ജനവിധിയിലെ ചൂണ്ടുപലകകൾ
ജോർജ് കള്ളിവയലിൽ
Wednesday, October 9, 2024 12:05 AM IST
ഹരിയാനയിൽ ബിജെപിയുടെ മിന്നുന്ന ഹാട്രിക് ജയവും ജമ്മു-കാഷ്മീരിൽ നാഷണൽ കോണ്‍ഫറൻസ്-കോണ്‍ഗ്രസ് സഖ്യം കേവല ഭൂരിപക്ഷം നേടി അധികാരം പിടിച്ചതും ദേശീയരാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കും. ഹരിയാനയിൽ ഭരണവിരുദ്ധ വികാരത്തെയും എക്സിറ്റ് പോളുകളെയും പിന്തള്ളി ബിജെപി നടത്തിയ അതിശയകരമായ മുന്നേറ്റം മഹാരാഷ്ട്ര, ജാർഖണ്ഡ്, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി കോണ്‍ഗ്രസിനും പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യത്തിനുമുള്ള ശക്തമായ താക്കീതും മുന്നറിയിപ്പും കൂടിയായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ ഹരിയാനയിൽ അട്ടിമറി നടന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണം കോടതിയിൽ തെളിയിക്കപ്പെടുമോയെന്നതാകും ചോദ്യം.
അനുച്ഛേദം 370 റദ്ദാക്കിയശേഷം തെരഞ്ഞെടുപ്പ് നടന്ന ജമ്മു കാഷ്മീരിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. പത്തു വർഷത്തിന്റെ ഇടവേള കഴിഞ്ഞു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒമർ അബ്ദുള്ളയുടെയും നാഷണൽ കോണ്‍ഫറൻസിന്റെയും ശക്തമായ തിരിച്ചുവരവും പിഡിപിയുടെയും മെഹബൂബ മുഫ്തിയുടെയും തകർച്ചയും പ്രതീക്ഷിച്ചിരുന്നതാണ്. തൂക്കുസഭ പ്രവചിച്ചവർക്കും മോഹിച്ചവർക്കും തെറ്റിയെന്നു മാത്രം. ഹരിയാനയിൽ വീണ്ടും നയാബ് സിംഗ് സെയ്നിയും ജമ്മു കാഷ്മീരിൽ ഒമർ അബ്ദുള്ളയും മുഖ്യമന്ത്രിമാരാകും. ജമ്മു കാഷ്മീരിൽ പ്രതിപക്ഷത്തിരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മൂന്ന് എംഎൽഎമാരുള്ള പിഡിപിയുടെ പിന്തുണ ഒമർ മന്ത്രിസഭയുടെ ഭാവിസ്ഥിരതയ്ക്ക് അനിവാര്യമായേക്കും.
ജമ്മു കാഷ്മീരിൽ അത്ഭുതമില്ല
ജമ്മു മേഖലയിൽ ബിജെപി സ്വാധീനം വർധിപ്പിച്ചതും കോണ്‍ഗ്രസ് കൂടുതൽ ദുർബലമായതും ജമ്മു കാഷ്മീർ തെരഞ്ഞെടുപ്പിന്റെ മറ്റൊരു സവിശേഷതയാണ്. ജമ്മുവിൽനിന്ന് ആദ്യമായൊരു ഹിന്ദു മുഖ്യമന്ത്രിയെന്ന ബിജെപിയുടെ വാഗ്ദാനം ജമ്മുവിലെ ഹൈന്ദവ ഭൂരിപക്ഷ മേഖലകളിൽ ബിജെപിയുടെ ആധിപത്യം ഉറപ്പിക്കുന്നതിനു സഹായിച്ചു. 2014ലെ തെരഞ്ഞെടുപ്പിൽ 25 സീറ്റുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ 29 സീറ്റ് നേടാനായി. എങ്കിലും നൗഷേര മണ്ഡലത്തിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് രവീന്ദർ റെയ്ന തോറ്റത് ബിജെപിക്കു ക്ഷീണമായി.
കഴിഞ്ഞതവണ 12 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇക്കുറി നേർ പകുതി നഷ്ടമായി. നാഷണൽ കോണ്‍ഫറൻസ് 15ൽനിന്ന് 42 സീറ്റുകളുടെ മിന്നുന്ന വിജയമാണു പോക്കറ്റിലാക്കിയത്. മത്സരിച്ച രണ്ടു സീറ്റിലും ഒമർ വിജയിച്ചു. ശ്രീനഗറിലെ ലാൽ ചൗക്കിലടക്കം കാഷ്മീരിന്റെ പ്രധാന മേഖലകളിൽ നാഷണൽ കോണ്‍ഫറൻസ് വിജയം നേടി. നാഷണൽ കോണ്‍ഫറൻസും കോണ്‍ഗ്രസും സഖ്യത്തിൽ മത്സരിക്കാനുള്ള തീരുമാനം അധികാരം പിടിക്കുന്നതിൽ നിർണായകവുമായി.
ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയതിലും ലഫ്. ഗവർണറെ ഉപയോഗിച്ചു കേന്ദ്രഭരണം നടത്തുന്നതിലും താഴ്വരയിലെ വോട്ടർമാർക്കുള്ള പ്രതിഷേധം നാഷണൽ കോണ്‍ഫറൻസിനു തുണയുമായി. പക്ഷേ, ഇതേ കാരണങ്ങൾ ജമ്മു മേഖലയിൽ ബിജെപിക്ക് കരുത്തു കൂട്ടാനും ഉപകരിച്ചു. ജമ്മു മേഖലയിലേതിനു കടകവിരുദ്ധമാണ് കാഷ്മീർ താഴ്വരയിലെ വോട്ടർമാരുടെ ചിന്താഗതിയെന്നതാണ് വടക്കൻ സംസ്ഥാനത്തിന്റെ പ്രത്യേകത.
നാഷണൽ കോണ്‍ഫറൻസ് പ്രതീക്ഷിച്ച വിജയം നേടിയപ്പോൾ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 28 സീറ്റുകളുമായി ഏറ്റവും വലിയ പാർട്ടിയായിരുന്ന പിഡിപിക്കു ജനം നൽകിയ തിരിച്ചടിയും പ്രതീക്ഷിച്ചതായിരുന്നു. 2015ൽ ബിജെപിയുമായി ചേർന്നു മന്ത്രിസഭ രൂപവത്കരിച്ചതിന് പിഡിപിക്കു കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് കാഷ്മീർ താഴ്വരയിൽ യാത്ര ചെയ്ത ലേഖകനോട് മിക്ക വോട്ടർമാരും തുറന്നുപറഞ്ഞത് അച്ചട്ടായി. പിഡിപിക്ക് ഇത്തവണ കിട്ടിയത് വെറും മൂന്നു എംഎൽഎമാർ. മെഹബൂബയുടെ മകൾ ഇൽതിജയുടെ തോൽവി മുറിവിലെ മുളകുപൊടിയായി.
തീവ്രവാദികളെ തള്ളി ജനം
ജമ്മു കാഷ്മീർ നിയമസഭയിൽ കന്നിപ്രവേശനം നേടാനായി എന്നത് ആം ആദ്മി പാർട്ടിക്കു നേട്ടമായി. ദോഡയിൽ ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ് എഎപിയുടെ മെഹ്രാജ് മാലിക് ചരിത്രം കുറിച്ചത്. സിപിഎമ്മിന്റെ മുഹമ്മദ് തരിഗാമി നാലാം തവണയും കുൽഗാമിൽനിന്നു ജയിച്ച് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിൽ വ്യക്തിപരമായ വോട്ടുകളും ‘ഇന്ത്യ’ സഖ്യവുമാണു സഹായിച്ചത്. പീപ്പിൾസ് കോണ്‍ഫറൻസ് നേതാവ് സജാദ് ലോണ്‍ കുപ്വാരയിൽ നേടിയ വിജയവും വേറിട്ടതായി.
എന്നാൽ, എൻജിനിയർ റാഷിദിന്റെ അവാമി ഇത്തേഹാദ് പാർട്ടിക്കും ജമാത്തെ ഇസ്ലാമിക്കും കനത്ത തിരിച്ചടിയാണുണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒമർ അബ്ദുള്ളയെ വൻഭൂരിപക്ഷത്തിനു തറപറ്റിച്ച റാഷിദിന്റെ പാർട്ടിയുടെ 44 സ്ഥാനാർഥികളിൽ ഭൂരിപക്ഷം പേർക്കും കെട്ടിവച്ച പണം നഷ്ടമായി. നാഷണൽ കോണ്‍ഫറൻസ്-കോണ്‍ഗ്രസ് സഖ്യ സ്ഥാനാർഥികളുടെ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിനായി ബിജെപിയിൽനിന്നു പണം വാങ്ങിയാണ് 44 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ റാഷിദ് നിർത്തിയതെന്ന ആരോപണവും തിരിച്ചടിയായി.
പാർലമെന്റ് ആക്രമണക്കേസിൽ വധശിക്ഷയ്ക്കു വിധേയനാക്കപ്പെട്ട അഫ്സൽ ഗുരുവിന്റെ സഹോദരൻ ഐസാജ് അഹമ്മദ് ഗുരുവിന്റെ തോൽവി ദയനീയവുമായി. ഐസാജിന് ആകെ കിട്ടിയതു വെറും 129 വോട്ടുകൾ. നോട്ടയ്ക്ക് ഇവിടെ 341 വോട്ടുകൾ കിട്ടി. തൊണ്ണൂറുകളിൽ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന സോപോറിലാണ് ഐസാജിന്റെ നാണംകെട്ട തോൽവിയെന്നതും ശ്രദ്ധേയമാണ്. കാഷ്മീരി ജനത ഭീകരതയും തീവ്രവാദവും മടുത്തുവെന്നതിന്റെ നേർസാക്ഷ്യംകൂടിയാകുമിത്.
സോഷ്യൽ എൻജിനിയറിംഗിലെ ജയം
ഹരിയാനയിൽ കൃത്യമായ ആസൂത്രണവും സോഷ്യൽ എൻജിനിയറിംഗ് അടക്കമുള്ള തെരഞ്ഞെടുപ്പു തന്ത്രങ്ങളും ബിജെപിക്ക് ഹാട്രിക് ജയം ഉറപ്പാക്കി. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തിൽ അഞ്ചു സീറ്റും കിട്ടിയതിന്റെ അമിത ആത്മവിശ്വാസവും ഭൂപീന്ദർ സിംഗ് ഹൂഡയുടെ ഏകപക്ഷീയ നിലപാടുകളും പാളയത്തിലെ പടയും പ്രതിപക്ഷ വോട്ടുകൾ ചിതറിയതും കോണ്‍ഗ്രസിന്റെ സ്വപ്നങ്ങൾ ഇല്ലാതാക്കി. ജെജെപിയും ഐഎൻഎൽഡിയും എഎപിയും ബിഎസ്പിയും അടക്കമുള്ള പാർട്ടികളും വിമതരും സ്വതന്ത്രരും വോട്ടുകൾ ചിതറിച്ചതിന്റെ ഗുണവും ബിജെപിക്കായി.
പഞ്ചാബി ഖത്രിയായ മനോഹർ ലാൽ ഖട്ടറിനെ കേന്ദ്രമന്ത്രിസഭയിലേക്കു മാറ്റിക്കൊണ്ട്, ഹരിയാനയുടെ ചരിത്രത്തിൽ ആദ്യമായി പിന്നാക്ക നേതാവ് നയാബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ഒരു വെടിക്കു രണ്ടു പക്ഷിയെയാണു ബിജെപി നേടിയത്. ശക്തമായിരുന്ന ഭരണവിരുദ്ധ വികാരത്തെ മറികടക്കാനും 35 ശതമാനം വരുന്ന പിന്നാക്കവോട്ടുകളെ സ്വാധീനിക്കാനും ബിജെപിക്ക് ഇതിലൂടെ കഴിഞ്ഞു. സംസ്ഥാന സർക്കാർ ജോലികളിൽ പിന്നാക്ക സംവരണം വർധിപ്പിച്ചത് അടക്കം വെറും 70 ദിവസം ഭരിച്ച സൈനി സർക്കാരിന്റെ 126 തീരുമാനങ്ങളുടെ പരന്പര വോട്ടർമാർക്കു പ്രിയപ്പെട്ടതായി. ബ്രാഹ്മണർ, രജപുത്രർ, അഗർവാളുകൾ, പഞ്ചാബികൾ, അഹിർ, ഗുജ്ജർ തുടങ്ങിയവരുടെ വോട്ടുകൾ സ്വരൂപിക്കാൻ ബിജെപിക്കു പ്രയാസമുണ്ടായില്ല.
വജ്രായുധമാക്കി പിന്നാക്ക കാർഡ്
30 ശതമാനത്തിൽ താഴെ വരുന്ന ജാട്ടുകളും 16 ശതമാനം വരുന്ന ദളിതുകളും കോണ്‍ഗ്രസിന് അനുകൂലമായി ഏകീകരിക്കുമെന്ന പ്രചാരണവും ഇതര വിഭാഗങ്ങളുടെ വോട്ടുകൾ ധ്രുവീകരിക്കുന്നതിന് ബിജെപിയെ സഹായിച്ചു. ജാട്ടുകൾ കോണ്‍ഗ്രസിനെ അനുകൂലിക്കുമെന്ന പ്രചാരണത്തിലൂടെ 70 ശതമാനം വരുന്ന ജാട്ട് ഇതര വോട്ടർമാരെ ഏകീകരിച്ച് സാഹചര്യം ബിജെപി മുതലെടുത്തു. ജാട്ട് വോട്ടുകളിൽ ഒരു വിഭാഗം പോക്കറ്റിലാക്കാൻ ബിജെപിക്കു കഴിഞ്ഞതോടെ ഹരിയാനയിലെ കോണ്‍ഗ്രസിന്റെ കഥ കഴിഞ്ഞു! ശിഥിലമായ പ്രതിപക്ഷം ബിജെപിക്കു താലത്തിൽ വിജയം സമ്മാനിക്കാൻ സഹായിക്കുകയും ചെയ്തു.
പട്ടികജാതി വോട്ടർമാരെയും ബിജെപി ലക്ഷ്യമിട്ടു. പ്രത്യേകിച്ച് ഗ്രാമങ്ങളിലെ വനിതാ സ്വയംസഹായ സംഘങ്ങൾ വഴി. പലപ്പോഴും ദളിത് കുടുംബങ്ങളിൽനിന്നുള്ള ‘ലാഖ്പതി ദ്രോണ് ദിദീസ്’ ഈ പ്രചാരണത്തിന്റെ പ്രതീകങ്ങളായി മാറി. ഇവരിൽ പലരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ചു. ഈ വികാരം യുവാക്കൾക്കിടയിലും പ്രതിധ്വനിച്ചു. പട്ടികജാതിക്കാരെ പൊതുവിഭാഗത്തിലേക്ക് മോദി ഉയർത്തുമെന്ന വാഗ്ദാനം കുറച്ചെങ്കിലും ഫലിച്ചു. ഹൂഡ മുഖ്യമന്ത്രിയായാൽ ദളിത്, പിന്നാക്ക വിഭാഗങ്ങൾ തഴയപ്പെടുമെന്ന പ്രചാരണം ബിജെപി സമർഥമായി നടത്തി.
പിന്നാക്കനേതാവായ സൈനിയെ മുഖ്യമന്ത്രിയായി മുൻകൂട്ടി ഉയർത്തിക്കാട്ടി ബിജെപി മത്സരിച്ചപ്പോൾ കോണ്‍ഗ്രസിൽ അധികാരത്തർക്കം നേരത്തേ തുടങ്ങി. ഭൂപീന്ദർ ഹൂഡയുടെ മേധാവിത്വത്തിനു തടയിടാൻ കുമാരി സെൽജയും രണ്‍ദീപ് സുർജേവാലയും അടക്കമുള്ള പ്രമുഖർ വെല്ലുവിളി ഉയർത്തിയതു രഹസ്യമല്ലായിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാർഥിനിർണയത്തിൽ ഹൂഡ പിടിമുറുക്കിയതും പ്രശ്നമായി. തോറ്റു തുന്നംപാടിയിരുന്ന പിസിസി അധ്യക്ഷൻ ഉദയ് ഭാൻ ഉൾപ്പെടെ നേരത്തേ പരാജയപ്പെട്ട 17 പേർക്ക് വീണ്ടും സീറ്റ് നൽകിയതും തിരിച്ചടിയായി.
വിനയായി ശിഥിലമായ പ്രതിപക്ഷം
2014ൽ നേടിയ നാലു സീറ്റിൽനിന്നാണ് കോണ്‍ഗ്രസിന്റെ പഴയ കോട്ടയായിരുന്ന ഹരിയാനയിൽ ബിജെപി തുടർച്ചയായ ഉജ്വല വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തിൽ അഞ്ചു സീറ്റ് നേടിയ കോണ്‍ഗ്രസിന് 42 നിയമസഭാ മണ്ഡലങ്ങളിൽ നേടിയ ലീഡുപോലും പ്രയോജനപ്പെടുത്താനായില്ല. അഞ്ചു ലോക്സഭാ സീറ്റ് നേടിയ ബിജെപിക്ക് 44 സീറ്റിലായിരുന്ന ലീഡ്.
ആം ആദ്മി പാർട്ടിയെപ്പോലും കൂടെനിർത്താൻ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. രണ്ടു ശതമാനം വോട്ടുണ്ടായിരുന്ന എഎപിയുടെ അമിത വിലപേശലും കാരണമാണ്. ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയ ഇന്ത്യൻ നാഷണൽ ലോക്ദളും ആസാദ് സമാജ് പാർട്ടിയുമായി കൂട്ടുകൂടിയ ജെജെപിയും ബിജെപി വിരുദ്ധ വോട്ടുകൾ ചിതറിച്ചു. ബിജെപി വിരുദ്ധ വോട്ടുകൾ ചിതറിക്കുന്നതിൽ ബിജെപിയും അവരുടേതായ പങ്ക് പിന്നാന്പുറത്ത് നടത്തിയതു മനസിലാക്കുന്നതിലും പ്രതിപക്ഷം പരാജയപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭയെ മറികടക്കാൻ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇനിയും അധ്വാനിക്കേണ്ടതുണ്ടെന്ന സൂചനയും ജനവിധിയിലുണ്ട്.
ഹരിയാനയല്ല മഹാരാഷ്ട്ര
ഹരിയാനയിലെ അപ്രതീക്ഷിത തോൽവിയിൽനിന്നു കോണ്‍ഗ്രസും ‘ഇന്ത്യ’ സഖ്യത്തിലെ പാർട്ടികളും പാഠം ഉൾക്കൊണ്ടുകൊണ്ട് മഹാരാഷ്ട്ര, ജാർഖണ്ഡ്, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തന്ത്രം ആവിഷ്കരിച്ചാൽ ബിജെപിയുടെ പടയോട്ടം തടയുക പ്രതിപക്ഷത്തിന് പ്രയാസമാകില്ല. നാഷണൽ കോണ്‍ഫറൻസും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയ തന്ത്രമാണ് ജമ്മു കാഷ്മീരിൽ അധികാരം പിടിച്ചതെന്നതും ശ്രദ്ധേയമാണ്.
ഹരിയാനയല്ല മഹാരാഷ്ട്രയെന്ന് ജമ്മു കാഷ്മീരിലെയും ജനവിധി ബോധ്യപ്പെടുത്തും. ബിജെപിക്കും ‘ഇന്ത്യ’ സഖ്യത്തിനും ഒരുപോലെ വീതിച്ചുകിട്ടിയ നേട്ടമാകില്ല ഇനിയുള്ള തെരഞ്ഞെടുപ്പുകളിലുണ്ടാവുക. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിലടക്കം ഇളകിയ ബിജെപിയുടെ അടിത്തറ ഹരിയാനയിലേതുപോലെ ഉറപ്പിക്കുക എളുപ്പമാകില്ല.