഖലയായിട്ടുള്ള പ്രദേശങ്ങളെ ഇഎസ്എ ആയി കണക്കാക്കരുതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ വസ്തുതകളുടെ വെളിച്ചത്തിൽ ബോധ്യപ്പെടുത്താൻ ചീഫ് സെക്രട്ടറി തലത്തിൽ കേരളസർക്കാർ ഇടപെടണം.
കൃഷിയും കർഷകരും പരിസ്ഥിതിയുടെയും പ്രകൃതിയുടെയും യഥാർഥ സംരക്ഷകരാണെന്ന യുക്തിസഹവും പ്രഥമവുമായ അനുമാനത്തിലായിരിക്കണം കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ പദ്ധതികൾ തുടർന്നും വിഭാവനം ചെയ്യേണ്ടത്. പ്രകൃതിയുടെ താളമാണ് കൃഷിയുടെ താളം. കർഷകൻ അന്നദാതാവാണ്. ബൈബിളിൽ ദൈവം ഏദൻതോട്ടത്തിൽ നിൽക്കുന്ന ആദ്യമനുഷനായ ആദത്തോട് സംസാരിക്കുന്നു. ഏദൻതോട്ടത്തിന്റെ സംരക്ഷകനായിരുന്നു ആദം. പരിസ്ഥിതിയുടെ സംരക്ഷണം മനുഷ്യനിയോഗമാണ്. യാഥാർഥ്യബോധമുള്ള പദ്ധതികൾ ആ സംരക്ഷണോദ്യമത്തെ ഏറ്റവും ഫലപ്രദമാക്കും.