ഹരിയാന നാളെ ബൂത്തിലേക്ക്; കോണ്‍ഗ്രസിന് പ്രതീക്ഷയേറെ
ഹരിയാനയിലെ സോനിപതിൽനിന്ന് ജോർജ് കള്ളിവയലിൽ
Friday, October 4, 2024 3:11 AM IST
ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്കുള്ള പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം. പരസ്യപ്രചാരണം സമാപിക്കുന്നതിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ബിജെപി നേതാവും ഹരിയാന കോണ്‍ഗ്രസ് മുൻ അധ്യക്ഷനും മുൻ എംപിയും മുതിർന്ന ദളിത് നേതാവുമായ അശോക് തൻവർ തിരികെ കോണ്‍ഗ്രസിലെത്തിയതു ബിജെപിക്ക് കനത്ത തിരിച്ചടിയായി.
പലതരത്തിൽ പ്രതിസന്ധിയിലുള്ള ഗുസ്തിതാരങ്ങളുടെയും കൃഷിക്കാരുടെയും പിന്തുണയും ഭരണവിരുദ്ധ വികാരവും ശക്തമായ ഹരിയാനയിൽ അവസാന നിമിഷത്തിലെ രാഷ്ട്രീയക്കളികളോടെ പതിവില്ലാത്ത ആത്മവിശ്വാസത്തിലാണു കോണ്‍ഗ്രസ്. ഹരിയാനയിലെ മുഴുവൻ മണ്ഡലങ്ങളിലും നാളെയാണു വോട്ടെടുപ്പ്. ഹരിയാന, ജമ്മുകാഷ്മീർ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഞായറാഴ്ചയാണ്.
ഭരണത്തുടർച്ചയ്ക്കായി ബിജെപി
വിട്ടുകൊടുക്കാതെ ഭരണത്തുടർച്ചയ്ക്കായി ബിജെപിയും കച്ചമുറുക്കിയതോടെ ഗുസ്തിയുടെ നാട്ടിലെ രാഷ്ട്രീയ ഗുസ്തിക്ക് വാശിയേറി. മുൻ ഉപപ്രധാനമന്ത്രി ചൗധരി ദേവിലാലിന്റെ പിന്തുടർച്ച അവകാശപ്പെടുന്ന ഇന്ത്യൻ നാഷണൽ ലോക്ദളും (ഐഎൻഎൽഡി), ജനനായക് ജനതാ പാർട്ടിയും (ജെജെപി), ആം ആദ്മി പാർട്ടിയും (എഎപി) മത്സരം കൊഴുപ്പിക്കുന്നു. രാഷ്ട്രവാദി ജൻലോക് പാർട്ടി, (ആർജെപി), ഹരിയാന വികാസ് പാർട്ടി (എച്ച്വിപി), ഹരിയാന ജൻഹിത് കോണ്‍ഗ്രസ് (എച്ച്ജെസി- ബിൽ ഗ്രൂപ്പ്), ജനതാദൾ, ജനതാ പാർട്ടി, വിശാൽ ഹരിയാന പാർട്ടി, ഭാരതീയ ജന സംഘ് തുടങ്ങി സിപിഎം വരെയുള്ള പാർട്ടികളും ഹരിയാനയിലെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഒരുകൈ പയറ്റുന്നുണ്ട്.
ജുലാനയില്‍ വിനേഷ് ഫോഗട്ട്
ഒളിന്പിക്സ് സ്വർണമെഡൽ നഷ്ടമായ ഗുസ്തിതാരം വിനേഷ് ഫോഗട്ട് കോണ്‍ഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന ജുലാന മണ്ഡലത്തിൽ ജയം നേടുമോയെന്നതാകും ഇക്കുറി ഹരിയാന തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുക. കോണ്‍ഗ്രസ് പിന്തുണയോടെ ഭിവാനി മണ്ഡലത്തിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർഥി ഓം പ്രകാശിനുവേണ്ടി മുൻ മുഖ്യമന്ത്രി ഭൂപേന്ദർ സിംഗ് ഹൂഡ പ്രചാരണത്തിനെത്തി. കമ്യൂണിസ്റ്റ് പാർട്ടികൾക്കു കാര്യമായ വേരുകളില്ലാത്ത മണ്ഡലത്തിൽ പക്ഷേ കൈക്കരുത്തിൽ ജയിച്ചുകയറാമെന്ന മോഹത്തിലാണു ഓം പ്രകാശ്.
വൻവിജയം നേടുമെന്ന് കോണ്‍ഗ്രസ്
കർഷകർ, ദളിതർ എന്നിവരുടെ രോഷവും ഭരണവിരുദ്ധ വികാരവും ശക്തമായ ഹരിയാനയിൽ ജാതിസമവാക്യങ്ങളാണു ബിജെപിയുടെ തുറുപ്പുചീട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തിൽ അഞ്ചു സീറ്റ് തിരികെ പിടിച്ച കോണ്‍ഗ്രസ് ഇത്തവണ നിയമസഭയിലേക്കു വൻവിജയം നേടുമെന്ന് മുൻമുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ തറപ്പിച്ചു പറയുന്നു. ബിജെപി സർക്കാരിനെതിരായ ജനരോഷം സുനാമിയായി ആഞ്ഞടിക്കും.
തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരോഷം, ഗുസ്തിതാരങ്ങളോടു കാണിച്ച തെറ്റായ സമീപനം, അഗ്നിവീർ പദ്ധതിയോടുള്ള എതിർപ്പ് തുടങ്ങിയവയെല്ലാം സർക്കാരിനെതിരേയാണ്. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും ഹൂഡ അവകാശപ്പെട്ടു.
ഹൂഡ അനുകൂലികൾക്ക് കൂടുതൽ സ്ഥാനാർഥിത്വം നൽകിയതിൽ പ്രതിഷേധിച്ച് ആദ്യം ഇടഞ്ഞുനിന്നിരുന്ന മുതിർന്ന വനിതാ നേതാവ് കുമാരി സെൽജ പിണക്കം മാറ്റി രാഹുൽ ഗാന്ധിയോടും പ്രിയങ്കയോടും ഒപ്പം റാലികളിൽ സജീവമായത് കോണ്‍ഗ്രസിന് ആശ്വാസമായി. ഇതിനിടെയാണു പ്രമുഖ നേതാവ് അശോക് തൻവർ ഇന്നലെ ബിജെപി വിട്ടു വീണ്ടും കോണ്‍ഗ്രസിലെത്തിയത്. ബിജെപിയിലെ പടലപ്പിണക്കങ്ങളും വിമത സ്ഥാനാർഥികളും കോണ്‍ഗ്രസിന്റെ പ്രതീക്ഷ കൂട്ടുന്നു.
അതേസമയം, നരേന്ദ്ര മോദിയുടെ പ്രതിച്ഛായയും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനക്ഷേമ പദ്ധതികളും വികസനവും വോട്ടായി മാറുമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മനോഹർലാൽ ഖട്ടർ തറപ്പിച്ചുപറഞ്ഞു. ജാതി സമവാക്യങ്ങളും ഹൈന്ദവ വോട്ടുകളുടെ ധ്രുവീകരണവും ബിജെപിക്ക് പ്രതീക്ഷ നൽകുന്നുണ്ടെന്ന് പ്രാദേശിക നേതാക്കളും പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.