ചിരിക്കുന്ന, പിണങ്ങാത്ത പിണറായി
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
Monday, October 7, 2024 12:43 AM IST
മഹാത്മജിയുടെ ജന്മദിനത്തിനു പിറ്റേന്നു നടത്തിയ ഒരു പത്രസമ്മേളനത്തിൽ, വ്യത്യസ്തനായ പിണറായിയെയാണ് കാണാനായത്. ഇടയ്ക്കിടെ പുഞ്ചിരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തപ്പോഴും അദ്ദേഹം സിപിഎമ്മിന്റെ തന്ത്രങ്ങൾക്കും കൗശലങ്ങൾക്കും ഉള്ളിൽനിന്ന് ശ്രദ്ധയോടെയാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ ചില ഉത്തരങ്ങളും പ്രസ്താവനകളും, ഒരു ദിവസം മുമ്പുള്ള അദ്ദേഹത്തിന്റെ അറിയപ്പെടുന്ന നിലപാടുകളുമായി പൊരുത്തപ്പെടുന്നില്ലെങ്കിലും, പുഞ്ചിരിയോടെ ചിലതെല്ലാം വ്യക്തമാക്കാൻ അദ്ദേഹം ശ്രമിച്ചു, തീർച്ചയായും സൗഹൃദപരമായിരുന്നു.
ആദർശപരമായ നിലപാടുകൾക്ക് പേരുകേട്ട ഒരു പ്രശസ്ത ഇംഗ്ലീഷ് ദിനപത്രത്തിന് അഭിമുഖം നൽകുമ്പോൾ കടന്നുവന്ന പിആർ ഏജൻസി മേധാവിയോടു കാട്ടിയ സഹിഷ്ണുത തങ്ങളോടു കാട്ടാറില്ലെന്നു മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴും മറ്റ് ചില വിഷയങ്ങളിലും അദ്ദേഹത്തിന് ഇഷ്ടക്കേടുണ്ടായില്ല, കോപം വന്നില്ല, ഉച്ചത്തിൽ ചിരിക്കുകയാണ് ചെയ്തത്. പത്രസമ്മേളനത്തിലെ മറ്റു ചില സന്ദർഭങ്ങളിലും ഏറ്റുമുട്ടലില്ലാതെ അത്തരം തന്ത്രങ്ങൾ അദ്ദേഹം ഫലപ്രദമായി പ്രയോഗിച്ചു.
മാധ്യമപ്രവർത്തകരെ ക്ഷതപ്പെടുത്താനുള്ള ശ്രമവും ഉണ്ടായിട്ടില്ല. അദ്ദേഹം നന്നായി പെരുമാറി. പതിവിൽനിന്നു വ്യത്യസ്തമായി പ്രകോപിതനാകാൻ തയാറല്ലായിരുന്നു. “നിങ്ങൾ ലോകത്ത് കാണാൻ ആഗ്രഹിക്കുന്ന മാറ്റമാവുക” എന്ന മഹാത്മാവിന്റെ പ്രസിദ്ധമായ ഉദ്ധരണി ഗാന്ധിജിയുടെ ജന്മദിനത്തിന് പിറ്റേന്ന് അദ്ദേഹത്തെ സ്വാധീനിച്ചോ? ഒരു മുതിർന്ന കമ്യൂണിസ്റ്റുകാരനെ സംബന്ധിച്ചിടത്തോളം ഗാന്ധിയൻ ചിന്തകളിലേക്കും തത്ത്വചിന്തകളിലേക്കും ആകർഷിക്കപ്പെടുക എന്നത് അപൂർവമായ ഒരു കാര്യമാണ്, പക്ഷേ അസാധ്യമല്ലാത്ത മനസ് മാറ്റം.
കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരും മാധ്യമങ്ങളും
കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരും നേതാക്കളും മാധ്യമങ്ങളോടും പൊതുജനങ്ങളോടും ഇടപഴകുന്നത് പുതുമയുള്ള കാര്യമല്ല, പലപ്പോഴും അതിന്റെ ഗുണപരമായ സ്വാധീനവും ഉണ്ടായിട്ടുണ്ട്. അന്തരിച്ച ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ കാര്യമെടുക്കാം. ഒരു ജനാധിപത്യ സംസ്ഥാനത്ത് ജനകീയ വോട്ടിലൂടെ അധികാരത്തിലെത്തിയതിനാൽ കേരളത്തിലെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു തൊട്ടുപിന്നാലെ, അദ്ദേഹത്തിന് ന്യൂഡൽഹിയിൽ വൻ സ്വീകരണമാണ് ലഭിച്ചത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു അദ്ദേഹത്തെ അത്താഴത്തിനും നീണ്ട ചർച്ചകൾക്കും ക്ഷണിച്ചിരുന്നു.
അദ്ദേഹത്തിന്റെ ആദ്യ പത്രസമ്മേളനത്തിൽ വിദേശ മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരവധി പേർ ഉണ്ടായിരുന്നു. പലരും പലതരത്തിലുള്ള ചോദ്യങ്ങൾ അദ്ദേഹത്തോട് ചോദിച്ചു. തത്ക്ഷണം ഉജ്വലമായി പ്രതികരിക്കുന്നതിൽ ഇ.എം.എസിന് പ്രത്യേക പാടവമുണ്ടായിരുന്നു. പത്രസമ്മേളനത്തിനൊടുവിൽ ഒരു വിദേശ ലേഖകൻ അദ്ദേഹത്തോട് ചോദിച്ചു, “സഖാവേ, നിങ്ങൾക്ക് എപ്പോഴും വിക്കുണ്ടോ?” ഇ.എം.എസ്. പുഞ്ചിരിയോടെ മറുപടി പറഞ്ഞു, “എപ്പോഴും ഇല്ല, സംസാരിക്കുമ്പോൾ മാത്രം.”
കേരളത്തിലെ ഒട്ടുമിക്ക മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിമാരെ കാണാൻ എളുപ്പമായിരുന്നു. ഇന്ദിരാഗാന്ധി ഇ.കെ. നായനാരെ കാണുകയും ആവശ്യത്തിന് സമയം നൽകുകയും ചെയ്യുമായിരുന്നു. ഒരിക്കൽ നായനാരോട് കേരളത്തിലെ കുടുംബാസൂത്രണ പരിപാടിയെക്കുറിച്ച് ചോദിച്ചു. സ്ത്രീകളുടെ കുടുംബാസൂത്രണ പദ്ധതികളിലൂടെ മാത്രമേ ഇത് ഫലപ്രദമാകൂ എന്ന് നായനാർ പറഞ്ഞു. സ്ത്രീകൾക്ക് മാത്രമേ ഇതു ഫലപ്രദമാക്കാനാകൂ. മന്ത്രാലയങ്ങളിലെ എല്ലാ ആസൂത്രണങ്ങൾക്കും പരിപാടികൾക്കും കാര്യമായൊന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദഹം പറയുകയുണ്ടായി.
സംസ്ഥാന നേതാക്കളുമായി സർക്കാർ നയങ്ങളും അവരുടെ കാഴ്ചപ്പാടുകളും ചർച്ച ചെയ്യാനും ചില സന്ദർഭങ്ങളിൽ സ്വതന്ത്രമായി സ്വന്തം വിലയിരുത്തൽ നടത്താനും ഇന്ദിരാഗാന്ധി എപ്പോഴും താത്പര്യം കാണിച്ചിരുന്നു. അന്തരിച്ച സി. അച്യുതമേനോന്റെ ഡൽഹി സന്ദർശനവേളയിൽ കൂടിക്കാഴ്ചയ്ക്ക് അവസരം തേടിയപ്പോൾ അദ്ദേഹത്തിനും സമയം നൽകാറുണ്ടായിരുന്നു. കെ. കരുണാകരൻ ഇന്ദിരാഗാന്ധിയെ കാണാറുണ്ടായിരുന്നത് രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാനും കേരള പദ്ധതികൾക്കുള്ള അനുമതി നേടാനുമാണ്. പി.വി. നരസിംഹറാവുവിന്റെ ആദ്യ വർഷങ്ങളിൽ കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങളും പദ്ധതികളും ചർച്ച ചെയ്യാൻ കെ. കരുണാകരനും അദ്ദേഹത്തെ പതിവായി കാണാറുണ്ടായിരുന്നു.
ജനകീയ അടിത്തറ ചുരുങ്ങിയ പിണറായി
പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് കേരളത്തിലെ കാര്യങ്ങൾ ഉൾപ്പെടെയുള്ളവ ചർച്ച ചെയ്യുന്നുണ്ട്. അടുത്തകാലത്തായി, രാഷ്ട്രീയ സാഹചര്യത്തിലെ മാറ്റം പിണറായിയുടെ ചിന്തകളിലും തീരുമാനങ്ങളിലും അതിന്റെ സ്വാധീനം ചെലുത്തിയേക്കാം. തുടർച്ചയായി രണ്ട് തെരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും രണ്ടുതവണ മുഖ്യമന്ത്രിയാകുകയും ചെയ്തെങ്കിലും അടുത്തകാലത്തായി അദ്ദേഹത്തിന്റെ ജനകീയാടിത്തറ ഒരു പരിധിവരെ ചുരുങ്ങുകയാണ്.
പ്രതിപക്ഷത്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. സിപിഎമ്മിൽപോലും പിണറായിയെ എതിർക്കുന്ന നിരവധി നേതാക്കളുണ്ട്. അധികാര ദുർവിനിയോഗം, പോലീസ് ഭരണവും ആഭ്യന്തര വകുപ്പും കാര്യക്ഷമമല്ലാതായത്, കുടുംബാംഗങ്ങൾ തീരുമാനങ്ങളെ സ്വാധീനിക്കുന്നു എന്ന ആക്ഷേപം തുടങ്ങിയവ പിണറായി ഭരണത്തിന്റെ പ്രതിച്ഛായയെ ചെറുതായെങ്കിലും ബാധിക്കുന്നതായാണ് കേൾക്കുന്നത്.
എൽഡിഎഫിലും ഭിന്നത രൂക്ഷമാണ്. എഡിജിപി മുതിർന്ന ആർഎസ്എസ്, ബിജെപി നേതാക്കളെ ഇടയ്ക്കിടെ കാണുന്നതും തൃശൂർ പൂരം ആഘോഷങ്ങൾ തടസപ്പെടുത്താൻ പുതിയ രാഷ്ട്രീയ ശക്തികൾ ശ്രമിക്കുന്നുവെന്ന ആരോപണവും കോൺഗ്രസ്, എൽഡിഎഫ് സ്ഥാനാർഥികളുടെ പരാജയത്തിൽ കലാശിച്ച തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പുമെല്ലാം ന്യൂനപക്ഷങ്ങളെ എൽഡിഎഫിൽനിന്ന് മൊത്തത്തിൽ അകറ്റിയെന്നാണ് സമീപകാല വാർത്താ റിപ്പോർട്ടുകൾ. ഇതു ശരിയാണെങ്കിൽ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഈ വിഭാഗങ്ങളിൽനിന്നുള്ള വോട്ടുകൾ എൽഡിഎഫിനു ക്രമാനുഗതമായി കുറയാൻ ഇടയാക്കും.
പാർട്ടിയുടെ കാര്യങ്ങൾ സുഗമമായി നയിക്കാനും സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും സംസ്ഥാനത്തിന്റെ വികസനത്തിനും തൊഴിലവസരങ്ങൾ വർധിപ്പിക്കാനും മുഖ്യമന്ത്രിക്ക് കഴിയുമെങ്കിലും, അതിന് അദ്ദേഹത്തിന്റെ വ്യക്തിപരമായ മേൽനോട്ടത്തിൽ നടപടികൾ കൈക്കൊള്ളുകയും തുടർനടപടികൾ സ്വീകരിക്കുകയും വേണം. വരും മാസങ്ങളിൽ അതുണ്ടായാൽ ഫലം അനുകൂലവും സംസ്ഥാനത്തിന് ഗുണകരവുമാണ്. അതെ, അതെല്ലാം ടീമിന്റെ നേതൃത്വത്തെ ആശ്രയിച്ചിരിക്കും. ഒരു നല്ല കർമസേനയുള്ള സമർഥനായ നേതാവിന് കേരളത്തിന്റെ പ്രത്യേക വെല്ലുവിളികളെ നേരിടാൻ കഴിയും. വികസനത്തിലെ ചെറിയ വഴക്കുകളും തടസങ്ങൾ പരിഹരിക്കലും അരികിലേക്ക് ഫലപ്രദമായി മാറ്റാൻ ഇതു സഹായിക്കും.
കേരള സെക്രട്ടേറിയറ്റിന്റെ ചുവപ്പുനാടകൾ വെട്ടിത്തുറന്ന് പുതിയ വികസന പദ്ധതികൾ ഏറ്റെടുക്കാൻ കഴിഞ്ഞയാഴ്ച വാർത്താസമ്മേളനത്തിൽ കണ്ട ‘ചിരിക്കുന്ന, പിണങ്ങാത്ത’ പിണറായിക്കു കഴിയും. കൂടുതൽ ആഴത്തിലേക്ക് വഴുതിവീഴാതെ സംരക്ഷിച്ച് മുന്നോട്ടു പോകാൻ സംസ്ഥാനത്തിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കേരളത്തെ രക്ഷിക്കാനും ഭയമോ പക്ഷപാതമോ ഇല്ലാതെ നിയമവാഴ്ച ഉറപ്പാക്കാനും നിക്ഷേപത്തിനും വികസനത്തിനും അനുയോജ്യമായ സ്ഥലമാക്കി മാറ്റാനും മുഴുവൻ ജീവനക്കാരും നവോന്മേഷത്തോടെയും ചലനാത്മകമായും പ്രവർത്തിക്കേണ്ടതുണ്ട്.