ഇന്ന് വി.കെ. കൃഷ്ണമേനോന്റെ 50-ാം ചരമവാർഷിക ദിനം; പ്രഭാഷണത്തെ നയതന്ത്രമാക്കിയ വിശ്വപൗരൻ
ജസ്റ്റിൻ ബ്രൂസ്
Saturday, October 5, 2024 11:48 PM IST
പ്രഭാഷണകലയുടെ പ്രോജ്വല പ്രതീകങ്ങളായി അമേരിക്കൻ ജനത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭാരതീയനാണ് വേങ്ങാലിൽ കൃഷ്ണൻ കൃഷ്ണമേനോൻ എന്ന വി.കെ. കൃഷ്ണമേനോൻ. തോമസ് ജെഫേഴ്സന്റെ ഭരണഘടനാ പ്രഖ്യാപന പ്രസംഗം, ഏബ്രഹാം ലിങ്കന്റെ ഗെറ്റിസ്ബർഗ് അഡ്രസ്, സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം, മാർട്ടിൻ ലൂഥർ കിംഗിന്റെ മെംഫിസ് പ്രസംഗം എന്നിവയോടു ചേർത്തുവച്ചാണ് കൃഷ്ണമേനോന്റെ യുഎൻ പ്രഭാഷണങ്ങളെ അമേരിക്കൻ ചരിത്രകാരൻമാർ രേഖപ്പെടുത്തുന്നത്. കാഷ്മീർ പ്രതിസന്ധി കത്തിജ്വലിച്ചുനിന്ന നാളുകളിൽ ഇന്ത്യയുടെ നയം വിശദീകരിച്ചും ന്യായീകരിച്ചും മേനോൻ ഐക്യരാഷ്ട്ര സഭയിൽ നടത്തിയത് യുഎൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗമായിരുന്നു.
സ്വാമി വിവേകാനന്ദൻ സ്നേഹത്തിന്റെ ഭാഷ്യത്തിലൂടെ അമേരിക്കൻ ജനതയുടെ ഹൃദയം കവർന്നപ്പോൾ പ്രഭാഷണ നയതന്ത്രത്തിലൂടെ പ്രതിയോഗികൾക്കുമേൽ രാഷ്ട്രീയവിജയം ഉറപ്പിക്കുകയായിരുന്നു മേനോൻ എന്ന് ന്യൂയോർക്ക് ടൈംസ് അക്കാലത്തു റിപ്പോർട്ടു ചെയ്തു. ടൈം മാഗസിന്റെ കവർചിത്രമായും കൃഷ്ണമേനോൻ പ്രത്യക്ഷപ്പെട്ടു. പാക്കിസ്ഥാന്റെ കാഷ്മീർ അവകാശവാദങ്ങളുടെ പൊള്ളത്തരം കൃഷ്ണമേനോനിലൂടെയാണ് ലോകം ആദ്യം അറിഞ്ഞത്. ആ നാളുകളിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ വിദേശനയ രൂപീകരണത്തിന്റെ പ്രഭവകേന്ദ്രമായി നിലകൊണ്ട മേനോൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ രണ്ടാമനായും കരുതപ്പെട്ടിരുന്നു.
യുദ്ധകാലത്ത് യുഎസ് പാക്കിസ്ഥാന് ആയുധങ്ങൾ നൽകിയതിനെ വിമർശിച്ച മേനോന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി നൽകിയ ന്യായീകരണം, അവ റഷ്യക്കെതിരേ പ്രയോഗിക്കാൻ വേണ്ടിയാണെന്നാണ്. അതിന് മേനോന്റെ മറുചോദ്യം. “ഒരു ഭാഗത്തേക്കു മാത്രം ഉണ്ട ഉതിർക്കുന്ന ആയുധം ഉണ്ടോ? സസ്യഭുക്കായ കടുവയെപ്പോലെ”.
കൃഷ്ണമേനോനെക്കുറിച്ചുള്ള ഗ്രന്ഥത്തിൽ (A Chequered Brilliance) ജയറാം രമേശ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്, 20-ാം നൂറ്റാണ്ടിലെ ഇന്ത്യാ ചരിത്രത്തിൽ വേറിട്ടു നിൽക്കുന്ന വ്യക്തിത്വം എന്നാണ്. ഇതേ ഗ്രന്ഥത്തിൽതന്നെ കൃഷ്ണമേനോന്റെ പിൽക്കാല വീഴ്ചകൾ തുറന്നു കാട്ടുന്നതിനും ജയറാം രമേശ് മടിച്ചില്ല. ഉന്നതനായ നയതന്ത്രജ്ഞൻ, വാഗ്മി, ഭരണാധികാരി എന്നീ നിലകളിൽ മികവു പുലർത്തിയെങ്കിലും ഇന്ത്യ-ചൈന യുദ്ധകാലത്ത് പ്രതിരോധ മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ പാളിച്ചകൾ പാർട്ടിക്കുള്ളിലും പ്രതിപക്ഷ നിരയിലും വിമർശനത്തിനു വിധേയമായി. ഒടുവിൽ ആത്മമിത്രമായ ജവഹർലാൽ നെഹ്റുവിനുപോലും സംരക്ഷിക്കാനാകാതെ വന്നതോടെ 1962 നവംബറിൽ മേനോന് രാജിവയ്ക്കേണ്ടിവന്നു. നെഹ്റുവിന്റെ ഹൃദയത്തെ ഇത് അഗാധമായ മുറിവേൽപ്പിച്ചു.
കോൺഗ്രസ് നേതാവെന്ന നിലയിലും സ്വതന്ത്രനായും തെരഞ്ഞെടുപ്പു ഗോദയിലെ ജയപരാജയങ്ങൾ നേരിട്ട മേനോൻ ആ രംഗത്ത് പല റിക്കാർഡുകൾക്കും ഉടമയാണ്. 1953ൽ മദ്രാസ് സംസ്ഥാനത്തുനിന്ന് രാജ്യസഭാംഗമായതോടെയാണ് അദ്ദേഹത്തിന്റെ പാർലമെന്ററി ജീവിതം തുടങ്ങുന്നത്. 1957ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ലോക്സഭാ പോരാട്ടം. ബോംബെ സ്വദേശിയായ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർഥി അൽവാറിൻ പീറ്ററിനെയാണ് കോഴിക്കോടുകാരൻ മേനോൻ പരാജയപ്പെടുത്തിയത്. ഐക്യരാഷ്ട്ര സഭയിലെ ഉജ്വല പ്രകടനമായിരുന്നു ഇവിടെ മേനോനെ തുണച്ച പ്രധാന ഘടകം.
1961ൽ ഇതേ മണ്ഡലത്തിൽ നടന്ന കടുത്ത പോരാട്ടത്തിൽ മുൻ കോൺഗ്രസ് പ്രസിഡന്റ്കൂടിയായിരുന്ന ആചാര്യ കൃപലാനിക്കെതിരേ മേനോൻ റിക്കാർഡ് വിജയം നേടി. ക്യപലാനിക്ക് ആകെ ലഭിച്ച വോട്ടിന്റെ ഇരട്ടിയിലേറെയായിരുന്നു മേനോന്റെ ഭൂരിപക്ഷം. എന്നാൽ, 1967ൽ ബോംബെ പ്രൊവിൻഷൽ കോൺഗ്രസ് കമ്മിറ്റി അദ്ദേഹത്തിന് സ്ഥാനാർഥിത്വം നിഷേധിച്ചതോടെ അദ്ദേഹം കോൺഗ്രസിൽനിന്നു രാജിവച്ചു സ്വതന്ത്രനായി മത്സരിച്ചു. എന്നാൽ, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ശക്തമായ പിൻതുണയോടെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി ബി.എസ്. ബ്രാവെയോട് തുഛമായ വോട്ടുകൾക്ക് പരാജയപ്പെട്ടു. ആ വർഷംതന്നെ ബ്രാവെ മരണമടഞ്ഞതിനെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലും മേനോൻ മത്സരിക്കുകയും പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.
ഈ തുടർപരാജയങ്ങൾ മേനോനിലെ പോരാളിയെ തളർത്തിയില്ല. 1969ൽ ബംഗാളിലെ മിഡ്നാപുരിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് കോൺഗ്രസ് സ്ഥാനാർഥിക്കെതിരേ മിന്നുന്ന വിജയം നേടി. ഒരു ലക്ഷത്തിലേറെയായിരുന്നു അദ്ദേഹത്തിന്റെ ഭൂരിപക്ഷം. മേനോന്റെ ഒടുവിലത്തെ തെരഞ്ഞെടുപ്പു പോരാട്ടവും വിജയത്തിലാണു കലാശിച്ചത്.
1971ൽ തിരുവനന്തപുരത്തുനിന്ന് സ്വതന്ത്രനായി മത്സരിച്ചപ്പോൾ മലയാളികൾ വിജയതിലകം ചാർത്തിക്കൊടുത്തു. അങ്ങനെ തിരുവനന്തപുരം ലോക്സഭാ മണ്ഡലം വിശ്വപൗരൻമാർക്കു വഴിതുറന്നു.
വെങ്ങാലിൽ തറവാട്ടിലെ അംഗമായി 1896ൽ ജനിച്ച കൃഷ്ണമേനോൻ കോഴിക്കോട്ട് പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം മദ്രാസ് പ്രസിഡൻസി കോളജിൽനിന്നു ബിരുദം നേടി. 1924ൽ ഉപരിപഠനത്തിനായി ഇംഗ്ലണ്ടിൽ പോയി. അവിടെ നെഹ്റുവുമായി പരിചയപ്പെട്ടതാണ് മേനോന്റെ രാഷ്ട്രീയജീവിതത്തിനു വഴിത്തിരിവായത്.
1932ൽ ഇന്ത്യയിൽ തിരിച്ചെത്തി സ്വാതന്ത്ര്യസമരത്തിന്റെ ഗതിവിഗതികൾ നിരീക്ഷിച്ച മേനോൻ ലണ്ടനിലേക്കു മടങ്ങി ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിൽ നടത്തുന്ന മർദനങ്ങൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കുമെതിരേ നിരന്തരം പ്രഭാഷണങ്ങളിലേർപ്പെട്ടു. ഫലത്തിൽ ലണ്ടൻ തെരുവുകളിലൂടെ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിച്ചുനടന്ന് അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയാകുകയായിരുന്നു. ബ്രിട്ടീഷ് ജനതയുടെയും ഭരണവർഗത്തിന്റെയും ജനാധിപത്യ മനഃസാക്ഷിയെ തൊട്ടുണർത്താൻ പോരുന്നതായിരുന്നു മേനോന്റെ ലണ്ടൻ ഇടപെടലുകൾ.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി നിയമിച്ചുകൊണ്ടാണ് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മേനോനെ ആദരിച്ചത്. പുഷ്പവർഷങ്ങളും കൂർത്ത ശരങ്ങളും ഏറ്റുവാങ്ങിയ പൊതുജീവിതത്തിലുടനീളം കൃഷ്ണമേനോൻ പ്രതിഭയുടെയും ധിഷണയുടെയും പ്രതീകമായിത്തന്നെയാണ് നിലകൊണ്ടത്. ലണ്ടനിൽ മേനോന്റെ അധ്യാപകനായിരുന്ന ഹരോൾഡ് ലാസ്കിയുടെ വാക്കുകൾ: “എന്റെ ഏറ്റവും മികച്ച വിദ്യാർഥികളിലൊരാളും ബുദ്ധിമാനുമായിരുന്നു മേനോൻ. ഒരു വിദ്യാർഥിയിൽനിന്ന് ഞാനെന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ അത് അയാളിൽനിന്നായിരുന്നു”.
1974 ഒക്ടോബർ ആറിന് കൃഷ്ണമേനോൻ അന്തരിച്ചപ്പോൾ ‘ട്രിബ്യൂൺ’ ദിനപത്രം എഴുതി: ലോക നയതന്ത്ര രംഗത്ത് മേധാവിത്വം പുലർത്തിയ ചുരുക്കം ഏഷ്യക്കാരിൽ ഒരാളായിരുന്നു കൃഷ്ണമേനോൻ. നിശ്ചയമായും അദ്ദേഹം 20-ാം നൂറ്റാണ്ടിലെ ശ്രദ്ധേയനായ രാഷട്രീയ വ്യക്തിയായിരുന്നു.