ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന്; കാലത്തിനു മുമ്പേ സഞ്ചരിച്ച സ്നേഹജീവിതം
സിസ്റ്റര്‍ ലിസ് ഗ്രെയ്സ് (എസ്ഡി സുപ്പീരിയര്‍ ജനറല്‍)
Saturday, October 5, 2024 4:14 AM IST
ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന്റെ 95-ാം ചരമവാര്‍ഷികം ഇന്ന് ആചരിക്കുകയാണ് . നൂറ്റാണ്ടുമുമ്പേ മഹനീയശുശ്രൂഷ ചെയ്തു കടന്നുപോയ ജീവിതമെങ്കിലും, ഇക്കാലത്തും പ്രസക്തമായ ജീവിതദര്‍ശനമാണ് അച്ചന്റേത്; ‘പാവപ്പെട്ട മക്കളില്‍ യേശുവിന്റെ മുഖം കണ്ട് അവരെ ശുശ്രൂഷിക്കുക’ എന്ന മഹത്തായ ദര്‍ശനത്തിന് ഇന്നു പ്രാധാന്യം ഏറെയാണ്.
20-ാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ രൂപംകൊണ്ട സന്യാസസഭകള്‍ പ്രധാനമായും അധ്യാപനത്തിലും കുടുംബപ്രേഷിതത്വത്തിലും ശ്രദ്ധയൂന്നിയപ്പോള്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന് സേവനത്തിന്റെ പുതിയൊരു പാത തുറക്കുകയായിരുന്നു. സമൂഹത്തില്‍ ആരും ശ്രദ്ധ പതിക്കാതിരുന്ന അഗതികളായ വൃദ്ധജനങ്ങളെ സംരക്ഷിച്ചു ശുശ്രൂഷിച്ച് നിത്യതയുടെ തീരത്തണയാന്‍, സമാധാനപൂർവം ഇഹലോകവാസം വെടിയാന്‍ അദ്ദേഹം സഹായിച്ചു.
ജാതി, മത, സമുദായ വ്യത്യാസമില്ലാതെ ഇന്നും ധാരാളം ആളുകള്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു. ചുണങ്ങംവേലിയിലെ സെന്റ് ജോസഫ് പുവര്‍ഹോമും മലയിന്‍കീഴിലെ സ്നേഹാലയവും പാലായിലെ സെന്റ് വിന്‍സന്റ് പ്രൊവിഡന്റ് ഹോമും കാഞ്ഞിരപ്പള്ളിയിലെ സെറിനിറ്റി ഹോമും ആലപ്പുഴയിലെ അല്‍ഫോന്‍സ പുനരധിവാസ കേന്ദ്രവുമെല്ലാം ഇതിനു മകുടോദാഹരണങ്ങളാണ്.
ജീവിതകാലം മുഴുവന്‍ കുടുംബത്തിനുവേണ്ടി അധ്വാനിച്ച്, ജീവിതസായാഹ്നത്തില്‍ ആരുമാരും ശ്രദ്ധിക്കാനില്ലാതെ, വഴിയോരങ്ങളിലേക്കും കടത്തിണ്ണകളിലേക്കും ഇറങ്ങേണ്ടിവരുന്നവര്ക്കു വേണ്ടിയാണ് അന്ന് പയ്യപ്പിള്ളി വര്‍ഗീസ് അച്ചന് ഒരു സ്ഥാപനം ആരംഭിച്ചത്. പല കാരണങ്ങളാല്‍ മാതാപിതാക്കള്‍ ഒറ്റപ്പെട്ട നിരവധി കുടുംബങ്ങളുള്ള ഇക്കാലത്തും അവരിലേക്കു ദൈവകരുണയുടെ പ്രവാഹമാകാനുള്ള നിയോഗം നമുക്കുണ്ട്.
99ലെ വെള്ളപ്പൊക്കത്തില്‍ അശരണരായ പാവങ്ങളുടെ ആവശ്യം കണ്ടറിഞ്ഞ് ആലുവ സെന്റ് മേരീസ് സ്കൂള്‍, വീട് നഷ്ടപ്പെട്ടവര്‍ക്കായി അദ്ദേഹം തുറന്നുകൊടുത്തു. ഒരു മാസത്തോളം ഈ സ്കൂള്‍ അവരുടെ അഭയകേന്ദ്രമായിരുന്നു. 2018ലെ വെള്ളപ്പൊക്കത്തിലും പല ക്രൈസ്തവ സ്കൂളുകളും പള്ളികളും വീടു നഷ്ടപ്പെട്ടവര്‍ക്ക് അഭയമരുളി.
1922ല്‍ ആരക്കുഴ പള്ളി വികാരിയായിരുന്ന വര്‍ഗീസ് പയ്യപ്പിള്ളി അച്ചന് വിശ്വാസ പരിപോഷണത്തിനായി 300 രൂപ നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ദൈവരാജ്യവിസ്തൃതിക്കായി ഉണര്‍വോടെ പ്രവര്‍ത്തിച്ചിരുന്നു. മൂവാറ്റുപുഴ, ആരക്കുഴ, മീന്‍കുന്നം ഭാഗങ്ങളില്‍ വിശ്വാസം സ്വീകരിച്ച പലരും ഉണ്ടായിരുന്നുവെങ്കിലും അവരെ മറ്റു ക്രൈസ്തവരോടൊപ്പം പള്ളിയില്‍ കയറ്റിയിരുന്നില്ല. എന്നാല്‍ വര്‍ഗീസ് പയ്യപ്പിള്ളി അച്ചന് ആരക്കുഴയില്‍ വികാരിയായിരിക്കുമ്പോള്‍ അവരെ പള്ളിയില്‍ പ്രവേശിപ്പിക്കുകയും പുതുവസ്ത്രങ്ങളും മറ്റും നല്കി അവരെ മറ്റുള്ളവര്‍ക്കൊപ്പം ഇരുത്താനും മേലേക്കിടയിലുള്ളവര്‍ക്കു സ്വീകാര്യമാക്കാനും ശ്രമിച്ചിരുന്നു. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. ഇന്നുപോലും ദളിത് ക്രൈസ്തവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ തിരുസഭ പരിശ്രമിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഫലം കാണാന്‍ കഴിഞ്ഞിട്ടില്ല.
ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി അച്ചന് ഈ ലോകത്തോട് വിടപറയുന്ന അന്തിമനിമിഷം വരെയും യാതൊരു പരാതിയും കൂടാതെ അധ്വാനിച്ചിരുന്നു. താന്‍ ഏറ്റെടുത്ത എല്ലാ പ്രസ്ഥാനങ്ങളും സംരംഭങ്ങളും മങ്ങലേല്ക്കാതിരിക്കാന് അവസാനം വരെ അധ്വാനിച്ചിരുന്നു.
കാലത്തിനുമുന്‍പേ സഞ്ചരിച്ചവനും സ്വര്‍ഗത്തെ മാത്രം ലക്ഷ്യം വച്ച്, നിത്യതയിലേക്ക് കണ്ണുംനട്ട് നീങ്ങിയവനുമാണ്് ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി അച്ചന്. 1876 ഓഗസ്റ്റ് എട്ടിന് ഈ ഭൂമിയില്‍ ആരംഭിച്ച ഈ പുണ്യചര്യന്റെ ജീവിതം 1929 ഒക്ടോബര്‍ അഞ്ചിന് പൂര്‍ത്തിയാകുമ്പോള്‍ ഒരു പുരുഷായുസിനു ചെയ്യാന്‍ സാധിക്കുന്നതിന്റെ പരമാവധി അദ്ദേഹം ചെയ്തു തീര്‍ത്തിരുന്നു.
എസ്ഡി സന്യാസിനി സമൂഹം അതിന്റെ ശതാബ്ദി ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍, ദൈവകരുണയുടെ അപ്പസ്തോലനായ ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന് വിശുദ്ധ പദവിയിലേക്ക് ഉയര്ത്തപ്പെടുന്നതിനായുള്ള പ്രാര്‍ഥനകളും ഉയരട്ടെ.