സ്തനാർബുദ ബോധവത്കരണ മാസം
ഡോ. ജോജോ വി. ജോസഫ് (സീനിയർ കൺസൾട്ടന്റ് ഓങ്കോളജി, കാരിത്താസ് ഹോസ്പിറ്റൽ)
Monday, October 7, 2024 12:36 AM IST
പിങ്ക് റിബണും പിങ്ക് നിറവും സ്തനാർബുദത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകമായി കരുതപ്പെടുന്നു. സ്ത്രീത്വം, അനുകമ്പ, പരിചരണം, പ്രതീക്ഷ എന്നിവയെയാണ് പിങ്ക് നിറം സൂചിപ്പിക്കുന്നത്. പിങ്ക് നിറം സ്തനാർബുദം ബാധിച്ച ദശലക്ഷക്കണക്കിന് ആളുകളുടെ പ്രതീക്ഷയെയും ധൈര്യത്തെയും ശക്തിയെയും പ്രതിനിധീകരിക്കുന്നു. ലോകമെമ്പാടുമുള്ള സ്തനാർബുദ ഗവേഷണത്തിനും പ്രതിരോധത്തിനുമുള്ള ബോധവത്കരണം, ഫണ്ട്, പിന്തുണ എന്നിവ ലഭിക്കുന്നതിനുള്ള ശക്തമായ ഉപകരണമായി പിങ്ക് റിബൺ പ്രവർത്തിക്കുന്നു. സ്തനാർബുദത്തിന്റെ പശ്ചാത്തലത്തിൽ ഓരോ തവണയും പിങ്ക് നിറം കാണുമ്പോൾ, നേരത്തെയുള്ള രോഗനിർണയം, നൂതന ഗവേഷണത്തിന്റെ ആവശ്യകത, സ്തനാർബുദം ബാധിച്ചവരെ പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ നമ്മുടെ ചിന്തയിൽ കടന്നുവരണം.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന മാരകമായ ഒരസുഖമാണ് സ്തനാർബുദം. അതിനാലാണ് ഒക്ടോബർ സ്തനാർബുദ ബോധവത്കരണ മാസമായി ആചരിക്കുന്നത്. സ്തനാർബുദത്തെക്കുറിച്ച് അവബോധം വളർത്തുന്നതിന് എല്ലാ വർഷവും നടത്താറുള്ള കാമ്പയിനാണിത്. 2024ലെ സ്തനാർബുദ ബോധവത്കരണ മാസത്തിന്റെ സന്ദേശം ‘പ്രാരംഭത്തിൽ തന്നെ രോഗനിർണയം, നൂതന ചികിത്സ, സ്തനാർബുദ ബാധിതരെ പിന്തുണയ്ക്കുക’ എന്നതാണ്. അങ്ങനെ സ്തനാർബുദത്തിനെതിരായ പോരാട്ടത്തിൽ, തുടക്കത്തിൽ തന്നെയുള്ള രോഗനിർണയം, നൂതന, ശാസ്ത്രീയ കണ്ടെത്തലുകളുടെ പ്രാധാന്യം, രോഗബാധിതർക്ക് സമൂഹത്തിന്റെ പിന്തുണയുടെ പ്രാധാന്യം എന്നിവ വഹിക്കുന്ന സുപ്രധാന പങ്ക് എടുത്തുകാണിക്കുന്നു.
പ്രാരംഭ കണ്ടെത്തലിന്റെ പ്രാധാന്യം
സ്തനാർബുദത്തിനെതിരായ പോരാട്ടത്തിലെ ഏറ്റവും ശക്തമായ ഒന്നാണ് മുൻകൂട്ടിയുള്ള കണ്ടെത്തൽ. സ്തനാർബുദം അതിന്റെ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നത് വിജയകരമായ ചികിത്സയുടെയും അതിജീവനത്തിന്റെയും സാധ്യതകളെ ഗണ്യമായി വർധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പതിവായി സ്വയം സ്തനപരിശോധനകൾ, ക്ലിനിക്കൽ സ്ക്രീനിംഗ്, മാമോഗ്രാം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത് സാധ്യമാകുന്നു, പ്രത്യേകിച്ച് ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവർക്ക്.
നൂതന ഗവേഷണങ്ങൾ
ശാസ്ത്രപുരോഗതിയുടെ ഫലമായി, സ്തനാർബുദം കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന രീതികൾ മാറി. ഇപ്പോൾ ജനിതകഘടകങ്ങളുടെ അടിസ്ഥാനത്തിൽ രോഗത്തിന്റെ ബയോളജിക്കൽ സ്വഭാവം മനസിലാക്കാൻ സാധിക്കും. അതിനെ അടിസ്ഥാനമാക്കി, മരുന്നുകളുടെ വികസനം മുതൽ ഇമേജിംഗ് സാങ്കേതികവിദ്യകളിലെ പുരോഗതി വരെ കൈവരിക്കുന്നു. കാൻസർ ചികിത്സയുടെ മേഖലയിലുള്ള വലിയ വളർച്ചയാണിത്.
അതുകൊണ്ടാണ് ഈ വർഷത്തെ പിങ്ക് മാസ സന്ദേശത്തിൽ വൈദ്യശാസ്ത്രത്തിലെ ഗവേഷണ പുരോഗതിയെ ഉയർത്തിക്കാട്ടുന്നത്. ഈ പുരോഗതി രോഗിയുടെ രോഗമുക്തി മെച്ചപ്പെടുന്നതിന് സഹായിക്കുന്നു.
സ്തനാർബുദ ചികിത്സയെ മാറ്റിമറിക്കുന്ന സമകാലിക കണ്ടെത്തലുകളിൽ ഇമ്മ്യൂണോ തെറാപ്പി, ടാർഗെറ്റഡ് തെറാപ്പി, AI- ഡ്രൈവൺ ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ നവീന രീതികൾ അതിജീവന നിരക്ക് വർധിപ്പിക്കുക മാത്രമല്ല, റേഡിയേഷൻ, കീമോ തെറാപ്പി തുടങ്ങിയ പരമ്പരാഗത ചികിത്സകളുടെ ഫലശേഷികൂടി മെച്ചപ്പെടുത്തി എന്നും നാം പ്രത്യേകം ഓർക്കേണ്ടതാണ്.
രോഗനിർണയം കഴിഞ്ഞുള്ള പിന്തുണ
സ്തനാർബുദം രോഗികളെയും അവരുടെ കുടുംബങ്ങളെയും ശാരീരികമായും മാനസികമായും സാമ്പത്തികമായും ബാധിക്കുന്നു. അതുകൊണ്ടാണ് ഈ വർഷത്തെ കാമ്പയിനിൽ രോഗിക്കു പിന്തുണ നൽകുന്ന സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നത് ഒരു പ്രധാന ഘടകമായത്. കൂടാതെ, സാമൂഹിക പിന്തുണയും സാമ്പത്തിക പിന്തുണയും ലക്ഷ്യമാക്കുന്നു. ജോലിസ്ഥിരതവരെ ഉൾപ്പെടുത്തിയ സമഗ്രമായ ഒരു സമീപനമാണ് ഈ വർഷത്തെ കാമ്പയിനിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
പുതുതായി സ്തനാർബുദം കണ്ടെത്തിയ വ്യക്തികളെ പിന്തുണയ്ക്കുന്നതിന് നമ്മുടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ, സംഘടനകൾ എല്ലാം ഒരുമിച്ചു മുന്നോട്ട് വരാൻ ആഹ്വാനം ചെയ്യുന്നു. വിവിധ രീതികളിലൂടെ ഇത് സാധ്യമാണ്. നേരിട്ടു സഹായിക്കുകയോ അല്ലെങ്കിൽ ധനസമാഹരണ പരിപാടികളിലൂടെയോ ഇതു സാധ്യമാണ്. ഇതുകൂടാതെ ഇത്തരം പ്രവർത്തനത്തെക്കുറിച്ചുള്ള സാമൂഹ്യ ബോധവത്കരണത്തിലൂടെയും രോഗികളിലും അവരുടെ പ്രിയപ്പെട്ടവരിലും ആത്മവിശ്വാസം വളർത്താൻ സാധിക്കും.
ഓരോരുത്തർക്കും ചെയ്യാൻ സാധിക്കുന്നത്
റെഗുലർ സ്ക്രീനിംഗ്: റെഗുലർ മാമോഗ്രാം ആണ് ഇതിലെ പ്രധാന ഘടകം. പ്രത്യേകിച്ച് 40 വയസിനു മുകളിലുള്ള സ്ത്രീകൾ വർഷം തോറും ഇതു ചെയ്യണം. കുടുംബത്തിൽ മറ്റാർക്കെങ്കിലും സ്തനാർബുദം വന്നിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ മറ്റു റിസ്ക് ഫാക്ടേഴ്സ് ഉണ്ടെങ്കിൽ 40 വയസിനു മുൻപും ഇതു ചെയ്യുക. ഇതിനായി നിങ്ങളുടെ രോഗസാധ്യതയെക്കുറിച്ചു നിങ്ങളുടെ ഫാമിലി ഡോക്ടറോട് സംസാരിക്കുകയും അതനുസരിച്ചു സ്ക്രീനിംഗ് പരിശോധനകൾ നടത്തുകയും ചെയ്യുക.
സാമൂഹ്യ ബോധവത്കരണം: സ്തനാർബുദം പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കഴിയുന്നത്ര ആൾക്കാരോട് പറയുക; ഏറ്റവും കുറഞ്ഞത്, തൊട്ടടുത്ത കുറെ ആൾക്കാരൊടെങ്കിലും. സ്വയം സ്തനപരിശോധന, 40 വയസു കഴിഞ്ഞവർക്കുള്ള വർഷം തോറുമുള്ള മമോഗ്രാം തുടങ്ങിയവയെക്കുറിച്ചാണ് പറയേണ്ടത്. കൂടാതെ, സ്തനാർബുദത്തെ അതിജീവിച്ചവരുടെ അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കിടുക വഴി നിരവധി പേരുടെ തെറ്റിദ്ധാരണകൾ മാറ്റാൻ സാധിക്കും.
ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുക: സ്തനാർബുദ ഗവേഷണത്തിന് ധനസഹായം നൽകുന്ന അല്ലെങ്കിൽ അതിനുവേണ്ടി ധനസമാഹരണ പരിപാടികളിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് സംഭാവന നൽകുക. നിങ്ങൾ നൽകുന്ന ഓരോ രൂപയും സ്തനാർബുദ ചികിത്സ മെച്ചപ്പെടുത്തുന്നതിനും അതുവഴി നിരവധി പേർക്കു രോഗമുക്തി ലഭിക്കുന്നതിനും ഇടയാകും.
മാനസികവും പ്രായോഗികവുമായ പിന്തുണ: നിങ്ങൾക്ക് അറിയാവുന്ന ആർക്കെങ്കിലും സ്തനാർബുദം ബാധിച്ചിട്ടുണ്ടെങ്കിൽ അവരുടെ ബുദ്ധിമുട്ടുകൾ സഹാനുഭൂതിയോടെ കേൾക്കാൻ സമയം കണ്ടെത്തുക. അവരുടെ ചികിത്സാ സമയത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുക. അങ്ങനെ അവരുടെ ബുദ്ധിമുട്ടു നിറഞ്ഞ യാത്രയിൽ ഒരു കൈത്താങ്ങാവുക.
സ്തനാർബുദ ബോധവത്കരണ മാസാചരണം രോഗം നേരത്തെ കണ്ടുപിടിക്കുന്നതിന് എല്ലാവരെയും സഹായിക്കാനും സ്തനാർബുദ ചികിത്സാരംഗത്തെ നൂതന രീതികൾ പരിചയപ്പെടുത്താനും രോഗത്തിനെതിരേ പോരാടുന്നവരെ പിന്തുണയ്ക്കാനും എല്ലാവരെയും ഓർമിപ്പിക്കുന്നു.