യുദ്ധക്കൊതിയന്മാരെ തടയുക
ഡൽഹിഡയറി / ജോര്ജ് കള്ളിവയലില്
Saturday, October 5, 2024 4:07 AM IST
“യുദ്ധം സമാധാനത്തിന്റെ മൂല്യം നമ്മെ പഠിപ്പിക്കുന്നു. സമാധാനത്തിന്റെ അഭാവത്തിൽ മാത്രമേ അതിന്റെ മൂല്യം നാം ശരിക്കും മനസിലാക്കുകയുള്ളൂ. സമാധാനത്തിലേക്കുള്ള പാത വെല്ലുവിളികൾ നിറഞ്ഞതായിരിക്കാം. പക്ഷേ ഭാവി തലമുറകൾക്കായി ആരംഭിക്കേണ്ട ഒരു യാത്രയാണത്. യുദ്ധത്തിന്റെ ചാരത്തിൽനിന്ന്, സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും വിത്തുകൾ വേരൂന്നുകയും തഴച്ചുവളരുകയും ചെയ്യട്ടെ’’. - യുദ്ധങ്ങൾക്കിടയിലും സമാധാനത്തിന്റെ പ്രാധാന്യം മനസിലാക്കുന്ന ഈ ഉദ്ധരണിക്ക് എക്കാലവും പ്രസക്തിയുണ്ട്.
അണയാതെ കലാപാഗ്നി
പശ്ചിമേഷ്യയിലെ യുദ്ധം ലോകത്തിനാകെ ഭീഷണിയായി വളരുകയാണ്. 2022 ഫെബ്രുവരിയിൽ തുടങ്ങിയ യുക്രെയ്ൻ-റഷ്യ യുദ്ധവും അന്ത്യം കാണാനാകാതെ തുടരുന്നു. ഇറാക്ക്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളും ഐഎസ്, ബൊക്കോഹറാം അടക്കമുള്ള ഭീകരർ വിതച്ച കെടുതികളും മറക്കാറായിട്ടില്ല. നൈജീരിയ, സുഡാൻ, എത്യോപ്യ, മ്യാൻമർ, ഹെയ്തി, അർമേനിയ-അസർബൈജാൻ എന്നു തുടങ്ങി ഇന്ത്യയിൽ മണിപ്പുരിൽ വരെ കലാപാഗ്നികൾ അണയാതെ നീറിപ്പുകയുകയാണ്. ഇവയിൽ പലതും മതപരവും വംശീയവുമായ കൂട്ടക്കൊലകളാണ്.
ജൂതരും മുസ്ലിംകളും തമ്മിൽ മാത്രമല്ല ക്രൈസ്തവർക്കെതിരേയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിതമായ ആക്രമണങ്ങളും വംശഹത്യകളും തുടർക്കഥയാകുകയാണ്. വിശ്വാസത്തിന്റെ പേരിൽ 21,278 ക്രൈസ്തവരെ 2021 മുതലുള്ള മൂന്നു വർഷക്കാലത്തു മാത്രം കൊന്നൊടുക്കിയതായാണു വേൾഡ് വാച്ചിന്റെ റിപ്പോർട്ടിലുള്ളത്. മത-രാഷ്ട്രീയ താത്പര്യങ്ങളുള്ള യുദ്ധക്കൊതിയന്മാർ മാനവികതയുടെ മൂല്യങ്ങളെല്ലാം മറക്കുകയാണ്. നാശത്തിന്റെ പാതയിലൂടെ നീങ്ങുന്നവർക്കെന്തു മനഃസാക്ഷി?
സർവനാശ ആണവായുധം
ഇറാക്ക്, അഫ്ഗാനിസ്ഥാൻ, സിറിയ, യെമൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ചുരുങ്ങിയത് 9,40,000 പേർ കൊല്ലപ്പെട്ടതായാണ് അമേരിക്കയിലെ വാട്സൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്സ് പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലുള്ളത്. 2001നുശേഷമുള്ള അക്രമങ്ങളിൽ 4.32 ലക്ഷം സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടു. ലോകത്തിന്റെ ഒട്ടുമിക്ക മേഖലകളിലും പലതരത്തിലുള്ള അക്രമങ്ങൾ തുടർക്കഥയാണ്.
സർവനാശത്തിനു കാരണമാകുന്ന ആണവയുദ്ധത്തിന്റെ ആശങ്ക പോലും ഒഴിയാതെ നിൽക്കുകയാണ്. ജനം സമാധാനം കാംക്ഷിക്കുന്നു. പക്ഷേ, അധികാരക്കൊതിയന്മാരായ ഭരണാധികാരികളും ആയുധക്കച്ചവടക്കാരും വർഗീയ തീവ്രവാദികളും ചേർന്നു കൊടിയ അക്രമങ്ങളും വംശഹത്യകളും അധിനിവേശങ്ങളും സായുധ കലാപങ്ങളും യുദ്ധങ്ങളും നടത്തുന്നു.
തീവ്രവാദം, ഭീകരത ഭീഷണി
ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം സമീപവർഷങ്ങളിലെ മോശമായ നിലയിലാണെങ്കിലും വീണ്ടുമൊരു യുദ്ധത്തിലേക്കു പോകാതിരിക്കട്ടേ. വഷളായ ഇന്ത്യ- ചൈന ബന്ധവും യുദ്ധസമാന സാഹചര്യങ്ങളിലേക്കു വഴുതിവീഴില്ലെന്ന് ആശിക്കാം. ചൈനയും പാക്കിസ്ഥാനും പുറമേ, മാലിദ്വീപ്, നേപ്പാൾ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ തുടങ്ങിയ മിക്ക അയൽരാജ്യങ്ങളും ഇന്ത്യയുമായി വളരെ നല്ല ബന്ധത്തിലല്ല. തീവ്രവാദവും ഭീകരതയും ഉയർത്തുന്ന വെല്ലുവിളികൾപോലെ ഗുരുതരമാണ് അയൽരാജ്യങ്ങളുമായുള്ള അസ്വാരസ്യങ്ങൾ.
ഇന്ത്യയിലെ ആഭ്യന്തരമായ വിവിധ വർഗീയകലാപങ്ങളിൽ കൊല്ലപ്പെട്ടവരെയും രാജ്യം വേഗം വിസ്മരിക്കുന്നു. 2016 മുതൽ 2020 വരെ രാജ്യത്ത് 3,399 വർഗീയ സംഘർഷങ്ങൾ ഉണ്ടായതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി പാർലമെന്റിനെ അറിയിച്ചെങ്കിലും മരിച്ചവരുടെ എണ്ണം വെളിപ്പെടുത്തിയില്ല. മണിപ്പുർ കലാപത്തിൽ 250-ലേറെ പേർ കൊല്ലപ്പെട്ടുവെന്നാണു റിപ്പോർട്ടുകൾ. കൃത്യമായ കണക്ക് പുറത്തുവരാതിരിക്കാൻ സർക്കാരുകൾതന്നെ ശ്രമിക്കുന്നു.
ഭീകരതയിലും പക്ഷം ചേർന്ന്
ഇസ്രയേൽ-പലസ്തീൻ സംഘർഷം 40,000ലേറെ ആളുകളുടെ ജീവനെടുത്തുകഴിഞ്ഞു. ഗാസയിൽ കുഞ്ഞുങ്ങളും അമ്മമാരും രോഗികളും അടക്കം പതിനായിരങ്ങൾ കൊല്ലപ്പെട്ടിട്ടും ഹമാസ്-ഇസ്രയേൽ യുദ്ധത്തിനു തെല്ലും ശമനമില്ല. 2008നുശേഷമുള്ള അഞ്ചാമത്തെ വലിയ യുദ്ധമാണിത്. ലബനനിലെ ഹിസ്ബുള്ള ഭീകരരും ഇറാനും കൂടി ഹമാസിനൊപ്പം ഇസ്രയേലിനെതിരേ ആക്രമണങ്ങളിൽ പങ്കാളികളായതോടെ സംഘർഷം മൂർച്ഛിച്ചു. ഏതുനിമിഷവും വലിയ യുദ്ധത്തിലേക്കു നീങ്ങുമെന്ന ഭയാശങ്കയിലാണു ലോകം.
2023 ഒക്ടോബർ ഏഴിന് ഇസ്രയേലിലേക്കു കടന്നുകയറി ഹമാസ് നടത്തിയ ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ മേഖലയിലെ പ്രശ്നം കൂടുതൽ വഷളായി. ഇസ്രയേലിന്റെ അതിർത്തി കടന്നെത്തിയ ഭീകരർ 815 സിവിലിയന്മാരടക്കം ഇസ്രയേൽക്കാരും വിദേശികളുമായ 1,195 പേരെയാണു കൊന്നൊടുക്കിയത്. 250 പേരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കുകയും ചെയ്തു. ഇതോടെയാണ് ഇസ്രയേൽ പ്രത്യാക്രമണം തുടങ്ങിയത്.
ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 40,000 പേർ കൊല്ലപ്പെട്ടിട്ടും ഇരുപക്ഷത്തെയും യുദ്ധക്കൊതിയന്മാർക്ക് അടക്കമായിട്ടില്ല. ഹമാസ് ഇസ്രയേലിൽ നടത്തിയതും തിരിച്ച് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണവും യുദ്ധക്കുറ്റങ്ങളാണ്. പക്ഷേ, വോട്ടുബാങ്ക് ലക്ഷ്യമിട്ട് ഇന്ത്യയിൽ ഏകപക്ഷീയമായ പ്രതിഷേധങ്ങളും ഐക്യദാർഢ്യ റാലികളും നടത്തിയവർ മതസ്പർധ വളർത്തുകയാണു ചെയ്തത്.
ഖമനയ്യുടെ ഭീഷണികൾ
ഇസ്രയേൽ അധികകാലം നിലനിൽക്കില്ലെന്നും എല്ലാ മുസ്ലിം രാഷ്ട്രങ്ങളുടെയും ശത്രു ഒന്നാണെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് ഇന്നലെ നടത്തിയ പ്രസ്താവന സംഘർഷം കൂടുതൽ വഷളാക്കും. ഇസ്രയേലിൽ കടന്നുകയറി ഹമാസ് നടത്തിയ കൊടുംക്രൂരതകളെ പരസ്യമായി ന്യായീകരിക്കാനും ഖമനയ് മറന്നില്ല. കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയെ വാഴ്ത്തുകയും അദ്ദേഹത്തിന്റെ പാത പിന്തുടരാൻ ഹിസ്ബുള്ളയുടെ യുവാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.
ഇസ്രയേലിന്റെ പ്രതിരോധകേന്ദ്രങ്ങളിലടക്കം ഇറാൻ നടത്തിയ ഇരുനൂറോളം മിസൈലാക്രമണങ്ങൾക്ക് ഇസ്രയേലിന്റെ തിരിച്ചടി ഏതുതരത്തിലായാലും പ്രശ്നം കലുഷിതമാകും. ഇറാന്റെ പിന്തുണയോടെ ലബനനിൽനിന്ന് ആക്രമണം നടത്തിയ ഹിസ്ബുള്ള തലവനെ വധിച്ച ഇസ്രയേലിന്റെ ആക്രമണം പലപ്പോഴും പ്രവചനാതീതമാണ്. ഇസ്രയേലിനെതിരേ 1982 മുതൽ ഇറാൻ വളർത്തിയ ഭീകര നേതാവിന്റെ അന്ത്യം സ്വാഭാവികമായും ആയത്തുള്ള ഖമനയ്ക്കുള്ള തിരിച്ചടിയായിരുന്നു.
പ്രതിസന്ധിയിലായ സമാധാനം
ഓരോ യുദ്ധത്തിനുശേഷവും സമാധാനത്തേക്കാളേറെ, സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ലോകനേതാക്കളുടെയും യുദ്ധക്കൊതിയന്മാരുടെയും താത്പര്യം പലപ്പോഴും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണവും ഗുരുതരവുമാക്കുന്നു. ഇറാക്ക്, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ലിബിയ, സിറിയ, യെമൻ തുടങ്ങിയവ മുതൽ യുക്രെയ്നും ഗാസയും വരെയുള്ള സംഘർഷങ്ങളിലെ സ്ഥിതി വ്യത്യസ്തമല്ല. കൊല്ലപ്പെടുന്നവർക്കും വീടും ഭൂമിയും നഷ്ടമായി പലായനം ചെയ്യേണ്ടി വരുന്നവർക്കും നീതിയും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടുന്നു.
കത്തിജ്വലിക്കുന്ന യുദ്ധങ്ങളും പ്രതിസന്ധിയിലായ സമാധാന ശ്രമങ്ങളുമാണു പുതുകാലത്തിന്റെ ദുരന്തം. അത്യന്താപേക്ഷിതമായ നയതന്ത്ര നീക്കങ്ങളും രാഷ്ട്രീയ ചർച്ചകളും പരാജയപ്പെടുന്നു. സമാധാനത്തിന്റെ വെള്ളരിപ്രാവുകളാകേണ്ട ഐക്യരാഷ്ട്ര സംഘടന നോക്കുകുത്തിയാകുന്നതാണ് ദുരന്തം. യുഎൻ രക്ഷാസമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളും സ്വന്തം താത്പര്യത്തിനായി പക്ഷം ചേരുന്പോൾ നീതിയും സമാധാനവും മരിക്കുന്നു. ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും അടക്കമുള്ളവരെ ചേർത്തു രക്ഷാസമിതി വികസിപ്പിക്കണമെന്ന ആവശ്യത്തോടുള്ള വൻശക്തികളുടെ നിഷേധ നിലപാട് സ്ഥിതി ഗുരുതരമാക്കുന്നു.
പ്രതീക്ഷയുടെ മിന്നിത്തിളക്കം
പശ്ചിമേഷ്യയും യുക്രെയ്നും മാത്രമല്ല നിലവിലെ അപായമണികൾ. ദക്ഷിണ ചൈനാ കടൽ, ചെങ്കടൽ, തായ്വാൻ തുടങ്ങി ഇന്ത്യ- ചൈന അതിർത്തി തർക്കവും അമേരിക്ക-ചൈന വൻശക്തി തർക്കങ്ങളും വംശീയ, മത, രാഷ്ട്രീയ, സാന്പത്തിക പോരുകളും ലോകസമാധാനത്തിനു നേർക്കുള്ള വലിയ വെല്ലുവിളികളാണ്. മതത്തിന്റെ പേരിൽ ഒളിഞ്ഞും തെളിഞ്ഞുമുള്ള അധിനിവേശ ശ്രമങ്ങൾമൂലം പല രാജ്യങ്ങളും കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്. വെള്ളത്തിനും ഊർജത്തിനും ഭൂമിക്കും വേണ്ടിയുള്ള പോരാട്ടങ്ങളും ഭാവിയുടെ സമാധാനത്തിനു നേർക്കുള്ള ചോദ്യചിഹ്നമാണ്.
സമാധാനമില്ലെങ്കിൽ വികസനവും പുരോഗതിയും സാന്പത്തികവളർച്ചയും കൈവരില്ല. ജാതി, മത സ്പർധകൾ ഒഴിവാക്കാതെ സമാധാനമില്ല. സ്വന്തം സമൂഹത്തിലും ലോകത്താകെയും സമാധാനത്തിനുവേണ്ടി ശ്രമിക്കാനും രാഷ്ട്രനേതാക്കളെ സമാധാനത്തിനായി നിർബന്ധിക്കാനും ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്. അക്രമവും വിദ്വേഷവും ഇല്ലാത്ത ലോകം സ്വപ്നമാകരുത്. യുദ്ധത്തിന്റെ അന്ധകാരത്തിനിടയിലും, നല്ല മനുഷ്യരുടെയും ധൈര്യശാലികളുടെയും ഹൃദയങ്ങളിൽ പ്രതീക്ഷയുടെ വെളിച്ചം മിന്നിത്തിളങ്ങുക പ്രധാനമാണ്.