മലയോര കർഷകരെ മറക്കരുത്
മാർ പീറ്റർ കൊച്ചുപുരയ്ക്കൽ (പാലക്കാട് ബിഷപ്)
Tuesday, October 8, 2024 12:17 AM IST
കേരളത്തിന്റെ കാർഷികസംസ്കാരം കരുപ്പിടിപ്പിക്കാൻ കേരളത്തിലെ മലയോര ജനത നല്കിയിരിക്കുന്ന സംഭാവനകൾ നിസ്തുലമാണ്. സംസ്ഥാനത്തിന്റെ വാണിജ്യ, കയറ്റുമതി രംഗത്തിന് ഈ സമൂഹത്തിന്റെ സംഭാവനകൾ അവഗണിക്കാനുമാവില്ല. എന്നാലിന്ന് മലയോര ജനത അഭിമുഖീകരിക്കുന്ന നിലനില്പിന്റെ ഭീഷണികളെ കൈകാര്യം ചെയ്യുന്നതിൽ സർക്കാരുകൾക്കും സംവിധാനങ്ങൾക്കും ഒച്ചിഴയുന്ന വേഗമാണെന്നത് ഖേദകരമാണ്.
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആഘാതങ്ങളും വിലത്തകർച്ചയും അടിക്കടി ഉണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങളും കേരളത്തിലെ ഏറ്റവും സാധാരണക്കാരായ ഒരു വിഭാഗം നേരിടുമ്പോൾ, അവരുടെ ആകുലതകൾ ആളിക്കത്തിക്കുന്ന സമീപനമാണ് പരിസ്ഥിതി ലോല വിഷയത്തിൽ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കർഷകപക്ഷത്തുനിന്നുള്ള സമീപനവും മനുഷ്യത്വപരമായ ഇടപെടലുമാണ് കേരളത്തിന്റെ കർഷകസമൂഹം പ്രത്യേകിച്ച് മലയോര ജനത പ്രതീക്ഷിക്കുന്നത്. ഉത്തരവാദിത്വപ്പെട്ടവരുടെ ഇടപെടലുകൾ ചുരുങ്ങിയ പക്ഷം ചുവടെ സൂചിപ്പിക്കുന്ന വിഷയങ്ങളിൽ എങ്കിലും അതിവേഗം ഉണ്ടാകണം.
ഇഎസ്എ മാപ്പുകളിൽ വ്യക്തത വരുത്തണം
നിലവിൽ കേരളത്തിലെ കർഷകർക്ക് പരിസ്ഥിതി ലോല പ്രദേശങ്ങളുടെ മൂന്ന് ഭൂപടങ്ങൾ ലഭ്യമായിട്ടുണ്ട്. പക്ഷേ ഇതിൽ ഏതു മാപ്പ് ഉപയോഗിച്ചാണ് തങ്ങളുടെ കൃഷിസ്ഥലം ഇഎസ്എയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതെന്ന് വ്യക്തമല്ല. നിലവിൽ ലഭിച്ച കരട് വിജ്ഞാപനം അനുസരിച്ച് സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും എന്നു പറഞ്ഞിരുന്ന ഭൂപടം ലഭിക്കാൻ കർഷകർ കോടതികയറേണ്ട അവസ്ഥയുണ്ടായി. ഇപ്പോൾ കർഷകർക്ക് ലഭ്യമാക്കിയിരിക്കുന്ന ഭൂപടങ്ങളിൽ ജിയോ കോർഡിനേറ്റുകൾ നല്കാത്തതിനാൽ കൃത്യമായ പരിശോധന സാധ്യമല്ലാത്ത സാഹചര്യം നിലവിലുണ്ട്.
വില്ലേജുകളുടെ എണ്ണവും വിസ്തീർണവും - കൃത്യത ഉണ്ടാകണം
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ച് കേരളത്തിലെ ഇഎസ്എ വില്ലേജുകൾ 123 ആണ്. എന്നാൽ, സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച പി.എച്ച്. കുര്യൻ റിപ്പോർട്ട് അനുസരിച്ചാകട്ടെ 92 വില്ലേജുകളാണ് ഇഎസ്എ. 31 എണ്ണം ഒഴിവാക്കപ്പെട്ടു. എന്നാലിപ്പോൾ കേന്ദ്രം പുറത്തിറക്കിയ ആനുകാലിക കരട് വിജ്ഞാപനത്തിൽ കേരളത്തിലെ ഇഎസ്എ വില്ലേജുകളുടെ എണ്ണം 131 ആണ്. കേരളാ ബയോഡൈവേഴ്സിറ്റി ബോർഡിന്റെ സൈറ്റിൽ ഇപ്പോഴും 92 വില്ലേജുകളാണ് ഇഎസ്എ, ഇതിൽ വ്യക്തത വേണം. കൂടാതെ 123 വില്ലേജുകൾ ഇഎസ്എ ആയിരുന്നപ്പോൾ ഉണ്ടായിരുന്ന 9993.7 ചതുരശ്ര കിലോമീറ്റർ എന്ന വിസ്തീർണം 91 വില്ലേജിലും 131 വില്ലേജുകളുടെ ലിസ്റ്റിലും തുടരുന്നു എന്നത് ഉത്തരവാദിത്വപ്പെട്ടവർ പരിശോധിക്കണം.
കേരളത്തിന്റെ മൊത്തം വനവിസ്തൃതി ഇഎസ്എ വില്ലേജുകളിലെ വന വിസ്തൃതിയാക്കിക്കാണിച്ചു, എന്ന കർഷക ആക്ഷേപവും പരിശോധിക്കപ്പെടണം. ഉത്തരവാദിത്വപ്പെട്ടവർക്കു പറ്റിയ തെറ്റ് ഈ അവസാന ഘട്ടത്തിലെങ്കിലും തിരുത്തിയില്ലെങ്കിൽ കേരളത്തിലെ മലയോര ജനതയോട് ചെയ്യുന്ന മാപ്പർഹിക്കാത്ത കുറ്റമാകും. 131 വില്ലേജുകളിലായി 9993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം കണ്ടെത്തിയാൽ മതി എന്ന സാധ്യത നിലനില്ക്കുമ്പോൾ, കൃഷിസ്ഥലങ്ങളും ജനവാസമേഖലയും പൂർണമായും ഒഴിവാക്കി മാപ്പ് നല്കാൻ സർക്കാരിന് ഇച്ഛാശക്തി ഉണ്ടാകണം.
ഹോട്ട് സ്പോട്ടുകൾ എന്തിന് ഇഎസ്എയിൽ ഉൾപ്പെടുത്തണം
പുരകത്തുമ്പോൾ വാഴവെട്ടുക എന്നോരു പ്രയോഗം മലയാളിക്ക് സുപരിചിതമാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി ഹോട്ട് സ്പോട്ടുകളായി സംസ്ഥാനത്ത് നിശ്ചയിച്ചിരിക്കുന്ന പ്രദേശങ്ങൾകൂടി ഇഎസ്എ ഭൂപടത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള നിർദേശം സംസ്ഥാന സർക്കാർ പുനഃപരിശോധിക്കണം. ശാസ്ത്രീയമായി തയാറാക്കുന്ന പ്രാദേശിക കാലാവസ്ഥാ വ്യതിയാന ലഘൂകരണ പദ്ധതി പ്രകാരം ഓരോ പ്രദേശത്തും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാം എന്നിരിക്കേ രാജ്യത്താകമാനം നടപ്പാക്കുന്ന ഒരു നിയമത്തിലേക്ക് ഇത്തരം പ്രദേശങ്ങൾ ചേർക്കുന്നതോടുകൂടി പ്രദേശവാസികൾക്ക്, കൂടുതൽ സങ്കീർണമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ഇഎസ്എ പ്രദേശത്ത് ജനവാസത്തിനോ മാറ്റ് കാർഷിക പ്രവർത്തനങ്ങൾക്കോ മുടക്കം സംഭവിക്കില്ല എന്ന് കർഷകർക്ക് ഉറപ്പു നല്കുന്നവർ ഹോട്ട് സ്പോട്ടുകളെ ഇഎസ്എപരിധിയിൽ ഉൾപ്പെടുത്തി എങ്ങനെ സംരക്ഷിക്കും എന്നുകൂടി വ്യക്തമാക്കണം. ഒന്നുകിൽ ഇഎസ്എയിൽ ഭാവിയിൽ ജനവാസം സാധ്യമാകില്ല.
അല്ലെങ്കിൽ ഹോട്ട് സ്പോട്ടുകൾ കരുതുന്നത്ര അപകടകരമല്ല. വ്യക്തത വരുത്തേണ്ടത് ഉത്തരവാദിത്വപ്പെട്ടവരാണ്. പഞ്ചായത്തുകളിലോ വില്ലേജ് തലത്തിലോ പ്രാദേശികമായി മാനേജ് ചെയ്യേണ്ട വിഷയങ്ങൾ മറ്റ് നിയമങ്ങളിൽ കൂട്ടിച്ചേർക്കുന്നതിന്റെ ഉദ്ദേശ്യശുദ്ധിയാണ് കർഷകർ ചോദ്യം ചെയ്യുന്നത്.
ഇഎസ്എ ലിസ്റ്റിൽ ഉൾപ്പെടാത്ത വില്ലേജുകൾ മാപ്പിന്റെ ഭാഗമാകുന്നത് ഒഴിവാക്കണം
ഇഎസ്എ ആയി നിശ്ചയിച്ചിട്ടില്ലാത്ത വില്ലേജുകൾകൂടി ഇഎസ്എ ഭൂപടത്തിൽ ഉൾപ്പെട്ടിരിക്കുന്നത് പരിശോധിക്കപ്പെടണം. ഉദാഹരണത്തിന്, കരിമ്പ-1 വില്ലേജും പൊറ്റശേരിയും പാലക്കാട് ജില്ലയിൽ ഇഎസ്എ മാപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. ജില്ലാതലത്തിൽ രൂപീകരിച്ചിട്ടുള്ള ഇഎസ്എ സ്ക്രൂട്ടിനൈസിങ്ങ് കമ്മിറ്റിക്ക് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദേശം ബന്ധപ്പെട്ട വകുപ്പുകൾ നല്കണം. കേന്ദ്രത്തിന് നല്കുന്ന ഇഎസ്എ മാപ്പും വില്ലേജ് അതിർത്തി മാപ്പും കൂടുതൽ അവ്യക്തത ക്ഷണിച്ചുവരുത്തും എന്ന കർഷകവാദം പരിസ്ഥിതി വകുപ്പ് ഗൗരവമായി പരിഗണിക്കണം. അന്തിമമായി നല്കുന്ന ഭൂപടത്തിൽ കൃഷിഭൂമിയും ജനവാസമേഖലയും ഉൾപ്പെട്ടിട്ടില്ല എന്ന് പഞ്ചായത്ത് തലത്തിൽ പരിശോധിച്ച് ഉറപ്പുവരുത്താനുള്ള അവസരം ജനപ്രതിനിധികൾക്കും കർഷക പ്രതിനിധികൾക്കും ബന്ധപ്പെട്ട വകുപ്പുകൾ നല്കണം. കാരണം ഇത് കേരളത്തിലെ ലക്ഷക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന കാര്യമാണ്.
ഹൈക്കോടതി നൽകിയിരിക്കുന്ന സ്റ്റേയുടെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണം
ഇഎസ്എ വിഷയത്തിൽ കേരള ഹൈക്കോടതി അനുവദിച്ചിരിക്കുന്ന സ്റ്റേയുടെ ആനുകൂല്യം കർഷകർക്ക് ലഭ്യമാകുംവിധം നടപടികൾ സ്വീകരിക്കണം. കാർഷികപ്രദേശങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കാനും പഞ്ചായത്തുകൾ നല്കിയ ഷേപ്പ് മാപ്പുകൾ ഒത്തുനോക്കാനും പഞ്ചായത്തുതലത്തിൽ കർഷകപ്രതിനിധികളെ ബോധ്യപ്പെടുത്താനും ഈ അവസരം ക്രിയാത്മകമായി പ്രയോജനപ്പെടുത്താം.
കേരളത്തിന് എന്തുകൊണ്ട് പ്രത്യേക പരിഗണന?
സഹ്യപർവതത്തിനും അറബിക്കടലിനും ഇടയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് കൊച്ചു കേരളം. കേരളത്തെ എല്ലാക്കാലത്തും വിശേഷിപ്പിക്കുന്നത് ‘കൊച്ചു’ കേരളം എന്നാണ്, ഇത് നമ്മുടെ സംസ്ഥാനത്തിന്റെ കുറഞ്ഞ ഭൂവിസ്തൃതി സൂചിപ്പിക്കാനാണ്. കേരളത്തിൽ ഏകദേശം 29 ശതമാനം വനമാണ്. വലിയൊരു പ്രദേശം തോട്ടങ്ങളും. കൂടാതെ ജലാശയങ്ങളും പൊതു-സ്വകാര്യ വ്യവസായ പ്രദേശങ്ങളും ഉൾപ്പെടുന്നു.
കേരളത്തിന്റെ ജനസാന്ദ്രത ദേശീയ ശരാശരിയേക്കാൾ എത്രയോ അധികമാണ്. രാജ്യത്ത് കേരളത്തിലേതുപോലെ ആളോഹരി കൃഷിഭൂമി ഇത്ര കുറവുള്ള മറ്റൊരു സംസ്ഥാനം വിരളമാണ്. ഇഎസ്എ, ഇഎസ്സെഡ്, ഇഎഫ്എൽ, സിആർസെഡ് പോലുള്ള പരിസ്ഥിതി നിയമങ്ങൾ സംസ്ഥാനത്തിന്റെ ആവാസവ്യവസ്ഥയെ ചുരുക്കുമ്പോൾ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ വസ്തുതകൾ ഉൾക്കൊണ്ടുകൊണ്ടാകണം. മറ്റു സംസ്ഥാനങ്ങളുടെ ഇഎസ്എ മാനദണ്ഡങ്ങൾ സംസ്ഥാനത്ത് മാറ്റിവരയ്ക്കണം എന്നു സാരം.
ഇഎസ്എ വിഷയത്തിൽ വിവിധ ഘട്ടങ്ങളിൽ സംഭവിച്ച പാളിച്ചകൾ പരിഹരിക്കാൻ ഈ ചുരുങ്ങിയ സമയം പ്രയോജനപ്പെടുത്താം. കർഷകർ പ്രത്യേകിച്ച് മലയോര കർഷകർ കേരളത്തിൽ അടിയന്തര പരിഗണന ലഭിക്കേണ്ട ഒരു വിഭാഗമെന്ന് കണ്ടുകൊണ്ട് സർക്കാരിനും സംവിധാനങ്ങൾക്കും കർഷക പ്രസ്ഥനങ്ങൾക്കും ഒന്നിച്ച് കർഷകർ നേരിടുന്ന വിഷയങ്ങളെ അതിജീവിക്കാനുള്ള അവസരം സൃഷ്ടിക്കപ്പെടണം.