കേരള കോണ്‍ഗ്രസ് അറുപതിന്റെ നിറവിൽ
Wednesday, October 9, 2024 12:15 AM IST
പ്രസക്തിയേറുന്നു: പി.ജെ. ജോസഫ്
സാബു ജോണ്‍
കേരള കോണ്‍ഗ്രസ് പിറവിയെടുത്തിട്ട് ഇന്ന് അറുപതു വർഷം തികയുന്നു. പിളർന്നും വളർന്നും കുതിച്ചും കിതച്ചുമുള്ള യാത്ര. ഇടതു, വലതു മുന്നണികൾക്കൊപ്പം അധികാരം പങ്കിട്ടു കേരള രാഷ്ട്രീയത്തിലെ നിർണായകശക്തിയായി മാറിയ കേരള കോണ്‍ഗ്രസ് ഇന്നു പലരുടെ പേരിൽ ഇരു മുന്നണികളുടെയും ഭാഗമാണ്.
1964ൽ രൂപംകൊണ്ട് അടുത്ത വർഷം നടന്ന തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കുനിന്ന് 25 സീറ്റുകളിൽ വിജയിച്ചു കരുത്തുകാട്ടിയ കേരള കോണ്‍ഗ്രസിനു കാലക്രമത്തിൽ ശക്തിക്ഷയം സംഭവിച്ചിട്ടുണ്ടെന്നതു വസ്തുത. അപ്പോഴും കേരള രാഷ്ട്രീയത്തിൽ കേരള കോണ്‍ഗ്രസിനു നിർണായക സ്ഥാനമുണ്ടെന്നതു നിഷേധിക്കാനാകില്ല.
പാർട്ടി രൂപവത്കൃതമായി ആറാം വർഷം കേരള കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷിയിൽ അംഗമായ, പാർട്ടിയുടെ ഇന്നു ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന നേതാവുമായ പി.ജെ. ജോസഫ് കേരള കോണ്‍ഗ്രസിന്റെ പ്രസക്തിയെപ്പറ്റിയും സംഭാവനകളെക്കുറിച്ചും ദീപികയുമായി സംസാരിക്കുന്നു:
? കേരള രാഷ്ട്രീയത്തിൽ കേരള കോണ്‍ഗ്രസിന്റെ പ്രസക്തി എന്താണ്.
കാർഷിക വിഷയങ്ങൾ ഉയർത്തുന്നതിൽ കേരള കോണ്‍ഗ്രസ് എന്നും മുൻപന്തിയിലുണ്ടായിരുന്നു. കാലാകാലങ്ങളിൽ ഭൂപ്രശ്നങ്ങൾ, കാർഷികവിളകളുടെ വിലയിടിവ് തുടങ്ങിയ പ്രശ്നങ്ങൾ ശക്തമായി ഉന്നയിക്കാനും പരിഹാരം നേടിയെടുക്കാനും കേരള കോണ്‍ഗ്രസിനായിട്ടുണ്ട്.
? സമകാലീന രാഷ്ട്രീയത്തിൽ കേരള കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടുണ്ടോ.
തീർച്ചയായും ഇല്ല. കേരള കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതുപോലെ കാർഷികപ്രശ്നങ്ങൾ ഏറ്റെടുക്കാൻ മറ്റാർക്കെങ്കിലും സാധിക്കുമോ? വനം-വന്യജീവി പ്രശ്നങ്ങളും കാലാവസ്ഥാമാറ്റവുമെല്ലാം കൃഷിക്കാർ നേരിടുന്ന പുതിയ ഭീഷണികളാണ്. ഇതെല്ലാം ഉന്നയിക്കാനും കർഷകരുടെ അവകാശങ്ങൾക്കു വേണ്ടി നിലപാടെടുക്കാനും കേരള കോണ്‍ഗ്രസ് ഉണ്ടായേ പറ്റൂ. യഥാർഥത്തിൽ കേരള കോണ്‍ഗ്രസിന്റെ പ്രസക്തി വർധിച്ചിരിക്കുകയാണ്.
? കർഷകരുടെ പാർട്ടി എന്ന ലേബൽ കേരള കോണ്‍ഗ്രസിനു പരിമിതി ആയിട്ടുണ്ടോ.
കാർഷിക മേഖലയ്ക്കുള്ള ഊന്നൽ മാറ്റേണ്ടതില്ല. എന്നാൽ, യുവാക്കളുടെ തൊഴിൽ, വികസനം തുടങ്ങിയവയ്ക്കൊക്കെ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട മേഖലകളാണ്. കൃഷിക്കു പ്രാധാന്യം കൊടുക്കുന്പോൾത്തന്നെ മൂല്യവർധിത ഉത്പന്നങ്ങളിലേക്കുകൂടി നമ്മൾ മാറേണ്ടതുണ്ട്.
? രൂപവത്കരിക്കപ്പെട്ട കാലവുമായി താരതമ്യം ചെയ്താൽ കേരള കോണ്‍ഗ്രസിനു കുറച്ചു ശക്തിക്ഷയം ഉണ്ടായിട്ടില്ലേ.
തീർച്ചയായും. കുറച്ചു ക്ഷീണമുണ്ടായിട്ടുണ്ട്. പാർട്ടിയെ വളർത്തിയെടുക്കുക എന്നതാണു ഞങ്ങളുടെ ലക്ഷ്യം. അതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
? പലതായി ഭിന്നിച്ചു നിൽക്കുന്ന കേരള കോണ്‍ഗ്രസുകൾ ഒരുമിക്കേണ്ടത് ആവശ്യമാണെന്നു കരുതുന്നുണ്ടോ.
ജനങ്ങളെ ഒന്നിപ്പിക്കുക എന്നതാണു ലക്ഷ്യം. ഏതായാലും കേരള കോണ്‍ഗ്രസുകളുടെ ഏകീകരണം ഇപ്പോൾ സജീവപരിഗണനയിലില്ല.
? കേരള കോണ്‍ഗ്രസ് കർഷക പാർട്ടി എന്നു പറയുന്പോഴും കൃഷിവകുപ്പ് കൈകാര്യം ചെയ്യാൻ സാധിച്ചില്ല. മികച്ച കർഷകനും കാർഷിക വിദഗ്ധനുമായ താങ്കൾക്ക് കൃഷി വകുപ്പ് കൈകാര്യം ചെയ്യാൻ കഴിയാത്തതിൽ നിരാശയുണ്ടോ.
കാർഷികമേഖലയുടെ അഭിവൃദ്ധിക്കു മറ്റു വകുപ്പുകളിലൂടെയും കഴിയുമെന്ന ചിന്താഗതിക്കാരനാണു ഞാൻ. കൃഷിയും മൃഗസംരക്ഷണവും പ്രാധാന്യമുള്ള വകുപ്പുകൾതന്നെയാണ്.
? കേരളം ഇപ്പോൾ ഊന്നൽ നൽകേണ്ടത് എന്തിനാണ്.
കേരളത്തിലെ പശ്ചാത്തലമേഖല ശക്തിപ്പെടുത്തണം. നോർത്ത്-സൗത്ത് എക്സ്പ്രസ് ഹൈവേ ഇപ്പോഴും പ്രസക്തമാണ്. ഗതാഗതപ്രശ്നങ്ങൾ വലിയൊരു അളവോളം പരിഹരിക്കാൻ ഇതു സഹായിക്കും. നാളികേരം ഉൾപ്പെടെയുള്ള കാർഷികവിളകൾ അതേപടി വിൽക്കാതെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റണം.
പഴവർഗ കൃഷി, ടൂറിസം തുടങ്ങിയ മേഖലകളിലൊക്കെ കേരളത്തിനു വലിയ സാധ്യതകളുണ്ട്. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാം കേരള നിയമസഭയെ അഭിസംബോധന ചെയ്തു വികസനകാഴ്ചപ്പാട് അവതരിപ്പിച്ചപ്പോൾ ഊന്നൽ നൽകേണ്ട ആദ്യ മേഖലയായി പറഞ്ഞതു ടൂറിസമാണ്. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമായിരിക്കണം ടൂറിസത്തിൽ നടത്തേണ്ടത്.
? കേരള കോണ്‍ഗ്രസ് എന്ന പാർട്ടി ഉണ്ടായിരുന്നില്ലെങ്കിൽ ഇന്നത്തെ കേരളം എന്താകുമായിരുന്നു.
കാർഷിക മേഖല ഇങ്ങനെയാകുമായിരുന്നില്ല. കാർഷിക മേഖലയ്ക്ക് ഇന്നുള്ള പ്രാമുഖ്യം ലഭിച്ചത് കേരള കോണ്‍ഗ്രസിന്റെ പ്രവർത്തനഫലമായിട്ടാണ്.
? പാർട്ടിയിൽ പലപ്പോഴായി ഉണ്ടായ പിളർപ്പുകൾ.
പിളർപ്പുകൾ ദൗർഭാഗ്യകരമായിരുന്നു. എങ്കിലും പാർട്ടി ശക്തമായി മുന്നോട്ടു പോകും.
തിരുത്തല്‍ശക്തി: ജോസ് കെ. മാണി
റെജി ജോസഫ്
കേരള കോണ്‍ഗ്രസിന്റെ പ്രസക്തി?
കേരള കോണ്‍ഗ്രസിന്റെ പിറവി അന്നത്തെ കാലഘട്ടത്തിന്റെ രാഷ്ട്രീയ അനിവാര്യതയായിരുന്നു. പൊതു ഭരണ രാഷ്ട്രീയത്തില്‍ ഒരേ കൊടിപിടിക്കുന്ന എല്ലാവരുടെയും വികാരങ്ങളെ ഉള്‍ക്കൊള്ളണമെന്നും ജനാധിപത്യത്തില്‍ തുല്യപ്രാതിനിധ്യമുണ്ടെന്നും തെളിയിക്കാന്‍ കേരള കോണ്‍ഗ്രസിന് സാധിച്ചു. 1964ല്‍ പാര്‍ട്ടിയുടെ രൂപവത്കരണത്തിനുശേഷം നടന്ന പ്രഥമ തെരഞ്ഞടുപ്പില്‍ തനിച്ചുള്ള ജനപിന്തുണ 25 സീറ്റുകളിലെ വിജയത്തിലൂടെ തെളിയിച്ചു. കേരളത്തിന്റെ പൊതുസമൂഹത്തില്‍ എക്കാലത്തും അടിത്തറയും ആള്‍ബലവും പ്രാതിനിധ്യവുമുള്ള പ്രസ്ഥാനമാണിത്. കേരള രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കാനോളം ശക്തവുമാണ്.
പാര്‍ട്ടിയുടെ സംഭാവനകള്‍?
സംസ്ഥാനത്ത് ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതില്‍ എക്കാലത്തും പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളുമായി നിലകൊള്ളുന്ന പാര്‍ട്ടി കേരള കോണ്‍ഗ്രസാണ്. അധ്വാനിക്കുന്ന കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും കരുതലാണ്. മാനുഷിക മൂല്യങ്ങള്‍ക്ക് എന്നും പരഗണന നല്കുന്നു. അനേകര്‍ക്ക് കരുതലായി നിരവധി ജീവകാരുണ്യ, പെന്ഷന്, ക്ഷേമനിധി പദ്ധതികള്‍ നടപ്പാക്കി. ഇത്തരത്തില്‍ പാവങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും ആലംബഹീനര്‍ക്കും കരുതലായി മാറാനും പൊതുസമൂഹത്തിന്റെ വിശ്വാസ്യത നേടിയെടുക്കാനുമായി.
മുന്‍കാലങ്ങളിലൊക്കെ അവഗണിക്കപ്പെട്ടിരുന്ന കര്‍ഷക രാഷ്ട്രീയം കേരളത്തിന്റെ പൊതു ഭരണ അജണ്ടയില്‍ എത്തിക്കാനും കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളെ ഉയര്‍ത്തിക്കാട്ടാനും പരിഹാരം തേടാനുമായി. മലയോരവാസികള്‍ക്ക് പട്ടയം ഉള്‍പ്പെടെ കുടിയേറ്റക്കാരുടെ മുറവിളികള്‍ക്ക് പരിഹാരം നേടിക്കൊടുക്കാനും സാധിച്ചു. വന്യമൃഗശല്യം, പരിസ്ഥിതി ലോല, ബഫര്‍ സോണ്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം കര്‍ഷകരക്ഷ ഉറപ്പാക്കാന്‍ മുന്നില്‍ നില്ക്കുന്നു. കാര്‍ഷിക പ്രശ്നങ്ങളിലും ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും കേരള കോണ്‍ഗ്രസ് കോംപ്രമൈസിന് തയാറല്ല. തീരദേശ പ്രശ്നങ്ങളിലും ശക്തമായി ഇടപെടലുകള്‍ നടത്തുന്നു.
ഇതര നേട്ടങ്ങള്‍?
പ്രഗത്ഭരും പരിണതപ്രജ്ഞരുമായ ഒട്ടേറെ നേതാക്കളെ രാഷ്ട്രീയത്തിന് സംഭാവന ചെയ്യാന്‍ കേരള കോണ്‍ഗ്രസിനു കഴിഞ്ഞിട്ടുണ്ട്. ഭരണപ്രാപ്തിയും പ്രായോഗികതയും അനുഭവജ്ഞാനവുമുള്ള നിരവധി നേതാക്കള്‍ ഈ പാര്‍ട്ടിയില്‍ എക്കാലത്തുമുണ്ട്. നിയമ, സാമ്പത്തിക വിഷയങ്ങളില്‍ മികച്ച പാര്ലമെന്റേറിയന്മാരായും കേരള കോണ്‍ഗ്രസ് നേതാക്കള്‍ പ്രാഗത്ഭ്യം തെളിയിച്ചു. കേരള വികസനത്തിന് ദിശാബോധം പകര്‍ന്നവരുടെ ഗണത്തില്‍ കെ.എം. മാണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചരിത്രത്തിന്റെ ഭാഗമാണ്.
ജനമനസുകളില്‍നിന്ന് ആ ഓര്‍മകള്‍ മായുകയുമില്ല. യുവജനങ്ങളെ നേതാക്കളാക്കി വളര്‍ത്തുന്നതില്‍ മറ്റ് പാര്‍ട്ടികള്‍ക്കു മാതൃകയാകാനും ഈ പാര്‍ട്ടിക്കു സാധിച്ചു. പാര്‍ട്ടിയുടെ യുവനിരയില്‍നിന്ന് എത്രയോ എംഎല്‍എമാര്‍ ഓരോ കാലത്തും നിയമസഭയിലെത്തിയിട്ടുണ്ട്. പാര്‍ലമെന്റിലും നിയമസഭയിലും കേരള കോണ്‍ഗ്രസിന്റെ ശബ്ദവും നിലപാടും പ്രസക്തമാണ്. തദ്ദേശസ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ യുവജനങ്ങള്‍ക്ക് അംഗീകാരവും അവസരവും നല്കാന് പാര്‍ട്ടി ശ്രദ്ധവയ്ക്കുന്നു. പാര്‍ട്ടിയുടെ കരുത്തായി യുവജനങ്ങള്‍ ഒപ്പമുണ്ട്.
പ്രാദേശിക പാര്‍ട്ടികള്‍ക്ക് പ്രസക്തിയുണ്ടോ?
തമിഴ്നാട്ടിലെ ഡിഎംകെ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും പഴക്കവും പാരമ്പര്യമുള്ള പ്രാദേശിക പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. നിരവധി ദേശീയ, പ്രാദേശിക പാര്‍ട്ടികള്‍ ഇല്ലാതായിട്ടും കേരള കോണ്‍ഗ്രസ് 60 വര്‍ഷമായി ജനപിന്തുണയില്‍ മുന്നേറുന്നു. വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ ഇന്ത്യന്‍ സംസ്കാരത്തില്‍ പ്രാദേശിക വികാരങ്ങളും ആവശ്യങ്ങളും ദേശീയതലത്തില്‍ ഉണര്‍ത്തുന്നതില്‍ പ്രാദേശിക പാര്‍ട്ടികളുടെ പ്രസക്തി കുറയില്ല. ഇപ്പോള്‍ ദേശീയ പാര്‍ട്ടികള്‍ക്കുവരെ പിന്ബലമാകുന്നത് അവരോടു സഖ്യം ചേര്‍ന്ന പ്രാദേശിക പാര്‍ട്ടികളാണ്.
ദേശീയ പ്രതിപക്ഷത്തിലും പ്രാദേശിക പാര്‍ട്ടികളുടെ സാന്നിധ്യം ചെറുതല്ല. ബിജെപിയുടെ ഏകാധിപത്യ നിലപാടുകളെ ചെറുക്കാനും തിരുത്താനും ദേശീയ ബദല്‍ വന്നപ്പോള്‍ അതിനു പിന്നിലും കേരള കോണ്‍ഗ്രസുണ്ട്. ബിജെപിയെ പുറത്താക്കാന്‍ ദേശീയ പാര്‍ട്ടികള്‍ക്ക് തനിയെ സാധിക്കാതെ വന്നപ്പോള്‍ പ്രാദേശിക പാര്‍ട്ടികള്‍കൂടി കൈകോര്‍ത്തതിന്റെ നേട്ടമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.
ലയനത്തിന്റെ പ്രസക്തി?
അഞ്ച് എംഎല്‍എമാരും ഒരു എംപിയുമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്-എം. ദേശീയ, സംസ്ഥാന അംഗീകാരവും ജനപിന്തുണയും ഔദ്യോഗിക ചിഹ്നവുമുണ്ട്. ലയനം എന്ന നടപടിയില്‍ പ്രത്യേകമായ പ്രസക്തിയില്ലെന്ന് പല വേളകളില്‍ കണ്ടു. നേതൃത്വത്തിലുള്ള ഏതാനും വ്യക്തികളുടെ ഒരുമിക്കല്‍ ശാശ്വതമായ വിജയമാകണമെന്നില്ല. മറിച്ച് എപ്പോഴും തുറന്നിട്ടിരിക്കുന്ന ഞങ്ങളുടെ വാതിലിലേക്ക് സമാനചിന്തയുള്ള ആര്‍ക്കും കടന്നുവരാം. പാര്‍ട്ടിക്കൊപ്പം ഇനിഷ്യലുകളുള്ള എല്ലാ കേരള കോണ്‍ഗ്രസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒന്നാകാം. അവകാശപോരാട്ടങ്ങളില്‍ ഒരുമിച്ചു നിലകൊള്ളാം. ആ കരുത്ത് നേട്ടമാകും. കേരള കോണ്‍ഗ്രസ് തിരുത്തല്‍ശക്തിയാണ്. കേന്ദ്രത്തിലും കേരളത്തിലും എക്കാലത്തും ഈ പാര്‍ട്ടിക്ക് വ്യക്തമായ നയവും നിലപാടുമുണ്ട്.
എന്തിന് യുഡിഎഫ് വിട്ടു?
യുഡിഎഫ് വിട്ടുപോയി എന്നത് വ്യാജപ്രചാരണമാണ്. ഞങ്ങള്‍ വിട്ടുപോയതല്ല. ഞങ്ങളെ പുറത്താക്കിയതാണ്. ചില നേതാക്കളുടെ ആസൂത്രിതമായ വീഴ്ചയാണ് അതിനു കാരണമായത്. അവര്‍ അതിന് നഷ്ടം ഏറ്റുവാങ്ങുകയും ചെയ്തു.