സംസ്ഥാന രാഷ്ട്രീയം തിളച്ചുമറിയുന്നു
സാബു ജോണ്
Tuesday, October 8, 2024 12:13 AM IST
തെരഞ്ഞെടുപ്പ് അടുക്കുന്പോൾ രാഷ്ട്രീയം ചൂടാകാറുണ്ട്. അതാണു പതിവ്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞു രാഷ്ട്രീയരംഗം തിളച്ചുമറിയുന്ന അപൂർവകാഴ്ചയാണിപ്പോൾ കേരളത്തിൽ കാണുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് ഉയർന്നുവന്ന ബിജെപി-സിപിഎം ബാന്ധവം എന്ന ആരോപണം ഇന്നിപ്പോൾ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന വന്പൻ ആരോപണമായി വളർന്നു വന്നിരിക്കുന്നു. അതും ഇടതുപക്ഷത്തിനെതിരേ. ഇതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് ഇടതുസ്വതന്ത്രൻ പി.വി. അൻവർ ഇടതുബന്ധം ഉപേക്ഷിച്ചു പാർട്ടിയെ വെല്ലുവിളിച്ചു നിൽക്കുന്നു. ആർഎസ്എസ് ബന്ധത്തിന്റെ പേരിൽ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെ മനസില്ലാമനസോടെ എങ്കിലും മാറ്റാൻ നിർബന്ധിതമായിരിക്കുന്നു. എഡിജിപിയെ മാറ്റുന്നതിന്റെ പേരിൽ ഘടകകക്ഷികൾ സിപിഎമ്മുമായി തെറ്റി നിൽക്കുന്നു.
സംസ്ഥാന രാഷ്ട്രീയത്തിലെ പിരിമുറുക്കം എത്രയെന്നു വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മുഖാമുഖം ഇന്നലെ നിയമസഭയിൽ നടത്തിയ വാക്പോര്. പതിവുവിട്ട് ആക്രമണോത്സുകരായി മാറി ഇരുവരും. മുഖത്തു നോക്കി ആക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പുകാലത്തെ ആരോപണങ്ങൾ
ഇ.പി. ജയരാജൻ ബിജെപി സ്ഥാനാർഥികളെക്കുറിച്ചു നല്ല വാക്കു പറഞ്ഞതും, ഇ.പിയുടെ കുടുംബവും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന വാർത്തകളും ബിജെപി ബന്ധത്തിന്റെ തെളിവായി പ്രതിപക്ഷം ആരോപിക്കുന്ന ഒരു സാഹചര്യം തെരഞ്ഞെടുപ്പു കാലത്തു നിലനിന്നിരുന്നു. ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറും ഇ.പി. ജയരാജനും തമ്മിൽ കൂടിക്കണ്ടു എന്ന ആരോപണവും വോട്ടെടുപ്പു ദിവസം ഇ.പി അതു പരസ്യമായി ശരിവച്ചതും ആരോപണങ്ങളിൽ കഴന്പുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നതിൽ വലിയൊരളവോളം കാരണമായി.
കേരളത്തിലെ വോട്ടെടുപ്പിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം വിദേശത്തേക്കു പോയതു വലിയ ചർച്ചാവിഷയമായി. ഇന്ത്യയിലെ ഏക ഇടതുമുഖ്യമന്ത്രി സ്വന്തം പാർട്ടിക്കാർ മത്സരിക്കുന്ന സ്ഥലങ്ങളിലെങ്കിലും പ്രചാരണം നടത്തേണ്ടതല്ലായിരുന്നോ എന്ന ചോദ്യം രാഷ്ട്രീയകേന്ദ്രങ്ങളിൽ ഉയർന്നു. ഇതു ബിജെപിയെ സന്തോഷിപ്പിക്കാനാണെന്ന് എതിരാളികൾ പറഞ്ഞുപരത്തി. വിദേശത്തേക്കു പോയതിന്റെ ന്യായങ്ങളൊന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുമില്ല.
തൃശൂരിൽ തുടക്കം
തൃശൂരിലെ ബിജെപിയുടെ വിജയം വലിയ ചർച്ചാവിഷയമായി. വോട്ടുമറിച്ചിലിന്റെ കഥകൾ കുറെയൊക്കെ പരന്നു. വോട്ട് നഷ്ടമുണ്ടായത് കോണ്ഗ്രസിനാണെന്നും ഇടതുപക്ഷത്തിനു വോട്ട് വർധിക്കുകയാണുണ്ടായതെന്നും കണക്കുകൾ ഉദ്ധരിച്ച് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും സ്ഥാപിച്ചു. എന്നാൽ തൃശൂരിലെ ഇടതുസ്ഥാനാർഥി വി.എസ്. സുനിൽകുമാറിന് ഈ ആഖ്യാനം വിശ്വാസയോഗ്യമായി തോന്നിയില്ല.
ഇതിനിടെയാണ് എഡിജിപി എം.ആർ. അജിത്കുമാർ തൃശൂരിൽ ആർഎസ്എസ് നേതാവുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുറത്തുവിട്ടത്. പൂരം കലങ്ങിയതല്ല, കലക്കിയതാണെന്ന വാദഗതി ശക്തിപ്പെട്ടു. പൂരം ദിവസം അജിത്കുമാർ തൃശൂരിലുണ്ടായിരുന്നു എന്നും വ്യക്തമായി. ഇതിനിടെ അജിത്കുമാറിനെതിരേ പൂരം കലക്കൽ, സ്വർണം പൊട്ടിക്കൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളുമായി പി.വി. അൻവർ കളം പിടിച്ചു.
എഡിജിപിക്കെതിരേ സിപിഐ ശക്തമായി രംഗത്തുവന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കാനായിരുന്നു മുഖ്യമന്ത്രി ശ്രമിച്ചത്. പൂരം കലക്കൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാതെ ഒളിച്ചുകളിച്ച എഡിജിപി ഒടുവിൽ മുഴുവൻ പാപഭാരവും സിറ്റി പോലീസ് കമ്മീഷണറുടെ തലയിൽ വച്ച് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ എഡിജിപിക്കും ഇതിൽ ഉത്തരവാദിത്വമുണ്ടെന്നു ഡിജിപി കുറിച്ചതോടെ വിഷയത്തിനു ഗൗരവമേറി. ഒടുവിൽ ഡിജിപിയോട് അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. ഡിജിപിയുടെ റിപ്പോർട്ടിൽ എഡിജിപിയെ കുറ്റപ്പെടുത്തിയപ്പോൾ മറ്റു മാർഗങ്ങളൊന്നുമില്ലാതെ അദ്ദേഹത്തെ ക്രമസമാധാനപാലനത്തിൽനിന്നു മാറ്റിനിർത്തുകയായിരുന്നു മുഖ്യമന്ത്രി. എഡിജിപിയെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ വ്യഗ്രതതന്നെയാണ് ആരോപണങ്ങൾക്കു പലപ്പോഴും ബലം നൽകിയത്.
പൂരം വിവാദത്തിനു പിന്നാലെ പിആർ വിവാദം
പൂരം വിവാദം കത്തുന്പോഴാണ് ദ ഹിന്ദു പത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം വരുന്നതും വിവാദമാകുന്നതും.
പിആർ ഏജൻസിക്കാരുടെ ആവശ്യപ്രകാരമാണു മുഖ്യമന്ത്രിയുടെ അഭിമുഖം നൽകിയതെന്നും ഏജൻസിയുടെ രണ്ടു പേർ അഭിമുഖം നടത്തിയപ്പോൾ ഒപ്പമുണ്ടായിരുന്നു എന്നും ദ ഹിന്ദു ദിനപത്രം വിശദീകരണത്തിൽ പറയുന്നുണ്ട്. കൂട്ടിച്ചേർത്ത ഭാഗം ഇവർ നൽകിയെന്നാണു പത്രം പറയുന്നത്.
പിആർ ഏജൻസിയുടെ സഹായം തേടുന്നുവെന്ന പ്രചാരണം മുഖ്യമന്ത്രിക്കു വലിയ ക്ഷീണമുണ്ടാക്കി. തനിക്ക് പിആർ ഏജൻസിയില്ല എന്നു മുഖ്യമന്ത്രി വിശദീകരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ മുൻ സിപിഎം എംഎൽഎയുടെ മകനാണെന്നും പറഞ്ഞു. മുന്പേ പരിചയമുണ്ടെന്നും പാർട്ടി സഹയാത്രികനാണെന്നും പറഞ്ഞു. മറ്റേയാൾ ഇടയ്ക്കു വന്നുകയറിയതാണെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ സ്വഭാവരീതികളും പ്രവർത്തനരീതിയുമൊക്കെ അറിയാവുന്നവർക്കു വിശ്വസിക്കാൻ പറ്റിയ വിശദീകരണമായില്ല ഇത്. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ മുഖ്യമന്ത്രിയുടെ അഭിമുഖം നടക്കുന്ന മുറിയിലേക്ക് ഒരു പിആർ ഏജൻസിക്കാരൻ കടന്നുവന്നു എന്നൊക്കെ പറഞ്ഞാൽ അതത്ര വിശ്വാസ്യയോഗ്യമായ വിശദീകരണമായി തോന്നില്ല.
അൻവർ പുറത്തു പോയതു മുഖ്യമന്ത്രിക്കു ഗുണം
അൻവർ പുറത്തേക്കു പോയത് ഒരു കണക്കിനു മുഖ്യമന്ത്രിക്കു നല്ലതാണ്. അൻവർ പാർട്ടി ശത്രു ആയതോടെ പാർട്ടി ഒറ്റക്കെട്ടായി മുഖ്യമന്ത്രിയുടെ പിന്നിൽ അണിനിരന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയവും തുടർച്ചയായ ആരോപണങ്ങളുമെല്ലാമായി മുഖ്യമന്ത്രിക്കെതിരായ വികാരം പാർട്ടിക്കുള്ളിൽ ഉയർന്നുവരുന്നു എന്നു പറയപ്പെട്ട സമയത്താണ് അൻവറിന്റെ വെല്ലുവിളി. ഇതോടെ മുഖ്യമന്ത്രി പാർട്ടിയിൽ ശക്തനായി. ഇനി തത്കാലം പാർട്ടിയിൽ ആരും പിണറായി വിജയനെ ചോദ്യം ചെയ്യില്ല.
പിണറായിയുടേതു നിലപാടുമാറ്റമോ?
ലോക്സഭാ തെരഞ്ഞെടുപ്പിൽ പൗരത്വനിയമ ഭേദഗതിയിൽ ഊന്നി നിന്നായിരുന്നു പിണറായി വിജയൻ തെരഞ്ഞെടുപ്പു പ്രചാരണം മുന്നോട്ടു കൊണ്ടുപോയത്. ലക്ഷ്യം വ്യക്തമായിരുന്നു. മുസ്ലിം വോട്ടിൽ കടന്നു കയറുക, യുഡിഎഫിനെ കുറെ സീറ്റുകളിലെങ്കിലും പരാജയപ്പെടുത്തുക. എന്നാൽ മുസ്ലിം വോട്ടുകൾ കിട്ടിയുമില്ല, പാർട്ടിയുടെ അടിത്തറയായ ഭൂരിപക്ഷ സമുദായത്തിലെ ചില വിഭാഗങ്ങൾ അകന്നു പോകുകയും ചെയ്തു. ഇതോടെ പിണറായിയും സിപിഎമ്മും മുസ്ലിം ന്യൂനപക്ഷ പ്രേമം തത്കാലം അവസാനിപ്പിക്കുന്നു എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. മുന്പും സിപിഎം ഇങ്ങനെ നിലപാടു മാറ്റിയിട്ടുണ്ട്. 1987ൽ ഇടതു മതേതര നിലപാട് എന്നു പറഞ്ഞ് കൂടെയുണ്ടായിരുന്ന അഖിലേന്ത്യാ ലീഗിനെവരെ മുന്നണിയിൽനിന്നു പുറത്താക്കിയിട്ടുണ്ട്. അന്നു തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. 1990ൽ ഗൾഫ് യുദ്ധം നടക്കുന്പോൾ സദ്ദാം ഹുസൈനെ പിന്താങ്ങി ജില്ലാ കൗണ്സിൽ തെരഞ്ഞെടുപ്പ് തൂത്തുവാരിയ ചരിത്രവുമുണ്ട്. ഇതുപോലെയൊരു നിലപാടുമാറ്റത്തിലേക്കാണോ സിപിഎം നീങ്ങുന്നത് എന്നു കാത്തിരുന്നു കാണണം.
ഏതായാലും കനത്ത പരാജയങ്ങളിൽനിന്നു തിരിച്ചുവന്ന ചരിത്രം പിണറായി വിജയനുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ മുന്നണിയെ രണ്ടു വർഷത്തിനു ശേഷം ഉജ്വലവിജയത്തിലേക്കു നയിച്ചത് പിണറായി ഒരാളുടെ മിടുക്കാണ്. അന്നു ശബരിമലയിൽ കൈ പൊള്ളിയെങ്കിൽ അതു പരിഹരിച്ചു പാർട്ടിയെ വിജയവഴിയിൽ എത്തിക്കാൻ പിണറായിക്കു സാധിച്ചു.
സിപിഎമ്മിനു കാര്യങ്ങൾ എളുപ്പമല്ല
ബിജെപിയെ ചങ്കൂറ്റത്തോടെ എതിർക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം എന്ന് അവകാശപ്പെട്ടുകൊണ്ടിരുന്ന സിപിഎമ്മിനു നേരേയാണ് ഇപ്പോൾ ബിജെപിയുമായി രഹസ്യധാരണ എന്ന ആക്ഷേപം ഉയരുന്നത്. ചില സാഹചര്യത്തെളിവുകൾ ആ സംശയത്തിനു ബലം നൽകുന്നു. സ്വർണക്കടത്തു മുതലുള്ള ഇഡി അന്വേഷണങ്ങളിലെ മെല്ലെപ്പോക്കും ലാവ്ലിൻ കേസ് സുപ്രീംകോടതിയിൽ ഇഴയുന്നതുമെല്ലാം അന്തർധാരയ്ക്കു തെളിവായി പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നു. ഭരണത്തിലെ വീഴ്ചകൾക്കൊപ്പം ഇത്തരം ആരോപണങ്ങൾ കൂടിയാകുന്പോൾ സിപിഎമ്മിനു കാര്യങ്ങൾ ഒട്ടും എളുപ്പമല്ല.
സന്തോഷിക്കുന്നതു മുസ്ലിംലീഗ്
പിണറായി വിജയന്റെ മുസ്ലിം രാഷ്ട്രീയത്തിലെ പരീക്ഷണങ്ങളിൽ ഏറ്റവും പരിക്കേറ്റുകൊണ്ടിരുന്നതു മുസ്ലിം ലീഗിനായിരുന്നു. അവരുടെ ശക്തികേന്ദ്രങ്ങളിൽ വിള്ളലുണ്ടാക്കാൻ പിണറായിയുടെ തന്ത്രങ്ങൾ സഹായിച്ചു. ഇപ്പോൾ മലപ്പുറത്തെ അവഹേളിക്കലും ആർഎസ്എസുമായുള്ള അന്തർധാരയുമെല്ലാം ആരോപണങ്ങളായി കറങ്ങിത്തിരിഞ്ഞു നിൽക്കുന്പോൾ അതിന്റെ രാഷ്ട്രീയ നേട്ടം ഏറ്റവും കൂടുതൽ ലഭിക്കുന്നത് ലീഗിനായിരിക്കും. ആടി നിന്ന അണികൾ ലീഗിൽ ഉറയ്ക്കും.
പ്രതിപക്ഷത്തിന്റെ നീക്കങ്ങൾ നിർണായകം
സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരേ ഒരു ആഖ്യാനം രചിക്കുന്നതിൽ പ്രതിപക്ഷം വിജയിച്ചു. ഇപ്പോൾ വരെ മുഖ്യമന്ത്രി പ്രതിരോധത്തിലാണ്. ശക്തമായി തിരിച്ചടിക്കുന്നതിന്റെ സൂചനകൾ അദ്ദേഹം ഇന്നലെ നിയമസഭയിൽ നൽകി.
സംസ്ഥാനത്തെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും രണ്ടു നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പു വൈകാതെ വരും. ഇപ്പോൾ കത്തിക്കയറി നിൽക്കുന്ന ആരോപണങ്ങളോടു ജനങ്ങളുടെ പ്രതികരണം ആദ്യമായി അറിയാൻ കഴിയുന്നത് ഈ തെരഞ്ഞെടുപ്പിലായിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് ഒരു വർഷത്തിലും അധികമുണ്ട്. അതിൽ രാഷ്ട്രീയ വിഷയങ്ങളേക്കാൾ കൂടുതൽ സ്വാധീനിക്കപ്പെടുന്നത് പ്രാദേശിക വിഷയങ്ങളായിരിക്കും. എങ്കിലും ജനങ്ങളുടെ പൊതുവികാരം അറിയാൻ സാധിക്കും. അതുകഴിഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഏതാനും മാസങ്ങൾ മാത്രമേ അവശേഷിക്കുകയുള്ളൂ. മറ്റെന്തൊക്കെ വിഷയങ്ങൾ അപ്പോഴേക്കും പുതിയതായി ഉരുത്തിരിഞ്ഞു വരുമെന്ന് ഇപ്പോൾ പറയാനാകില്ല. പക്ഷേ ഇപ്പോൾ സംസ്ഥാനത്തു നിറഞ്ഞു നിൽക്കുന്ന ഈ രാഷ്ട്രീയ വിഷയം അന്നും സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയാകുമെന്ന കാര്യത്തിൽ സംശയമില്ല.